Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എച്ച്‌ഐവി, എയിഡ്‌സ് (പ്രതിരോധവും നിയന്ത്രണവും) ബില്‍, 2014: ഭേദഗതികള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി


എച്ച്‌ഐവി, എയിഡ്‌സ് (പ്രതിരോധവും നിയന്ത്രണവും) ബില്‍ 2014ലെ ഔദ്യോഗിക ഭേദഗതികള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. എച്ച്‌ഐവി ബാധിതരുടെയും അവര്‍ക്കൊപ്പം ജീവിക്കുന്നവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഈ ബില്ല് തയ്യാറാക്കിയത്. എച്ച്‌ഐവിയുമായി ബന്ധപ്പെട്ട വിവേചനങ്ങളെ അഭിമുഖീകരിക്കാനും നിയമപരമായ ഉത്തരവാദിത്തം നല്‍കിക്കൊണ്ട് നിലവിലുള്ള പദ്ധതികളെ ശക്തിപ്പെടുത്താനും പരാതികളെക്കുറിച്ച് അന്വേഷിച്ച് പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ ഔപചാരിക സംവിധാനം ഉണ്ടാക്കാനുമുള്ള വ്യവസ്ഥകള്‍ ഇതിലുണ്ട്. എച്ച്‌ഐവിയും എയിഡ്‌സും പടരുന്നതിനെതിരായ പ്രതിരോധ , നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, അനുവാദത്തോടെയും രഹസ്യസ്വഭാവം സൂക്ഷിച്ചുകൊണ്ടും ചികില്‍സ നല്‍കല്‍, അവര്‍ക്കൊപ്പം താമസിക്കുന്നവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടാല്‍ പരാതികള്‍ പരിഹരിക്കുന്നതിന് ഉത്തരവാദപ്പെട്ട സ്ഥാപനം രൂപീകരിക്കല്‍ എന്നിവയും എച്ച്‌ഐവി- എയിഡ്‌സ് ബാധിതര്‍ക്കെതിരായ വിവേചനം തടയലിന്റെ പരിധിയില്‍വരും.

എച്ച്‌ഐവിയുമായി ബന്ധപ്പെട്ട പരിശോധനകളും ചികില്‍സയും വൈദ്യശാസ്ത്ര ഗവേഷണവും ആരോഗ്യ പരിപാലന സേവനങ്ങള്‍ ലഭ്യമാക്കലും രോഗിയുടെ അനുവാദത്തോടെയും രഹസ്യസ്വഭാവം സൂക്ഷിച്ചുകൊണ്ടും മാത്രമാക്കുക എന്നത് ബില്ലിന്റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു.

എച്ച്‌ഐവി ബാധിതരും അവര്‍ക്കൊപ്പം ജീവിക്കുന്നവരും അഭിമുഖീകരിക്കേണ്ടിവരുന്ന വിവിധതരം വിവേചനങ്ങള്‍ ബില്ലില്‍ ചേര്‍ത്തിട്ടുണ്ട്. അവരെ തള്ളിക്കളയല്‍, ബന്ധം വിഛേദിക്കല്‍, ന്യായമല്ലാത്ത തരം ചികില്‍സ തുടരല്‍ എന്നിവ ഉള്‍പ്പെടെയാണിത്.

1. തൊഴില്‍

2. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

3. ആരോഗ്യ പരിപാലന സേവനങ്ങള്‍

4. താമസിക്കുകയോ വാടകക്ക് കൊടുത്തിരിക്കുകയോ ചെയ്യുന്ന സ്ഥലം

5. പൊതു- സ്വകാര്യ ഓഫീസ് ഉപയോഗം

6. ഇന്‍ഷുറന്‍സ് വ്യവസ്ഥകള്‍ ( കണക്കും രേഖകളും ഇല്ലെങ്കില്‍).

തൊഴിലിനും ചികില്‍സക്കും വിദ്യാഭ്യാസത്തിനും മുന്‍കൂര്‍ എച്ച്‌ഐവി പരിശോധന ആവശ്യപ്പെടുന്നതു നിരോധിക്കും.

എച്ച്‌ഐവി പകര്‍ന്നതോ ബാധിച്ചതോ ആയ 18 വയസില്‍ താഴെയുള്ളവര്‍ക്ക് മറ്റുള്ളവര്‍ക്കൊപ്പം താമസ സ്ഥലം പങ്കിടാനും ജീവിത സൗകര്യങ്ങള്‍ ആസ്വദിക്കാനും അവകാശമുണ്ട്. എച്ച്‌ഐവി ബാധിതരുടെയും ഒപ്പം ജീവിക്കുന്നവരുടെയും വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്യാന്‍ ആരെയും അനുവദിക്കില്ല. പ്രായപൂര്‍ത്തിയാകാത്ത എച്ച്‌ഐവി, എയിഡ്‌സ് ബാധിതര്‍ക്ക് രക്ഷാകര്‍തൃത്വവും ബില്‍ വ്യവസ്ഥ ചെയ്യുന്നു. 18 വയസില്‍ താഴെയുള്ള സഹോദരന്റെയോ സഹോദരിയുടെയോ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രവേശനം, ബാങ്ക് അക്കൗണ്ട് ഇടപാടുകള്‍, ഭൂമി സംബന്ധമായ കാര്യങ്ങള്‍, ചികില്‍സയും പരിരക്ഷയും എന്നിവ ഉള്‍പ്പെടെ കൈകാര്യം ചെയ്യാനും എച്ച്‌ഐവി, എയിഡ്‌സ് ബാധിത കുടുംബത്തിന്റെ സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കാനും പക്വതയുള്ള 12നും 18നും ഇടയില്‍ പ്രായമുള്ള വ്യക്തിക്ക് രക്ഷകര്‍ത്താവായി പ്രവര്‍ത്തിക്കാം.

രോഗിയുടെ അനുവാദത്തോടെയോ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ അല്ലാതെ എച്ച്‌ഐവി സംബന്ധിച്ച സ്ഥിതി വെളിപ്പെടുത്തുന്നതിന് ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് ബില്ലില്‍ നിര്‍ദേശിക്കുന്നു. എച്ച്‌ഐവി ബാധിതരെക്കുറിച്ചുള്ള വിവരങ്ങളും രേഖകളും സൂക്ഷിക്കുന്ന സ്ഥാപനങ്ങള്‍ അവ സുരക്ഷിതമായിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കണം.

ബില്ലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികള്‍ ഇവയാണ്:

1. എച്ച്‌ഐവിയോ എയിഡ്‌സോ പടരുന്നത് പ്രതിരോധിക്കല്‍.

2. എച്ച്‌ഐവി, എയിഡ്‌സ് ബാധിതര്‍ക്ക് അണുബാധക്കെതിരായ ചികില്‍സ നല്‍കുകയും അണുബാധ കൈകാര്യം ചെയ്യല്‍ സംവിധാനം സജ്ജമാക്കുകയും ചെയ്യുക.

3. രോഗികള്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ക്ഷേമ പദ്ധതികള്‍ ഉറപ്പാക്കുക.

4. ഏത് പ്രായക്കാര്‍ക്കും ലിംഗവ്യത്യാസമില്ലാതെയും അപമാനത്തിന് ഇടയാക്കാതെയും മനസിലാക്കാന്‍ സാധിക്കുന്ന വിധത്തില്‍ എച്ച്‌ഐവി, എയിഡ്‌സ് വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കുക.

5. എച്ച്‌ഐവി, എയിഡ്‌സ് ബാധിതരായ കുട്ടികളുടെ പരിരക്ഷയ്ക്കും ചികില്‍സക്കും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുക. സര്‍ക്കാരിന്റെ പരിരക്ഷയിലും അധീനതയിലുമുള്ള എല്ലാ വ്യക്തികള്‍ക്കും എച്ച്‌ഐവി പ്രതിരോധം, പരിശോധന, ചികില്‍സ, കൗണ്‍സലിംഗ് എന്നിവയ്ക്ക് അവകാശമുണ്ട്. എച്ച്‌ഐവി ബാധിതരുമായി ബന്ധപ്പെട്ട കേസുകള്‍ അര്‍ഹമായ രഹസ്യ സ്വഭാവം ഉറപ്പാക്കിക്കൊണ്ട് മുന്‍ഗണന നല്‍കി തീര്‍പ്പാക്കാന്‍ കോടതികള്‍ തയ്യാറാകണമെന്നും ബില്‍ അഭിപ്രായപ്പെടുന്നു.

ഈ ബില്‍ നടപ്പാക്കുന്നതിന് അധിക സാമ്പത്തിക ബാധ്യതകളൊന്നുമില്ല. പരിശീലനം, ആശയവിനിമയം, വിവരങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവ ഉള്‍പ്പെടെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ത്തന്നെ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും വിവിധ മ്ര്രന്താലയങ്ങളുമായി സംയോജിപ്പിച്ചിട്ടുള്ളതുമാണ്. നിയമലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കുന്നതിനും ശിക്ഷാ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനോ സംസ്ഥാന സര്‍ക്കാരുകള്‍ ഓംബുഡ്‌സ്മാനെ നിയമിക്കണമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. അതൊരു പ്രത്യേക സംവിധാനമായിരിക്കണം. പക്ഷേ, സര്‍ക്കാരിന് ആര്‍ക്കെങ്കിലും അധികച്ചുമതല നല്‍കാവുന്നതുമാണ്.

ഇന്ത്യയില്‍ ഏകദേശം 21 ലക്ഷം പേര്‍ എച്ച്‌ഐവി ബാധിതരുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എച്ച്‌ഐവി വര്‍ധന പ്രതിരോധിക്കാന്‍ സാധിച്ചിട്ടുമുണ്ട്. ‘2030 ല്‍ പകര്‍ച്ചവ്യാധിയെ അവസാനിപ്പിക്കുക’ എന്ന ലക്ഷ്യം നേടുന്നതിന് ദേശീയ എയിഡ്‌സ് നിയന്ത്രണ പരിപാടികള്‍ക്ക് മതിയായ പിന്തുണ നല്‍കാനും പുതിയ അണുബാധകള്‍ തടയാനുമുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്.