പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 നവംബർ 21 ന് ബിഹാർ സന്ദർശിക്കും. ഉച്ചയ്ക്ക് 1:15 ന് പ്രധാനമന്ത്രി വൈശാലി ജില്ലയിലെ നിതീഷ് സേതു സന്ദർശിക്കും. അതിനുശേഷം, ഉച്ചയ്ക്ക് 2 മണിക്ക്, വൈശാലിയിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ഏകദേശം 34,470 കോടി രൂപയുടെ നിരവധി പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.
റോഡ് കണക്റ്റിവിറ്റി, ഊർജ്ജം, നഗര അടിസ്ഥാന സൗകര്യങ്ങൾ, ജലവിഭവങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗതാഗതം, മറ്റ് പ്രധാന മേഖലകൾ എന്നിവ ഉൾപ്പെടുന്ന പദ്ധതികളാണ് ഇവ. സംസ്ഥാനത്തുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നതാണ് പദ്ധതികൾ.
ഏകദേശം 4,280 കോടി രൂപ ചെലവിൽ ഗംഗാ നദിക്ക് കുറുകെ നിർമ്മിച്ച കേബിൾ-സ്റ്റേഡ് പാലമായ നിതീഷ് സേതു പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. 19.7 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി പട്ന ജില്ലയിലെ എൻഎച്ച്-22 ലെ കാച്ചി ദർഗയെയും വൈശാലി ജില്ലയിലെ എൻഎച്ച്-322 ലെ ബിദുപൂരിനെയും ബന്ധിപ്പിക്കുന്നു. ഇതിൽ 9.7 കിലോമീറ്റർ പ്രധാന പാലവും 10 കിലോമീറ്റർ അപ്രോച്ച് റോഡുകളും ഉൾപ്പെടുന്നു.
നിലവിലുള്ള മഹാത്മാഗാന്ധി സേതുവിലെയും ജെപി സേതുവിലെയും ഗതാഗത സമ്മർദ്ദം കുറക്കുകയും വടക്കൻ ബിഹാറിനും തെക്കൻ ബിഹാറിനും ഇടയിലുള്ള യാത്രാ സമയം കുറയ്ക്കുകയും ചെയ്യുന്ന ഈ പാലം, ഗംഗാ നദിക്ക് കുറുകെ ഒരു പ്രധാനപ്പെട്ട അധിക ക്രോസിംഗ് നൽകും. പട്നയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിലൂടെയും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ അവശ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും പ്രത്യേകിച്ച് രഘോപൂർ ദിയാര നിവാസികൾക്ക് ഇത് പ്രയോജനം ചെയ്യും. കാർഷികോൽപ്പന്നങ്ങളുടെയും വ്യാവസായിക ഉൽപ്പന്നങ്ങളുടെയും നീക്കം സുഗമമാക്കുന്നതിനും വിപണികളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനും മേഖലയിലുടനീളം വ്യാപാരവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായിക്കും. ബിഹാറിന്റെ സാമ്പത്തിക വികസനത്തിന് ഇത് സംഭാവന നൽകും.
15,600 കോടി രൂപയിലധികം വിലമതിക്കുന്ന നിരവധി പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. NH-19 ലെ ഔറംഗാബാദ്-ചോർദാഹ സെക്ഷൻ ആറ് വരിയാക്കൽ, NH-227F ലെ ചോർമ-ബൈർഗാനിയ സെക്ഷൻ, NH-327 ലെ ഉമാഗാവ്-സഹർസ സെക്ഷൻ എന്നിവ പ്രധാന റോഡ് പദ്ധതികളിൽ ഉൾപ്പെടുന്നു.
ഊർജ്ജ മേഖലയിൽ, 1,320 മെഗാവാട്ട് ബക്സർ താപ വൈദ്യുത പദ്ധതിയുടെ യൂണിറ്റ് 2 (660 മെഗാവാട്ട്), ഊർജ്ജ വകുപ്പിന് കീഴിലുള്ള വൈദ്യുതി വിതരണ, പ്രസരണ അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 1,130 കോടി രൂപയിലധികം വിലമതിക്കുന്ന RDSS നഷ്ടം കുറയ്ക്കൽ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കനാലുകളുടെയും കരകളുടെയും പുനരുദ്ധാരണവും ശക്തിപ്പെടുത്തലും, നവാഡയിലെ ഫുൽവാരിയ അണക്കെട്ടിലെ ഒരു ഫ്ലോട്ടിംഗ് സോളാർ പദ്ധതി, കഹൽഗാവിലെ മലിനജല അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന മറ്റ് പദ്ധതികൾ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെസിഡൻഷ്യൽ സ്കൂളുകൾ, ആരോഗ്യ സേവനങ്ങൾ, കൃഷി, കായികം, പൊതുഭരണം എന്നിവയ്ക്കുള്ള കെട്ടിടങ്ങളുടെയും സൗകര്യങ്ങളുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. മെച്ചപ്പെട്ട ജലസേചനം, നഗര സേവനങ്ങൾ, അവശ്യ സൗകര്യങ്ങൾ ലഭ്യമാക്കൽ എന്നിവയ്ക്ക് ഈ പദ്ധതികൾ സഹായകമാകും.
ഏകദേശം 14,450 കോടി രൂപയുടെ നിരവധി പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. 3,800 കോടി രൂപയിലധികം ചെലവിൽ വികസിപ്പിക്കുന്ന എൻഎച്ച്-139ഡബ്ല്യുവിന്റെ സഹേബ്ഗഞ്ച്-അരേരാജ്-ബെട്ടിയ സെക്ഷന്റെ നാലുവരി പാത, ഏകദേശം 3,350 കോടി രൂപ കണക്കാക്കുന്ന പിർപൈന്തി സൂപ്പർ തെർമൽ പവർ പ്രോജക്റ്റിനായുള്ള (3 x 800 മെഗാവാട്ട്) വൈദ്യുതി ഒഴിപ്പിക്കൽ പദ്ധതി എന്നിവയാണ് ഇവയിൽ പ്രധാനം.
ബെഗുസാരായ്, ബിഹാർഷരീഫ്, പൂർണിയ, ഹാജിപൂർ, മോത്തിഹാരി, ദനാപൂർ, ഖഗരിയ, സമസ്തിപൂർ, ബോധ്ഗയ, സീതാമർഹി, സഹർസ, മറ്റ് നഗരപ്രദേശങ്ങൾ എന്നിവിടങ്ങളിലെ മലിനജല, ജലവിതരണ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. കനാൽ സംവിധാനങ്ങളുടെ നവീകരണം, ഡോ. ഭീംറാവു അംബേദ്കർ റെസിഡൻഷ്യൽ സ്കൂളുകൾ, ഐഐടി പട്ന റിസർച്ച് പാർക്ക്, ഹോസ്റ്റൽ, എഞ്ചിനീയറിംഗ്, പോളിടെക്നിക് സ്ഥാപനങ്ങൾ, അടിയന്തര പ്രതികരണ, പോലീസ് ഡാറ്റാ സെന്റർ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് മറ്റ് പദ്ധതികൾ.
സംസ്ഥാനത്തെ സംശുദ്ധ പൊതുഗതാഗതത്തിന് കൂടുതൽ ഉത്തേജനം നൽകിക്കൊണ്ട് 100 പിഎം-ഇബസുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രി ആവാസ് യോജന (നഗര) പ്രകാരം 26,900-ലധികം ഗുണഭോക്താക്കളുടെ ഗൃഹപ്രവേശവും നടക്കും, ഇത് നഗര കുടുംബങ്ങൾക്ക് പാർപ്പിടം ലഭ്യമാക്കുന്നതിൽ ഒരു പ്രധാന നാഴികക്കല്ലായി മാറും.
***
SK