പിഎം ഇന്ത്യ
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇന്ത്യയും (ഐസിഎഐ) ഒമാന്‍ കോളജ് ഓഫ് ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സ്റ്റഡീസ് ( സിബിഎഫ്എസ്) ഉം തമ്മിലുള്ള ധാരണാപത്രം പുതുക്കലും 2008ലും 2011ലും ധാരണാപത്രങ്ങള്‍ ഒപ്പുവച്ചതും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകരിച്ചു. ഒമാനിലെ കണക്കുവയ്ക്കല്‍ സംവിധാനവും സാമ്പത്തിക-കണക്ക് പരിശോധനാ അടിത്തറയും ശക്തിപ്പെടുത്തുന്നതിന് യോജിച്ചു പ്രവര്‍ത്തിക്കുന്നത് ധാരണാപത്രം സുഗമമാക്കും.
മധ്യപൂര്‍വേഷ്യാ മേഖലയില്‍ 6000ല്‍ അധികം അംഗങ്ങളുടെ ശക്തമായ അടിത്തറയുള്ള ഐസിഎഐയില്‍ ഒമാന്‍ പൗരന്മാര്‍ക്ക് അംഗത്വം നല്‍കിക്കൊണ്ട് സിബിഎഫ്എസിനെ സഹായിക്കുകയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അംഗങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നല്ല താല്‍പര്യങ്ങള്‍ക്ക് പരസ്പരം നേട്ടമുള്ള ഒരു ബന്ധം വികസിപ്പിക്കുന്നതിന് യോജിച്ചു പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. ഐസിഎഐ അംഗങ്ങള്‍ക്ക് അവരുടെ തൊഴില്‍പരമായ ചക്രവാളം വികസിപ്പിക്കുന്നതിന് അവസരം ധാരണാപത്രം ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഒമാന്‍ പൗരന്മാരുടെ തൊഴില്‍പരമായ മികവിനെ സഹായിക്കാനും ശക്തിപ്പെടുത്താനുമുള്ള ഒരു ഘടകമായി ഐസിഎഐ മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ഈ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയ്ക്കും സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും ഗണ്യമായ സല്‍പ്പേര് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ പൗരന്മാര്‍ ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നത് വര്‍ധിപ്പിക്കാനും ഇത് കാരണമാകും.
ഇതുവരെ പ്രാദേശികമായി പ്രൊഫഷണല്‍ അക്കൗണ്ടന്‍സി ഇന്‍സ്റ്റിറ്റ്യൂട്ട് ഇല്ലാത്ത ഒമാന്‍ സിബിഎഫ്എസുമായി ഐസിഎഐ ഉണ്ടാക്കിയിരിക്കുന്ന സഹകരണം തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ്. ഒമാനിലും മറ്റ് വിപണികകളിലും നിലവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും ഒമാനിലേക്ക് പോയി അവിടെ അവരുടെ തൊഴിലില്‍ ഏര്‍പ്പെടാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും ധാരണാപത്രം ഗുണാത്മക ഫലപ്രാപ്തി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. അതേ പോലെ തന്നെ, സുല്‍ത്താനേറ്റ് ഒമാനിലെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.