Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഒമാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ഒമാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി


മസ്കറ്റിൽ, ഇന്ത്യൻ വംശജരുടെ ഒരു വലിയ സമ്മേളനത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്തു. വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള 700-ലധികം വിദ്യാർത്ഥികൾ സദസ്സിലുണ്ടായിരുന്നു. രാജ്യത്ത് സ്ഥാപിതമായതിന്റെ 50ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്ക് പ്രത്യേക പ്രാധാന്യമുള്ളതാണ്.

സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്, ഇന്ത്യയിലെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആശംസകൾ പ്രധാനമന്ത്രി അറിയിച്ചു. വളരെ ഊഷ്മളവും വർണ്ണാഭവുമായ സ്വീകരണത്തിന് അദ്ദേഹം അവരോട് നന്ദി പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, ഒമാനിൽ സ്ഥിരതാമസമാക്കിയ ആളുകളെ കാണുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യമാണ് ഇന്ത്യൻ സംസ്കാരത്തിന്റെ അടിത്തറയെന്നും, അവർ ഭാഗമായ ഏതൊരു സമൂഹത്തിലും ഇഴുകിച്ചേരാൻ സഹായിക്കുന്ന ഒരു മൂല്യമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒമാനിൽ ഇന്ത്യൻ സമൂഹത്തെ എത്രമാത്രം നന്നായി പരിഗണിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, സഹവർത്തിത്വവും സഹകരണവും ഇന്ത്യൻ പ്രവാസികളുടെ മുഖമുദ്രയാണെന്ന് അടിവരയിട്ടു.

മാണ്ഡ്‌വി മുതൽ മസ്കറ്റ് വരെ നീളുന്ന, ഇന്ത്യയും ഒമാനും തമ്മിലുള്ള കാലപ്പഴക്കമേറിയ ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. കഠിനാധ്വാനത്തിലൂടെയും ഒരുമയിലൂടെയും ഇന്ന് പ്രവാസികൾ ഈ ബന്ധം വളർത്തിയെടുക്കുന്നു. ഭാരത് കോ ജാനിയെ ക്വിസിൽ വൻതോതിൽ പങ്കെടുക്കുന്ന സമൂഹത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യ-ഒമാൻ ബന്ധങ്ങളുടെ കേന്ദ്രബിന്ദുവാണ് അറിവ് എന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, രാജ്യത്ത് 50 വർഷം പൂർത്തിയാക്കിയ ഇന്ത്യൻ സ്കൂളുകളെ അഭിനന്ദിച്ചു. സമൂഹത്തിന്റെ ക്ഷേമത്തിനായി നൽകിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി, ആദരണീയനായ സുൽത്താൻ ഹൈതം ബിൻ താരിക്കിനും നന്ദി പറഞ്ഞു.

ഇന്ത്യയുടെ പരിവർത്തനാത്മക വളർച്ച, വികസനം എന്നിവയെ കുറിച്ചും, മാറ്റത്തിന്റെ വേഗതയെയും വ്യാപ്തിയെയും കുറിച്ചും, കഴിഞ്ഞ പാദത്തിലെ 8 ശതമാനത്തിലധികം വളർച്ചയിൽ പ്രതിഫലിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ ശക്തിയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. കഴിഞ്ഞ 11 വർഷത്തെ ഗവൺമെന്റിന്റെ നേട്ടങ്ങളെ പരാമർശിച്ചുകൊണ്ട്, അടിസ്ഥാന സൗകര്യ വികസനം, ഉൽപ്പാദനം, ആരോഗ്യ സംരക്ഷണം, ഹരിത വളർച്ച, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ രാജ്യത്ത് പരിവർത്തനാത്മക മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകോത്തര നവീകരണം, സ്റ്റാർട്ടപ്പ്, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ആവാസവ്യവസ്ഥ എന്നിവ വികസിപ്പിക്കുന്നതിലൂടെ ഇന്ത്യ 21-ാം നൂറ്റാണ്ടിനായി സ്വയം തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ നടക്കുന്ന എല്ലാ ഡിജിറ്റൽ പേയ്‌മെന്റുകളുടെയും ഏകദേശം 50% വരുന്ന ഇന്ത്യയുടെ യുപിഐ, അഭിമാനമുണ്ടാക്കുന്ന നേട്ടമാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. ചന്ദ്രനിൽ ഇറങ്ങുന്നത് മുതൽ ആസൂത്രിതമായ ഗഗൻയാൻ മനുഷ്യ ബഹിരാകാശ ദൗത്യം വരെയുള്ള  ബഹിരാകാശ മേഖലയിലെ  ഇന്ത്യയുടെ സമീപകാല നേട്ടങ്ങൾ അദ്ദേഹം എടുത്തുകാട്ടി. ഇന്ത്യയും ഒമാനും തമ്മിലുള്ള സഹകരണത്തിന്റെ ഒരു പ്രധാന ഭാഗമാണ് ബഹിരാകാശമേഖല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കൾക്കായി ഉദ്ദേശിച്ചിട്ടുള്ള ഇസ്രോയുടെ യുവിക പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ അദ്ദേഹം  ക്ഷണിച്ചു. ഇന്ത്യ വെറുമൊരു വിപണിയല്ലെന്നും, ചരക്കുകളും സേവനങ്ങളും മുതൽ ഡിജിറ്റൽ പരിഹാരങ്ങൾ വരെ ലോകത്തിന് ഒരു മാതൃകയാണെന്നും പ്രധാനമന്ത്രി അടിവരയിട്ടു.

പ്രവാസികളുടെ ക്ഷേമത്തിനായുള്ള ഇന്ത്യയുടെ ആഴമേറിയ  പ്രതിബദ്ധത പ്രധാനമന്ത്രി അറിയിച്ചു. നമ്മുടെ ജനങ്ങൾക്ക് സഹായം ആവശ്യമുള്ളപ്പോഴെല്ലാം, എവിടെയാണെങ്കിലും അവരെ കൈപിടിച്ചുയർത്താൻ ഗവൺമെൻ്റ് തയ്യാറാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

എഐ സഹകരണം, ഡിജിറ്റൽ പഠനം, നവീകരണ പങ്കാളിത്തം, സംരംഭകത്വ കൈമാറ്റം എന്നിവയിലൂടെ ഇന്ത്യ-ഒമാൻ പങ്കാളിത്തം ഭാവിക്ക് സജ്ജമാണെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. വലിയ സ്വപ്നങ്ങൾ കാണാനും, ആഴത്തിൽ പഠിക്കാനും, ധൈര്യത്തോടെ നവീകരിക്കാനും, അതുവഴി മാനവികതയ്ക്ക് അർത്ഥവത്തായ സംഭാവന നൽകാനും  യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

***

SK