പിഎം ഇന്ത്യ
മെഗാ നറുക്കെടുപ്പ് ഏപ്രില്‍ 14ന്
രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ കറന്‍സിയുടെ സ്വാധീനം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇതിലേയ്ക്ക് കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതിനായുള്ള നിതി ആയോഗിന്റെ പ്രോത്സാഹന പദ്ധതി ഫലം കണ്ടു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി 2016 ഡിസംബര്‍ 25നാണ് ‘ലക്കി ഗ്രാഹക്ക് യോജന’, ‘ഡിജിധന്‍ വ്യാപാര്‍ യോജന’ എന്നീ രണ്ടു പ്രധാന ഉത്തേജന പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇതിലൂടെ ഇതുവരെ 12.5 ലക്ഷം പൊതുജനങ്ങള്‍ക്കും 70,000ല്‍ പരം വ്യാപാരികള്‍ക്കും സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഈ രണ്ടു പദ്ധതികള്‍ പ്രകാരം ഇതിനകം തന്നെ 226,45,40,000 രൂപ (ഉപഭോക്താക്കള്‍ക്ക് 176,95,40,000 രൂപയും വ്യാപാരികള്‍ക്ക് 49,50,00,000 രൂപയും) വിതരണം ചെയ്തുകഴിഞ്ഞു. ലിംഗ-പ്രായഭേദങ്ങളോ സാമ്പത്തികവ്യത്യാസമോ ഇല്ലാതെ ജീവിതത്തിന്റെ വിവിധ തുറയില്‍പ്പെട്ടവര്‍ക്കാണ് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിച്ചത്. ബിഹാറിലെ അസംഗഢ് ഗ്രാമത്തിലെ 27 വയസ് പ്രായമുള്ള ദേവേന്ദര്‍ എന്ന വ്യാപാരി ലക്കി ഗ്രാഹക് യോജനയുടെ നറുക്കെടുപ്പിലൂടെ നേടിയത് ഒരു ലക്ഷം രൂപയായിരുന്നു. പന്ത്രണ്ട് അംഗ കുടുംബത്തിലെ ആറു മക്കളില്‍ മൂത്തവനായ ഇദ്ദേഹത്തിന് താന്‍ നടത്തുന്ന നിരവധി ഇടപാടുകള്‍ ഡിജിറ്റല്‍ വഴിയാക്കിയാല്‍ വളരെ സുഗമമാക്കാമെന്ന് ബോദ്ധ്യപ്പെടുകയായിരുന്നു. സഹോദരന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഇതിനായി ഉപയോഗിച്ചിരുന്ന ഇദ്ദേഹം വളരെ വേഗം തന്നെ സ്വന്തം അക്കൗണ്ട് ആരംഭിക്കും.
സുനില്‍ വിശ്വാസ് ചൗഹാന്‍ എന്ന 22 വയസുള്ള മഹാരാഷ്ട്രയിലെ പച്ച്വാട് ഗ്രാമത്തിലെ യുവ കര്‍ഷകനും ഡിജിറ്റല്‍ ഇടപാടുകളില്‍ സന്തുഷ്ടനാണ്. സ്വന്തം കാര്‍ഷിക വിളകളും പാലും വില്‍പ്പന നടത്തിയാണ് ഇദ്ദേഹം തന്റെ നിത്യവൃത്തി നടത്തുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ തനിക്ക് വലിയ ആശ്വാസമായെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ” നേരത്തെ എന്റെ പണം മുഴുവന്‍ ഇടനിലക്കാര്‍ തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പണമെല്ലാം എന്റെ അക്കൗണ്ടുകളിലേക്ക് തന്നെ നേരിട്ട് വരികയും അപ്പപ്പോള്‍ അതിന്റെ അറിയിപ്പ് എനിക്ക് കിട്ടുകയും ചെയ്യുന്നുണ്ട്. ഡിജിറ്റല്‍ ഇടപാട് സംവിധാനം എന്റെ അടുത്ത് എത്തിയതില്‍ ഞാന്‍ അതീവ ആഹ്‌ളാദവാനാണ്”. സുനില്‍ പ്രതികരിച്ചു.
നാല്‍പ്പതുകാരിയായ നാഹിദ് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഒരു വ്യാപാരസ്ഥാപനം ആരംഭിച്ചത്. എല്ലാ അവശ്യസാധനങ്ങളും ഡിജിറ്റല്‍ ഇടപാടുകളിലൂടെ നല്‍കുന്നതിനുള്ള സംവിധാനവും ഒരുക്കി. ”ഇന്ന് എന്റെ 80% ഇടപാടുകളും ഡിജിറ്റലായാണ് നടക്കുന്നത്.” അവര്‍ വ്യക്തമാക്കുന്നു. ”ഇത് എന്റെ ചില്ലറ പ്രശ്‌നത്തിനും വലിയ ആശ്വാസമാണ്. മാത്രമല്ല, കറന്‍സി ഉപയോഗത്തിനെക്കാള്‍ വളരെ സുരക്ഷിതമാണെന്നും ഞാന്‍ കരുതുന്നു” അവര്‍ അഭിപ്രായപ്പെട്ടു. താനും തന്റെ ആറു ജീവനക്കാരും ഉപഭോക്താക്കളെ കൂടുതലും ഡിജിറ്റല്‍ ഇടപാടിലേക്ക് മാറാനായി പ്രേരിപ്പിക്കുകയാണെന്നും അവര്‍ വ്യക്തമാക്കുന്നു.
രാജ്യത്താകമാനം സംഘടിപ്പിക്കുന്ന ഡിജിധന്‍ മേളകള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തിനായി ഗവണ്‍മെന്‍റ് കൈക്കൊള്ളുന്ന മുന്‍കൈയാണ്. 100 ദിവസങ്ങള്‍ക്കുള്ളില്‍ 100 നഗരങ്ങളില്‍ ഡിജിധന്‍മേള സംഘടിപ്പിക്കുകയെന്നാണ് ഇതിന്റെ ലക്ഷ്യം. കഴിഞ്ഞ മാര്‍ച്ച് 30ന്റെ (90 ദിവസം പൂര്‍ത്തിയായപ്പോള്‍ കണക്കനുസരിച്ച് 26 സംസ്ഥാനങ്ങളിലും 7 കേന്ദ്ര ഭരണപ്രദേശങ്ങളിലും ഇത്തരം മേളകള്‍ സംഘടിപ്പിച്ചുകഴിഞ്ഞു. ഈ മേളകളിലൂടെ 5000ന് മുകളില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 15ലക്ഷത്തോളം പൗരന്മാരില്‍ എത്തിപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ കുറഞ്ഞപക്ഷം 16000ല്‍ പരം ഗവണ്‍മെന്‍റ് -സ്വകാര്യ സ്ഥാപനങ്ങളെ കറന്‍സിരഹിതമായി പ്രഖ്യാപിക്കാനുമായി. നൂറുദിവസം നീണ്ടുനില്‍ക്കുന്ന ഡിജിധന്‍ മേള ഈ ഏപ്രില്‍ 14ന് മെഗാ നറുക്കോപ്പോടെ അവസാനിക്കും. ഇനി അവശേഷിക്കുന്ന പത്തുദിവസങ്ങളില്‍ ഗാങ്‌ടോക്ക്, ഇംഫാല്‍, ഹരിദ്വാര്‍, നെല്ലൂര്‍ എന്നിവയോടൊപ്പം നടക്കാത്ത മറ്റു സ്ഥലങ്ങളിലും മേളകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
നാണയമൂല്യശോഷണത്തിന് ശേഷം യു.പി.ഐ ഉപയോഗിച്ചുള്ള ഇടപാടുകളില്‍ അസാധാരണമായ തരത്തില്‍ 584% വര്‍ദ്ധന (0.3 മുതല്‍ 4.5 ദശലക്ഷം)യാണ് ഉണ്ടായിട്ടുള്ളത്. ഈ കാലയളവില്‍ ആധാര്‍ ഉപയോഗിച്ചുള്ള ഇടപാടുകളില്‍ മുന്‍പൊരിക്കലുമുണ്ടായിട്ടില്ലാത്ത തരത്തില്‍ 1352% (0.7 മുതല്‍ 2.7% ദശലക്ഷം) വരെ കുതിച്ചുചാട്ടമാണുണ്ടായിട്ടുള്ളത്. യു.പി.ഐ ഇടപാടുകള്‍ക്കായി 2016 ഡിസംബര്‍ 30ന് പ്രധാനമന്ത്രി പുറത്തിറിക്കിയ ഭീം ആപ്പ് അതിന്റെ പുറത്തറിക്കലിന് ശേഷം ഇതുവരെ 18 ദശലക്ഷം പ്രാവശ്യമാണ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ഇതൊരു സര്‍വകാല റെക്കാര്‍ഡാണ്. ഇതോടൊപ്പം 2016 ഒക്‌ടോബര്‍ മുതല്‍ പി.ഒ.എസ് യന്ത്രങ്ങളുടെ എണ്ണത്തില്‍ 13 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള വ്യാപാരികള്‍ കൂടുതലായി ഡിജിറ്റല്‍ ഇടപാടുകള്‍ സ്വീകരിക്കാന്‍ തയാറാണ് എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ന് ഏകദേശം 8 ബില്യണ്‍ ഇടപാടുകളാണ് ഡിജിറ്റല്‍ രൂപത്തില്‍ പ്രതിവര്‍ഷം നടക്കുന്നത്. നമ്മുടെ സമ്പദ് ഘടനയില്‍ കള്ളപ്പണത്തിന്റെ കടന്നുകയറ്റം തടയുന്നതിനും നിഴല്‍ സമ്പദ്‌വ്യവസ്ഥയെ ഇല്ലാതാക്കുന്നതിനുമായി ഈ വര്‍ഷം ഡിജിറ്റല്‍ ഇടപാടുകള്‍ 8 ബില്യണില്‍ നിന്ന് 25 ബില്യണാക്കാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്റ്.
പശ്ചാത്തലം:
ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് 2016 ഡിസംബര്‍ 25 ന് നിതി ആയോഗ് ഉപഭോക്താക്കള്‍ക്കായി ലക്കി ഗ്രാഹക് യോജന (എല്‍.ജി.വൈ), വ്യാപാരികള്‍ക്കായി ഡിജി -ധന്‍ വ്യാപാര്‍ യോജന (ഡി.വി.വൈ), എന്ന രണ്ട് പദ്ധതികള്‍ ആരംഭിച്ചു. 2017 ഏപ്രില്‍ 14 വരെ ഈ രണ്ട് പദ്ധതികള്‍ക്കും കാലാവധി ഉണ്ടായിരിക്കും. പ്രതിദിനം മൊത്തം 1.5 കോടി രൂപയുടെ സമ്മാന തുകയ്ക്കായി ദിവസം പ്രതി 15,000 ജേതാക്കളാണ് അര്‍ഹരാകുന്നത്. ഇതിന് പുറമെ ഓരോ ആഴ്ചയിലും 14,000 ത്തിലേറെ പ്രതിവാര ജേതാക്കള്‍ക്ക് സമ്മാനമായി മൊത്തം 8.3 കോടിയിലേറെ രൂപ ലഭിക്കുന്നു. റുപേ കാര്‍ഡ്, ഭീം ആപ്പ്, യു.പി.ഐ, യു.എസ്.എസ്.ഡി അധിഷ്ഠിത **99# സേവനം, ആധാറുമായി ബന്ധിപ്പിച്ച പേയ്‌മെന്റ് സര്‍വ്വീസ് (എ.ഇ.പി.എസ്) എന്നിവ ഉപയോഗിക്കുന്ന ഉപഭോക്താക്കളും വ്യാപാരികളും പ്രതിദിന പ്രതിവാര നറുക്കെടുപ്പുകളിലൂടെയുള്ള സമ്മാനങ്ങള്‍ക്ക് അര്‍ഹരാണ്.