Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് അതോറിറ്റി രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം


ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിലെ ഗവേഷണം, ആസൂത്രണം, അവലോകനം, നിരീക്ഷണം, ആഘാത പഠനം എന്നിവ ശക്തിപ്പെടുത്തുന്നതിനായി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് അതോറിറ്റി എന്ന പേരിൽ ഒരു പ്രത്യേക ഭരണസമിതി രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകി.

 

ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ മന്ത്രാലയങ്ങളിലും ഏജൻസികളിലുമായി ചിതറിക്കിടക്കുന്ന ആസൂത്രണവും നടപ്പാക്കലും മൂലമുണ്ടാകുന്ന ദീർഘകാല വെല്ലുവിളികൾ പരിഹരിക്കാൻ ഈ അനുമതി ലക്ഷ്യമിടുന്നു. കൂടുതൽ ഏകോപനവും മൾട്ടി-മോഡൽ സംയോജനവും വളർത്തിയെടുക്കുന്നതിലൂടെ ഇന്ത്യയിലെ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യക്ഷമത, സുസ്ഥിരത, ഫലപ്രാപ്തി എന്നിവ വർധിപ്പിക്കാൻ ഈ അതോറിറ്റി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

ITLA-യ്ക്ക് താഴെപ്പറയുന്ന പ്രധാന ചുമതലകളും ഉത്തരവാദിത്തങ്ങളും ഉണ്ടായിരിക്കും:

 

  • നാഷണൽ അപെക്സ് ഇൻസ്റ്റിറ്റ്യൂഷൻ: സംയോജിത ഗതാഗത, ലോജിസ്റ്റിക്സ് ആസൂത്രണം, ഗവേഷണം, പദ്ധതി അവലോകനം, നിരീക്ഷണം, നയപിന്തുണ, ഡാറ്റ വിശകലനം എന്നിവയ്ക്കുള്ള ഉന്നതതല സമിതിയായി ഇത് പ്രവർത്തിക്കും.
  • ദീർഘകാല ദേശീയ ഗതാഗത മാസ്റ്റർ പ്ലാൻ: റോഡുകൾ, റെയിൽവേ, തുറമുഖങ്ങളും കപ്പൽ ഗതാഗതവും, വ്യോമയാനം, ഉൾനാടൻ ജലഗതാഗതം, തീരദേശ കപ്പൽ ഗതാഗതം, നഗര ഗതാഗതം, ലോജിസ്റ്റിക്സ് എന്നിവ ഉൾപ്പെടുത്തി പത്തുവർഷമോ അതിൽ കൂടുതലോ കാലാവധിയുള്ള സമഗ്രമായ ഒരു ദേശീയ ഗതാഗത മാസ്റ്റർ പ്ലാൻ ITLA തയ്യാറാക്കും.
  • സംയോജിത ആസൂത്രണ ചട്ടക്കൂട്: ദേശീയ ഗതാഗത മാസ്റ്റർ പ്ലാനുമായി പൊരുത്തപ്പെടുന്നതും യോജിച്ചുപോകുന്നതുമാണെന്ന് ഉറപ്പാക്കാനും മൾട്ടി-മോഡൽ അടിസ്ഥാന സൗകര്യ വികസനം പ്രോത്സാഹിപ്പിക്കാനുമായി ഹ്രസ്വകാല മേഖലാ പദ്ധതികളും (5 വർഷം അല്ലെങ്കിൽ അതിൽ കൂടുതൽ) ഗതാഗത മന്ത്രാലയങ്ങളുടെ വാർഷിക പദ്ധതികളും ITLA വിലയിരുത്തും.
  • ബൃഹദ് പദ്ധതികളുടെ സാങ്കേതിക അവലോകനം: കേന്ദ്ര ഗവൺമെന്റിന്റെ 500 കോടി രൂപയോ അതിൽ കൂടുതലോ ചെലവുവരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സാങ്കേതിക അവലോകനം ITLA നിർവഹിക്കും. സാമ്പത്തിക അവലോകനം നിലവിലുള്ള സാമ്പത്തിക അവലോകന സംവിധാനങ്ങളിലൂടെ തന്നെ തുടർന്നും നടപ്പിലാക്കും.
  • നിരീക്ഷണവും ആഘാത പഠനവും: 500 കോടി രൂപയ്ക്ക് മുകളിലുള്ള ഗതാഗത, അടിസ്ഥാന സൗകര്യ പദ്ധതികളുടെ നടത്തിപ്പ് ITLA നിരീക്ഷിക്കുകയും പ്രശ്നപരിഹാരങ്ങൾക്കായി ഏകോപിത സംവിധാനം ഒരുക്കുകയും ചെയ്യും. കൂടാതെ പദ്ധതികൾ നടപ്പിലാക്കിയ ശേഷമുള്ള ആഘാത പഠനവും നടത്തും.
  • ദേശീയ ഗതാഗത ഡാറ്റാ ശേഖരം: GSTN ഇ-വേ ബിൽ, ഫാസ്‌ടാഗ്, വാഹൻ, ജി.പി.എസ് അധിഷ്ഠിത സിസ്റ്റങ്ങൾ, നഗര ഗതാഗത മാനേജ്‌‌മെന്റ് സിസ്റ്റങ്ങൾ, മറ്റ് അനുബന്ധ ഡാറ്റാബേസുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ സ്രോതസ്സുകളിൽ നിന്ന് പ്രസക്തമായ ഗതാഗത, ലോജിസ്റ്റിക്സ് ഡാറ്റാസെറ്റുകൾ ശേഖരിച്ച് ITLA ഒരു ഏകീകൃത ഗതാഗത ഡാറ്റാ ശേഖരം സൃഷ്ടിക്കും. ഒപ്പം ആസൂത്രണം, നിരീക്ഷണം, ആഘാത പഠനം എന്നിവയ്ക്കായി ഡാറ്റാ വിശകലനവും (ഉദാ: Freight Flow/O-D analytics) നടത്തും.
  • ദേശീയ ലോജിസ്റ്റിക്സ് നയം (2022) പുനരവലോകനം ചെയ്യുന്നതിനും പുതുക്കുന്നതിനും മാർഗനിർദേശവും സഹായവും നൽകൽ.
  • ലോജിസ്റ്റിക്സ് മേഖലയിൽ ശേഷി വർധന, പരിശീലനം, നൈപുണ്യ വികസനം എന്നിവ ഉറപ്പാക്കൽ.
  • ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിൽ ഗവേഷണവും നവീനാശയവും പ്രോത്സാഹിപ്പിക്കൽ.

മൾട്ടിമോഡൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിലൂടെയും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും ലോജിസ്റ്റിക്സ് ചെലവുകൾ കുറയ്ക്കുന്നതിലൂടെയും ഇന്ത്യയുടെ ആഗോള ലോജിസ്റ്റിക്സ് മത്സരശേഷി വർധിപ്പിക്കുന്നതിലൂടെയും ഇന്ത്യയുടെ വിഷൻ 2047 യാഥാർത്ഥ്യമാക്കുന്നതിൽ ITLA-യുടെ രൂപീകരണം നിർണായക പങ്കുവഹിക്കും. ഗവേഷണം, ആസൂത്രണം, ബിഗ് ഡാറ്റാ സംയോജനം, പദ്ധതി നിരീക്ഷണം, മൂല്യനിർണയം എന്നിവയ്ക്കുള്ള സ്ഥാപനപരമായ ശേഷി ITLA വികസിപ്പിക്കും. ഒപ്പം ശേഷി വർധനവിനെയും അന്താരാഷ്ട്രതലത്തിലെ മികച്ച മാതൃകകൾ സ്വീകരിക്കുന്നതിനെയും പിന്തുണയ്ക്കുകയും ചെയ്യും.

***

NK