Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2026-27 മുതൽ 2030-31 വരെയുള്ള കാലയളവിലേക്ക് കേന്ദ്രാവിഷ്കൃത പദ്ധതിയായി പ്രധാൻ മന്ത്രി വികസിത് ഗ്രാം സ്വരാജ് യോജനയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം, ‘വികസിത് ഭാരത്’ എന്ന ദേശീയ കാഴ്ചപ്പാടിന് അനുസൃതമായി അടുത്ത തലമുറ ഭരണ പരിഷ്കാര സംരംഭമായ ‘പ്രധാൻ മന്ത്രി വികസിത് ഗ്രാം സ്വരാജ് യോജന’ (PM VGSY) എന്ന കേന്ദ്രാവിഷ്കൃത പദ്ധതിക്ക് (CSS) അംഗീകാരം നൽകി. പതിനാറാം ധനകാര്യ കമ്മീഷന്റെ കാലാവധിക്ക് ഒപ്പമായി 2026-27 മുതൽ 2030-31 വരെയുള്ള കാലയളവിലേക്കാണ് ഈ പദ്ധതി നടപ്പിലാക്കാൻ അംഗീകാരം നൽകിയിരിക്കുന്നത്.

സാമ്പത്തിക ബാധ്യത :

പദ്ധതിയുടെ ആകെ അടങ്കൽ തുക 7,395.55 കോടി രൂപയാണ്. ഇതിൽ കേന്ദ്ര വിഹിതമായ 4,869.48 കോടി രൂപയും സംസ്ഥാന വിഹിതമായ 2,526.07 കോടി രൂപയും ഉൾപ്പെടുന്നു.

ഗുണഭോക്താക്കളുടെ എണ്ണം :

2.55 ലക്ഷത്തിലധികം വരുന്ന പഞ്ചായത്തുകളിലും പരമ്പരാഗത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമുള്ള തിരഞ്ഞെടുക്കപ്പെട്ട ഏകദേശം 32 ലക്ഷത്തോളം ജനപ്രതിനിധികളും പഞ്ചായത്ത് ഉദ്യോഗസ്ഥരും മറ്റ് പങ്കാളികളും ഈ പദ്ധതിയുടെ നേരിട്ടുള്ള ഗുണഭോക്താക്കളാകും. അവബോധം വളർത്തുന്നതിനായി നടത്തുന്ന ഓരോ പരിപാടിയും കുറഞ്ഞത് 1 കോടി പൗരന്മാരിലേക്ക് എത്തും.

തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ശേഷി ഉൾപ്പെടെയുള്ള പ്രധാന സ്വാധീനം:

1.ജനപങ്കാളിത്തത്തോടെയുള്ളതും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ ആസൂത്രണത്തിലൂടെ ഗ്രാമീണ മുൻഗണനകൾ, ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന വകുപ്പുകളുടെ ഇടപെടലുകൾ, ലഭ്യമായ വിഭവങ്ങൾ എന്നിവ സംയോജിപ്പിച്ച്, ഇ-ഗ്രാം സ്വരാജ് (eGramSwaraj) പോർട്ടലിലൂടെ പ്രതിവർഷം 2.55 ലക്ഷം സമഗ്ര ഗ്രാമപഞ്ചായത്ത് വികസന പദ്ധതികളുടെ  തയ്യാറെടുപ്പിന് പിന്തുണ നൽകുക.

2.നിലവിലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ, പ്രചാരണ മാർഗ്ഗങ്ങൾ, ഗ്രാമസഭകൾ, മറ്റ് പഞ്ചായത്ത് വേദികൾ എന്നിവ ഉപയോഗിച്ച് സംയോജിതമായി നടത്തുന്ന ഓരോ ബോധവൽക്കരണ പരിപാടിയിലൂടെയും കുറഞ്ഞത് 1 കോടി പൗരന്മാരിലേക്ക് എത്തിച്ചേരുക; ഇതുവഴി പ്രസക്തമായ ഗവൺമെൻറ്  പദ്ധതികളെയും ദേശീയ സംരംഭങ്ങളെയും കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയും അവയുടെ പ്രാദേശിക തലത്തിലുള്ള സ്വാധീനത്തെക്കുറിച്ച് അറിവുള്ള  ചർച്ചകൾ  പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

3. ശേഷി വർദ്ധിപ്പിക്കൽ , ഡിജിറ്റൽ സഹായങ്ങൾ എന്നിവയിലൂടെ പ്രതിവർഷം തിരഞ്ഞെടുക്കപ്പെട്ട 32 ലക്ഷത്തോളം ജനപ്രതിനിധികളുടെയും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും മറ്റ് പങ്കാളികളുടെയും ഭരണനിർവഹണ ശേഷി ശക്തിപ്പെടുത്തുക; ഇതുവഴി സമഗ്രമായ ആസൂത്രണം, പൗരന്മാരുമായുള്ള ആശയവിനിമയം, വിഭവ പരിപാലനം, പ്രാദേശികമായി പ്രസക്തമായ സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള (SDGs) പുരോഗതി എന്നിവ മെച്ചപ്പെടുത്തുക.

4.’ഓഡിറ്റ് ഓൺലൈൻ’ (AuditOnline) വഴി പ്രതിവർഷം കുറഞ്ഞത് 2.55 ലക്ഷം ഓൺലൈൻ ഓഡിറ്റ് പ്ലാനുകൾ തയ്യാറാക്കുന്നതിന് പിന്തുണ നൽകുകയും നിശ്ചിത സമയത്തിനുള്ളിൽ ഓഡിറ്റുകൾ പൂർത്തിയാക്കുകയും ചെയ്യുക. മെച്ചപ്പെടുത്തിയ അക്കൗണ്ടിംഗ്, വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കൽ, തനത് വരുമാനം (Own Source Revenue) സമാഹരിക്കൽ എന്നിവയ്‌ക്കൊപ്പം, ഇത് ലഭ്യമായ ഫണ്ടുകളുടെ ഉത്തരവാദിത്തം ശക്തിപ്പെടുത്തുകയും സാമ്പത്തികമായി കൂടുതൽ സ്വാശ്രയത്വമുള്ള പഞ്ചായത്തുകളെ വാർത്തെടുക്കാൻ സഹായിക്കുകയും ചെയ്യും.

പദ്ധതിക്ക് കീഴിൽ സ്ഥിരം തസ്തികകൾ സൃഷ്ടിക്കപ്പെടില്ല. എന്നിരുന്നാലും, സാങ്കേതിക പിന്തുണ നൽകുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള സ്ഥാപനപരമായ സംവിധാനത്തിന്റെ  ഭാഗമായി സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളിൽ ആവശ്യാനുസരണം കരാർ അടിസ്ഥാനത്തിൽ  ജീവനക്കാരെ നിയമിക്കാവുന്നതാണ്.

ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ/ജില്ലകൾ :

പഞ്ചായത്തുകൾ നിലവിലില്ലാത്ത പാർട്ട് IX-ൽ ഉൾപ്പെടാത്ത മേഖലകളിലെ ഗ്രാമീണ തദ്ദേശ ഭരണ സ്ഥാപനങ്ങൾ (പരമ്പരാഗത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ) ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും (UTs) ഈ പദ്ധതി വ്യാപിപ്പിക്കുന്നതായിരിക്കും.

വിശദാംശങ്ങൾ:

* അടിസ്ഥാന തലത്തിൽ  ദേശീയ പരിവർത്തന പരിഷ്കാരങ്ങൾ പ്രയോജനപ്പെടുത്താനുള്ള
  അവസരം: 

കഴിഞ്ഞ പന്ത്രണ്ട് വർഷമായി നടപ്പിലാക്കിയ ദേശീയ പരിഷ്കാരങ്ങളും സർക്കാർ സംരംഭങ്ങളും ഗ്രാമീണ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിനും പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗ്രാമവികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള വലിയ അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്, താഴെത്തട്ടിൽ കൃത്യമായ അറിവോടെയുള്ള ഇടപെടലുകളും അവയുടെ പ്രത്യാഘാതങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള പ്രാദേശിക ആസൂത്രണവും ആവശ്യമാണ്. 2026-27 മുതൽ 2030-31 വരെയുള്ള കാലയളവിൽ ഗ്രാമീണ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി പതിനാറാം ധനകാര്യ കമ്മീഷൻ ഏകദേശം 4.35 ലക്ഷം കോടി രൂപ സഹായധനമായി  ശുപാർശ ചെയ്തിരിക്കുന്ന സാഹചര്യത്തിൽ, ദേശീയ മുൻഗണനകൾ, ഗവൺമെൻറ്  പദ്ധതികൾ, ലഭ്യമായ വിഭവങ്ങൾ, പ്രാദേശിക പ്രതീക്ഷകൾ എന്നിവ സംയോജിപ്പിക്കാനുള്ള ശേഷി പഞ്ചായത്തുകൾക്ക് ആവശ്യമാണ്. സമഗ്രമായ ആസൂത്രണം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ശേഷി വർദ്ധിപ്പിക്കൽ , ഗ്രാമസഭകൾ വഴിയുള്ള അറിവോടെയുള്ള ചർച്ചകൾ എന്നിവയിലൂടെ PM VGSY ഈ സമീപനത്തിന് പിന്തുണ നൽകും. ഇത് ദേശീയ തലത്തിലുള്ള സംരംഭങ്ങളെയും വർദ്ധിച്ച സാമ്പത്തിക വിഭവങ്ങളെയും പ്രാദേശികമായി പ്രസക്തമായ വികസന ഫലങ്ങളാക്കി മാറ്റാനും,’വികസിത  ഭാരതം’ എന്ന ലക്ഷ്യത്തെ കൂടുതൽ മുന്നോട്ട് നയിക്കാനും സഹായിക്കും.

* പ്രാദേശിക ഭരണനിർവ്വഹണത്തിന്റെ കേന്ദ്രങ്ങളായി ഗ്രാമപഞ്ചായത്തുകൾ: 

പ്രധാൻ മന്ത്രി വികസിത് ഗ്രാം സ്വരാജ് യോജന (PM VGSY) ഗ്രാമപഞ്ചായത്തുകളെ സമഗ്രമായ പ്രാദേശിക ആസൂത്രണത്തിന്റെയും വികസന സംരംഭങ്ങളുടെ ഏകോപനത്തിന്റെയും കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കും. ഗ്രാമീണ മുൻഗണനകൾ, ബന്ധപ്പെട്ട ഗവൺമെൻറ്  ഇടപെടലുകൾ, ലഭ്യമായ വിഭവങ്ങൾ എന്നിവ സംയോജിപ്പിക്കുന്നതിന് പഞ്ചായത്തുകൾക്ക് പിന്തുണ നൽകും; ഇതുവഴി താഴെത്തട്ടിലുള്ള  വികസനത്തിന്റെ പ്രധാന അച്ചുതണ്ടായി  പ്രവർത്തിക്കാൻ അവയെ പ്രാപ്തമാക്കും. ഈ പദ്ധതി ‘വികസിത  ഭാരതം ‘ എന്ന കാഴ്ചപ്പാടിനെ ഗ്രാമീണ സമൂഹങ്ങളുടെ ആവശ്യങ്ങളുമായും പ്രതീക്ഷകളുമായും ബന്ധിപ്പിക്കും.

* ഗ്രാമപഞ്ചായത്ത് തലത്തിലുള്ള സമഗ്രമായ ആസൂത്രണം: 

ഒരു സമഗ്ര ഗ്രാമപഞ്ചായത്ത് വികസന പദ്ധതി (GPDP) തയ്യാറാക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ കേന്ദ്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സംസ്ഥാന സർക്കാരുകളുടെയും ആസൂത്രണ പ്രക്രിയകളെ പദ്ധതി ഒരു പൊതു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഏകോപിപ്പിക്കും. ഇത് കുറവുകൾ തിരിച്ചറിയാനും തടസ്സങ്ങൾ പരിഹരിക്കാനും കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റുകൾ ഉൾപ്പെടെ ലഭ്യമായ വിഭവങ്ങൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനും പഞ്ചായത്തുകളെയും വിവിധ വകുപ്പുകളെയും സഹായിക്കും. വ്യക്തിഗത പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള നിലവിലുള്ള വകുപ്പുതല സംവിധാനങ്ങൾ തുടർന്നും പ്രവർത്തിക്കും.

* ഓരോ ഗ്രാമപഞ്ചായത്തിലെയും വികസനത്തിന്റെ ഉപയോക്തൃ-സൗഹൃദ കാഴ്ചപ്പാട് : 

ഇ-ഗ്രാം സ്വരാജ് (eGramSwaraj), നിലവിലുള്ള ഇ-പഞ്ചായത്ത് സംവിധാനങ്ങൾ എന്നിവയുടെ തുടർച്ചയായി, വിവിധ ഗവൺമെൻറ് പദ്ധതികൾ, ഗുണഭോക്താക്കൾ, ആനുകൂല്യങ്ങൾ, സാമൂഹിക ആസ്തികൾ, ലഭ്യമായ വിഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ, പദ്ധതി ഒരു പൊതു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരും. ഇത് വികസനത്തിലെ കുറവുകൾ തിരിച്ചറിയാനും പ്രാദേശിക ആവശ്യങ്ങൾ പരിഹരിക്കാനും ആസൂത്രണം, ഏകോപനം, നിരീക്ഷണം എന്നിവ മെച്ചപ്പെടുത്താനും പഞ്ചായത്തുകളെ സഹായിക്കും.

* ദേശീയ മുൻഗണനകളെ പ്രാദേശിക ആവശ്യങ്ങളുമായി ബന്ധിപ്പിക്കൽ: 

സർക്കാർ പദ്ധതികളെയും ദേശീയ സംരംഭങ്ങളെയും കുറിച്ച് ലളിതവും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമായ ഭാഷയിൽ വിശദീകരിക്കുന്നതിന്, PANCHAM (17 ഇന്ത്യൻ ഭാഷകളിൽ ലഭ്യമായ എഐ അധിഷ്ഠിത, ഇരുവശത്തേക്കും ആശയവിനിമയം സാധ്യമാക്കുന്ന പ്ലാറ്റ്‌ഫോം) ഉൾപ്പെടെ നിലവിലുള്ള പരിശീലന, ഡിജിറ്റൽ, പ്രചാരണ മാർഗ്ഗങ്ങൾ PM VGSY പ്രയോജനപ്പെടുത്തും. ഗ്രാമസഭകളും പഞ്ചായത്ത് തലത്തിലുള്ള മറ്റ് സംവിധാനങ്ങളും സാമൂഹിക ചർച്ചകളെ പ്രോത്സാഹിപ്പിക്കുകയും ദേശീയ മുൻഗണനകളെ പ്രാദേശിക ആവശ്യങ്ങളുമായും ഗ്രാമീണ വികസന ലക്ഷ്യങ്ങളുമായും ബന്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.

* സമീപനം പ്രായോഗികമാക്കുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കൽ: 

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഫലപ്രദമായ ഉപയോഗം, പദ്ധതികളെയും വിഭവങ്ങളെയും കുറിച്ചുള്ള വിവരങ്ങളുടെ അപഗ്രഥനം, സമഗ്രമായ ആസൂത്രണം, പൗരന്മാരുമായുള്ള ആശയവിനിമയം എന്നിവയെ ശേഷി വർദ്ധിപ്പിക്കൽ പ്രോഗ്രാമുകൾ പിന്തുണയ്ക്കും. ലഭ്യമായ വിവരങ്ങളും ചർച്ചകളും പ്രാദേശികമായി പ്രസക്തമായ വികസന പദ്ധതികളായും തുടർനടപടികളായും മാറ്റാൻ ഇത് പഞ്ചായത്തുകളെ സഹായിക്കും.

* ലഭ്യമായ വിഭവങ്ങളുടെ സുതാര്യവും കാര്യക്ഷമവുമായ ഉപയോഗം: 

ധനകാര്യ കമ്മീഷൻ ഗ്രാന്റുകളും മറ്റ് ഫണ്ടുകളും ഫലപ്രദമായി വിനിയോഗിക്കാനും, തനത് വരുമാനം (OSR) സമാഹരിക്കാനും, ഓൺലൈൻ അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കൽ  എന്നിവ ഉറപ്പാക്കാനുമുള്ള പഞ്ചായത്തുകളുടെ ശേഷി ഈ പദ്ധതി ശക്തിപ്പെടുത്തും. ഇത് വിഭവങ്ങളുടെ സുതാര്യമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക വികസനത്തിലെ കുറവുകൾ പരിഹരിക്കുകയും ഉത്തരവാദിത്തമുള്ളതും സ്വാശ്രയത്വമുള്ളതുമായ പഞ്ചായത്തുകളെ വളർത്തിയെടുക്കുകയും ചെയ്യും.

നടപ്പിലാക്കൽ:

ബന്ധപ്പെട്ട സംസ്ഥാന ഗവൺമെന്റുകൾ , കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങൾ എന്നിവ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ലക്ഷ്യങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി, ആവശ്യമായ പ്രവർത്തനങ്ങളും മുൻഗണനകളും ആവശ്യകതകളും വ്യക്തമാക്കുന്ന വാർഷിക കർമ്മപദ്ധതികൾ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമർപ്പിക്കേണ്ടതാണ്. നിശ്ചിത കേന്ദ്ര സാമ്പത്തിക/അധികാര സമിതി (Central Empowered Committee) നിലവിലുള്ള നടപടിക്രമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായി ഈ പദ്ധതികൾ പരിശോധിച്ച് അംഗീകാരം നൽകും. കേന്ദ്ര ഗവൺമെന്റും  സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും അതത് ഉത്തരവാദിത്ത മേഖലകൾക്കുള്ളിലെ പ്രവർത്തനങ്ങൾ ഏകോപനം, സാങ്കേതിക സഹായം, നിരീക്ഷണം, അവലോകനം എന്നിവയുടെ പിൻബലത്തോടെ ഏറ്റെടുത്ത് നടപ്പിലാക്കും. അടിസ്ഥാന തലത്തിലുള്ള പദ്ധതി നിർവ്വഹണത്തിന് നിലവിലുള്ള സ്ഥാപനപരവും ഡിജിറ്റൽ പരവും ആശയവിനിമയപരവുമായ സംവിധാനങ്ങളും ശേഷി വർദ്ധിപ്പിക്കൽ രീതികളും പിന്തുണ നൽകും.

****

SK