എന്റെ മന്ത്രിസഭയിലെ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ജി, ഇന്ത്യാ ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസർ അജയ് സൂദ് ജി, നോബൽ സമ്മാന ജേതാക്കളായ ശാസ്ത്രജ്ഞർ, മറ്റ് വിശിഷ്ടാതിഥികളേ, സഹോദരീ സഹോദരന്മാരേ,
ശാസ്ത്ര-സാങ്കേതിക ലോകത്തുനിന്നുള്ള നിരവധി പ്രതിനിധികൾ ഇന്ന് ഇവിടെ സന്നിഹിതരാണ്. നമ്മുടെ യുവ നവീനാശയക്കാർ ഇവിടെയുണ്ട്. ഇവിടേക്ക് വരുന്നതിന് മുൻപ്, ഞാൻ ചില സ്റ്റാർട്ടപ്പ് സ്ഥാപകരുമായി ആശയവിനിമയം നടത്തിയിരുന്നു. ഇന്ത്യയിലെ യുവാക്കൾ ചിന്തിക്കുന്ന വിശാലമായ കാഴ്ചപ്പാടും, അവർ മുന്നോട്ട് പോകുന്ന ആത്മവിശ്വാസവും വളരെയധികം പ്രചോദനം നൽകുന്നതാണ്.
സുഹൃത്തുക്കളേ,
കഴിഞ്ഞ തവണയും ഞാൻ ഈ കോൺക്ലേവിൽ പങ്കെടുത്തിരുന്നു. ഇത്തവണ നമ്മൾ ഉദിച്ചുവരുന്ന ശാസ്ത്ര-സാങ്കേതികവിദ്യ(Emerging Science and Technology) എന്ന വിഷയമാണ് ചർച്ച ചെയ്യുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ്, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശാസ്ത്ര-സാങ്കേതികവിദ്യ എന്നാൽ മറ്റുള്ളവരെ പിന്തുടരുക എന്നതായിരുന്നു അർത്ഥം. ലോകത്ത് എന്തെങ്കിലും പുതിയ കണ്ടുപിടുത്തം ഉണ്ടായാൽ, ആ സാങ്കേതികവിദ്യ വർഷങ്ങൾക്ക് ശേഷമേ നമ്മളിലേക്ക് എത്തുമായിരുന്നുള്ളൂ. നമ്മൾ അത് സ്വീകരിക്കുകയോ, അതിൽ ചെറിയ മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോവുകയോ ചെയ്യുമായിരുന്നു. എന്നാൽ ഇന്ന്, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ പുതിയൊരു ചിന്താഗതിയോടും പുതിയൊരു ആത്മവിശ്വാസത്തോടും കൂടിയാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യയ്ക്കും ലോകത്തിനും വേണ്ടി, വർത്തമാനകാലത്തേക്കും ഭാവിക്കുമായി പുതിയ സാങ്കേതികവിദ്യകൾ സൃഷ്ടിക്കുക, അവയുടെ ദിശ നിർണ്ണയിക്കുക, ആഗോള വെല്ലുവിളികൾക്ക് പരിഹാരം കാണാനുള്ള ശേഷി വികസിപ്പിക്കുക എന്നിവയാണ് ഇപ്പോൾ നമ്മുടെ ലക്ഷ്യം. കോവിഡ് കാലഘട്ടത്തിൽ ഇതിനൊരു ഉദാഹരണം നമ്മൾ കണ്ടതാണ്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും വാക്സിൻ ലഭ്യതയ്ക്കായി ബുദ്ധിമുട്ടിയപ്പോൾ, ഇന്ത്യ സ്വന്തമായി വാക്സിൻ വികസിപ്പിക്കുകയും, വൻതോതിൽ വാക്സിനേഷൻ നടത്തുകയും, മറ്റ് രാജ്യങ്ങൾക്ക് വാക്സിനുകൾ നൽകുകയും ചെയ്തു. ഇതാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ആത്മവിശ്വാസം. നമ്മൾ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിൽ എത്തി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ – ഇതിനുമുമ്പ് ആരും എത്തിയിട്ടില്ലാത്ത ഒരിടത്ത് – നമ്മൾ എത്തിച്ചേർന്നു. അതുകൊണ്ടാണ് ഞാൻ ഉറച്ചു വിശ്വസിക്കുന്നത്: ഇന്ത്യ ഭാവിയിലെ സാങ്കേതികവിദ്യകളെ സ്വീകരിക്കണം, ധീരമായി പുതിയ കണ്ടുപിടുത്തങ്ങൾ നടത്തണം, അവ സൃഷ്ടിക്കുന്നതിൽ ലോകത്തിന് നേതൃത്വം നൽകണം.
സുഹൃത്തുക്കളേ,
പൂജ്യത്തിന്റെ കണ്ടുപിടുത്തം മുതൽ സംഖ്യാ സമ്പ്രദായവും ജ്യോതിശാസ്ത്രവും വരെ, ഇന്ത്യയുടെ പാരമ്പര്യം എപ്പോഴും അറിവിന്റെയും കണ്ടെത്തലുകളുടെയും പാരമ്പര്യമാണ്. ഇന്ന്, ആധുനിക സാങ്കേതികവിദ്യകളും പുതുക്കിയ ആത്മവിശ്വാസവും ഉപയോഗപ്പെടുത്തി നാം ഈ ശാസ്ത്രീയ പൈതൃകത്തെ മുന്നോട്ട് കൊണ്ടുപോകുകയാണ്. കഴിഞ്ഞ വർഷത്തെ ചില ഉദാഹരണങ്ങൾ ഈ പരിവർത്തനത്തെ കൂടുതൽ നന്നായി മനസ്സിലാക്കാൻ നമ്മെ സഹായിക്കും. ഒക്ടോബർ 30-ന്, ഡോ. ഹോമി ജഹാംഗീർ ഭാഭയുടെ ജന്മവാർഷികം രാജ്യം ആഘോഷിക്കുകയാണ്. അതിനാൽ, ആണവോർജ്ജത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് തന്നെ നമുക്ക് തുടങ്ങാം.
സുഹൃത്തുക്കളേ,
വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന് നമുക്ക് വലിയ തോതിൽ ആണവോർജ്ജം ആവശ്യമാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. ആണവ ഇന്ധനത്തിനായി ഇറക്കുമതിയെ ആശ്രയിക്കുന്നത് നമ്മുടെ ഊർജ്ജ സുരക്ഷയ്ക്ക് ഒരു വെല്ലുവിളിയാണ്. അതുകൊണ്ട്, ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സാങ്കേതികവിദ്യയിൽ ഇന്ത്യ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ്, രാജ്യത്തിന്റെ 500 മെഗാവാട്ട് ശേഷിയുള്ള ‘പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ, ഫസ്റ്റ് ക്രിട്ടിക്കാലിറ്റി’ (First Criticality) കൈവരിച്ചു. ആണവോർജ്ജ മേഖലയിൽ നമ്മുടെ ദീർഘകാല ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള വളരെ നിർണായകവും പ്രധാനപ്പെട്ടതുമായ ഒരു ചുവടുവെപ്പാണിത്.
സുഹൃത്തുക്കളേ,
ഊർജ്ജ സുരക്ഷയായാലും സാങ്കേതികവിദ്യയിലെ സ്വയംപര്യാപ്തതയായാലും, ഇന്ത്യയുടെ ലക്ഷ്യം സ്വന്തം ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. നിർണായക സാങ്കേതികവിദ്യകളിൽ നമ്മുടെ കരുത്ത് വിപുലീകരിക്കുക എന്നത് കൂടിയാണ് നമ്മുടെ ലക്ഷ്യം. ഈ വർഷം ബഹിരാകാശ മേഖലയിലും ഇന്ത്യ പുതിയ നാഴികക്കല്ലുകൾ പിന്നിട്ടു. ഇന്ത്യയിൽ നിർമ്മിച്ച റോക്കറ്റ് ഉപയോഗിച്ച്, തങ്ങളുടെ ആദ്യ ശ്രമത്തിൽ തന്നെ ഒരു ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാൻ ഒരു ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പിന് സാധിച്ചു. കൂടാതെ, ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് പരസ്പരം ബന്ധിപ്പിക്കുന്ന സാറ്റലൈറ്റ് ഡോക്കിംഗ് ശേഷിയും ഇന്ത്യ കൈവരിച്ചു. ഇന്ന്, നിരവധി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ബഹിരാകാശ ശാസ്ത്രത്തിൽ പുതിയ പരിഹാരമാർഗ്ഗങ്ങൾ കൊണ്ടുവരുന്നുണ്ട്. ബഹിരാകാശ മേഖലയിൽ യുവ ശാസ്ത്രജ്ഞരുടെയും സംരംഭകരുടെയും പങ്കാളിത്തവും ഗണ്യമായി വർദ്ധിച്ചുവരികയാണ്.
സുഹൃത്തുക്കളേ,
വിവിധ മേഖലകളിൽ ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങൾ അഭൂതപൂർവമാണ്. ഈ വർഷം തന്നെ, ഇന്ത്യ ‘എഐ ഇംപാക്ട് ഉച്ചകോടി’ (AI Impact Summit)ക്ക് ആതിഥേയത്വം വഹിക്കുകയും, സ്വന്തമായി വികസിപ്പിച്ച എ ഐ മോഡൽ അവതരിപ്പിക്കുകയും ചെയ്തു. ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകളുടെ ആദ്യ ബാച്ചുകൾ ഇപ്പോൾ ആഗോള വിപണികളിൽ എത്തിത്തുടങ്ങിയിരിക്കുന്നു. ഊർജ്ജ സംഭരണ (battery storage) മേഖലയിലും, ഇന്ത്യയിൽ തന്നെ ലഭ്യമായ അസംസ്‌കൃത വസ്തുക്കൾ ഉപയോഗപ്പെടുത്തി ശേഷി വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ നടത്തിവരുന്നു.
സുഹൃത്തുക്കളേ,
ആണവോർജ്ജം മുതൽ ബഹിരാകാശ മേഖല വരെയും, എഐ (AI) മുതൽ സെമികണ്ടക്ടറുകൾ വരെയും – ഈ മേഖലകളുടെയെല്ലാം ആവശ്യങ്ങൾ വ്യത്യസ്തമാണ്. എന്നാൽ അവ നൽകുന്ന സന്ദേശം ഒന്നുതന്നെയാണ്: ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിൽ ഇന്ത്യ തന്റെ ശേഷിയും ആത്മവിശ്വാസവും ഒരുപോലെ ശക്തിപ്പെടുത്തുകയാണ്. ഇന്ത്യയ്ക്ക് മറ്റൊരു കരുത്തുകൂടിയുണ്ട്; അത് വലിയ തോതിൽ പരിഹാരങ്ങൾ സാധ്യമാക്കാനുള്ള കഴിവാണ്. ഇന്ത്യയിൽ ഒരു പരിഹാരം വിജയിക്കുമ്പോൾ, അത് ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വഴികൾ തുറക്കുന്നു. നമ്മുടെ ‘ഡിജിറ്റൽ സ്റ്റാക്ക്’ (Digital Stack) ഇതിനൊരു മികച്ച ഉദാഹരണമാണ്. നമ്മുടെ 5ജി (5G) സാങ്കേതികവിദ്യയും മറ്റൊരു ഉദാഹരണമാണ്. വലിയൊരു ജനവിഭാഗത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്ന, സുരക്ഷിതമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിലേക്കാണ് ഇന്ത്യ നീങ്ങുന്നത്.
സുഹൃത്തുക്കളേ,
ശാസ്ത്ര-സാങ്കേതിക മേഖലയിലെ ഒരു വെല്ലുവിളി, അതിനെ പലപ്പോഴും ഒരു ആയുധമായി കാണാനുള്ള പ്രവണതയാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. എന്നാൽ, ശാസ്ത്രവും സാങ്കേതികവിദ്യയും മാനവരാശിയുടെ സേവനത്തിനായുള്ള ഉപാധികളാണെന്ന് ഇന്ത്യ വിശ്വസിക്കുന്നു. ശാസ്ത്രത്തിന്റെ യഥാർത്ഥ വിജയം എന്നത്, അത് ലബോറട്ടറികളിൽ നിന്ന് സാധാരണക്കാരുടെ ജീവിതത്തിലേക്ക് ഇറങ്ങിവരികയും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമ്പോഴാണ്. ‘ലാബിൽ നിന്ന് ജനങ്ങളിലേക്ക്’ (Lab to land) എത്തുമ്പോൾ, ഒരു സാങ്കേതികവിദ്യയുടെ വിജയം അത് എത്രത്തോളം നൂതനമാണ് എന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നില്ല. മറിച്ച്, അത് എത്ര വലിയ പ്രശ്നത്തെ പരിഹരിക്കുന്നു, എത്ര ജീവിതങ്ങളെ മാറ്റിമറിക്കുന്നു എന്നതിലാണ് അതിന്റെ യഥാർത്ഥ കരുത്ത് അടങ്ങിയിരിക്കുന്നത്. അതിനാൽ, ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഉയർന്നുവരുന്ന ശാസ്ത്ര-സാങ്കേതികവിദ്യകൾ എന്നാൽ ആരോഗ്യരംഗത്തെ ശക്തിപ്പെടുത്തുന്നതും, കൃഷിരീതികളെ പരിവർത്തനം ചെയ്യുന്നതും, വിദ്യാഭ്യാസം-തൊഴിൽ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതും, ദുരന്തനിവാരണ പ്രവർത്തനങ്ങളെ സഹായിക്കുന്നതുമായ പരിഹാരങ്ങളാണ്. ഇന്ത്യയിലെ സ്റ്റാർട്ടപ്പ് വിപ്ലവം ഇത്തരം വിഷയങ്ങൾക്ക് മുൻഗണന നൽകുന്നു എന്നത് എനിക്ക് സന്തോഷം നൽകുന്നു. തലച്ചോറിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന, ധരിക്കാവുന്ന (wearable) ഇഇജി (EEG) സാങ്കേതികവിദ്യയിൽ ഒരു സ്റ്റാർട്ടപ്പ് പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ കമ്പനികൾ തദ്ദേശീയമായ വയർലെസ്, സാറ്റലൈറ്റ് ആശയവിനിമയ സംവിധാനങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. പോഷകാഹാര മേഖലയിൽ, പ്രത്യേക ഭക്ഷണ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നുണ്ട്. സെമികണ്ടക്ടർ മേഖലയിൽ പുതിയ സാങ്കേതികവിദ്യകൾക്കായി ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്നു. സ്റ്റീൽ സ്ലാഗ് (steel slag) പോലുള്ള വ്യാവസായിക മാലിന്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള പരിഹാരങ്ങളും നമ്മുടെ രാജ്യത്ത് ആരായുന്നുണ്ട്.
സുഹൃത്തുക്കളേ,
കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, എനിക്ക് ചെന്നൈ സന്ദർശിക്കാൻ അവസരം ലഭിച്ചിരുന്നു. ആ അനുഭവം നിങ്ങളുമായും പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഐഐടി മദ്രാസിൽ അത്യാധുനികമായ ഒരു ‘ബ്രെയിൻ സെന്റർ’ (Brain Centre) ഞാൻ ഉദ്ഘാടനം ചെയ്തു. ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരു ‘ബ്രെയിൻ ഇമേജിംഗ്’ സാങ്കേതിക പ്ലാറ്റ്‌ഫോം ഈ കേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. മനുഷ്യ മസ്തിഷ്കത്തിന്റെ ഉയർന്ന റെസല്യൂഷനുള്ള ഡിജിറ്റൽ 3D ചിത്രങ്ങൾ തയ്യാറാക്കുന്നതിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. ഈ ദൗത്യത്തിന്റെ വിജയം, നാഡീസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട പല സങ്കീർണ്ണ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കും. ‘സമൂഹത്തിന് വേണ്ടി ശാസ്ത്രം, പരിവർത്തനത്തിന് വേണ്ടി സാങ്കേതികവിദ്യ’ – ഇതായിരിക്കണം നമ്മുടെ ശാസ്ത്രീയ പുരോഗതിയുടെ മാനദണ്ഡം. ഈ മാനദണ്ഡം മുൻനിർത്തിയാണ് ഇന്ത്യ മുന്നോട്ട് കുതിക്കുന്നത്.
സുഹൃത്തുക്കളേ,
ഒരു രാജ്യത്തിന്റെ സാങ്കേതികവിദ്യയും, സാങ്കേതികവിദ്യകൾ സൃഷ്ടിക്കാനുള്ള അതിന്റെ ശേഷിയും ആ രാജ്യത്തെ ഗവേഷണത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. സ്വന്തം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും, നിർണ്ണായക സാങ്കേതികവിദ്യകളിൽ സ്വയം പര്യാപ്തത കൈവരിക്കാനും ഒരു രാജ്യത്തെ പ്രാപ്തമാക്കുന്ന ശക്തിയാണ് ഗവേഷണം. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്: ‘ജയ് വിജ്ഞാൻ, ജയ് അനുസന്ധാൻ’ (ശാസ്ത്രം ജയിക്കട്ടെ, ഗവേഷണം ജയിക്കട്ടെ)! വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി, ഞങ്ങൾ ഗവേഷണ മേഖലയെ നിരന്തരം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ ലക്ഷ്യത്തോടെ, ‘അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നു. കഴിഞ്ഞ വർഷം, ഇതേ വേദിയിൽ വെച്ച്, ഗവേഷണം, വികസനം, നവീകരണം എന്നിവയ്ക്കായി ഒരു ലക്ഷം കോടി രൂപ നീക്കിവെക്കുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇന്ന് അതിന്റെ ഫലങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ, ലബോറട്ടറിയിൽ നിന്ന് വിപണിയിലേക്ക് എത്താൻ തയ്യാറായ സാങ്കേതികവിദ്യകൾക്കായി ഏകദേശം 12,000 കോടി രൂപ അനുവദിച്ചുകഴിഞ്ഞു. ഈ ഉദ്യമത്തിൽ സ്വകാര്യ നിക്ഷേപകരും തുല്യ പങ്കാളിത്തം വഹിക്കുന്നുണ്ട്. ഗവൺമെന്റ് നൽകുന്ന 12,000 കോടി രൂപയ്ക്ക് പുറമെ, സ്വകാര്യ മേഖലയും 12,000 കോടി രൂപ നിക്ഷേപിക്കുന്നു. അതായത്, വെറും ഒരു വർഷത്തിനുള്ളിൽ ഗവേഷണ-വികസന മേഖലയിലേക്ക് ആകെ 24,000 കോടി രൂപയുടെ പുതിയ നിക്ഷേപം എത്തിയിരിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയിലെ ഗവേഷണ ആവാസവ്യവസ്ഥയും നിരന്തരം വിപുലമായിക്കൊണ്ടിരിക്കുകയാണ്. പേറ്റന്റ് അപേക്ഷകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുണ്ടായിരിക്കുന്നത്. പത്ത് വർഷം മുമ്പ്, ഒരു വർഷത്തിൽ സമർപ്പിക്കപ്പെട്ട പേറ്റന്റ് അപേക്ഷകൾ 50,000-ൽ താഴെയായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഈ എണ്ണം ഏകദേശം 1,50,000 ആയി ഉയർന്നു. ഈ കണക്കുകൾ വെറും സംഖ്യകളിലെ വർദ്ധനവ് മാത്രമല്ല സൂചിപ്പിക്കുന്നത്; മറിച്ച്, ഇന്ത്യയിൽ ഗവേഷണവും നവീകരണവും ഒരു ശക്തമായ സംസ്കാരമായി മാറിക്കൊണ്ടിരിക്കുന്നു എന്ന വലിയ മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്.
സുഹൃത്തുക്കളേ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ രണ്ടാം പാദത്തിൽ, മറ്റൊരു ചോദ്യം അതീവ പ്രാധാന്യമർഹിക്കുന്നു. നിർമ്മിത ബുദ്ധി അഥവാ എ ഐ യുഗത്തിൽ, ശാസ്ത്രീയമായ വിവേചനാധികാരവും വിലയിരുത്തൽ ശേഷിയും എങ്ങനെ പരിണമിക്കും? നമ്മുടെ ഗവേഷണശാലകൾക്ക് നേതൃത്വം നൽകുന്ന ശാസ്ത്രജ്ഞർ വർഷങ്ങളായുള്ള അനുഭവസമ്പത്തിലൂടെയാണ് തങ്ങളുടെ വൈദഗ്ധ്യം നേടിയെടുത്തത്. ഇവിടെ സന്നിഹിതരായ പ്രമുഖ ശാസ്ത്രജ്ഞരും നോബൽ സമ്മാന ജേതാക്കളും ഇതിന് ഉദാഹരണമാണ്. ചെറിയ പ്രശ്നങ്ങൾ പരിഹരിച്ചും, പരീക്ഷണങ്ങൾ നടത്തിയും, പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുമാണ് അവർ തങ്ങളുടെ അറിവ് വികസിപ്പിച്ചെടുത്തതെന്ന് നമുക്കെല്ലാവർക്കും അറിയാം. ഒരു ശാസ്ത്രജ്ഞൻ ലഭ്യമായ വിവരങ്ങൾ അതേപടി ആവർത്തിക്കുകയല്ല ചെയ്യുന്നത്; മറിച്ച്, നിലവിലുള്ള രീതികളെ ചോദ്യം ചെയ്യുകയും, പരിഹാരങ്ങളെ പുതിയ കാഴ്ചപ്പാടുകളിൽ നിന്ന് പരിശോധിക്കുകയും, മറ്റുള്ളവർക്ക് ശ്രദ്ധിക്കാതെ പോയ കാര്യങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. ഈ പ്രക്രിയയിലൂടെയാണ് ശാസ്ത്രീയമായ വിവേചനാധികാരം രൂപപ്പെടുന്നത്. എന്നാൽ ഇന്ന്, എഐ യുഗത്തിൽ, നമുക്ക് മുന്നിൽ ഒരു പുതിയ വെല്ലുവിളി ഉയർന്നു വരുന്നുണ്ട്. പല പതിവ് ജോലികളും വളരെ വേഗത്തിൽ പൂർത്തിയാക്കാൻ എഐക്ക് കഴിയും. ഇത് ഗവേഷണ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കും. എന്നാൽ, എ ഐ ശാസ്ത്രീയ ചിന്തയെയും സ്വതന്ത്രമായ വിലയിരുത്തൽ ശേഷിയെയും പരിമിതപ്പെടുത്തുന്നില്ലെന്നും, മറിച്ച് അവയെ കൂടുതൽ സമ്പന്നമാക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ട്. എ ഐ ഉപയോഗിച്ച് ലാഭിക്കുന്ന സമയം, കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും, പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിനും, നൂതന ആശയങ്ങൾ പരീക്ഷിക്കുന്നതിനും വിനിയോഗിക്കണം. എ ഐക്ക് വേഗത്തിൽ ഉത്തരങ്ങൾ നൽകാൻ സാധിക്കും; എന്നാൽ ആ ഉത്തരങ്ങളുടെ സത്യസന്ധത പരിശോധിക്കാനുള്ള ഉത്തരവാദിത്തം ശാസ്ത്രജ്ഞനിൽ തന്നെയായിരിക്കണം.
സുഹൃത്തുക്കളേ,
ഇന്നത്തെ ആവശ്യങ്ങൾക്കായി മാത്രമല്ല, ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ കൂടി നമ്മുടെ ശാസ്ത്രജ്ഞരെയും സ്ഥാപനങ്ങളെയും നാം സജ്ജരാക്കണം. സെമികണ്ടക്ടറുകൾ, ക്വാണ്ടം സാങ്കേതികവിദ്യകൾ, ബയോടെക്നോളജി, നൂതന വസ്തുക്കൾ, റോബോട്ടിക്സ്, ബഹിരാകാശ മേഖല, സംശുദ്ധ ഊർജ്ജം, അടുത്ത തലമുറ ആശയവിനിമയ സംവിധാനങ്ങൾ എന്നിവ ഭാവി രൂപപ്പെടുത്തുന്ന മേഖലകളാണ്. ഈ മേഖലകളിലെല്ലാം ഇന്ത്യ ശക്തമായ ശാസ്ത്രീയ അടിത്തറ കെട്ടിപ്പടുക്കുകയാണ്. ഇതിനായി നിരവധി ദേശീയ ദൗത്യങ്ങളും ആരംഭിച്ചിട്ടുണ്ട്. ഈ മേഖലകളിൽ പുതിയ കണ്ടുപിടുത്തങ്ങളും മുന്നേറ്റങ്ങളും ഇന്ത്യയിൽ നിന്നും ഉണ്ടാകണം എന്നതാണ് നമ്മുടെ ലക്ഷ്യം. എന്നാൽ നമ്മുടെ ഉത്തരവാദിത്തം നവീകരണത്തിൽ മാത്രം ഒതുങ്ങുന്നില്ല. നിർമ്മിത ബുദ്ധി ആകട്ടെ, സിന്തറ്റിക് ബയോളജി ആകട്ടെ, അല്ലെങ്കിൽ സ്വയം പ്രവർത്തിക്കുന്ന സംവിധാനങ്ങൾ (autonomous systems) ആകട്ടെ – സുരക്ഷയ്ക്കും ഭദ്രതയ്ക്കും മുൻഗണന നൽകേണ്ടതുണ്ട്. എ ഐ യുഗത്തിൽ, സൈബർ സുരക്ഷാ രംഗത്ത് പുതിയ വെല്ലുവിളികളും ഭീഷണികളും ഉയർന്നുവരുന്നുണ്ട്. നമ്മുടെ സാമ്പത്തിക ശൃംഖലകൾ മുതൽ ദേശീയ സുരക്ഷാ സംവിധാനങ്ങൾ വരെ എല്ലാ മേഖലയും ഈ വെല്ലുവിളി നേരിടുന്നു. അതിനാൽ, എ ഐ അധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും, ഇത്തരം ഭീഷണികളിൽ നിന്ന് രാജ്യത്തിന്റെ സംവിധാനങ്ങളെ സംരക്ഷിക്കാൻ കഴിയുന്ന ക്വാണ്ടം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനും നാം പ്രവർത്തിക്കേണ്ടതുണ്ട്. ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനൊപ്പം, മാനവരാശി നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാനും സഹായിക്കുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.
സുഹൃത്തുക്കളേ,
ഈ സമ്മേളനത്തിൽ പങ്കെടുക്കുന്ന ഓരോ ഗവേഷകനോടും, വ്യവസായ പ്രമുഖനോടും, സ്റ്റാർട്ടപ്പ് സ്ഥാപകനോടും, യുവ വിദ്യാർത്ഥിയോടും, തങ്ങൾക്കായി വ്യക്തമായ ഒരു ലക്ഷ്യം നിശ്ചയിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. വരും മൂന്ന് വർഷത്തിനുള്ളിൽ, ഏത് സാങ്കേതികവിദ്യ, പ്രോട്ടോടൈപ്പ്, പൈലറ്റ് പ്രോജക്റ്റ് അല്ലെങ്കിൽ ഉൽപ്പന്നം വികസിപ്പിക്കുന്നതിൽ അവർ സംഭാവന നൽകും? ‘വികസിത ഭാരതം’ കെട്ടിപ്പടുക്കുന്നതിന് സഹായകമാകുന്ന നൂതന ആശയങ്ങൾ നമുക്ക് സൃഷ്ടിക്കാം. ആഗോളതലത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ഒരു കേന്ദ്രബിന്ദുവായി ഇന്ത്യയെ മാറ്റാൻ ഉതകുന്ന കണ്ടുപിടുത്തങ്ങൾ നമുക്ക് കൊണ്ടുവരാം. അതിനാൽ, ഈ സമ്മേളനം വെറും ആശയവിനിമയങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കില്ലെന്ന് ഞാൻ പ്രത്യാശിക്കുന്നു. ഇതൊരു വ്യക്തമായ ഫലങ്ങളിലേക്ക് നയിക്കുന്ന വേദിയായി മാറണം.
സുഹൃത്തുക്കളേ,
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. നമുക്ക് കഴിവുകളുണ്ട്; പുതിയ എന്തെങ്കിലും സൃഷ്ടിക്കാനുള്ള ദൃഢനിശ്ചയവുമുണ്ട്. വളർന്നുവരുന്ന ശാസ്ത്ര-സാങ്കേതിക മേഖലകളിൽ വെറും പങ്കാളികളാകുക മാത്രമല്ല, അവയ്ക്ക് നേതൃത്വം നൽകാൻ കഴിയുന്ന ഒരു തലമുറയെ നാം വാർത്തെടുക്കണം. നമ്മൾ ഇത് ചെയ്യും, നമ്മൾ ഇത് ചെയ്യും എന്നതായിരിക്കണം നമ്മുടെ മനോഭാവം. നമ്മുടെ ആത്മവിശ്വാസം, നമ്മൾ ഇത് ചെയ്യും എന്നതായിരിക്കണം. ഈ സമ്മേളനം വൻ വിജയമായിത്തീരട്ടെ എന്ന് ഒരിക്കൽ കൂടി ആശംസിക്കുന്നു.
നന്ദി!
***
SK
A Viksit Bharat will be built on strong foundations of scientific research, discoveries and the spirit of innovation. Speaking at the Emerging Science, Technology and Innovation Conclave in New Delhi. https://t.co/7VshP2K7GU
— Narendra Modi (@narendramodi) October 27, 2026
India must innovate and lead the world in shaping the technologies of tomorrow. https://t.co/jCI8XwQxsJ
— PMO India (@PMOIndia) October 27, 2026
India aims to achieve self-reliance and build strength in critical technologies. https://t.co/H8YNQbRf3G
— PMO India (@PMOIndia) October 27, 2026
AI can give quick answers, but it is essential to verify them. https://t.co/6lIKdPC7i2
— PMO India (@PMOIndia) October 27, 2026