പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം 2009ലെ കുട്ടികളുടെ നിര്‍ബന്ധിത-സൗജന്യ വിഭ്യാഭ്യാസാവകാശ (ആര്‍.ടി.ഇ) നിയമത്തിലെ ഭേദഗതിക്ക് അംഗീകാരം നല്‍കി. 2015 മാര്‍ച്ച് 31 ല്‍ സര്‍വീസിലുള്ള അദ്ധ്യാപകര്‍ക്ക് അക്കാദമിക അധികാരി നിര്‍ഷ്‌കര്‍ഷിച്ചിട്ടുള്ള മിനിമം യോഗ്യത നേടുന്നതിനുള്ള പരിശീലനത്തിന്റെ കാലാവധി നാലുവര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് 2019 മാര്‍ച്ച് 31 വരെയാക്കുന്നതാണ് ഭേദഗതി.
നിലവില്‍ സര്‍വീസിലുള്ള പ്രാഥമിക വിഭ്യാഭ്യാസമേഖലയിലെ പരിശീലനമില്ലാത്ത എല്ലാ അദ്ധ്യാപകര്‍ക്കും പരിശീലനത്തിനുള്ള അവസരം ലഭിക്കുന്നതിനോടൊപ്പം രാജ്യത്തെ പ്രാഥമിക വിഭ്യാഭ്യാസമേഖലയിലെ അദ്ധ്യാപകരുടെ യോഗ്യതയില്‍ ഒരു മിനിമം നിലവാരം ഉറപ്പാക്കാനും ഈ ഭേദഗതിയിലൂടെ സാധിക്കും. വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാന്‍ വേണമെന്ന് കരുതുന്ന മിനിമം യോഗ്യത എല്ലാ അദ്ധ്യാപകര്‍ക്കും ഉറപ്പാക്കുന്നതിന് ഈ ഭേദഗതി സഹായകരമാകും.
ആത്യന്തികമായി ഇത് അദ്ധ്യാപകരുടെ പൊതുവായ ഗുണനിലവാരം, അദ്ധ്യാപന പ്രക്രിയ എന്നിവ മെച്ചപ്പെടുത്താന്‍ വഴിയൊരുക്കും. അതിലൂടെ കുട്ടികളുടെ പഠനനിലവാരവും ഉയരും. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കണമെന്ന ഗവണ്‍മെന്റിന്റെ നയത്തെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തും.