പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, മ്യാൻമർ റിപ്പബ്ലിക് യൂണിയൻ പ്രസിഡന്റ് യു മിൻ ഓങ് ഹ്ലേയിംഗ് 2026 മെയ് 30 മുതൽ ജൂൺ 3 വരെ ഇന്ത്യയിൽ തന്റെ ആദ്യ ഔദ്യോഗിക സന്ദർശനം നടത്തി.
മ്യാൻമർ പ്രസിഡന്റിന്റെ ഓഫീസ്, വിദേശകാര്യം, ധനകാര്യം-റവന്യൂ, കൃഷി-മൃഗസംരക്ഷണം-ജലസേചനം, വ്യവസായം-എം.എസ്.എം.ഇ ബിസിനസ് വികസനം എന്നീ വകുപ്പുകളുടെ മന്ത്രിമാരും മ്യാൻമർ സെൻട്രൽ ബാങ്ക് ഗവർണറും പ്രസിഡന്റിനെ അനുഗമിച്ചു. കൃഷി, ഫാർമസ്യൂട്ടിക്കൽസ്, ഊർജം, ബാങ്കിംഗ്, നിർമ്മാണം, ഐ.ടി, വാർത്താവിനിമയം, വ്യാപാരം, ലോജിസ്റ്റിക്സ് ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള ബിസിനസ്സ് സംഘവും മ്യാൻമർ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ അംഗങ്ങളും മ്യാൻമർ പ്രതിനിധിസംഘത്തിന്റെ ഭാഗമായിരുന്നു.
2026 ജൂൺ 1 ന് ഇന്ത്യൻ പ്രധാനമന്ത്രിയും മ്യാൻമർ പ്രസിഡന്റും ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങൾക്കും പരസ്പര താൽപ്പര്യമുള്ള ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങൾ വിലയിരുത്തിയ നേതാക്കൾ ഉഭയകക്ഷി ബന്ധത്തിന്റെ ഭാവി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള മാർഗ്ഗങ്ങൾക്ക് രൂപം നൽകി. വിശിഷ്ടാതിഥിയുടെ ബഹുമാനാർത്ഥം പ്രധാനമന്ത്രി ഉച്ചവിരുന്ന് നൽകി. രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമുവും മ്യാൻമർ പ്രസിഡന്റിനെ സ്വീകരിച്ചു. ഇതിനു മുന്നോടിയായി വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവലും മ്യാൻമർ പ്രസിഡന്റുമായി വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.
സന്ദർശനത്തിന്റെ തുടക്കത്തിൽ, 2026 മെയ് 30-ന് പ്രസിഡന്റ് ബോധ് ഗയ സന്ദർശിക്കുകയും മഹാബോധി ക്ഷേത്രം, മഹാബോധി ധ്യാന കേന്ദ്രം, സുജാത ക്ഷേത്രം എന്നിവിടങ്ങളിൽ പ്രാർത്ഥന നടത്തുകയും ചെയ്തു. അങ്ങേയറ്റം ആദരിക്കപ്പെടുന്ന ഈ പുണ്യസ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ആത്മീയ-ബുദ്ധമത ബന്ധങ്ങളെയും ജനങ്ങൾ തമ്മിലുള്ള സമ്പർക്കങ്ങളെയും അടിവരയിടുന്നതായിരുന്നു.
2026 മെയ് 31-ന് ന്യൂഡൽഹിയിൽ യുഎംഎഫ്‌സിസിഐയും സിഐഐയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ-മ്യാൻമർ ബിസിനസ് കോൺക്ലേവിൽ പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി. ഉഭയകക്ഷി വ്യാപാരവും വാണിജ്യ അവസരങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ച് ഇരു രാജ്യങ്ങളിലെയും ബിസിനസ്സ് മേധാവിമാർ ചർച്ച ചെയ്തു. ഹരിത ഊർജ്ജ നവീകരണം ഊർജ്ജ കാര്യക്ഷമത, പുനരുപയോഗ ഊർജ്ജ സംയോജനം, ഗ്രിഡ് പ്രതിരോധശേഷി എന്നിവയുൾപ്പെടെയുള്ള നൂതന ഗവേഷണ-വികസന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഗ്രേറ്റർ നോയിഡയിലുള്ള എൻ.ടി.പി.സി എനർജി ടെക്നോളജി റിസർച്ച് അലയൻസ് (NETRA) സമുച്ചയവും പ്രസിഡന്റ് സന്ദർശിച്ചു.
പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ, ഇന്ത്യയുടെ ‘അയൽപക്കം ആദ്യം’, ‘ആക്ട് ഈസ്റ്റ്’, ‘മഹാസാഗർ’ (MAHASAGAR – Mutual and Holistic Advancement for Security and Growth Across Regions) എന്നീ നയങ്ങളുടെ സംഗമസ്ഥാനത്താണ് മ്യാൻമർ സ്ഥിതി ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ, പ്രതിരോധവും സുരക്ഷയും, അതിർത്തി പരിപാലനം, വികസന സഹായം, സാംസ്കാരിക കൈമാറ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചർച്ചകളിൽ അടിവരയിട്ടു. വിവിധ ഉഭയകക്ഷി കരാറുകളിലും ധാരണാപത്രങ്ങളിലും നിലവിൽ നടക്കുന്ന ചർച്ചകൾ ഇരുപക്ഷവും വിലയിരുത്തുകയും അവ എത്രയും വേഗം അന്തിമമാക്കാൻ താൽപ്പര്യപ്പെടുകയും ചെയ്തു.
മെച്ചപ്പെട്ട കണക്റ്റിവിറ്റി, പരസ്പരം പ്രയോജനപ്രദമായ സാമ്പത്തിക ബന്ധങ്ങൾക്കും മേഖലയിലെ പങ്കാളിത്ത പുരോഗതിയ്ക്കും വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഇക്കാര്യത്തിൽ, കലാഡൻ മൾട്ടി-മോഡൽ ട്രാൻസിറ്റ് ട്രാൻസ്‌പോർട്ട് പദ്ധതിയുടെയും ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ത്രിരാഷ്ട്ര ഹൈവേയുടെയും നിർമ്മാണം പൂർത്തിയാക്കുന്നതിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും പങ്കുവെച്ചു.
മ്യാൻമർ വിദ്യാർത്ഥികൾക്കായുള്ള ‘മെകോംഗ് ഗംഗ ഐ.സി.സി.ആർ’ (Mekong Ganga ICCR) സ്കോളർഷിപ്പുകളുടെ എണ്ണം 2026 മുതൽ 36-ൽ നിന്നും 100 ആയി ഉയർത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
റുപ്പീ-ക്യാറ്റ് (Rupee-Kyat) പണമിടപാട് സംവിധാനം ഉൾപ്പെടെ ഉഭയകക്ഷി വ്യാപാരം സുഗമമാക്കാനും വർദ്ധിപ്പിക്കാനും ഇരുപക്ഷവും സമ്മതിച്ചു. 2024 മെയ് മാസത്തിൽ ഈ സംവിധാനം നിലവിൽ വന്നതിനുശേഷം രേഖപ്പെടുത്തിയ ഇടപാടുകളിലുണ്ടായ സ്ഥിരമായ വളർച്ചയെ ഇരുപക്ഷവും അഭിനന്ദിച്ചു. അതത് രാജ്യങ്ങളിലെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി കാർഷിക സംസ്കരണം, പെട്രോളിയം, ഊർജ്ജം, ഖനനം തുടങ്ങിയ പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ കൂടുതൽ അടുത്ത വ്യാപാര-നിക്ഷേപ സഹകരണത്തിനുള്ള പിന്തുണയും ഇരുപക്ഷവും പ്രകടിപ്പിച്ചു.
മ്യാൻമർ റിപ്പബ്ലിക് യൂണിയന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കുമുള്ള ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചു. തങ്ങളുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾക്കായി പരമാധികാരമുള്ള പ്രദേശങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും അടിവരയിട്ടു. ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി മ്യാൻമറിന്റെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന ഉറപ്പ് പ്രസിഡന്റ് ആവർത്തിച്ചു. മ്യാൻമറിന്റെ ഉറച്ചതും വിശ്വസ്തവുമായ പങ്കാളി എന്ന നിലയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം ആഴത്തിലാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
സമാധാനം, സ്ഥിരത, ദേശീയ അനുരഞ്ജനം, സാമൂഹിക-സാമ്പത്തിക വികസനം എന്നിവ കൈവരിക്കുന്നതിന് മ്യാൻമറിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങൾക്ക് പ്രധാനമന്ത്രി പിന്തുണ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും സൗഹൃദ ബന്ധത്തിന്റെയും അടിസ്ഥാനത്തിൽ തുടർന്നുള്ള സഹായവും സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇന്ത്യയുടെ സൃഷ്ടിപരമായ പിന്തുണയെയും സഹകരണത്തെയും പ്രസിഡന്റ് അഭിനന്ദിച്ചു.
2026 ജൂൺ 02 – 03 തീയതികളിലെ മുംബൈ സന്ദർശന വേളയിൽ മഹാരാഷ്ട്ര ഗവർണറുമായും മുഖ്യമന്ത്രിയുമായും പ്രസിഡന്റ് നടത്തുന്ന കൂടിക്കാഴ്ചകളും അദ്ദേഹത്തിന്റെ ബിസിനസ്സ് പങ്കാളിത്തങ്ങളും നിലവിലുള്ള ഉഭയകക്ഷി സഹകരണവും സാമ്പത്തിക ബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രസിഡന്റ് യു മിൻ ഓങ് ഹ്ലേയിംഗിന്റെ ഔദ്യോഗിക സന്ദർശനം മ്യാൻമറും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹൃദവും അടുത്ത പങ്കാളിത്തവും ആവർത്തിച്ചുറപ്പിക്കുന്നതായിരുന്നു. ഇരുരാജ്യങ്ങളുടെയും പരസ്പര പ്രയോജനത്തിനായി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധതയും ഇത് അടിവരയിടുന്നു. എല്ലാ തലങ്ങളിലും അടുത്ത സമ്പർക്കം തുടരാൻ ഇരുപക്ഷവും സമ്മതിച്ചു.
ഇന്ത്യാ സന്ദർശന വേളയിൽ തനിക്കും പ്രതിനിധിസംഘത്തിനും നൽകിയ ഊഷ്മള സ്വീകരണത്തിന് പ്രസിഡന്റ് യു മിൻ ഓങ് ഹ്ലേയിംഗ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി. പരസ്പരം സൗകര്യപ്രദമായ തീയതികളിൽ മ്യാൻമർ സന്ദർശിക്കാൻ പ്രസിഡന്റ് ഇന്ത്യൻ പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു.
***
SK
Had a productive meeting with President U Min Aung Hlaing of Myanmar. We in India are honoured that he has chosen India for his first foreign visit as President. Equally gladdening is the fact that he began the visit from Bodh Gaya, with the blessings of Lord Buddha. We reviewed… pic.twitter.com/eL1sXgsrE6
— Narendra Modi (@narendramodi) June 1, 2026
Our talks covered ways to deepen cooperation in trade, rare earths, healthcare, connectivity, heritage restoration and capacity building. We also agreed to work closely in areas such as maritime security, cyber security and more. pic.twitter.com/1xTyJ2RiI0
— Narendra Modi (@narendramodi) June 1, 2026