ചിന്മയ മിഷന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപനമാണ് ഈ പരിപാടി
2026 ഒക്ടോബർ 23-ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് നടക്കുന്ന ‘ചിന്മയ അമൃത മഹോത്സവ ഗ്ലോബൽ സമ്മേളനം’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.
2026 ഒക്ടോബർ 23 മുതൽ 25 വരെ നടക്കുന്ന ഈ ത്രിദിന സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി 9,000-ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. വേദാന്തത്തിന്റെയും ഭഗവദ്ഗീതയുടെയും ജ്ഞാനം എല്ലാവരിലേക്കും എത്തിക്കുന്നതിനായി 1951-ൽ സ്വാമി ചിന്മയാനന്ദ സ്ഥാപിച്ച ആഗോള ആത്മീയ പ്രസ്ഥാനമായ ‘ചിന്മയ മിഷന്റെ’ 75-ാം വാർഷികാഘോഷങ്ങളുടെ സമാപനമാണിത്. കഴിഞ്ഞ ദശകങ്ങളിലായി, ആത്മീയ വിദ്യാഭ്യാസം, സാംസ്കാരിക സംരക്ഷണം, യുവജന ശാക്തീകരണം, സാമൂഹിക സേവനം എന്നീ മേഖലകളിൽ ചിന്മയ മിഷൻ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം തമിഴ്നാട്ടിലെ ഗംഗൈകൊണ്ട ചോളപുരത്ത് വെച്ച്, ചിന്മയ മിഷൻ തയ്യാറാക്കിയതും ഇളയരാജ സംഗീതം നൽകിയതുമായ ഭഗവദ്ഗീതയുടെ തമിഴ് പതിപ്പ് പ്രധാനമന്ത്രി പ്രകാശനം ചെയ്തതോടെയാണ് ഒരു വർഷം നീണ്ടുനിന്ന ഈ ആഘോഷങ്ങൾക്ക് തുടക്കമായത്. വിവിധയിടങ്ങളിൽ സംഘടിപ്പിച്ച കൂട്ട ഹവനങ്ങൾ, ത്രിപുരയിലെ ‘മാ സൗന്ദര്യ ചിന്മയി’ ക്ഷേത്ര പ്രതിഷ്ഠ, ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം ആളുകൾ ഓൺലൈനിലൂടെ ഒരേസമയം ഭഗവദ്ഗീതയിലെ 15-ാം അധ്യായം പാരായണം ചെയ്ത ‘ചിന്മയ ഗീതാ സമർപ്പണം’ തുടങ്ങി നിരവധി പരിപാടികൾ ഈ വർഷത്തിനിടയിൽ നടന്നു. ഭഗവദ്ഗീതയിലെ തിരഞ്ഞെടുത്ത അഞ്ച് ശ്ലോകങ്ങളെ ആസ്പദമാക്കി നടത്തിയ ‘ഗീതാ പഞ്ചാമൃതം’ ഈ ആഘോഷങ്ങളിലെ ഒരു പ്രധാന സംരംഭമായിരുന്നു. ഗീതയുടെ സന്ദേശം രാജ്യത്തുടനീളം എത്തിക്കുന്നതിനായി, ചിന്മയ യുവ കേന്ദ്രത്തിലെ 15 യുവാക്കൾ ചേർന്ന് ‘ചിന്മയ അമൃത യാത്ര’ നടത്തുകയും, രാജ്യത്തുടനീളം 40,000 കിലോമീറ്ററിലധികം സഞ്ചരിക്കുകയും ചെയ്തു.
-NK-