Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എട്ടാമത് ബ്രിക്‌സ് ഉച്ചകോടിയെ തുടര്‍ന്നു പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമപ്രസ്താവന


വിശിഷ്ട വ്യക്തിത്വങ്ങളേ, സഹോദരീ സഹോദരന്മാരേ, മാധ്യമസുഹൃത്തുക്കളേ,
എട്ടാമത് ബ്രിക്‌സ് ഉച്ചകോടി ഇപ്പോള്‍ സമാപിച്ചിരിക്കുകയാണ്.

പ്രസിഡന്റ് സീ, പ്രസിഡന്റ് സുമ, പ്രസിഡന്റ് ടെമര്‍, പ്രസിഡന്റ് പുടിന്‍ എന്നിവരെ സുന്ദരമായ ഗോവ സംസ്ഥാനത്തേക്കു സ്വാഗതം ചെയ്യാന്‍ സാധിച്ചത് ഒരു അംഗീകാരമായാണു കരുതുന്നത്.

മൂന്നു ഖണ്ഡങ്ങളിലായി നാം നടത്തിയ ചര്‍ച്ചകള്‍ വിശദവും അസ്തിത്വമാര്‍ന്നതും സൃഷ്ടിപരവുമായിരുന്നു.
രാവിലെ തീവ്രവാദം, ആഗോള സാമ്പത്തിക രംഗം എന്നിവയെക്കുറിച്ചും ആഗോള ഭരണ സംവിധാനത്തില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ചുമുള്ള വീക്ഷണങ്ങള്‍ പങ്കുവെച്ചു.

പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബ്രിക്‌സ് സഹകരണം വിലയിരുത്താനും ഈ അവസരം നാം ഉപയോഗപ്പെടുത്തി.

പ്ലീനറി യോഗത്തില്‍ ഭാവിയില്‍ ബ്രിക്‌സ് അംഗങ്ങള്‍ തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണം എന്ന ചര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കി.

ഗുണപ്രദവും പുരോഗമനാത്മകവുമായിരുന്നു ചര്‍ച്ചകള്‍. ബ്രിക്‌സ് രൂപീകൃതമായി ഒരു ദശാബ്ദം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ഇതു പ്രാധാന്യം അര്‍ഹിക്കുന്നു. ബ്രിക്‌സ് ബിസിനസ് കൗണ്‍സിലിന്റെ യോഗം നാം ഇപ്പോള്‍ പൂര്‍ത്തിയാക്കിയതേ ഉള്ളൂ.

ആദ്യ വര്‍ഷം ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് ഏറ്റെടുത്ത അര്‍ഥവത്തായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബാങ്ക് പ്രസിഡന്റ് നമുക്കു മുന്നില്‍ വിശദീകരിച്ചു.
ബ്രിക്‌സിനകത്തും രാജ്യാന്താര പ്രശ്‌നങ്ങളിലും സഹകരിച്ചും ഏകോപിതമായും പ്രവര്‍ത്തിക്കാനുള്ള സമഗ്ര കാഴ്ചപ്പാട് പ്രദാനം ചെയ്യുന്ന ഗോവ പ്രഖ്യാപനം നാം അംഗീകരിച്ചതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്.

മഹതികളേ, മാന്യന്മാരേ,
ഇനി, ഉച്ചകോടിക്കിടെ ബ്രിക്‌സ് നേതാക്കള്‍ വളരെയധികം ശ്രദ്ധയര്‍പ്പിച്ച കാര്യങ്ങള്‍ വിശദീകരിക്കാം.

കേവലം മേഖലാതലത്തില്‍ മാത്രമല്ല, മറിച്ച് ആഗോളതലത്തില്‍ തന്നെ സമാധാനത്തിനും സുസ്ഥിരതയ്ക്കും നേരെ ഭീകരവാദവും തീവ്രവാദവും പരിഷ്‌കരണവാദവും ഉയര്‍ത്തുന്ന ഭീഷണിയെ തിരിച്ചറിയുന്നതില്‍ നാം ഒറ്റക്കെട്ടായിരുന്നു.

ഇതു നമ്മുടെ സമൂഹങ്ങള്‍ക്കും ജീവിതക്രമത്തിനും മാനവികതയ്ക്കാകെയും ഭീഷണി ഉയര്‍ത്തുന്നതായി നാം തിരിച്ചറിഞ്ഞിട്ടുണ്ട്.

ഈ ഭീഷണിയെ നേരിടാന്‍ ബ്രിക്‌സ് അംഗങ്ങള്‍ ഒരുമിച്ചുനില്‍ക്കണമെന്ന കാര്യത്തിലും നാം യോജിച്ചു.

തീവ്രവാദത്തിനു ധനസഹായം നല്‍കുന്ന സ്രോതസ്സുകളെക്കുറിച്ചും തീവ്രവാദികള്‍ക്ക് ആയുധങ്ങളും പരിശീലനവും നല്‍കുന്നതാര് എന്നതിനെക്കുറിച്ചും ഏകോപിതമായ രീതിയില്‍ അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിടുന്നതായിരുന്നു ചര്‍ച്ചകള്‍.
ഭീകരവാദത്തിനു തണലേകുകയും പിന്തുണ പകരുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നവര്‍ തീവ്രവാദികള്‍ക്കു തുല്യമായ ഭീഷണിയാണെന്ന കാഴ്ചപ്പാടിനോട് എല്ലാവരും യോജിച്ചു.

ഗുരുതരമായ ഈ ആഗോള വെല്ലുവിളിക്കെതിരെ ഏകാഭിപ്രായം ഉണ്ടായി എന്നതില്‍ ഇന്ത്യക്കു സന്തോഷമുണ്ട്.
ആഗോള സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കിയെടുക്കുക എന്നതിനെക്കുറിച്ചാണു പിന്നീട് ചര്‍ച്ച ചെയ്തത്.

2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കു ബ്രിക്‌സ് രാഷ്ട്രങ്ങള്‍ നല്‍കിയ സംഭാവന ഗണനീയമാണെന്നു വിലയിരുത്തി.

ദീര്‍ഘകാല അടിസ്ഥാനസൗകര്യ പദ്ധതികളില്‍ പൊതു നിക്ഷേപങ്ങളുണ്ടാവുക, വിശാല സാമ്പത്തിക നയം ഏകോപിപ്പിക്കുക, വളര്‍ച്ചയെ ഉത്തേജിപ്പിക്കുക, ആഗോളവാണിജ്യത്തെ പ്രോത്സാഹിപ്പിക്കുക, വര്‍ധിതവീര്യത്തോടെ ഉല്‍പാദനം മെച്ചപ്പെടുത്തുക എന്നീ കാര്യങ്ങള്‍ അനിവാര്യമാണെന്നു കണ്ടെത്തി.

രാജ്യങ്ങള്‍ക്കിടയിലുള്ള വാണിജ്യം ഫലപ്രദമാക്കുന്നതില്‍ ഡബ്ല്യു.ടി.ഒയുടെ പങ്ക് നിര്‍ണായകമാണെന്ന് ഉച്ചകോടി നിരീക്ഷിച്ചു.
പാരീസ് കാലാവസ്ഥാ ഉച്ചകോടി നേരത്തേ തന്നെ നടപ്പാക്കാന്‍ സാധിക്കുന്നതിനെ നാം സ്വാഗതം ചെയ്യുന്നു.

ചരിത്രത്തിലെ ഏറ്റവും മുന്‍പന്തിയിലുള്ള പരിസ്ഥിതിവാദിയായ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് ഈ കരാറിന് അംഗീകാരം നല്‍കാന്‍ സാധിച്ചുവെന്നതില്‍ ഇന്ത്യക്കു സന്തോഷമുണ്ട്.

ബ്രിക്‌സ് നേതാക്കളെന്ന നിലയില്‍, നമ്മുടെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ബ്രിക്‌സ് അംഗങ്ങള്‍ക്കിടയില്‍ സുസ്ഥാപിത സംവിധാനം ഒരുക്കുന്നതിനു മുന്‍ഗണന നല്‍കാനും തീരുമാനമായി.

ഒരു വര്‍ഷം പൂര്‍ത്തിയായ ന്യൂ ഡെവലപ്‌മെന്റ് ബാങ്കിനെ അഭിനന്ദിച്ചു.

അടിസ്ഥാനസൗകര്യം, സാങ്കേതികവിദ്യ, പുനരുപയോഗിക്കാവുന്ന ഊര്‍ജമേഖലകള്‍ എന്നിവയ്ക്കാണ് എന്‍.ഡി.ബി. പ്രാധാന്യം കല്‍പിക്കേണ്ടതെന്ന കാര്യത്തിലും സമവായമുണ്ടായി.

ബ്രിക്‌സ് കാര്‍ഷിക ഗവേഷണ പദ്ധതി, ബ്രിക്‌സ് റെയില്‍വേ ഗവേഷണ ശൃംഖല, ബ്രിക്‌സ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, യുവാക്കളെ ലക്ഷ്യംവെച്ചുള്ള വേദികള്‍ എന്നിവ സജ്ജമാക്കണമെന്ന് ഏകകണ്ഠമായി തീരുമാനിച്ചു.

ആഗോള ധനകാര്യ സംവിധാനം പരിഷ്‌കരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനും രാജ്യാന്തര നാണയ നിധിയില്‍ വികസ്വര സമ്പദ്‌വ്യവസ്ഥകളുടെ പങ്ക് നിര്‍ണായകമാക്കുന്നതിനും ദൃഢപ്രതിജ്ഞയെടുത്തത് ഏകസ്വരത്തിലാണ്.

ആഗോള സമ്പദ്‌വ്യവസ്ഥയിലെ വിടവുകള്‍ നികത്തുന്നതിനായി ബ്രിക്‌സ് റേറ്റിങ് ഏജന്‍സി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ജി20മായുള്ള നമ്മുടെ ഏകോപനം മെച്ചപ്പെടുത്താനുള്ള തീരുമാനമാണു പ്രധാനപ്പെട്ട മറ്റൊരെണ്ണം.
ബ്രിക്‌സ് രാഷ്ട്രങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിനും ഊന്നല്‍ നല്‍കപ്പെട്ടു.

ബ്രിക്‌സിനെക്കുറിച്ച് അറിവു പകരുന്നതിനായി ഒരു വര്‍ഷം 100 പരിപാടികള്‍ സംഘടിപ്പിക്കും.

ജനങ്ങള്‍ തമ്മിലുള്ള ബന്ധവും സഹകരണവും പ്രോത്സാഹിപ്പിക്കാന്‍ തുടര്‍പദ്ധതിയൊരുക്കാനും തീരുമാനിച്ചിട്ടുണ്ട്.

മഹതികളേ, മഹാന്‍മാരേ,

ഗോവ ഉച്ചകോടിയുടെ നേട്ടപട്ടികയില്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യം ബിംസ്റ്റെക് രാജ്യങ്ങളുമായി സഹകരിക്കാന്‍ സാധിച്ചു എന്നതാണ്.

ഇന്ത്യക്കൊപ്പം ബിംസ്റ്റെക്കില്‍ പങ്കാളികളായ ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്‌ലന്റ് എന്നീ രാജ്യങ്ങളിലെ ഭരണകൂട തലവന്‍മാരോ നേതാക്കളോ എട്ടാമത് ബ്രിക്‌സ് ഉച്ചകോടിയിലെ പ്രത്യേക അതിഥികളായി ഗോവയിലെത്തിയിട്ടുണ്ട്.

ആദ്യ ബ്രിക്‌സ്-ബിംസ്‌റ്റെക് ഉച്ചകോടി ഇന്നു നടക്കും.

അടുപ്പമേറിയ പങ്കാളിത്തത്തിനും ഏകോപനത്തിനും ആവശ്യമായ കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ബ്രിക്‌സിലെയും ബിംസ്റ്റെക്കിലെയും അംഗങ്ങള്‍ക്കുള്ള സവിശേഷമായ അവസരമായിരിക്കും ഇത്.

ആഗോള ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും ഉള്‍പ്പെടുന്ന സഖ്യങ്ങളെന്ന നിലയില്‍ ബ്രിക്‌സിനും ബിംസ്റ്റെക്കിനും ചേര്‍ന്നു നമ്മുടെയെല്ലാം സമൂഹങ്ങളുടെ വളര്‍ച്ചയ്ക്കായി ഏറെ പ്രവര്‍ത്തിക്കാന്‍ സാധിക്കും.

അവസാനമായി, എട്ടാമത് ബ്രിക്‌സ് ഉച്ചകോടി വിജയമാക്കിത്തീര്‍ക്കാന്‍ കലവറയില്ലാതെ പിന്‍തുണച്ച മറ്റു ബ്രിക്‌സ് അംഗരാഷ്ട്രങ്ങളുടെ നേതാക്കളെ ഞാന്‍ നന്ദി അറിയിക്കുകയാണ്.

നന്ദി, വളരെയധികം നന്ദി.