പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം എക്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യയും (എക്‌സിം) എക്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് കൊറിയയും(കെക്‌സിം) തമ്മിലുള്ള നിര്‍ദ്ദിഷ്ട ധാരണാപത്രത്തിന് അംഗീകാരം നല്‍കി. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും മൂന്നാം ലോക രാജ്യങ്ങളിലെ ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണത്തിനും ഒന്‍പത് ബില്ല്യന്‍ ഡോളറിന്റെ കയറ്റുമതി വായ്പയ്ക്കുള്ളതാണ് കരാര്‍.
വാര്‍ഷിക ധനകാര്യ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി 2017 ജൂണ്‍ 14-15 തീയതികളില്‍ ധനമന്ത്രി ശ്രീ. അരുണ്‍ ജെയ്റ്റിലിയുടെ കൊറിയ സന്ദര്‍ശനവേളയില്‍ സിയോളില്‍ വച്ച് രണ്ടു ബാങ്കുകളും തമ്മില്‍ ധാരണാപത്രം ഒപ്പിടും. ഈ തീരുമാനം രാജ്യത്തിന്റെ അന്താരാഷ്ട്ര കയറ്റുമതി പരിപോഷിപ്പിക്കും. അതോടൊപ്പം കൊറിയയും ഇന്ത്യയും തമ്മിലുള്ള രാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ളവയാക്കുകയും ചെയ്യും. ഈ കയറ്റുമതി വായ്പാ സഹായം എക്‌സിം ബാങ്കിലൂടെ വായ്പയായി ഇന്ത്യയിലെ സ്മാര്‍ട്ട് സിറ്റികള്‍, റെയില്‍വേ, ഊര്‍ജ്ജ ഉല്‍പ്പാദനം, പ്രസരണം എന്നിവ ഉള്‍പ്പെടെയുള്ള മുന്‍ഗണനാ പദ്ധതികള്‍ക്ക് ലഭ്യമാക്കും. പകരം ഇന്ത്യയില്‍ നിന്നും കൊറിയയില്‍ നിന്നും ചരക്കുകളും സേവനങ്ങളും മൂന്നാംലോക രാജ്യങ്ങളിലേക്ക് പദ്ധതിയുടെ ഭാഗമായി നല്‍കും.
പദ്ധതി നടത്തിപ്പിനുള്ള തന്ത്രം ധാരണാപത്രത്തിലേര്‍പ്പെടുന്ന കക്ഷികള്‍ തമ്മില്‍ പരസ്പര കൂടിയാലോചനയിലൂടെ തീരുമാനിക്കും. സാമ്പത്തിക സഹായത്തിന്റെ ഘടന, നിലവിലെ സൗകര്യങ്ങളും നടപടിക്രമങ്ങളും പുനപരിശോധിക്കല്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും. എക്‌സിം ബാങ്ക് ഇന്ത്യയിലെ ലാഭകരമായ പദ്ധതികള്‍ കണ്ടെത്തും. മൂന്നാം ലോക രാജ്യങ്ങളിലെ ലാഭകരമായ പദ്ധതികള്‍ രണ്ടു ഏജന്‍സികളും ചേര്‍ന്നായിരിക്കും കണ്ടെത്തുക. നിക്ഷേപവായ്പയായിട്ടാണ് 9 ബില്യണ്‍ യു.എസ്. ഡോളര്‍ ലഭ്യമാക്കുക. ഒരു നിശ്ചിത അളവ് കൊറിയന്‍ ഇറക്കുമതി ഉള്‍പ്പെടുന്ന പദ്ധതികള്‍ക്കായിരിക്കും സഹായം ലഭിക്കുക. പലിശനിരക്ക് ഒ.ഇ.സി.ഡി കയറ്റുമതി വായ്പാ മാനദണ്ഡ പ്രകാരമായിരിക്കും. ഉദ്ദേശ്യം സംബന്ധിച്ച് എക്‌സിമിന് തൃപ്തികരമാണെങ്കില്‍ ഒരു നിക്ഷേപകന്‍ എന്ന നിലയ്ക്ക് കെക്‌സിമിന്പങ്കാളിയാകാതെ തന്നെ ഈ പണം വിനിയോഗിക്കാന്‍ കഴിയും.
മൂന്നാം ലോകരാജ്യങ്ങളിലേക്ക് ചരക്കുകളും സേവനങ്ങളും ഇന്ത്യ, കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് വിതരണം ചെയ്യുകയെന്നത് ധാരണാപത്രം തുറന്നിടുന്ന അധിക പന്ഥാവാണ്. ഇത് അനുഭവജ്ഞാത്തിന്റെ പരസ്പര കൈമാറ്റം, ധനകാര്യ കയറ്റുമതി ഇറക്കുമതി പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പങ്കുവയ്ക്കല്‍, പദ്ധതി അവലോകനവും ബന്ധപ്പെട്ട മേഖലകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അറിവിന്റെ പങ്കുവയ്ക്കല്‍ തുടങ്ങിയവയൊക്കെ ഇതിലുള്‍പ്പെടും.