സജീവ ഭരണനിർവഹണവും സമയബന്ധിതമായ നടത്തിപ്പും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഐ.സി.ടി അധിഷ്ഠിത മൾട്ടിമോഡൽ പ്ലാറ്റ്ഫോമായ പ്രഗതിയുടെ (PRAGATI) 54-ാമത് യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സേവാ തീർത്തിൽ അധ്യക്ഷത വഹിച്ചു. പദ്ധതികളുടെ നടത്തിപ്പിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിനും പദ്ധതികളുടെയും ക്ഷേമപദ്ധതികളുടെയും നിർവഹണം മെച്ചപ്പെടുത്തുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളെ സമന്വയിപ്പിക്കുന്ന പ്ലാറ്റ്ഫോമാണിത്.
യോഗത്തിൽ, റെയിൽവേ, ഏകതാ മാളുകൾ, ഡ്രഗ് പാർക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട് 31 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 16,000 കോടി രൂപയിലധികം ചെലവുവരുന്ന അടിസ്ഥാനസൗകര്യ പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു. സാമ്പത്തിക വളർച്ചയ്ക്കും പൊതുക്ഷേമത്തിനും നിർണായകമായ ഈ പദ്ധതികൾ സമയക്രമം, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം, പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അവലോകനം ചെയ്തത്.
പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വിപണി ലഭ്യമാക്കുകയും കരകൗശല തൊഴിലാളികളുടെ ഉപജീവനമാർഗങ്ങൾ ശക്തിപ്പെടുത്തുകയും അവരുടെ സംരംഭങ്ങൾ വിപുലീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നതായിരിക്കണം പി.എം. ഏകതാ മാളുകളെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. വിനോദസഞ്ചാരവുമായും പ്രാദേശിക വ്യാപാരവുമായും മാളുകളെ ബന്ധിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആവശ്യകത വർധിക്കുന്നത് ഗ്രാമീണ ഉൽപ്പാദനം, പാക്കേജിങ്, സംഭരണം, ഗതാഗതം തുടങ്ങിയ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാളുകളുടെ പുരോഗതി ചീഫ് സെക്രട്ടറിമാർ പതിവായി അവലോകനം ചെയ്യണമെന്നും അവ സമയബന്ധിതമായി പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ബൾക്ക് ഡ്രഗ് പാർക്കുകൾ അവലോകനം ചെയ്യവേ, സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതിനായി സജീവ ഔഷധ ഘടകങ്ങളുടെയും (Active Pharmaceutical Ingredients – APIs) അവശ്യ അസംസ്കൃത വസ്തുക്കളുടെയും ആഭ്യന്തര ഉൽപ്പാദനത്തിന് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതി നടപ്പിലാക്കുന്നതിലെ പോരായ്മകൾ പരിഹരിക്കാനും അർഹരായ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ചീഫ് സെക്രട്ടറിമാർ പ്രതിമാസം ജില്ലാ കളക്ടർമാരുമായി പദ്ധതികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളും പദ്ധതികളും ജനങ്ങളുടെ ജീവിതത്തിൽ പ്രകടമായ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട്, ഭരണനിർവ്വഹണം സാമ്പത്തിക വകയിരുത്തലുകൾക്കപ്പുറം ഫലപ്രാപ്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആസ്പിരേഷണൽ ഡിസ്ട്രിക്ട്സ്, ആസ്പിരേഷണൽ ബ്ലോക്ക്സ് പദ്ധതികളെ പരാമർശിച്ചുകൊണ്ട്, പിന്നാക്ക മേഖലകളിൽ വികസനം വേഗത്തിലാക്കുന്നതിൽ വകുപ്പുകളുടെ സമന്വയം, പതിവ് നിരീക്ഷണങ്ങൾ, പ്രാദേശിക ഉത്തരവാദിത്തം എന്നിവയുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. ഭരണനിർവഹണം ശക്തിപ്പെടുത്തുന്നതിനും ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ജനങ്ങളിലെത്തിക്കുന്നത് മെച്ചപ്പെടുത്തുന്നതിനുമായി നടത്തിയ തുടർച്ചയായ ശ്രമങ്ങൾ ഏകദേശം 25 കോടി ആളുകളെ ബഹുമുഖ ദാരിദ്ര്യത്തിൽനിന്ന് പുറത്തുകടക്കാൻ സഹായിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഹമ്മദാബാദ് റെയിൽവേ സ്റ്റേഷന്റെ പുനർവികസനം അവലോകനം ചെയ്യവേ, യാത്രക്കാരുടെ സൗകര്യവും യാത്രയുടെ എളുപ്പവും മെച്ചപ്പെടുത്തുന്നതിനായി രാജ്യത്തുടനീളമുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനം വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പുനർവികസിപ്പിച്ച സ്റ്റേഷനുകൾ മെട്രോ ഉൾപ്പെടെയുള്ള മറ്റ് ഗതാഗത ശൃംഖലകളുമായി തടസ്സമില്ലാത്ത ബന്ധം ഉറപ്പാക്കുന്ന ബഹുതല ഗതാഗത ഹബ്ബുകളായി പ്രവർത്തിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
മിഷൻ മോഡിൽ തടസ്സങ്ങൾ പരിഹരിക്കാനും കേന്ദ്ര-സംസ്ഥാന, വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താനും ഉന്നതതലത്തിൽ സൂക്ഷ്മമായ നിരീക്ഷണം ഉറപ്പാക്കാനും ബന്ധപ്പെട്ട മന്ത്രാലയങ്ങളോടും സംസ്ഥാന ഗവൺമെന്റുകളോടും പ്രധാനമന്ത്രി നിർദ്ദേശിച്ചു. എല്ലാ തലങ്ങളിലും കൂടുതൽ ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കുന്ന സജീവമായ തൊഴിൽ സംസ്കാരം വളർത്തിയെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നടപ്പിലാക്കുന്നതിലെ വെല്ലുവിളികൾ മുൻകൂട്ടി കാണാനും സമയബന്ധിതമായ തീരുമാനങ്ങൾ എടുക്കാനും പദ്ധതികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ വ്യക്തമായ ഉത്തരവാദിത്തം നിശ്ചയിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
***
SK
Chaired the 54th PRAGATI meeting yesterday. The focus areas: Reviewed projects worth over Rs. 16,000 crore across 31 States and UTs. Faster redevelopment of railway stations as multimodal hubs. Boosting self-reliance in pharma manufacturing. Ekta Malls to empower artisans and local businesses. The focus is clear…substantive outcomes, timely execution and long lasting benefits for people. https://t.co/EbUfWNEl7U
— Narendra Modi (@narendramodi) October 29, 2026