Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ സാനന്ദിൽ സി.ജി സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഗുജറാത്തിലെ സാനന്ദിൽ സി.ജി സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ഗുജറാത്തിലെ സാനന്ദിൽ സി.ജി സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഈ അവസരത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പദ്ധതി രാജ്യത്തിന്റെ ലക്ഷ്യങ്ങളോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെ തെളിവാണെന്ന് വിശേഷിപ്പിച്ചു. രാജ്യം അതിന്റെ ശക്തമായ തീരുമാനങ്ങളെ യാതൊരു മടിയുമില്ലാതെ നിരന്തരം യാഥാർത്ഥ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. “ഇന്ത്യ എന്താണോ ചെയ്യാൻ തീരുമാനിക്കുന്നത്, അത് ഉറച്ച മനസ്സോടെ പൂർത്തിയാക്കുമെന്നതിന്റെ തെളിവാണ് ഇന്നത്തെ ചടങ്ങ്,” ശ്രീ മോദി പറഞ്ഞു.

അഞ്ച് വർഷം മുമ്പ് ആരംഭിച്ച തന്ത്രപരമായ ദർശനത്തെക്കുറിച്ച് അനുസ്മരിച്ച പ്രധാനമന്ത്രി, രാജ്യത്തെ നൂതന സാങ്കേതികവിദ്യയുടെ ആഗോള കേന്ദ്രമാക്കി മാറ്റുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് ഓർമ്മിപ്പിച്ചു. ആഭ്യന്തര രൂപകൽപ്പന, തദ്ദേശീയ ഉൽപ്പാദനം എന്നീ സമഗ്രമായ തന്ത്രങ്ങളാൽ നയിക്കപ്പെടുന്ന ഈ മൂന്നാമത്തെ വലിയ കേന്ദ്രത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ചിപ്പ് പാക്കേജിംഗിന്റെ ഔദ്യോഗിക തുടക്കം അദ്ദേഹം നിർവഹിച്ചു. “ഡിസൈൻ ഇൻ ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ എന്ന അടിസ്ഥാന മന്ത്രവുമായി നമ്മൾ വിജയകരമായി മുന്നോട്ട് പോയി,” ശ്രീ മോദി ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ ദ്രുതഗതിയിലുള്ള പുരോഗമന കാലയളവിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, 2024-ൽ തറക്കല്ലിട്ടതും താമസിയാതെ തന്നെ 2025 ഓഗസ്റ്റോടെ ചിപ്പ് പരിശോധന ആരംഭിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു. തുടക്കം മുതൽ പൂർണ്ണതോതിലുള്ള ഉൽപ്പാദനം വരെ അതിശയകരമായ വേഗതയിലുള്ള ഈ പ്രയാണത്തിന് കാരണം നിരവധി പങ്കാളികളുടെ നിരന്തര സമർപ്പണവും ശ്രദ്ധയുമാണെന്ന് അദ്ദേഹം വിലയിരുത്തി. “തറക്കല്ലിടൽ മുതൽ ഉൽപ്പാദനം വരെയുള്ള ഈ ശ്രദ്ധേയമായ പ്രയാണം തീർച്ചയായും നിരവധി സഹപ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്,” ശ്രീ മോദി നിരീക്ഷിച്ചു.

സദസ്സിനെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പ് നടന്ന തന്റെ വ്യക്തിപരമായ ഇടപെടലുകൾ വിവരിച്ച പ്രധാനമന്ത്രി, ഈ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ആത്മാർത്ഥതയുള്ള ജീവനക്കാരുമായി സംസാരിച്ച അനുഭവം പങ്കുവെച്ചു. പ്രദർശന നഗരി സന്ദർശിക്കുന്നതിനിടെ നിരവധി യുവ പ്രൊഫഷണലുകളുമായി നേരിട്ട് സംവദിച്ച അദ്ദേഹം, അവരുടെ പ്രകടമായ ഊർജ്ജത്തെയും ശുഭാപ്തിവിശ്വാസത്തെയും അനുകൂല  കാഴ്ചപ്പാടിനെയും പ്രശംസിച്ചു. “ഇന്ന് ഞാൻ സംവദിച്ച ഓരോ യുവ സഹപ്രവർത്തകനും ആത്മവിശ്വാസം നിറഞ്ഞവരാണ്,” ശ്രീ മോദി അഭിപ്രായപ്പെട്ടു.

പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട ഈ കേന്ദ്രം അന്താരാഷ്ട്ര സഹകരണത്തിന്റെ വിളക്കുമാടമായി ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ആഭ്യന്തര, ജാപ്പനീസ്, തായ് വ്യവസായ പങ്കാളികളുടെ സംയുക്ത ശ്രമങ്ങളെ പ്രശംസിച്ചു. ഈ സംരംഭത്തെ സാധാരണ വാണിജ്യ സ്ഥാപനമെന്നതിലുപരി, സാങ്കേതിക വിശ്വാസത്തിന്റെയും അതിരുകൾക്കപ്പുറമുള്ള പങ്കാളിത്തത്തിന്റെയും ശക്തമായ മാതൃകയായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “ഈ സംയോജിത പങ്കാളിത്തം ഇന്ത്യയുടെ സെമികണ്ടക്ടർ പ്രയാണത്തിന് തികച്ചും പുതിയ വേഗത നൽകാൻ പോകുകയാണ്,” ശ്രീ മോദി വ്യക്തമാക്കി.

കഴിഞ്ഞ രണ്ടേകാൽ വർഷത്തിനിടയിൽ കൈവരിച്ച വൻതോതിലുള്ള വളർച്ചയെ അംഗീകരിച്ച പ്രധാനമന്ത്രി, പ്രതിവർഷം 20 കോടി യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള സജീവ വാണിജ്യ ഉൽപ്പാദനത്തിലേക്കുള്ള മാറ്റത്തെ അഭിനന്ദിച്ചു. പ്രതിവർഷം 500 കോടി യൂണിറ്റുകൾ എന്ന ലക്ഷ്യത്തിലെത്താനുള്ള ടീമിന്റെ അഭിലാഷത്തിൽ പൂർണ്ണ വിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, ഈ ദ്രുതഗതിയിലുള്ള പുരോഗതിക്ക് കാരണം രാജ്യവ്യാപകമായ സാങ്കേതിക പരിപാടികളുടെ വർദ്ധിച്ചുവരുന്ന വേഗതയാണെന്ന് ചൂണ്ടിക്കാട്ടി. “ഓരോ ചുവടായി, ഓരോ ഇഷ്ടികയായി, ഓരോ ചിപ്പായി ഇത് കെട്ടിപ്പടുത്തതിന് മുഴുവൻ ടീമിനെയും സംസ്ഥാന ഗവണ്മെന്റിനെയും രാജ്യത്തെയും ഞാൻ അഭിനന്ദിക്കുന്നു,” ശ്രീ മോദി പറഞ്ഞു.

ചടങ്ങിൽ ഒത്തുകൂടിയ വ്യവസായ വിദഗ്ധരെയും യുവാക്കളെയും അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, യഥാർത്ഥ ഉൽപ്പാദന ശേഷി ഒറ്റപ്പെട്ട ഫാക്ടറികളിൽ നിന്നല്ല ഉണ്ടാകുന്നത് എന്ന് വ്യക്തമാക്കാൻ ആഗോള വ്യവസായ ചരിത്രത്തിൽ നിന്നുള്ള പ്രധാന പാഠങ്ങൾ ഉദ്ധരിച്ചു. സിലിക്കൺ വാലി, ഹ്സിഞ്ചു സയൻസ് പാർക്ക്, ത്സുകുബ സയൻസ് സിറ്റി തുടങ്ങിയ പ്രശസ്തമായ സാങ്കേതിക കേന്ദ്രങ്ങളെ ഉദാഹരിച്ച്, സമഗ്രവും സംയോജിതവുമായ ആവാസവ്യവസ്ഥകൾ വികസിപ്പിക്കേണ്ടതിന്റെ സമ്പൂർണ്ണ ആവശ്യകത അദ്ദേഹം അടിവരയിട്ടു. “ഇന്ന്, അത്തരം ശക്തമായ ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നതിനായി സാനന്ദ് ഇതേ ദിശയിൽ തന്നെ ചുവടുവെക്കുകയാണ്,” ശ്രീ മോദി നിരീക്ഷിച്ചു.

ശക്തമായ ആഭ്യന്തര ആവാസവ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള ആവിർഭാവം വിശദീകരിച്ച പ്രധാനമന്ത്രി, ഈ മേഖലയിൽ ഏതാനും മാസങ്ങൾക്കുള്ളിൽ മൈക്രോൺ, കെയ്ൻസ് , സി.ജി സെമി തുടങ്ങിയ പ്രമുഖ കമ്പനികൾ ഒരേസമയം ഉൽപ്പാദനം ആരംഭിച്ചത് ചൂണ്ടിക്കാട്ടി. പ്രത്യേക രാസവസ്തു നിർമ്മാതാക്കൾ, പരീക്ഷണശാലകൾ, ഡിസൈൻ കേന്ദ്രങ്ങൾ, ചലനാത്മകമായ പുതിയ സ്റ്റാർട്ടപ്പുകൾ എന്നിവയുടെ വരവോടെ, പ്രാദേശിക വ്യവസായങ്ങൾ വിപുലമായ സാമ്പത്തിക, തൊഴിൽ അവസരങ്ങളെ എങ്ങനെ ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം വിശദമാക്കി. “ഇതാണ് ഒരു ക്ലസ്റ്ററിന്റെ യഥാർത്ഥ ശക്തി; അവിടെ ഒരു വ്യവസായം പത്ത് പുതിയ വ്യവസായങ്ങൾക്ക് ജന്മം നൽകുകയും ആ പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയെയാകെ മാറ്റിമറിക്കുകയും ചെയ്യുന്നു,” ശ്രീ മോദി പറഞ്ഞു.

​ഈ മേഖലയിലെ വൻ കുതിച്ചുചാട്ടത്തെച്ചൊല്ലി രാജ്യവ്യാപകമായും ആഗോളതലത്തിലുമുള്ള വലിയ ആവേശം ചൂണ്ടിക്കാട്ടി, ദ്രുതഗതിയിലുള്ള ഈ വളർച്ച ഒറ്റപ്പെട്ട പ്രതിഭാസമാണെന്ന തെറ്റായ ധാരണ പ്രധാനമന്ത്രി തിരുത്തി. നിലവിലെ ഈ വികാസം യഥാർഥത്തിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ രൂപംനൽകിയ ദീർഘകാല സാങ്കേതിക നയങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞ, കൃത്യമായി ആസൂത്രണം ചെയ്ത പുരോഗതിയാണെന്ന് അദ്ദേഹം വിശദീകരിച്ചു. “കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിൽ എത്തിയ ഇലക്ട്രോണിക്സ് വിപ്ലവത്തിന്റെ സ്വാഭാവികമായ അടുത്ത ചുവടുവയ്പാണിത്” – ശ്രീ മോദി പറഞ്ഞു.

ഈ പ്രാദേശിക ഉൽപ്പാദന വിജയത്തിന്റെ വേരുകളിലേക്കു കടന്ന പ്രധാനമന്ത്രി, മുൻകാലങ്ങളിൽ സ്മാർട്ട്ഫോണുകൾ ഇറക്കുമതി ചെയ്യുന്നതിനെ ആശ്രയിച്ചിരുന്ന അവസ്ഥയെ നിലവിലെ ഉൽപ്പാദന കുതിച്ചുചാട്ടവുമായി താരതമ്യം ചെയ്തു. ഉൽപ്പാദനത്തിൽ 33 മടങ്ങു വർധന രേഖപ്പെടുത്തിയ കാര്യം ചൂണ്ടിക്കാട്ടി, മൊബൈൽ മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉൽപ്പാദകരും കയറ്റുമതിക്കാരുമെന്ന രാജ്യത്തിന്റെ പുതിയ പദവിയെ അദ്ദേഹം അഭിമാനപൂർവം ഉയർത്തിക്കാട്ടി. “അവിശ്വസനീയമായ ഈ നാഴികക്കല്ലുകൾ ഒടുവിൽ കൈവരിക്കുന്നതിനായി നാം ബോധപൂർവം മൊബൈൽ ഫോൺ ഉൽപ്പാദനത്തിലൂടെയാണു നമ്മുടെ യാത്ര ആരംഭിച്ചത്” – ശ്രീ മോദി പറഞ്ഞു.

സമീപവർഷങ്ങളിലെ ആഭ്യന്തര വ്യവസ്ഥിതിയുടെ വിപുലമായ വിജയം കണക്കുകൾ സഹിതം വ്യക്തമാക്കവേ, ഈ മേഖലയിലുടനീളമുള്ള ശ്രദ്ധേയമായ വളർച്ചാസ്ഥിതിവിവരക്കണക്കുകൾ പ്രധാനമന്ത്രി പങ്കുവച്ചു. മൊത്തത്തിലുള്ള കയറ്റുമതിയിൽ 11 മടങ്ങു വർധന രേഖപ്പെടുത്തിയതിനൊപ്പം, മൊത്തം ഉൽപ്പാദനം 2014-ലെ നിലവാരത്തെ അപേക്ഷിച്ച് ഏകദേശം ഏഴുമടങ്ങു വർധിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. “ഇലക്ട്രോണിക്സ് ഉൽപ്പാദനവ്യവസ്ഥിതിക്കാകെ ഞങ്ങൾ വിജയകരമായും സമഗ്രമായും  കരുത്തുപകർന്നു”- ശ്രീ മോദി പറഞ്ഞു.

ഗവണ്മെന്റിന്റെ തന്ത്രപരമായ മാർഗരേഖ വിശദീകരിക്കവേ, അന്തിമ ഉപഭോക്തൃ ഉൽപ്പന്നങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനപ്പുറം, അതിന്റെ അടിസ്ഥാന ഘടകങ്ങളുടെ നിർമാണം കൂടി ഉൾക്കൊള്ളുന്നതാണ് അന്തിമലക്ഷ്യമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള സാങ്കേതികവിദ്യയ്ക്കു കരുത്തുപകരുന്ന ചിപ്പുകൾ ഉൽപ്പാദിപ്പിക്കുമെന്ന പ്രതിജ്ഞാബദ്ധത ഉറപ്പാക്കുന്നതിലൂടെ, സമ്പൂർണ ആഭ്യന്തര മൂല്യശൃംഖലയ്ക്ക് അദ്ദേഹം രൂപരേഖ നൽകി. “ആദ്യം ഉൽപ്പന്നം, പിന്നീട് ഘടകങ്ങൾ, ഇപ്പോൾ സെമികണ്ടക്ടർ; ഇതാണു ‘മേക്ക് ഇൻ ഇന്ത്യ’യുടെ കൃത്യമായ അടുത്ത ഘട്ടം” – ശ്രീ മോദി പറഞ്ഞു.

ഈ വ്യവസ്ഥിതിയുടെ ഭാവിഘട്ടങ്ങൾ വിവരിക്കവേ, മുഴുവൻ വിതരണശൃംഖലയും സുരക്ഷിതമാക്കുന്നതിനായി ഹൈടെക് സാമഗ്രികളിലും നിർണായക ധാതുക്കളിലും സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്റെ അടിയന്തിര പ്രാധാന്യത്തിനു പ്രധാനമന്ത്രി ഊന്നൽ നൽകി. രൂപകൽപ്പനമുതൽ പാക്കേജിങ്‌വരെ നീളുന്ന പ്രാദേശിക ശൃംഖല വിഭാവനംചെയ്ത്, നിർമിതബുദ്ധിയിലും റോബോട്ടിക്സിലുമുള്ള നൂതന വിപ്ലവങ്ങൾക്കായി ഈ ആഭ്യന്തര ചിപ്പുകൾ പ്രയോജനപ്പെടുത്താൻ യുവതലമുറയ്ക്കു സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. “തികച്ചും ‘മേക്ക് ഇൻ ഇന്ത്യ’ ചിപ്പുകൾ മാത്രം ഉപയോഗിച്ച്, നമ്മുടെ യുവാക്കൾ അടുത്ത തലമുറയിലെ സാങ്കേതിക വിപ്ലവത്തിനു സജീവമായി വേഗത പകരും” – ശ്രീ മോദി പറഞ്ഞു.

യുവാക്കളെ ലക്ഷ്യമിട്ടുള്ള സന്ദേശത്തിൽ, വലിയ വ്യാവസായിക മാറ്റങ്ങൾ എങ്ങനെയാണു എപ്പോഴും അഭൂതപൂർവമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതെന്നു വ്യക്തമാക്കാൻ മുൻകാല ചരിത്രങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുൻപുണ്ടായ IT, സ്മാർട്ട്ഫോൺ ഉൽപ്പാദന കുതിച്ചുചാട്ടങ്ങൾ തുറന്നുനൽകിയ വൻ അവസരങ്ങളോട് ഇതിനെ ഉപമിച്ച്, നിലവിലെ സാങ്കേതിക തരംഗത്തിൽനിന്നും സമാനമായ വിശാല സാധ്യതകൾ ഉയർന്നുവരുമെന്ന് അദ്ദേഹം പ്രവചിച്ചു. “സെമികണ്ടക്ടർ, നിർമിതബുദ്ധി വിപ്ലവത്തിന്റെ ഈ യുഗം ഗവേഷണവും രൂപകൽപ്പനയുംമുതൽ വിതരണശൃംഖല പരിപാലനംവരെ നീളുന്ന അസംഖ്യം അവസരങ്ങൾ കൊണ്ടുവരും” – ശ്രീ മോദി പരാമർശിച്ചു.

ഭാവിയിലെ തൊഴിൽശക്തി നിരന്തരം പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടണമെന്ന് ആവശ്യപ്പെട്ട്, ആധുനിക കാലത്തെ പ്രസക്തി എന്നതു നവവൈദഗ്ധ്യം നേടിയെടുക്കുന്നതിലും നൂതനാശയങ്ങൾ വളർത്തിയെടുക്കുന്നതിലുമാണ് അധിഷ്ഠിതമെന്നു പ്രധാനമന്ത്രി പറഞ്ഞു. നിർമിതബുദ്ധി തുറന്നുനൽകിയ വിശാലമായ പുതിയ മാതൃകകൾ ചൂണ്ടിക്കാട്ടി, ഉയർന്നുവരുന്ന ഈ സാധ്യതകളെ വലിയ അഭിനിവേശത്തോടെ നെഞ്ചേറ്റാൻ അദ്ദേഹം യുവതലമുറയോട് അഭ്യർഥിച്ചു. “പുതിയ എന്തെങ്കിലും പഠിക്കാനും നടപ്പാക്കാനുമുള്ള ഈ അവിശ്വസനീയമായ അവസരം ഇന്ത്യയിലെ യുവാക്കൾ ഒരിക്കലും കൈവിട്ടുകളയരുത്” – ശ്രീ മോദി പറഞ്ഞു.

​ഈ സാങ്കേതിക മുന്നേറ്റങ്ങളുടെ ഉൾക്കൊള്ളലോടെയുള്ള സാമൂഹ്യസ്വാധീനം വ്യക്തമാക്കവേ, പുതിയ കേന്ദ്രത്തിൽ സജീവമായി ജോലിചെയ്യുന്ന ഗോത്രവർഗ സമൂഹങ്ങളിൽനിന്നുള്ള യുവതികളുടെ പ്രചോദനാത്മകമായ കഥകൾ പ്രധാനമന്ത്രി പങ്കുവച്ചു. സാധാരണ പശ്ചാത്തലങ്ങളിൽനിന്നും ഐടിഐ പഠനത്തിൽനിന്നും മലേഷ്യയിൽ പോയി നൂതന സാങ്കേതിക പരിശീലനം നേടുന്നതുവരെയുള്ള അവരുടെ യാത്രയിൽ അങ്ങേയറ്റം ആകൃഷ്ടനായ അദ്ദേഹം, മുൻപു സ്വന്തം നാടുവിട്ട് ഒരിടത്തും യാത്ര ചെയ്യാതിരുന്നിട്ടും ലോകത്തിലെ ഏറ്റവും ആധുനികമായ ഉൽപ്പാദനപ്രക്രിയകൾ നടപ്പാക്കുന്നതിൽ അവർ വഹിക്കുന്ന നിർണായക പങ്കിനെ അഭിനന്ദിച്ചു. “യഥാർഥത്തിൽ അസാധാരണമായ സ്വപ്നങ്ങളുള്ള ഈ പെൺമക്കൾ ഇന്നു ‘മേക്ക് ഇൻ ഇന്ത്യ’ ചിപ്പ് ഉൽപ്പാദനപ്രക്രിയയുടെ അവിഭാജ്യഘടകമാണ്” – ശ്രീ മോദി പറഞ്ഞു.

സമ്പൂർണ വികസിത രാജ്യമായി മാറാനുള്ള ഇന്ത്യയുടെ ദ്രുതഗതിയിലുള്ള മുന്നേറ്റം ആവർത്തിച്ചുറപ്പിച്ചാണു പ്രധാനമന്ത്രി ഉപസംഹരിച്ചത്. ഏതാനും മാസങ്ങൾക്കു മുൻപു മാത്രം വാഗ്ദാനംചെയ്ത നിരവധി ഉൽപ്പാദനകേന്ദ്രങ്ങൾ കൃത്യസമയത്തു യാഥാർഥ്യമാക്കാൻ സാധിച്ചതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ആഗോള നിക്ഷേപകർക്കു പൂർണമായ നയസ്ഥിരതയും വ്യക്തമായ തീരുമാനമെടുക്കലും സമാനതകളില്ലാത്ത പ്രവർത്തന വേഗതയും ഉറപ്പുനൽകിയ അദ്ദേഹം, വ്യവസ്ഥാപിതമായ സാമ്പത്തിക പരിഷ്കരണങ്ങളുടെ വേഗത ഇനിയും വർധിപ്പിക്കുമെന്നു വാഗ്ദാനംചെയ്തു. “വ്യാവസായിക നടത്തിപ്പു സുഗമമാക്കൽ” ഉറപ്പാക്കുമെന്ന സമ്പൂർണ പ്രതിജ്ഞാബദ്ധതയോടെ, 140 കോടി ജനങ്ങൾ 2047-ഓടെ രാജ്യത്തെ തീർച്ചയായും വികസിതമാക്കും” – ശ്രീ മോദി പറഞ്ഞു.

-NK-