Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജോഹാനസ്ബെര്‍ഗിലെ സ്വീകരണ ചടങ്ങില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ പൂര്‍ണ്ണരൂപം. നമസ്തേ,

ജോഹാനസ്ബെര്‍ഗിലെ സ്വീകരണ ചടങ്ങില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ പൂര്‍ണ്ണരൂപം.

നമസ്തേ,


ഇവിടെ കൂടിയിരിക്കുന്ന വിശാലമായ ജനസമൂഹമേ,

വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കളെ,

സഹോദരി സഹോദരന്‍മാരെ,

സനിബോനാനി, നമസ്ക്കാരം, വണക്കം, ഖെംചോ,

ദക്ഷിണാഫ്രിക്കയില്‍ എത്താന്‍കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.

ജൊഹാനസ്ബെര്‍ഗ്, ഡര്‍ബന്‍, ബ്ളൂമൌണ്ടന്‍, കേപ്ടൌണ്‍ തുടങ്ങി വിദൂരസ്ഥ പ്രദേശത്ത് നിന്നു പോലും എന്നെ ആശിര്‍വദിക്കാനായി എത്തിയ നിങ്ങളെ കാണാന്‍ കഴിഞ്ഞത് എന്‍റെ സൌഭാഗ്യമാണ്. കുറച്ച് പേര്‍ ബോട്ട്സ്വാനയില്‍ നിന്നും ലെസോത്തോയില്‍ നിന്നുപോലും ഇവിടെ എത്തിയിരിക്കുകയാണ്. നിങ്ങള്‍‌ എല്ലാ തിരക്കുകളും മാറ്റി വച്ചിട്ടാണ് എന്നെ ആശിര്‍വദിക്കാനായി ഇവിടെ എത്തിയിട്ടുള്ളത്.

ഇത്രയധികം സ്നേഹത്തോടും ഊഷ്മളതയോടും എന്നെ സ്വാഗതം ചെയ്തതിന് നന്ദി. നിങ്ങളുടെ സ്നേഹവും അടുപ്പവും ഈ വലിയ രാജ്യത്തിലേയ്ക്കുള്ള എന്‍റെ സന്ദര്‍ശനത്തെ കൂടുതല്‍ പ്രത്യേകതയുള്ളതാക്കുന്നു. വിശാലമായ ഇന്ത്യന്‍ മഹാസമുദ്രത്തിനപ്പുറത്തുനിന്ന് 1.25 ബില്ല്യന്‍ ഇന്ത്യാക്കാരുടെ ഊഷ്മളമായ സൌഹൃദവും ആശംസകളുമാണ് ഞാന്‍ എന്നോടൊപ്പം കൊണ്ടുവന്നിട്ടുള്ളത്.

യാത്ര പുറപ്പെടും മുന്പ് എന്‍റെ ഇന്നത്തെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി ആശയങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് മെയില്‍ അയച്ചിരുന്നു. നരേന്ദ്ര മോദി ആപ്പില്‍ എനിക്ക് ഉപകാരപ്രദമായ ആയിരക്കണക്കിന് നൂതന ആശയങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ലഭിച്ചത്. ഇന്ന് നിങ്ങളുമായുള്ള എന്‍റെ ആശയവിനിമയം പരിപോഷിപ്പിക്കുന്നതില്‍ ഈ നിര്‍ദ്ദേശങ്ങള്‍ എന്നെ സഹായിച്ചു.

സുഹൃത്തുക്കളെ,

• നാം ജീവിക്കുന്നത് വിദൂര തീരങ്ങളില്‍

• വ്യത്യസ്ഥ സമയ മണ്ഡലങ്ങളില്‍

• വിഭിന്ന ഭൂഖണ്ഡങ്ങളില്‍

• നമ്മുടെ പൂര്‍വ്വ പിതാന്‍മഹന്‍മാര്‍ ചരിത്രത്തില്‍ വേര്‍പിരിഞ്ഞവരാണ്

• നമ്മുടെ ദേശീയതകള്‍ വിഭിന്നങ്ങളാകാം

• വ്യത്യസ്ഥ ക്രിക്കറ്റ് ടീമുകള്‍ക്കാകാം നമ്മുടെ പിന്‍തുണ

പക്ഷേ നമ്മെ അടുപ്പിച്ചും ബന്ധിപ്പിച്ചും നിലനിര്‍ത്തുന്നതില്‍ നമ്മുടെ പൊതുവായ സാംസ്കാരികവും, ആത്മീയവുമായ പൈതൃകം ഉറപ്പുവരുത്തി. നമ്മുടെ ഹൃദയങ്ങളിലും മനസുകളിലും.

സുഹൃത്തുക്കളെ,

മിനിഞ്ഞാന്ന് ജൂലൈ 10 ആയിരുന്നു. ഈ ദിവസത്തിന്‍റെ മഹത്വം എന്താണ് എന്ന് നിങ്ങള്‍ക്കറിയാം 1999 ല്‍ ഇതേ ദിവസമാണ് ദക്ഷിണാഫ്രിക്കയുടെമേല്‍ ഉണ്ടായിരുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ഉപരോധത്തിന് അന്ത്യമായത്. ഇതേ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ദക്ഷിണാഫ്രിക്കന്‍ ടീം ആദ്യമായി ക്രിക്കറ്റ് മത്സരം നടത്തിയത് ഇന്ത്യയുമായിട്ടാണ്. ചരിത്രത്തിന്‍റെ മറ്റൊരുകോണില്‍കൂടി നോക്കിയാല്‍ ഇതേ ഭാരതമാണ് വര്‍ണ്ണ വിവേചനത്തിന്‍റെ പേരില്‍ ദക്ഷിണാഫ്രിക്കയെ ബഹിഷ്ക്കരിച്ചത്. ഇതേ ഭാരതം തന്നെയാണ് വര്‍ണ്ണ വിവേചനം അവസാനിച്ചതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയെ ആദ്യമായി ആശ്ളേഷിച്ച രാജ്യവും.

സുഹൃത്തുക്കളെ,

നിങ്ങളെ കാണുന്പോള്‍ നമ്മുടെ പൂര്‍വ്വികര്‍ അനുഭവിച്ച കഷ്ചപ്പാടുകളാണ് എനിക്ക് ഓര്‍മ്മ വരുന്നത്. ഒപ്പം അവര്‍ പ്രകടിപ്പിച്ച ധൈര്യത്തിന്‍റെ സ്മരണകളും.

നൂറ്റാണ്ടുകള്‍ക്ക് മുന്പ് നമ്മുടെ പൂര്‍വ്വികര്‍ ദക്ഷിണാഫ്രിക്കയുടെ അജ്ഞാത തീരങ്ങളിലേയ്ക്ക് യാത്ര ചെയ്തിരുന്നു. അവര്‍ അങ്ങേയറ്റത്തെ ദുരിതവും ദാരിദ്ര്യവും അനുഭവിച്ചു. എന്നിട്ടും അതെല്ലാം സഹിച്ച് അവര്‍ മുന്നേറി. വര്‍ണ്ണ വിവേചനം മൂലം ഒറ്റപ്പെട്ടപോയ നൂറ്റാണ്ടുകളിലും അവര്‍ തങ്ങളുടെ സംസ്കാരവും ആചാരങ്ങളും ഭാഷയും സംരക്ഷിച്ചു.

അവയ്ക്ക് പറന്നുയരാന്‍ ചിറകുകള്‍ നല്‍കി. ഇന്ന് ഹിന്ദി, തമിഴ്, ഗുജറാത്തി, ഉറുദു, തെലുങ്ക് എന്നി ഭാഷകളുടെ സൌന്ദര്യം ദക്ഷിണാഫ്രിക്കന്‍ സമൂഹത്തെ സംപുഷ്ടമാക്കുന്നു. ഹോളിയുടെ നിറങ്ങളും ദീപാവലിയുടെ തിളക്കവും പൊങ്കലിന്‍റെ രുചിയും, ഈദിന്‍റെ ആഘോഷങ്ങളും ഇന്ത്യന്‍ പാരന്പര്യങ്ങളുടെ മാത്രം മഴവിലല്ല. അവ ദക്ഷിണാഫ്രിക്കയുടെ ഊര്‍ജ്ജസ്വലമായ വൈവിദ്ധ്യത്തിന്‍റെ കൂടി പ്രതീകമാണ്. ഈ രാജ്യത്തെ നമ്മുടെ പൂര്‍വ്വികരുടെ കഥകള്‍ ദാരിദ്ര്യത്തിന്‍റെയും അടിച്ചമര്‍ത്തലിന്‍റേതുമാകാം. പക്ഷേ അവരുടെ പൈതൃകം അഭിമാനത്തിന്‍റെതും തൃഗത്തിന്‍റേതുമാണ്. അത് നിങ്ങളുടെ വിജയത്തിലും സമൃദ്ധിയിലും പ്രതിഫലിക്കുന്നുമുണ്ട്. ഈ മഹത്തായ രാജ്യത്തിന്‍റെ ക്ഷേമത്തിലും സാമ്പത്തിക പുരോഗതിയിലുമുള്ള നിങ്ങളുടെ വന്പിച്ച സംഭാവനകളില്‍‌ അത് കുടികൊള്ളുന്നു. ലോകം ഒരൊറ്റ കുടുംബമാണെന്ന അഥവാ വസുധൈവകുടുംബകം എന്ന ഇന്ത്യന്‍ ധര്‍‌മ്മ ചിന്തയില്‍ ഉറച്ചു നിന്നുകൊണ്ട് നിങ്ങള്‍ മറ്റുള്ളവര്‍ക്ക് കരുതലേകി അപ്രകാരം ചെയ്യുക വഴി ”നിങ്ങള്‍ എന്താണോ അതിന്‍റെ പിന്നില്‍ മറ്റുള്ളവരാണെന്ന” ദക്ഷിണാഫ്രിക്കന്‍ ധര്‍മ്മ ചിന്ത പ്രതിധ്വനിപ്പിക്കുക കൂടി നിങ്ങള്‍ചെയ്തു.

സുഹൃത്തുക്കളെ,

നിങ്ങളില്‍ പലരും തിരിച്ചറിഞ്ഞുയെന്ന് വരില്ല, നിങ്ങള്‍ അഭിമാനം കൊള്ളേണ്ട ഒരു സംഭാവന നിങ്ങളുടെ പൂര്‍വ്വികരുടേതായിട്ടുണ്ട്. നിങ്ങളുടെ പൂര്‍വ്വികരാണ് ഇന്ത്യന്‍ തീരങ്ങള്‍ വെടിഞ്ഞ ആദ്യത്തെ കൂട്ടര്‍. സ്വന്തം സാംസ്കാരിക വേരുകള്‍ സംരക്ഷിക്കാനുള്ള അവരുടെ നിശ്ചയ ദാര്‍ഢ്യവും എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് വിജയം കൈവരിക്കാനുള്ള ഇച്ഛാശക്തിയും ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ തലമുറകളെ മാത്രമല്ല വാര്‍ത്തെടുത്തത് മറിച്ച് ലോകമെന്പാടുമുള്ള ഇന്ത്യന്‍ പ്രവാസികളെ അത് സ്വാധീനിക്കുകയും അവരുടെ മനോഭാവത്തെ നയിക്കുകയും ചെയ്തു. എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് നിങ്ങളുടെ പൂര്‍വ്വ പിതാമഹന്‍മാര്‍ പലതരത്തില്‍ കൈവരിച്ച വിജയങ്ങളാണ് ഇന്ന് ലോകമെന്പാടുമുള്ള പ്രവാസി ഇന്ത്യാക്കാരെ നിലനിര്‍ത്തുന്നത്.

സുഹൃത്തുക്കളെ,

ഈ നഗരവും ഇവിടത്തെ ജനങ്ങളും നമുക്ക് ഏറെ പ്രിയപ്പെട്ടവയാണ്. ഇവിടെ വച്ചാണ് മഹാത്മാ ഗാന്ധി തന്‍റെ രാഷ്ട്രീയത്തിന് മൂര്‍ത്തരൂപം നല്‍കിയത്. സത്യഗ്രഹത്തിന്‍റെ ജന്മഗ്രഹവും ഇതാണ്. ദക്ഷിണാഫ്രിക്ക മോഹന്‍ ദാസിനെ മഹാത്മാവാക്കി മാറ്റി. വംശീയ അടിച്ചമര്‍ത്തലിനെതിരെയുള്ള പോരാട്ടത്തില്‍ ഗാന്ധിജി ഒറ്റയ്ക്കായിരുന്നില്ല. ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യ പോരാട്ടത്തിലും നായകരായവര്‍ നിങ്ങള്‍ക്കിടയിലുണ്ട്. പതിനാറ്കാരിയായ വള്ളിയമ്മയുടെ ത്യാഗവും, നിര്‍ഭയനായ തന്പി നായിഡുവിനെയും നിസ്വാര്‍ത്ഥനായ മുഹമ്മദ് കച്ചാലിയയേയും ആര്‍ക്കാണ് മറക്കാന്‍ കഴിയുക. അഹമ്മദ് കത്രാദയുമായി ഇന്നലെ കൂടിക്കാഴ്ച നടത്താന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. നെല്‍സണ്‍ മണ്ഡേലയുമൊത്ത് അദ്ദേഹം 26 കൊല്ലം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. റോബിന്‍ ദ്വീപിലെ തടവറയുടെ പാരുഷ്യത്തിന് ലാലു ചിബയെയോ മക് മഹാരാജിനെയോ ബില്ലി നായരെയോ തോല്‍പ്പിക്കാനായില്ല. അവരെയൊക്കെ ഇന്ന് കാണാന്‍ കഴിഞ്ഞുവെന്നതാണ് എനിക്ക് ഏറെ ആഹ്ളാദം പകരുന്നത്. ഒട്ടേറെ യാതനകള്‍ സഹിച്ചിട്ടും അവരുടെ മുഖങ്ങളില്‍ ദര്‍ശിച്ച പ്രസന്ന ഭാവം നല്‍കിയ പുതിയൊരു ഊര്‍ജ്ജത്തോടെയാണ് ഞാന്‍ ഇന്ത്യയിലേയ്ക്ക് തിരിച്ച് പോകുന്നത്. മൂല്യങ്ങള്‍ക്ക് വേണ്ടി ഈ ഭൂമിയില്‍ ഇത്രയേറെ കഷ്ടങ്ങള്‍ സഹിച്ച ഇവരെയോര്‍ത്ത് പുളകിതരാകാത്ത ഭാരതീയരുണ്ടാകുമോ.

എല്ലാ ദക്ഷിണാഫ്രിക്കക്കാരും സ്വതന്ത്രമായി ശ്വസിക്കുന്നതിന് ആഫ്രിക്കന്‍ സഹോദരി സഹോദരന്‍മാരോടൊപ്പം ഇന്ത്യാക്കാരുടെ തലമുറകളും കഷ്ടപ്പെടുകയും ത്യാഗമനുഭവിക്കുകയും ചെയ്തു. ഈ രാജ്യത്തിനായി സമര്‍പ്പണം ചെയ്തിട്ടുള്ള നിങ്ങളെും എണ്ണിയാലൊടുങ്ങാത്ത മറ്റാനേകം പേരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യന്‍ പൈതൃകത്തിന്‍റെ അഭിമാന പുത്രന്‍മാരും പുത്രിമാരുമാണ് അവര്‍. ദക്ഷിണാഫ്രിക്കയുടെ അഭിമാനികളും, കഠിനപ്രയത്ന ശീലരും വിശ്വസ്തരുമായ പൌരന്‍മാരാണ് നിങ്ങള്‍. അഭിവൃദ്ധിപ്രാപിക്കുന്ന ആഗോള ഇന്ത്യന്‍ കുടുംബത്തിന്‍റെ ഭാഗം കൂടിയാണ് നിങ്ങള്‍. നമ്മുടെ രണ്ട് വന്‍ രാജ്യങ്ങള്‍ക്കുമിടയില്‍ നിങ്ങള്‍ അതുല്യമായ ബന്ധം തീര്‍ക്കുന്നു. നമ്മുടെ പൊതുവായ മൂല്യങ്ങളാലും പോരാട്ടങ്ങളാലും പരിപോഷിപ്പക്കപ്പെട്ട ബന്ധമാണത്. ആ ബന്ധത്തിന്‍റെ അടിത്തറയിലാണ് ഐശ്വര്യപൂര്‍ണ്ണമായ നമ്മുടെ ഭാവി നാം കെട്ടിപ്പടുക്കുന്നത്.

സുഹൃത്തുക്കളെ,

ദക്ഷിണാഫ്രിക്ക ഒരു പരിപാവനമായ ഭൂമിയാണ്. അത് മഡീബയുടെ ഭൂമിയും മഹാത്മാ ഗാന്ധിയുടെ കര്‍മ്മ ഭൂമിയുമാണ്. ഈ വലിയ രണ്ട് മനുഷ്യര്‍ നമുക്ക് നേടിതന്ന സ്വാതന്ത്ര്യവും, അവര്‍ തെളിയിച്ച പാതയും മനുഷ്യരാശിക്ക് തന്നെ ഒരു പ്രചോദനമാണ്. അവരുടെ അക്ഷീണമായ ചേതനയും ധൈര്യവും ധാര്‍മ്മിക ശക്തിയും വരും തലമുറകള്‍ക്ക് മാര്‍ഗദര്‍ശനമായ ദീപസ്തംഭമായി നിലകൊള്ളും. ബ്രിട്ടീഷുകാരില്‍ നിന്ന് മഹാത്മാ ഗാന്ധി ഇന്ത്യയെ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിച്ചു. അതുവഴി ആധുനിക ഇന്ത്യക്ക് ജന്മം നല്‍കി. നെല്‍സണ്‍ മണ്ഡേലയുടെ ക്ഷേമാശീലവും സ്വാതന്ത്ര്യത്തിലേയ്ക്കുള്ള അദ്ദേഹത്തിന്‍റെ ലോംഗ് മാര്‍ച്ചും ഒരു മഴവില്‍ രാഷ്ട്രത്തിന് ഉദയമേകി. ഗാന്ധിജിക്ക് തന്‍റെ ഹൃദയത്തോട് ഏറ്റവും പ്രിയപ്പെട്ടതായിരുന്ന ദക്ഷിണാഫ്രിക്ക.
ഇവിടെ തനിക്ക് ഒരു പുതിയ ജന്മമുണ്ടായതായി മഹാത്മാ ഗാന്ധി കരുതിയിരുന്നു.

1914 ജൂലൈയില്‍ ദക്ഷിണാഫ്രിക്കയോട് വിടച്ചൊല്ലവേ അദ്ദേഹം പറഞ്ഞു : ”ഈ ഉപഭൂഖണ്ഡം എന്‍റെ ജന്മനാട് കഴിഞ്ഞാല്‍ എനിക്ക് പവിത്രവും പ്രിയപ്പെട്ടതുമായി മാറി. ഞാന്‍ ദക്ഷിണാഫ്രിക്കയുടെ തീരങ്ങള്‍ വിടുന്നത് വിഷമത്തോടെയാണ്. ദക്ഷിണാഫ്രിക്കയെ എന്നില്‍ നിന്നും അകറ്റുന്ന അതേ ദൂരം തന്നെ എന്നെ അതോടൊപ്പം അടുപ്പിക്കുകയും ചെയ്യും. പക്ഷേ അതിന്‍റെ ക്ഷേമത്തെക്കുറിച്ച് എന്നും എനിക്ക് ആശങ്കയായിരുക്കും”. ഒരു നൂറ്റാണ്ടിന് ശേഷം ഇന്ന് നാം ദക്ഷിണാഫ്രിക്കയെ കുറിച്ചും അദ്ദേഹത്തെക്കുറിച്ചും ചിന്തിക്കുന്പോള്‍ ഈ വാക്കുകള്‍ നമ്മുടെ മനസുകളില്‍ മുഴങ്ങും.

സഹോദരി സഹോദരന്മാരേ,

പരസ്പരാശ്രിതവും അങ്ങയറ്റം ബന്ധിതവുമായ ലോകത്താണ് ഇന്ന് നാം ജീവിക്കുന്നത്. ഇന്ത്യയിലെ സംഭവവികാസവുമായി നിങ്ങളില്‍ പലരും അടുത്തിടപഴകുന്നവരുമാണ്. നിങ്ങളില്‍ പൂര്‍വ്വപിതാക്കന്മാരുടെ നാടുമായി ബന്ധമുണ്ടാക്കുകയെന്നത് നിങ്ങള്‍ക്ക് വൈകാരികമായ ഒരു ആവശ്യമായിരിക്കാം. പക്ഷേ നിങ്ങള്‍ അതില്‍ മാത്രമായിട്ട് ഒതുക്കി നിര്‍ത്തേണ്ട.

ഇന്ത്യ ഇന്ന് അവസരങ്ങളുടെ ഒരു ഭൂമി കൂടിയാണ്. ആവശ്യക്കാര്‍ക്ക് :

* ബന്ധപ്പെടാം, സഹകരിക്കാം

* പുതുതായി ഉണ്ടാക്കാം, നിര്‍മ്മിക്കാം

* വ്യാപാരവും നിക്ഷേപവും നടത്താം

* ഉല്‍പ്പാദിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം

ആഗോള സമ്പദ്ഘടനയിലെ തിളക്കമാര്‍ന്ന ബിന്ദുക്കളില്‍ ഒന്നാണ് ഇന്ത്യ ഇന്ന്. ലോകമൊട്ടാകെ സാമ്പത്തിക മാന്ദ്യവും വളര്‍ച്ചാനിരക്കിലെ ഇടിവും ദൃശ്യമാകുമ്പോള്‍ ഇന്ത്യ ഇക്കൊല്ലം 7.6 ശതമാനത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയത്. 8 ശതമാനത്തിലധികം വളര്‍ച്ചാനിരക്ക് ഉയര്‍ത്താന്‍ ഞങ്ങള്‍ ശ്രമിച്ചുവരികയാണ്. വരുംവര്‍ഷങ്ങളില്‍ അതില്‍ കൂടുതലും. ഇന്ത്യയുടെ ചലനാത്മകത കേവലം വാക്കുകളിലല്ല, വ്യക്തമായ കര്‍മ്മപരിപാടികളാണ് അതിനെ നയിക്കുന്നത്. ഇന്ത്യന്‍ സമ്പദ്ഘടനയുടെ മുഖം മാറ്റുന്നതിനുള്ള നമ്മുടെ പ്രതിബദ്ധതയാണ് അത് നിര്‍വ്വചിക്കുന്നത്. ദീര്‍ഘനാളത്തെ ത്വരിത സാമ്പത്തിക വളര്‍ച്ച മാത്രമല്ല, മറിച്ച് പല മടങ്ങായ പരിവര്‍ത്തനങ്ങളാണ് ലക്ഷ്യം.

അതിനാലാണ് പറയുന്നത് ഒരു തവണ നിങ്ങള്‍ അവിടെ വന്ന് ഭാരതത്തിന്റെ ഈ പുരോഗതി നേരില്‍ കാണുക തന്നെ വേണം.

ഇന്ത്യയുടെ 1.25 ബില്യണ്‍ ജനങ്ങളുടെ, അതിന്റെ 500 നഗരങ്ങളുടെ ആറു ലക്ഷത്തോളം ഗ്രാമങ്ങളുടെ പരിവര്‍ത്തനം ലക്ഷ്യമിട്ടാണ്.

സംരംഭങ്ങള്‍ പുഷ്ടിപ്പെടുകയും വ്യാപാരം വളരുകയും രാജ്യം അഭിവൃദ്ധിപ്പെടുകയും വേണം. ഇതിനായി ലോകത്തെ മറ്റുരാജ്യങ്ങളുമായി വ്യാപാരം, നിര്‍മ്മാണം, നൂതനാശയം, നിക്ഷേപ പങ്കാളിത്തം എന്നിവയിലെ ഇന്ത്യയുടെ കഴിവ് ശക്തിപ്പെടുത്തുന്നതിനുള്ള നയപരമായ ഒരു ചട്ടക്കൂടിന് ഞങ്ങള്‍ രൂപം നല്‍കി വരികയാണ്. സുഗമമായ ബിസിനസ്സ് നടത്തുന്നതില്‍ ഞങ്ങള്‍ നല്‍കുന്ന ഊന്നല്‍ പൊതു, സ്വകാര്യ, വ്യക്തിഗത ബിസിനസ്സുകള്‍ രാജ്യത്ത് അവയുടെ പരമാവധി സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. അതാകട്ടെ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളോടെ വേണം സാധ്യമാക്കാന്‍. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം, വാസസ്ഥലം, വൈദ്യുതി, ശുചിത്വം എന്നിവ മാത്രമല്ല, അവരുടെ സാമ്പത്തിക പുരോഗതിയുടെ വാതായനങ്ങളായ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍, റോഡ് ഗതാഗതത്തിനുള്ള ആധുനിക ശൃംഖലകള്‍ തുടങ്ങിയവയും അതിലുള്‍പ്പെടും. പരിസ്ഥിതിക്ക് ഇണങ്ങുംവിധമുള്ള സുസ്ഥിര നഗരവല്‍കൃത സമൂഹത്തെ സൃഷ്ടിക്കുന്നതിന് ലക്ഷ്യമിട്ട് 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കാനാണ് ഞങ്ങളുടെ പദ്ധതി. ലോകത്തെ ഏറ്റവും മികച്ച വിവര സാങ്കേതിക വിദ്യാ വിദഗ്ധരുടെ പിന്തുണയോടെ ഒരു ഡിജിറ്റല്‍ വിപ്ലവത്തിന് ഞങ്ങള്‍ രൂപം നല്‍കിവരുന്നു.

സുഹൃത്തുക്കളേ,

ദക്ഷിണാഫ്രിക്കയെപ്പോലെ ഇന്ത്യയും ഒരു യുവരാഷ്ട്രമാണ്. ഞങ്ങളുടെ 800 ദശലക്ഷം ചെറുപ്പക്കാരുടെ ഊര്‍ജ്ജം പ്രതിഫലിപ്പിക്കുന്നത് രാജ്യത്തിന്റെ മൊത്തത്തിലുള്ള ആഗ്രഹങ്ങളെയും അഭിലാഷങ്ങളെയുമാണ്. ഇന്ത്യയുടെ സമ്പദ്ഘടനയെയും സമൂഹത്തെയും നയിക്കുന്ന ചാലകശക്തിയായി അവര്‍ മാറണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനായി ഇന്ത്യയുടെ യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാന്‍ തീവ്രശ്രമത്തിലാണ് ഞങ്ങള്‍. 2022-ഓടെ ഇന്ത്യയില്‍ 500 ദശലക്ഷം പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ ആവശ്യം നിറവേറുക മാത്രമല്ല, മറിച്ച് പരിശീലനം സിദ്ധിച്ചവര്‍ക്കായുള്ള ആഗോള ആവശ്യം നേരിടുക കൂടിയാണ് ലക്ഷ്യം. ഞാനീ പറയുന്ന മാറ്റം കേവലം കടലാസ്സിലോ പദ്ധതിയിലോ മാത്രമല്ല, ഇതിനകം തന്നെ അത് വെളിപ്പെട്ടു കഴിഞ്ഞു. നമ്മുടെ ഗ്രാമങ്ങളില്‍ പുതിയ ചലനശക്തിയുടെ തരംഗങ്ങള്‍ ദൃശ്യമാണ്. നഗരങ്ങള്‍ മുഴുവനും ഊര്‍ജ്ജഭരിതമാണ്. നമ്മുടെ യുവാക്കളില്‍ ആത്മവിശ്വാസമുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ക്കാകട്ടെ പൂര്‍ണ്ണ ശുഭപ്രതീക്ഷയും. ഇന്ത്യയുടെ ഉയര്‍ച്ച അസാധാരണമായ പൂര്‍വ്വസ്ഥിതി പ്രാപിക്കലിന്റെയും പുനരുദ്ധാനത്തിന്റെയും ഗംഭീരമായ വേഗതയുടെയും കഥയാണ്. ഇന്ന് എച്ച്, ഒ, പി, ഇ അഥവാ ‘ഹോപ്പ്’ എന്ന നാലക്ഷരങ്ങളില്‍ ഇന്ത്യയുടെ കഥ വ്യക്തമാക്കാം. ‘എച്ച്’ എന്നാല്‍ ‘ഹാര്‍മണി’ അഥവാ പൊരുത്തം, ‘ഒ’ എന്നാല്‍ ‘ഒപ്റ്റിമിസം’ അഥവാ ശുഭപ്രതീക്ഷ, ‘പി’ എന്നാല്‍ ‘പൊട്ടന്‍ഷ്യല്‍’ അഥവാ സാധ്യത, ‘ഇ’ എന്നാല്‍ ‘എനര്‍ജി’ അഥവാ ഉത്സാഹം. ഈ ഖ്യാതി മോദിക്കുള്ളതല്ല, അത് ഇന്ത്യയുടെ 1.25 ബില്യണ്‍ ജനങ്ങള്‍ക്കുള്ളതാണ്. അവരാണ് തങ്ങളുടെ വിശ്വാസം എന്റെ ഗവണ്‍മെന്റില്‍ അര്‍പ്പിച്ചതും, ഭരിക്കാനുള്ള ജനവിധി നല്‍കിയതും.
അത് ചെയ്യുക വഴി അവര്‍ തെരഞ്ഞെടുത്തത് :

* വാക്കുകളേക്കാള്‍ പ്രവൃത്തിയും

* നിഷേധാത്മക സമീപനങ്ങള്‍ക്ക് പകരം സകാരാത്മകത്വവും

* ഒഴുക്കിനൊത്തുള്ള നീന്തലിന് പകരം കേന്ദ്രീകൃത മനോഭാവവും

* അന്താരാഷ്ട്ര വിഷയങ്ങളോട് പ്രതികരിക്കുന്നതിനുപരി അവയ്ക്ക് രൂപം നല്‍കലും

* നാമമാത്ര വര്‍ദ്ധനയ്ക്ക് പകരം രൂപാന്തരത്തിനുള്ള കുതിപ്പും ആയിരുന്നു.

സഹോദരീ സഹോദരന്മാരെ,

നമ്മുടെ ദരിദ്ര രാജ്യങ്ങള്‍ക്കും സമാനമായ അഭിലാഷങ്ങളും വെല്ലുവിളികളുമാണുള്ളത്. ഈ രാജ്യത്തെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അന്താരാഷ്ട്ര പ്രസ്ഥാനത്തിന്റെ നേതാക്കളില്‍ ഒന്നായിരുന്നു ഇന്ത്യയും. വര്‍ണ്ണവിവേചനത്തിനെതിരായ ആഗോള പോരാട്ടത്തിന്റെ മുന്‍നിരയില്‍ നിന്നാണ് ഞങ്ങള്‍ നയിച്ചത്. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ മഴവില്‍രാജ്യം പിറന്നപ്പോള്‍ സ്‌നേഹോഷ്മളമായി അതിനെ ആദ്യം പുണര്‍ന്നവരില്‍ ഞങ്ങളുമുണ്ട്.
ഇതോടെ നമ്മുടെ ബന്ധങ്ങളില്‍ പുതിയതും തിളങ്ങുന്നതുമായ ഒരു അധായത്തിന് തുടക്കമായി. സാമ്പത്തിക രംഗത്ത് നമ്മുടെ യുവാക്കള്‍ക്കും ജനങ്ങള്‍ക്കുമായി ഒട്ടേറെ കാര്യങ്ങള്‍ നമുക്ക് ചെയ്യാനാകും. ഇന്ത്യയ്ക്കും, ദക്ഷിണാഫ്രിക്കയ്ക്കും ജനസംഖ്യാപരമായി ഒട്ടേറെ അവസരങ്ങളുണ്ട്. നമുക്ക് ഇരുകൂട്ടര്‍ക്കുമുള്ളത് യുവത്വമാര്‍ന്ന ജനസംഖ്യയാണ്. ഇന്ത്യയില്‍ നമ്മുടെ ജനങ്ങളില്‍ മൂന്നില്‍ രണ്ടു ഭാഗവും 35 വയസ്സിന് താഴെയുള്ളവരാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും ഇതുതന്നെയാണ് കഥ. ഇന്ത്യയും ദക്ഷിണാഫ്രിക്കയും വികസനലക്ഷ്യങ്ങള്‍ നേടുന്നതിന് നമ്മുടെ പരിചയസമ്പന്നതയും, പങ്കാളിത്തവും, വൈദഗ്ധ്യവും പങ്കിടണം. ദക്ഷിണാഫ്രിക്ക അവിടുത്തെ ജനങ്ങളുടെ സാമ്പത്തി അഭിവൃദ്ധിക്കും സുരക്ഷയ്ക്കുമായി പ്രവര്‍ത്തിക്കുമ്പോള്‍ അത് ഇന്ത്യയില്‍ ഒരു വിശ്വസ്ത പങ്കാളിയെ കണ്ടെത്തും. ഈ യാത്രയില്‍ നിങ്ങളോടൊപ്പം ചേരാന്‍ ഇന്ത്യ ഒരുക്കമാണ്. നമ്മുടെ വികസന ബിസിനസ്സ് പങ്കാളിത്തങ്ങള്‍ നല്ല രീതിയില്‍ത്തന്നെ മുന്നേറുന്നു. പക്ഷെ അവയിലെ കുതിച്ച് ഓട്ടത്തിന് ഇനിയും ഒട്ടേറെ കാര്യങ്ങള്‍ നാം ചെയ്യേണ്ടതുണ്ട്. നമുക്കൊരുമിച്ച് പുതിയ സംരംഭങ്ങള്‍, പുതിയ വൈദഗ്ധ്യങ്ങള്‍, പുതിയ സാമൂഹിക മൂല്യങ്ങള്‍ എന്നിവ സൃഷ്ടിക്കാം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തന്ത്രപരമായ പങ്കാളികളാണ്. മനുഷ്യ ഉദ്യമത്തില്‍ മുഴുവനായും നിറഞ്ഞുനില്‍ക്കുന്ന ഒരു പങ്കാളിത്തം നാം കെട്ടിപ്പെടുക്കണം.
വ്യത്യസ്ത മേഖലകളില്‍ പുതിയ ഉയരങ്ങള്‍ താണ്ടുന്നവയായിരിക്കണം ആ പങ്കാളിത്തം.

* കൃഷി മുതല്‍ ആരോഗ്യ പരിചരണം വരെ

* സംസ്‌ക്കാരം മുതല്‍ വാണിജ്യം വരെ

* പാരമ്പര്യം മുതല്‍ വ്യാപാരം വരെ

* വ്യവസായം മുതല്‍ സ്ഥാപനനിര്‍മ്മിതി വരെ

* നിക്ഷേപം മുതല്‍ വിവരസാങ്കേതിക വിദ്യ വരെ

* ഖനനം മുതല്‍ നിര്‍മ്മാണം വരെ

* സ്‌പോര്‍ട്ട്‌സ് മുതല്‍ ശാസ്ത്രസാങ്കേതിക വിദ്യ വരെ

* പ്രതിരോധം മുതല്‍ വികസനം വരെ

മേഖലാ പങ്കാളിത്തത്തിലും നാം സജീവമാണ്. ആഫ്രിക്കയിലെ നമ്മുടെ സുഹൃത്തുക്കള്‍ക്കായി നമുക്ക് പുതിയ മൂല്യങ്ങള്‍ സൃഷ്ടിക്കാം. നമ്മുടെ കമ്പനികള്‍ ഇതിനകം തന്നെ ജനങ്ങള്‍ക്ക് സാമ്പത്തിക ഗുണഫലങ്ങള്‍ നല്‍കാനായി ഇപ്പോള്‍ത്തന്നെ യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഭൂഖണ്ഡത്തില്‍ മാറ്റത്തിനുള്ള ഉപകരണമാകാന്‍ അവയ്ക്ക് കഴിയും. യുവാക്കളെ ശാക്തീകരിക്കുന്നതിലും ദാരിദ്ര്യം, പട്ടിണി, രോഗം, പോഷകാഹാരക്കുറവ് എന്നിവ നേരിടുന്നതിനും നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം. നമ്മുടെ രാജ്യങ്ങള്‍ മാത്രമല്ല, ആഫ്രിക്കയിലെമ്പാടും, കൂടാതെ മറ്റ് വികസ്വര മേഖലകളിലും ആഗോള വെല്ലുവിളികളുടെ കാലത്താണ് നാം ജീവിക്കുന്നത്. ഭീകരത, കടല്‍ക്കൊള്ള, എയ്ഡ്‌സ്, എബോള എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടമാണ് നമ്മുടെ സഹകരണത്തിലെ മുഖ്യപരിഗണനകള്‍. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയുള്ള നമ്മുടെ സഹകരണം കാലാവസ്ഥാ മാറ്റത്തെയും കണക്കിലെടുത്തുകൊണ്ടായിരിക്കണം. പാരീസില്‍ ചരിത്രപരമായ ഉടമ്പടിയില്‍ നാം യോജിച്ചിരുന്നു. പുതിയ ഊര്‍ജ്ജ സ്രോതസ്സുകളും സാങ്കേതിക പരിഹാരങ്ങളും കണ്ടെത്താന്‍ നമുക്ക് കരുത്തുറ്റ പങ്കാളികളായി ഒന്നിച്ച് പ്രവര്‍ത്തിക്കണം. ആഗോളതലത്തിലെ നടപടികള്‍ ഏകോപിപ്പിക്കാന്‍ ഇന്ത്യ മുന്നോട്ടുവച്ച അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിന് 120-ലധികം രാജ്യങ്ങളുടെ പിന്തുണ കിട്ടി. സൗരോര്‍ജ്ജത്താല്‍ സമ്പന്നമായ ദക്ഷിണാഫ്രിക്ക ഈ പരിപാടിയിലെ നിര്‍ണ്ണായക പങ്കാളിയാണ്. ‘ഇബ്‌സ’ യിലും (ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക കൂട്ടായ്മ), ‘ബ്രിക്‌സ്’ ലും നമ്മുടെ സഹകരണം ആഗോള അജണ്ടയ്ക്കുള്ളില്‍ നിന്നുകൊണ്ട് മുന്‍ഗണനകള്‍ക്ക് രൂപം നല്‍കുന്നു.

സഹോദരീ സഹോദരന്മാരെ,

ഉയര്‍ത്തെഴുന്നേറ്റ ഒരു ഇന്ത്യ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. പ്രവേശനത്തിനുള്ള ഒട്ടേറെ തടസ്സങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിന് ഞങ്ങള്‍ നിരവധി നടപടികള്‍ കൈക്കൊണ്ടു. ഒ.സി.ഐ., പി.ഐ.ഒ പദ്ധതികളെ ലയിപ്പിച്ച് ഒന്നാക്കി. ഇക്കൊല്ലം ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്ക ഇ-വിസ അനുവദിച്ചു. ഇപ്പോള്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്നുകൊണ്ടുതന്നെ യാതൊരു ചെലവുമില്ലാതെ ഇന്ത്യന്‍ വിസ ലഭിക്കും. ഈ അടുപ്പമുള്ള സഹകരണത്തില്‍ നിന്ന് ഇന്ത്യയ്ക്കും, ദക്ഷിണാഫ്രിക്കയ്ക്കും ഒട്ടേറെ ഗുണമുണ്ട്. ഇന്ത്യയുടെ പൈതൃകത്തിനും, ധര്‍മ്മചിന്തയ്ക്കും, മൂല്യങ്ങള്‍ക്കും നിങ്ങള്‍ ഒരു ജാലകപ്പടിയാണ്. നിങ്ങളുടെ പൂര്‍വ്വപിതാമഹന്മാര്‍ ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായി പൊരുതിയിരുന്നു. ഇന്ന് സാമ്പത്തിക അഭിവൃദ്ധിയിലേക്കുള്ള ദക്ഷിണാഫ്രിക്കയുടെ പ്രയാണത്തില്‍ നിങ്ങള്‍ക്ക് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കാം. ഈ നാടുമായുള്ള ഞങ്ങളുടെ ബന്ധങ്ങളില്‍ നിങ്ങള്‍ സുപ്രധാനമായ ഒരു കണ്ണിയാണ്.
ഉപസംഹരിച്ചുകൊണ്ട് ഞാന്‍ പറയട്ടെ, നിങ്ങളുടെ നേട്ടങ്ങള്‍, നിങ്ങളുടെ സംഭാവനകള്‍, നിങ്ങളുടെ വിജയങ്ങള്‍, ഇവയെല്ലാം അഭിമാനാര്‍ഹമാണ്. നിങ്ങളുമായി സംവദിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഇതൊരു വലിയ അവസരവുമാണ്. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സോഷ്യല്‍ മീഡിയ വഴി എന്നെ ബന്ധപ്പെടാം. നിങ്ങള്‍ ‘നരേന്ദ്ര മോദി ആപ്’ ഡൗണ്‍ലോഡ് ചെയ്ത് നിരന്തരം ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തുക.
നിങ്ങളുടെയിടയില്‍ വരാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്.

വളരെ വളരെ നന്ദി, നമസ്‌തെ.