പിഎം ഇന്ത്യ
ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) വെസ്റ്റ് അന്‍സാരി നഗര്‍, ആയുര്‍ വിജ്ഞാന്‍ നഗര്‍ എന്നിവിടങ്ങളിലെ കാമ്പസുകളിലെ റസിഡന്‍ഷ്യല്‍ കോളനികള്‍ പുനര്‍വികസിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നിലവിലുള്ള ടൈപ്പ് 1 മുതല്‍ നാലുവരെ വിഭാഗത്തില്‍പ്പെട്ട 1,444 പാര്‍പ്പിടങ്ങള്‍ മാറ്റി ടൈപ്പ് രണ്ടു മുതല്‍ 6 വരെയുള്ള വിഭാഗങ്ങളില്‍പ്പെടുന്ന 3928 പാര്‍പ്പിടങ്ങളാണ് നിര്‍മ്മിക്കുക. നാഷണല്‍ ബില്‍ഡിംഗ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണ ചുമതല. ഇപ്പോഴുള്ള പാര്‍പ്പിടങ്ങളുടെ മൊത്തം വിസ്തൃതി 0.87 ലക്ഷം ചതുരശ്ര മീറ്ററില്‍നിന്ന് ഏകദേശം 4.02 ലക്ഷം ചതുരശ്ര മീറ്ററായി വര്‍ദ്ധിക്കും. കൂടാതെ ധര്‍മ്മശാല ഉള്‍പ്പെടെ 0.65 ലക്ഷം ചതുരശ്ര മീറ്ററില്‍ സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങളും 0.94 ചതുരശ്ര മീറ്ററില്‍ വാണിജ്യ സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
30 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന, പരിപാലന, അറ്റകുറ്റ പണികള്‍കള്‍ക്കുള്ള ചെലവടക്കം 4441 കോടിരൂപയാണ് പദ്ധതിയുടെ മതിപ്പ് ചെലവായി കണക്കാക്കിയിരിക്കുന്നത്. വാണിജ്യ സ്ഥലങ്ങളുടെ വില്‍പനയിലൂടെ സാശ്രയാടിസ്ഥാനത്തില്‍ പണം കണ്ടെത്തി, ഗവണ്‍മെന്റിന് സാമ്പത്തിക ചെലവ് വഹിക്കേണ്ടി വരാത്ത വിധത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഘട്ടം ഘട്ടമായി അഞ്ചു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും.
നിലവില്‍ ഈ രണ്ട് റസിഡന്‍ഷ്യല്‍ കോളനികളിലെയും പാര്‍പ്പിടങ്ങള്‍ക്ക് 50-60 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ട്.