Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്റര്‍സ്‌റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന


ഇന്റര്‍‌സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായങ്ങള്‍ മുന്നോട്ടുവെക്കുകയും വീക്ഷണങ്ങള്‍ ഉയര്‍ത്തുകയും ചെയ്ത മുഖ്യമന്ത്രിമാര്‍ക്കും ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നന്ദി അറിയിച്ചു.

പൂഞ്ചി കമ്മീഷന്റെ ശുപാര്‍ശകളെക്കുറിച്ചു വിശദീകരിക്കവേ ഇന്നത്തെ ചര്‍ച്ചകള്‍ നല്ലൊരു തുടക്കമായതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ ചര്‍ച്ച തുടരുമെന്നും സമവായത്തിലെത്താന്‍ സാധിക്കുന്നതോടെ അവ നടപ്പാക്കുന്നതിനുള്ള നടപടിക്കു തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.

സദ്ഭരണവും സുതാര്യതയും ഉറപ്പാക്കുന്നതിനുള്ള ഉപാധിയായി ആധാറിന് ഏറെക്കുറെ പൂര്‍ണമായ സ്വീകാര്യത ലഭിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ആധാര്‍ ഏര്‍പ്പെടുത്തിയതു നിമിത്തം പൊതുഖജനാവിനു ഗണ്യമായ നേട്ടമുണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി. എത്ര നേട്ടമുണ്ടാക്കിയെന്ന വിവരം ഓരോ സംസ്ഥാനത്തുനിന്നും ശേഖരിക്കാന്‍ മുതിര്‍ന്ന കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കി. എല്ലാ പോസ്റ്റ് ഓഫീസുകളും പെയ്‌മെന്റ് ബാങ്കുകളായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും നേരിട്ടുള്ള ആനുകൂല്യവിതരണത്തിന്റെ കാര്യത്തില്‍ ഇതു വലിയ സഹായമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിദ്യഭ്യാസത്തെക്കുറിച്ചു വ്യക്തമാക്കവേ, വിദ്യാഭ്യാസരംഗം വികസിപ്പിച്ചാല്‍ മാത്രം പോരെന്നും മേന്മ വര്‍ധിപ്പിക്കുന്നതിനു പ്രാധാന്യം കല്‍പിക്കണമെന്നും ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിലെ മേന്മക്കുറവു പരിഹരിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താവുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ക്രമസമാധാനത്തെക്കുറിച്ചു പരാമര്‍ശിച്ച അദ്ദേഹം, ലോകത്താകമാനം ഇപ്പോഴെന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നത് അവഗണിക്കാന്‍ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കു സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ രാഷ്ട്രീയം മാറ്റാവെച്ചു രാഷ്ട്രസുരക്ഷയ്ക്കു പ്രാധാന്യം കല്‍പിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് ഡയറക്ടര്‍ ജനറല്‍മാരുമായി ത്രിദിനസമ്മേളനത്തില്‍ സംവദിച്ചിരുന്നുവെന്നത് ഓര്‍മിപ്പിച്ച അദ്ദേഹം, ആ സമ്മേളനത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിമാരോട് ആഹ്വാനം ചെയ്തു. പൊലീസ് സേനയുടെ സാന്നിധ്യം പ്രകടമാക്കേണ്ടത് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടുകയും കുറ്റകൃത്യങ്ങളെ നിയന്ത്രിക്കുന്നതില്‍ സി.സി.ടിവിക്കുള്ള പ്രാധാന്യം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. സ്വകാര്യ സി.സി.ടിവികള്‍ പോലും ഇക്കാര്യത്തില്‍ സഹായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ഏകോപനത്തിന്റെ പ്രസക്തിയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിമാരും ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരും മുന്നോട്ടുവെച്ച അഭിപ്രായങ്ങളെല്ലാം ശ്രദ്ധാപൂര്‍വം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.