Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നെയ്‌റോബിയില്‍ നടന്ന ഇന്ത്യ-കെനിയ ബിസിനസ്സ് ഫോറത്തിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നു

നെയ്‌റോബിയില്‍ നടന്ന ഇന്ത്യ-കെനിയ ബിസിനസ്സ് ഫോറത്തിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നു


കെനിയന്‍ പ്രസിഡന്റ് ഉഹുറു കെനിയാത്ത,

ക്യാബിനറ്റ് സെക്രട്ടറിമാര്‍,

വിവിധ വാണിജ്യ, വ്യവസായ ചേമ്പറുകളുടെയും അസോസിയേഷനുകളുടെയും ചെയര്‍മാന്‍മാരെ, കെനിയയിലെയും, ഇന്ത്യയിലേയും ബിസിനസ്സ് സമൂഹത്തിലെ സുഹൃത്തുക്കളെ,

മാന്യ ജനങ്ങളേ!

പ്രധാനമന്ത്രിയായ ശേഷം കെനിയയിലേക്ക് ആദ്യ സന്ദര്‍ശനം നടത്താനായതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യക്കാര്‍ക്ക് പൊതുവേ, ഗുജറാത്തികള്‍ക്ക് പ്രത്യേകിച്ച്, കെനിയ രണ്ടാം ഗേഹമാണ്. ആ കാഴ്ചപ്പാടില്‍ നോക്കിയാല്‍ ഞാനീ മഹത്തായ രാജ്യം സന്ദര്‍ശിക്കാന്‍ വളരെയധികം താമസിച്ചു പോയി. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ഏകദേശം 35 വര്‍ഷത്തെ ഇടവേളയുണ്ടായി. വ്യക്തിഗതമായ നിലയില്‍ കെനിയയുമായി ബന്ധം പുലര്‍ത്താന്‍ എനിക്ക് കഴിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ ഞാന്‍ 2008 ല്‍ കെനിയ സന്ദര്‍ശിച്ചു. ഇവിടെ നിന്നുള്ള സംഘങ്ങളെ ഞങ്ങള്‍ ഗുജറാത്തില്‍ സ്വീകരിച്ചു.

സ്വാതന്ത്ര്യത്തിനു ശേഷം കൈവരിച്ച വികസനത്തിലും, സ്ഥിരതയിലും കെനിയന്‍ ജനതയേയും, നേതൃത്വത്തേയും ഞാന്‍ അഭിനന്ദിക്കുന്നു. കെനിയയുടെ സമ്പദ്‌വ്യവസ്ഥയും അടിസ്ഥാനസൗകര്യങ്ങളും അതിനെ ഈ പ്രദേശത്തെ പ്രധാന രാജ്യങ്ങളില്‍ ഒന്നാക്കി മാറ്റുന്നു. ഐക്യരാഷ്ട്രസഭാ സംഘടനകളുടെ ആസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഒരേയൊരു വികസ്വര രാജ്യമാണ് കെനിയ.

സുഹൃത്തുക്കളേ, 

ഇന്ത്യയ്ക്കും, കെനിയയ്ക്കുമിടയില്‍ വളരെ പ്രത്യേകമായ ബന്ധമാണുള്ളത്.

· പത്തൊന്‍പതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിലും റെയില്‍വേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരക്കണക്കിന് ഇന്ത്യക്കാരെ ഇവിടേയ്ക്ക് കൊണ്ടുവന്നു.
· കോളനിവാഴ്ചയ്‌ക്കെതിരായ സമരത്തില്‍ മഹാത്മാഗാന്ധി ഇരുവര്‍ക്കും പ്രചോദനമായിത്തീര്‍ന്നു

· 1953 മുതല്‍ ഇന്ത്യന്‍ ബാങ്കുകള്‍ കെനിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു

· കെറിച്ചോയിലെ പ്രശസ്തമായ തേയില തോട്ടത്തിലെ ആദ്യ ചെടികള്‍ അസ്സാമില്‍ നിന്നാണ് കൊണ്ടു വന്നത്‌

· വിശ്വസ്തരായ പൗരന്മാര്‍ ആയിരിക്കുന്നതിന് പുറമേ, കെനിയയിലേക്ക് ഏറ്റവുമധികമെത്തുന്ന വിനോദസഞ്ചാരികളില്‍ ഇന്ത്യക്കാര്‍ക്ക് മൂന്നാം സ്ഥാനമാണുള്ളത്

· നിങ്ങളുടെ വിദ്യാര്‍ത്ഥികളും, ധിഷണാശാലികളും ജീവിക്കാനും, പഠിക്കാനും, തൊഴിലെടുക്കാനും സൗകര്യപ്രദമായ രാജ്യമായാണ് ഇന്ത്യയെ കാണുന്നത്

· സ്വാഹിലി ഭാഷയിലെ പല വാക്കുകളുടെയും ഉത്ഭവം ഇന്ത്യന്‍ ഭാഷകളില്‍ നിന്നാണ്

· ഇന്ത്യന്‍ മഹാസമുദ്രവുമായി വളരെ പഴക്കമുള്ള ബന്ധമാണ് ഇരു രാജ്യങ്ങള്‍ക്കുമുള്ളത്.

· പല ഇന്ത്യന്‍ കമ്പനികളും, കിഴക്കന്‍ ആഫ്രിക്കയിലെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി കെനിയയാണ് തെരഞ്ഞെടുക്കുന്നത്

സൗരോര്‍ജ്ജത്തിന്റെ ഉപയോഗത്തിന് നിത്യജീവിതത്തില്‍ പ്രാധാന്യം നല്‍കുന്ന ഗവണ്‍മെന്റാണ് താങ്കളുടേതെന്ന് എനിക്കറിയാം. പുനരുജ്ജീവനസാധ്യതയുള്ള ഊര്‍ജ്ജ രംഗത്ത് ഒരു സുപ്രധാനമായ പദ്ധതി ഞങ്ങളും നടപ്പാക്കുന്നുണ്ട്. മതിയായ സൗര വികരണത്താല്‍ അനുഗ്രഹീതമാണ് ഇന്ത്യയും, കെനിയയും. ആഗോളതാപനത്തിനുള്ള യഥാര്‍ത്ഥ പരിഹാരമാണ് സൗരോര്‍ജ്ജം. വിദൂര ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിക്കാനുള്ള മികച്ച മാര്‍ഗ്ഗം കൂടിയാണിത്. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിനു കീഴില്‍ ഒരുമിച്ചുനിന്ന് പ്രവര്‍ത്തിക്കാനായി ഞങ്ങള്‍ ഉറ്റു നോക്കുന്നു.

അതുപോലെ, ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള മറ്റൊരു മേഖലയാണ് ആരോഗ്യം. വിജയകരമായ ചികിത്സയ്ക്കു ശേഷം ആയിരക്കണക്കിന് കെനിയക്കാരാണ് ഇന്ത്യയില്‍ നിന്നും മടങ്ങി വരുന്നത്. ചികിത്സാരംഗത്തെ ഇന്ത്യന്‍ അനുഭവ പരിചയം ആവര്‍ത്തിക്കാന്‍ കെനിയ ആഗ്രഹിക്കുന്നതായി എനിക്കറിയാം. അതില്‍ നിങ്ങളെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.

നമ്മുടെ ബന്ധത്തിന്റെ ആഴത്തിനും, സഹകരണ സാധ്യതകള്‍ക്കുമുള്ള സൂചകങ്ങളില്‍ ചിലതാണിത്.

സുഹൃത്തുക്കളേ,

· നമ്മുടെ ഗതകാല ദുരവസ്ഥകള്‍ ഒന്നാണ്

· നമ്മുടെ വര്‍ത്തമാന പ്രശ്‌നങ്ങള്‍ ഒന്നാണ്

· നമ്മുടെ ശത്രക്കള്‍ ഒന്നായിരുന്നു.

· മുന്‍പ് അത് കോളനിവാഴ്ചയായിരുന്നു

· ഇന്നത് ദാരിദ്ര്യമാണ്‌

നമ്മള്‍ പണ്ടെന്ന പോലെ ഇനിയും ഒരുമിച്ച് പ്രവര്‍ത്തിക്കാം. കെനിയയെപ്പോലെ ഇന്ത്യയും ഒരു യുവ രാജ്യമാണ്. നിങ്ങളുടെ തൊഴില്‍സേന ആഫ്രിക്കയിലെ ഏറ്റവും ജനപ്രീതിയുള്ളതാണ്. അതുപോലെ ഇന്ത്യന്‍ തൊഴില്‍സേന ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള ഒന്നാണ്. ഈ മാനവിക മൂലധനത്തെ പരിപോഷിപ്പിക്കുന്നതിനും, പരിശീലിപ്പിക്കുന്നതിനുമായി നമുക്ക് ഒത്തൊരുമിച്ച് വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്.

ഇന്ന്, ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തില്‍ വികാസം പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥയാണ്. നമുക്ക് ഉയര്‍ന്ന വളര്‍ച്ച നിരക്ക് ഉണ്ടെന്നു മാത്രമല്ല, വിവിധ ആഗോള സൂചികകളിലും നാം മുന്നേറുകയാണ്.

· ലോകബാങ്കിന്റെ സുഗമമായി ബിസിനസ്സ് ചെയ്യുന്നത് സംബന്ധിച്ച ആഗോള റാങ്കിങ്ങില്‍ ഞങ്ങള്‍ 12 റാങ്കുകള്‍ക്ക് മുന്നിലെത്തി

· വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ കോമ്പറ്റേറ്റീവ് ഇന്‍ഡക്‌സില്‍ ഇന്ത്യ 16 സ്ഥാനങ്ങള്‍ക്ക് മുന്നിലെത്തി

സുഹൃത്തുക്കളേ,

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇന്ത്യ വളരെയധികം മാറി. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഏറ്റവും പ്രിയങ്കരമായ ലക്ഷ്യസ്ഥാനമാണ് ഇന്ത്യയിപ്പോള്‍. ഏറ്റവും ഉയര്‍ന്ന തോതിലുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 2015 ല്‍ ഞങ്ങള്‍ക്ക് ലഭിച്ചു. കെനിയയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് ഇന്ത്യ. കെനിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നിക്ഷേപകര്‍ ഇന്ത്യയാണ്. നമുക്കിടയിലെ വ്യാപാര അസന്തുലനം മാറ്റാനായാല്‍ നമുക്കതില്‍ ആഹ്‌ളാദിക്കാനാകും. കെനിയയിലെ നിക്ഷേപം ഉയര്‍ത്താനാകുന്നതും ഞങ്ങളെ സന്തുഷ്ടരാക്കും.

ഇന്ത്യ നിങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നുവെന്ന് കെനിയന്‍ ജനതയ്ക്കും, ഗവണ്‍മെന്റിനും ഉറപ്പു നല്‍കാനാണ് ഞാനിവിടെ നില്‍ക്കുന്നത്. നമ്മുടെ സൗഹൃദം തുല്യനേട്ടമുണ്ടാക്കുന്ന ഒരു സംഗതിയാണ്. ഇന്ത്യയിലെ കെനിയന്‍ വിദ്യാര്‍ത്ഥികളാകട്ടേ, കെനിയയിലെ ഇന്ത്യന്‍ പ്രൊഫഷണലുകളാകട്ടേ, രണ്ട് പേരും തിളങ്ങേണ്ടതുണ്ട്. ഖനികളോ, ധാതുക്കളോ, യന്ത്രസാമഗ്രികളോ ആകട്ടെ, എല്ലാം ഗുണകരമായ മേഖലകളാണ്. അവസരങ്ങളെ നാം ഒത്തൊരുമിച്ച് നിന്ന് പ്രയോജനപ്പെടുത്തണം. ആ ദിശയിലേക്കുള്ള സൂചകങ്ങളാണ് ഈ യോഗമുള്‍പ്പെടെ എന്റെ സന്ദര്‍ശനത്തിനിലെ വിവിധ പരിപാടികള്‍.

സുഹൃത്തുക്കളേ,

നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും, വിഭവങ്ങള്‍ പരിപുഷ്ടിപ്പെടുത്താനും ഇന്ത്യ എന്നും പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു.

ഇന്ത്യയെ ആഗോള നിര്‍മാണ കേന്ദ്രമാക്കുന്നതിനായി ഞങ്ങള്‍ മേയ്ക്ക് ഇന്‍ ഇന്ത്യ കാമ്പയിന്‍ ആരംഭിച്ച കാര്യം നിങ്ങള്‍ക്കറിയാം. വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി നിങ്ങള്‍ അതുപോലെ മേക്ക് ഇന്‍ കെനിയ ആരംഭിച്ചു. സത്യത്തില്‍ ഇവ രണ്ടും സമാനമാണ്. ജനങ്ങളുടെ ഭാവി നിര്‍മിക്കുന്നതിലാണ് നമ്മുടെ പ്രതിജ്ഞാബദ്ധത. ജനങ്ങള്‍ ഏതാണ്ട് ഒരു പോലെ തന്നെയാണ്. ഇന്ത്യക്കാരുടെ വിയര്‍പ്പാണ് ഈ രാഷ്ട്രത്തിന്റെ അടിസ്ഥാനമുറപ്പിച്ചത്. ഇന്ത്യന്‍ രക്തമാണ് അതിന്റെ സ്വാതന്ത്ര്യ ചിറകിന് നിറമേകിയത്. നമ്മള്‍ മേയ്ക്ക് ഇന്‍ ഇന്ത്യയാണോ, മേയ്ക്ക് ഇന്‍ കെനിയയാണോ നടപ്പാക്കുന്നത് എന്ന കാര്യം വിഷയമല്ല.

സുഹൃത്തുക്കളേ,

മേയ്ക്ക് ഇന്‍ കെനിയയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ പ്രദര്‍ശനമെന്ന നിലയ്ക്ക് ഞങ്ങള്‍ ഇവിടെ നിക്ഷേപം നടത്താന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നതിനായി ഡൂയിങ് ബിസിനസ്സ് ഇന്‍ കെനിയ എന്ന പുസ്തകം ഞങ്ങള്‍ പ്രസിദ്ധീകരിച്ചു. കെനിയന്‍ പ്രസിഡന്റിന് ഈ പുസ്തകം സമ്മാനിക്കാനായതില്‍ സന്തോഷമുണ്ട്.

നന്ദി