രാജ്യത്തിന്റെ ആദരണീയനായ മുന്‍ ഉപ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ലാല്‍ കൃഷ്ണ അഡ്വാനിജി, കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ രാജ്നാഥ് സിംഗ്ജി, മന്ത്രിസഭയിലെയും പാര്‍ലമെന്റിലെയും സഹപ്രവര്‍ത്തകരെ, പോലീസ് സേനയിലെ അവാര്‍ഡ് ജേതാക്കളെ, ഹോട്ട് സ്പ്രിംങ് സംഭവത്തിന്റെ ദൃക്സാക്ഷികളെ, രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ, ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റ് വിശിഷ്ടാതിഥികളെ, പ്രിയ സഹോദരി സഹോദരന്മാരെ,
ധീരതയ്ക്കു മുന്നില്‍ തല കുനിക്കേണ്ടി വരുന്ന നിമിഷങ്ങള്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. ആ നിമിഷങ്ങളില്‍ നാം അഭിമാനപുളകിതരാകറുണ്ട്, ഒപ്പം നമ്മുടെ ഉള്ളില്‍ വികാരങ്ങളുടെ വേലിയേറ്റങ്ങളും ഉണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം ഇത് അത്തരം നിമിഷമാണ്.
രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവന് ബലിയര്‍പ്പിച്ച ഓരോ വ്യക്തിയുടെയും ഓര്‍മ്മയ്ക്കു മുന്നില്‍ ഞാന്‍ ആദരപൂര്‍വം തലകുനിക്കുന്നു. ഈ പൊലീസ് അനുസ്മരണ ദിന വേളയില്‍ രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ ഇവിടെ സന്നിഹിതരായിട്ടുണ്ട്. അവരെ ഞാന്‍ ആദരപൂര്‍വ്വം വന്ദിക്കുന്നു. പൊലീസിന്റെയും അര്‍ധ സൈനിക വിഭാഗങ്ങളുടെയും പാരമ്പര്യമനുസരിച്ചുള്ള സേവനത്തിനുമപ്പുറം നിങ്ങള്‍ അനുഷ്ഠിച്ച അതിശേഷ്ഠമായ ബലിദാനത്തിന്റെ അനുസ്മരണമാണ് ഇന്ന്. ലഡാക്കിലെ മഞ്ഞുമൂടിയ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന നമ്മുടെ ഒന്നാം പ്രതിരോധ നിരയില്‍ കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടെ ജീവിതം സമര്‍പ്പിച്ച ധീരരായ പൊലീസ് സേനാംഗങ്ങളുടെ കഥകള്‍ ഓര്‍മ്മിക്കുന്ന അവസരം കൂടിയാണ് പൊലീസ് അനുസ്മരണ ദിനം. സ്വാതന്ത്ര്യ ലബ്ധി മുതല്‍ ഇന്നോളം രാജ്യത്തെ പൊലീസ് സേനയില്‍ നിന്ന് രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ, ജീവിതം ബലിയര്‍പ്പിച്ച, കര്‍ത്തവ്യ നിര്‍വ്വഹണത്തിനു വേണ്ടി യുവത്വവും ജീവനും മറ്റെല്ലാം സമര്‍പ്പിച്ച ആയിരക്കണക്കിനു പൊലീസ് സേനാംഗങ്ങളെ ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നു. രാജ്യത്തിനു വേണ്ടി ഇത്ര വലിയ ത്യാഗം ചെയ്ത ആ ധീരപുരുഷന്മാര്ക്കും വനിതകള്‍ക്കും മുന്നില്‍ ഞാന്‍ തലകുനിക്കുന്നു. അവരില്‍ പലരുടെയും കുടുംബാംഗങ്ങള്‍ ഇന്ന് ഇവിടെ സന്നിഹിതരായിട്ടുണ്ട്, നിങ്ങളുടെ എല്ലാവരുടെയും മുന്നില്‍, ഓരോ രക്തസാക്ഷിയുടെയും കുടംബാംഗങ്ങളുടെ മുന്നില്‍ ഞാന്‍ ആദരപൂര്‍വ്വം തലകുനിക്കുന്നു.
സുഹൃത്തുക്കളെ,
ദേശീയ പൊലീസ് സ്മാരകം രാജ്യത്തിനു സമര്‍പ്പിക്കാന്‍ ലഭിച്ച ഈ അവസരം വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. അതേ സമയം രാജ്യത്തിനു വേണ്ടിയുള്ള സമര്‍പ്പണത്തിന്റെയും സേവനത്തിന്റെയും അനശ്വരമായ കഥകളുടെ പ്രതീകം കൂടിയാണ് ഇത്. ഓരോ പൊലീസുകാരന്റെയും ശേഷിയുടെ, ധീരതയുടെ, സേവനത്തിന്റെ, വികാരത്തിന്റെ പ്രതീകമായിട്ടാണ് ഈ സ്മാരകത്തിന്റെ അടിസ്ഥാന ഘടന നിര്‍മ്മിച്ചിരിക്കുന്നത്. നമ്മുടെ സമൂഹത്തില്‍ നിത്യവും പ്രവഹിക്കുന്ന ഒരുമയുടെ പ്രതീകമാണ് പാറക്കെട്ടില്‍ നിന്നു പ്രവഹിക്കുന്ന നീര്ച്ചാല്. ധീരതയുടെ ചുവരിന്മേല് ആലേഖനം ചെയ്തിരിക്കുന്നത്, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ വെല്ലുവിളികളെ എതിരിട്ട് ജീവന് ബലി നല്കിയ 34,844 പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകളാണ്.
പുതിയതായി നിര്‍മ്മിച്ചിരിക്കുന്ന ഈ സ്മാരകത്തിലെ ഓരോ മണല്തരിയും, ഓരോ ഓര്‍മ്മകളായി, രാജ്യത്തെ ഓരോ പൗരനും പ്രചോദനമാകും, നമ്മുടെ യുവാക്കളെ ആവേശം കൊള്ളിക്കും, നമ്മുടെ അര്‍ദ്ധ സൈനിക വിഭാഗത്തിന്റെയും പോലീസ് സേനയുടെയും ഈ തിളങ്ങുന്ന ചരിത്രം ഭാവിയില്‍ ഇവിടുത്തെ ഓരോ കുട്ടിക്കും പ്രോത്സാഹനമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. രാപകല്‍ ഭേദമെന്യെ ഒരു ക്ഷീണവും കൂടാതെ, ഉത്തരവാദിത്തത്തിന്റെ പാതയില്‍ നെഞ്ചുറപ്പോടെ നിങ്ങള്‍ നിലക്കൊണ്ടു. എല്ലാ ഋതുക്കളിലും, വേനലില്‍, മഞ്ഞില്‍, മഴയില്‍ നമ്മുടെ അതിര്‍ത്തിയില്‍ നിങ്ങള്‍ കാവല്‍ നിന്നു. നിങ്ങള്‍ക്ക് ഉത്സവങ്ങള്‍ ഇല്ലായിരുന്നു, ആഘോഷങ്ങള്‍ ഇല്ലായിരുന്നു. ആ വികാരങ്ങളാണ് ഈ സ്മരകം കാണുമ്പോള്‍ ഞങ്ങളില്‍ ഉണരുന്നത്.
സുഹൃത്തുക്കളെ,
രാജ്യത്തിന്റെ സമാധാനത്തെ ഭംഗപ്പെടുത്താനുള്ള ശിഥില ശക്തികളെ നിരാശപ്പെടുത്തുന്ന, നിങ്ങളുടെ മാന്യ മനസ്കതയുടെ സാക്ഷ്യം കൂടിയാണ് ഇത്. രാജ്യത്തിനകത്ത് ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് നടന്ന എത്രയോ ശ്രമങ്ങളെ നിങ്ങള്‍ തകര്‍ത്തിരിക്കുന്നു. വിശദാംശങ്ങള്‍ പൊതുജനം അറിയാത്ത ഇത്തരം നീക്കങ്ങളില്‍, നിങ്ങളുടെ ധീരതയ്ക്ക് പരസ്യമായി അംഗീകാരങ്ങള്‍ ലഭിക്കാതെ പോയിട്ടുണ്ട്. പക്ഷെ, ഈ രാജ്യത്തെ ഓരോ പൗരനും സമാധാനത്തോടെ ഇവിടെ ജീവിക്കുവാന്‍ സാധിക്കുന്നത് നിങ്ങള്‍ നിങ്ങളുടെ കൃത്യനിര്‍വഹണത്തില്‍ പുലര്‍ത്തുന്ന ആത്മ സമര്‍പ്പണം മൂലമാണ്.
സുഹൃത്തുക്കളെ,
ജമ്മു കാഷ്മീരില്‍ സമാധാനം നിലനിര്‍ത്താന്‍ വേണ്ടി ഭീകരതയ്ക്ക് എതിരെ പോരാടുന്ന ഓരോ ജവാനെയും ഈ അവസരത്തില്‍ നാം അനുസ്മരിക്കണം. രാജ്യത്തെ നക്സല്‍ ബാധിത ജില്ലകളില്‍ നിയുക്തരായിരിക്കുന്ന ഓരോ ജവാനോടും ഇതേ കാര്യം തന്നെയാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ ചെയ്യുന്നത് ശ്രേഷ്ഠമായ ജോലിയാണ്. സമാധാനം പുനസ്ഥാപിക്കുന്നതിന് അതിവേഗത്തില്‍ നിങ്ങള്‍ മുന്നേറുകയാണ്. ഇന്ന് രാജ്യത്തെ നക്സല്‍ ബാധിത ജില്ലകളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ടെങ്കില്‍, കൂടുതല്‍ ചെറുപ്പക്കാര്‍ മുഖ്യധാരയിലേയ്ക്കു കടന്നു വരുന്നുണ്ടെങ്കില്‍ അതില്‍ നിര്‍ണായക പങ്കു വഹിച്ചിരിക്കുന്നത് നിങ്ങളാണ്. ഉത്തര പൂര്‍വ്വ മേഖലകളില്‍ നമ്മുടെ സഹപ്രവര്‍ത്തകര്‍ ഇന്ന് ചെയ്യുന്ന ധീരവും ത്യാഗപൂര്‍ണവുമായ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ അറിയുന്നു. ഇന്നു രാജ്യത്തിന്റെ സമാധാനത്തിന്റെയും അഭിവൃദ്ധിയുടെയും പ്രതീകമായി മാറിയിരിക്കുന്ന ഉത്തര പൂര്‍വ്വ മേഖലകളുടെ വികസനത്തിനു നിങ്ങളുടെ സംഭാവനയുണ്ട്.
സുഹൃത്തുക്കളെ,
ദുരന്തനിവാരണ മേഖലകളില്‍ സ്തുത്യര്‍മായി പ്രവര്‍ത്തിച്ചിട്ടും ആ സേവനങ്ങള്‍ അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടാതെ കടന്നു പോയ ജവാന്മാരെ ഓര്‍മ്മിക്കുന്ന അവസരം കൂടിയാണ് ഇന്ന്. പ്രകൃതി ദുരന്തങ്ങളിലും അത്യാഹിതങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സമയ, ദേശ, കാല ഭേദമെന്യെ ഓടിയെത്തിയവരാണ് അവര്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എവിടെ എന്തു പ്രകൃതി ദുരന്തം ഉണ്ടായാലും യൂണിഫോം ധരിച്ച, എന്‍ ഡി ആര് എഫ് അല്ലെങ്കില്‍ എസ് ഡി ആര് എഫ് എന്ന മുദ്ര ഉള്ള പട്ടാളക്കാര്‍ ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ രാപ്പകല്‍ കഠിനാധ്വാനം ചെയ്യുന്നതു നിങ്ങള്‍ക്ക് അവിടെ കാണാന്‍ സാധിക്കും.
നിങ്ങള്‍ ഒരു പക്ഷെ മനസിലാക്കിട്ടില്ലായിരിക്കാം, കാക്കി വേഷം ധരിച്ചു നടക്കുന്ന നമ്മുടെ പൊലീസ് സേനയിലെ ജവാന്മാര് തന്നെയാണ് അവര്‍. അവരുടെ ധീരത, സമര്‍പ്പണം, സേവനം രാഷ്ട്രം മറക്കാന്‍ പാടില്ല. ഒരു പ്രകൃതി ദുരന്തം ഉണ്ടാകുമ്പോള്‍, കെട്ടിടം ഇടിഞ്ഞു വീഴുമ്പോള്‍, യാത്രാ ബോട്ട് മുങ്ങുമ്പോള്‍, തീ ആളി പടരുമ്പോള്‍, ട്രെയിന്‍ അപകടം സംഭവിക്കുമ്പോള്‍ അവിടെയെല്ലാം രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തുന്ന ഈ സൈനിക വിഭാഗം ആരാണ് എന്ന് പലക്കും അറിയില്ല. ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. ഓരോ പൊലീസ് പോസ്റ്റിലും കാവലായി, സംസ്ഥാനങ്ങളിലെ ഓരോ പൊലീസ് സ്റ്റേഷനിലും ക്രമസമാധാന പാലനത്തിനായി, ഓരോ ദേശീയ സ്വത്തിന്റെയും സംരക്ഷണത്തിനായി നിയുക്തരായിരിക്കുന്ന എല്ലാ സഹപ്രവര്‍ത്തകരെയും ഈ അനുസ്മരണാ ദിനത്തില്‍ ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ
ഈ സ്മാരകം സമര്‍പ്പിച്ചിരിക്കുന്നത് ധീരതയ്ക്കും സേവനത്തിനുമാണ്. പക്ഷെ അത് ഗവണ്മെന്റിന്റെ പ്രതിബദ്ധത കൂടി പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷയുമായി സഹകരിച്ചിട്ടുള്ള ഓരോ ഇന്ത്യക്കാരനോടുമുള്ള ആദരവാണ് രാജ്യത്തിന്റെയും രാഷ്ട്ര നിര്‍മ്മാണത്തിന്റെയും പ്രതീകം കൂടിയായ ഇതിനടിസ്ഥാനം. ദേശീയ പൊലീസ് സ്മാരകത്തെ കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു. പക്ഷെ ഈ സന്ദര്‍ഭത്തില്‍ എന്റെ മനസില്‍ ഏതാനും ചോദ്യങ്ങളും ഉയരുന്നുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം, ഒരു പൊലീസ് സ്മാരകത്തിന്റെ ആവശ്യകത അംഗീകരിച്ചിട്ട് എന്തുകൊണ്ട് ഈ 70 വര്‍ഷങ്ങള്‍ കടന്നു പോയി. പൊലീസ് ദിനാചരണത്തിനു ഉപോത്ബലകമായ ഹോട്ട് സ്പ്രിംങ് സംഭവം ഉണ്ടായിട്ടും 60 വര്‍ഷങ്ങള്‍ കഴിഞ്ഞു. അപ്പോള്‍ എന്തിന് ഇത്ര വര്‍ഷങ്ങള്‍ കാത്തിരുന്നു.
സുഹൃത്തുക്കളെ,
പൊലീസ് സേനയ്ക്കായി ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ സ്മാരകത്തിന്റെ ആശയം ആദ്യം കടന്നു വന്നത് 20 -25 വര്‍ഷം മുമ്പാണ്. പിന്നീട് ഗവണ്മെന്റ് അത് അംഗീകരിച്ചു. എന്നാല്‍ അടല്‍ ബിഹാര്‍ വാജ്പേയി ഗവണ്മെന്റിന്റ് കാലത്താണ് ഇതിനുള്ള അദ്യ നടപടികള്‍ യാഥാര്‍ത്ഥ്യമായത്. അങ്ങിനെ 2002 ല്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ആദരണീയനായ അഡ്വാനിജി ഇതിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. ഇന്ന് അഡ്വാനിജിയും ഇവിടെ സന്നിഹിതനാണ്. തന്റെ സ്വ്പനം സാക്ഷാത്കരിക്കപ്പെട്ടതില്‍ അദ്ദേഹവും അഭിമാനിക്കുന്നു. പക്ഷെ, ശിലാസ്ഥാപനം കഴിഞ്ഞ ശേഷം ഈ സ്മാരകത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ചില നിയമ കുരുക്കുകളില്‍ കുരുങ്ങി നിര്‍മ്മാണം ഏതാനും വര്‍ഷത്തേയ്ക്ക് നിശ്ചലമായി എന്ന കാര്യം ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ കഴിഞ്ഞ ഗവണ്മെന്റിന് ഈ കാര്യത്തില്‍ താല്പര്യം ഉണ്ടായിരുന്നെങ്കില്‍, അവര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നെങ്കില്‍ എത്രയോ വര്‍ഷം മുന്നേ ഈ സ്മാരകത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാമായിരുന്നു. എന്നാല്‍ അഡ്വാനിജി സ്ഥാപിച്ച ഈ തറക്കല്ലിനു മേല്‍ പൊടി കയറി മൂടട്ടെ എന്ന് മുന്‍ ഗവണ്മെന്റ് തീരുമാനിച്ചു.
2014 ല്‍ എന്‍ ഡി എ ഗവണ്മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ ഞങ്ങള്‍ ഇതിന് പണം അനുവദിച്ചു. ഇന്നിതാ ഈ പ്രൗഢ മന്ദിരം രാഷ്ട്രത്തിനു സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഒരു പക്ഷെ മഹത്തായ ഈ ദൗത്യം നിര്‍വഹിക്കുന്നതിനായി ദൈവം എന്നെ തന്നെ തെരഞ്ഞടുക്കുകയായിരുന്നു. ഇതാണ് ഈ ഗവണ്മെന്റിന്റെ പ്രവര്‍ത്തന ശൈലി. ഒരു ലക്ഷ്യം സമയബന്ധിതമായി നേടുന്നതിനുള്ള പ്രവര്‍ത്തന സംസ്കാരം ഞങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്.
അംബേദ്ക്കര്‍ ഇന്റര്‍ നാഷണല്‍ സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ ജനങ്ങള്‍ക്കു സമര്‍പ്പിച്ചു. അതിന്റെ ചര്‍ച്ച ആരംഭിച്ചത് 1992 ലാണ്. രണ്ടു പതിറ്റാണ്ടോളം ആ ഫയല്‍ പൊടി പിടിച്ചു കിടന്നു. ഈ ഗവണ്മെന്റ് അധികാരത്തില്‍ വന്ന ശേഷമാണ് ആ ഫയല്‍ വീണ്ടെടുത്തത്. അതിനും തറക്കല്ലിട്ടു, നിര്‍മ്മാണം പൂര്‍ത്തിയാക്കി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. അതുപോലെ തന്നെ ബാബ സാഹിബ് അംബേദ്ക്കറിന്റെ 26 – അലിപ്പൂര്‍ റോഡിലുള്ള വസതിയോടു ചേര്‍ന്ന ഒരു സ്മാരകം നിര്‍മ്മാക്കാനുള്ള നടപടികള്‍ അടല്‍ജിയുടെ കാലത്ത് ആരംഭിച്ചതാണ്. എന്നാല്‍ ആ ഗവണ്മെന്റ് അധികാരം വിട്ടതോടെ ആ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും നിലച്ചു. നമ്മുടെ ഈ ഗവണ്മെന്റ് അധികാരത്തില്‍ വന്ന ശേഷമാണ് അതിന്റെ തറക്കല്ലിട്ടത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആ സ്മാരകവും രാഷ്ടത്തിനു സമര്‍പ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. പ്രൗഢമായ ഈ സ്മാരകം ലോകത്തിന് തന്നെ പ്രചോദനമാകുന്നതില്‍ എനിക്കു സന്തോഷമുണ്ട്.
സുഹൃത്തുക്കളെ,
ചിലപ്പോള്‍ വളരെ ഗൗരവമുള്ള ചോദ്യങ്ങള്‍ എന്റെ മനസിനെ കൊളുത്തിട്ടു വലിക്കാറുണ്ട്. രാജ്യത്തിനു വേണ്ടി എല്ലാം ബലികഴിച്ചവരോട്, രാജ്യത്തിനു വേണ്ടി ധീരത പ്രകടിപ്പിച്ചവരോട്, രാജ്യത്തിനു വേണ്ടി മഹത്തായ ജീവത്യാഗം ചെയ്തവരോട് എന്തുകൊണ്ടാണ് മുന്‍ ഗവണ്മെന്റ് ഇത്ര നിന്ദ്യമായ നിലപാട് സ്വീകരിച്ചത്. ഇത് ഒരിക്കലും നമ്മുടെ മഹത്തായ രാജ്യത്തിന്റെ പരാമ്പര്യമോ സംസ്കാരമോ ആയിരുന്നില്ല. പട്ടിണി കിടന്നപ്പോഴും രാജ്യത്തിന്റെ യശസിനു വേണ്ടി എല്ലാം ബലികഴിച്ചവരാണ് നമ്മുടെ ജനങ്ങള്‍.
കഴിഞ്ഞ നാലു വര്‍ഷമായി നമ്മുടെ മഹത്തായ ആ പാരമ്പര്യങ്ങള്‍ പുനസ്ഥാപിക്കുന്നതില്‍ നാം വീണ്ടും വിജയിച്ചിരിക്കുന്നു എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തിനായി സംഭാവനകള്‍ അര്‍പ്പിച്ച, രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തിന്റെ സംരക്ഷകനായ ഈ രാജ്യത്തെ ഓരോ പൗരനും ഇന്ന് ആദരിക്കപ്പെടുന്നു.
ഇന്ന് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഈ ദേശീയ പൊലീസ് സ്മാരകവും ആ പരമ്പരയുടെ ഭാഗമായി മാറിയിരിക്കുകയാണ്. കൃത്യം 10 ദിവസം കൂടി കഴിഞ്ഞാല്‍, ഒക്ടോബര്‍ 31 ന് ഗുജറാത്തിലെ കെവാഡിയായില്‍ സര്‍ദാര്‍ ഭായി പട്ടേലിന്റെ അംബരചുംബിയായ പ്രതിമ ഞാന്‍ രാഷ്ട്രത്തിനു സമര്‍പ്പിക്കും. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ആ പ്രതിമ സര്‍ദാര്‍ സാഹിബ് രാജ്യത്തിനു നല്കിയ സംഭാവനകളെ പ്രതിഫലിപ്പിക്കും.
സുഹൃത്തുക്കളെ,
ഈ സ്മാരകം ആളുകള്‍ക്കു വെറുതെ സന്ദര്‍ശിക്കാനുള്ള ഒരു ഇടം മാത്രമാണ് എന്നു ഞാന്‍ കരുതുന്നില്ല. മറിച്ച് ഇത് രാജ്യത്തിന്റെ പാരമ്പര്യവും യശ്ശസും സംബന്ധിച്ച അറിവ് അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്കുവാനുള്ള കേന്ദ്രമായി വികസിക്കണം. പൊലീസ് സേനയുടെ ധീരതയുടെ കഥകള്‍ ഇവിടെ നിന്ന് നമ്മുടെ കുട്ടികള്‍ അറിയണം. നമ്മുടെ രാജ്യത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും ജീവാര്‍പ്പണം നടത്തുകയും ചെയ്ത ഓരോ രക്തസാക്ഷിയുടെയും പ്രതിമകള്‍ അവര്‍ പഠിച്ച സ്കൂളുകളില്‍ സ്ഥാപിക്കണം എന്നാണ് എന്റെ അഭിപ്രായം. ആ ധീരമനസുകളുടെ പ്രതിമകള്‍ നമ്മുടെ കുട്ടികള്‍ക്ക് പുതിയ പ്രചോദനമാകും.
സുഹൃത്തുക്കളെ,
നമ്മുടെ പൊലീസിലെയോ, സൈനിക, അര്‍ദ്ധ സൈനിക വിഭാഗങ്ങളിലെയോ അംഗങ്ങള്‍ ഒരു പ്രദേശത്തു കൂടി കടന്നു പോകുമ്പോള്‍, അവര്‍ക്ക് സ്വാഭാവികമായ ആദരം ലഭിക്കുന്ന തരത്തിലുള്ള അന്തരീക്ഷം നമ്മുടെ രാജ്യത്ത് സൃഷ്ടിക്കപ്പെടണം. ഈ പൊലീസ് സ്മാരകം, രക്തസാക്ഷികളുടെ അന്തസ്, അവരെ കുറിച്ചുള്ള കഥകള്‍ ആ ദിശയിലേയ്ക്കാണ് നമ്മെ നയിക്കുന്നത്. ഇന്ന് ഈ അവസരത്തില്‍, ഗൗരവമുള്ളതും ചരിത്രപ്രധാനവുമായ ഒരു പ്രഖ്യാപനം ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ നടത്തുകയാണ്.
സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്ത് എവിടെയെങ്കിലും അത്യാഹിതങ്ങളോ പ്രകൃതി ദുരന്തങ്ങളോ സംഭിച്ചാല്‍ അവിടെ ആദ്യം ഓടിയെത്തുന്നത് നമ്മുടെ പൊലീസ്, സൈനിക അര്‍ദ്ധ സൈനിക ജവാന്മാരാണ്. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് അവരെ കൂടാതെ പ്രവര്‍ത്തിക്കാനേ സാധ്യമല്ല. വിപത്ഘട്ടങ്ങളില്‍ അവര്‍ സ്വന്തം ജീവന് പോലും അവഗണിച്ച് മറ്റുള്ളവരുടെ ജീവന് രക്ഷിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ നാം അതിനെ കുറിച്ചു ചിന്തിക്കുന്നേയില്ല എന്നതാണ് സത്യം. രക്ഷാപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് അവര്‍ പതിവുപോലെ അവരുടെ ആസ്ഥാനങ്ങളിലേയ്ക്കും ബറ്റാലിയനുകളിലേയ്ക്കും മടങ്ങി പോവുകയും ചെയ്യുന്നു. ദുരന്ത നിവാരണ വേളകളില്‍ മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ സ്വയം സമര്‍പ്പിക്കുന്ന ആ ധീര സേനാനികള്‍ക്ക് ഒരു പുതിയ ബഹുമതി ഞാന്‍ പ്രഖ്യാപിക്കുകയാണ്. ഈ അവാര്‍ഡുകള്‍ക്ക് അര്‍ഹരായവരുടെ പേരുകള്‍ എല്ലാ വര്‍ഷവും ഭാരതാംബയുടെ വീര പുത്രനായ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23 നു പ്രഖ്യാപിക്കുന്നതാണ്. അസാധ്യകാര്യങ്ങള്‍ സാധ്യമാക്കിയ, ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നു പുറത്താക്കാന്‍ പ്രധാന പങ്കു വഹിച്ച സുഭാഷ് ബാബുവിന്റെ നാമധേയത്തിന് ഈ പുരസ്കാരം തിളക്കമേറ്റും. അദ്ദേഹം സ്ഥാപിച്ച ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ 75-ാം വാര്‍ഷികം പൂര്‍ത്തിയാകുന്ന ഇന്നു തന്നെ ഇതിനു സാധിച്ചതില്‍ അഭിമാനമുണ്ട്.
സഹോദരി സഹോദരന്മാരെ,
ശ്രേഷ്ഠമായ പാരമ്പര്യത്തിനും ധീരവും, സമര്‍ത്ഥവും, ത്യാഗപൂര്‍ണവും ഗംഭീരവുമായ ഭൂതകാലത്തിനുമപ്പുറം ഭാവിയില്‍ വരാനിരിക്കുന്ന വെല്ലുവിളികളിലേയ്ക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.
ജീവിതത്തെ അടിമുടി സാങ്കേതിക വിദ്യ ഇന്ന് പരിവര്‍ത്തനപ്പെടുത്തിയിരിക്കുകയാണ്. കുറ്റകൃത്യങ്ങളിലും ഇതിന്റെ സ്വാധീനം ഉണ്ട്. ഇതേ സാങ്കേതിക വിദ്യകളെ കുറ്റവാളികള്‍ ആയുധമാക്കുന്നു. കിംവദന്തികളും സൈബര്‍ കുറ്റകൃത്യങ്ങളും വലിയ വെല്ലുവിളികളായി മാറുകയാണ്. ഈ സാഹചര്യത്തില്‍ പൊലീസ് സംവിധാനം മറ്റ് ഏജന്‍സികളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതിനൊപ്പം നവീകരണങ്ങളും പുത്തന്‍ സാങ്കേതിക വിദ്യകളും അതിന്റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു.
സുഹൃത്തുക്കളെ,
ഈ ദിശയില്‍ രാജ്യത്ത് പല പരിശ്രമങ്ങളും നടക്കുന്നുണ്ട്. ഓണ്‍ ലൈനായും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സൗകര്യം ഇന്നു രാജ്യത്തെ പല സംസ്ഥാനങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഇന്നു കൈകാര്യം ചെയ്യപ്പെടുന്നത്. സ്ഥിരം പരാതികളും ചെറിയ ആവശ്യങ്ങളുമായി ആളുകള്‍ പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയാല്‍ അത് വളരെ പ്രശംസനീയമായ ഒരു നടപടിയായിരിക്കും.
സുഹൃത്തുക്കളെ,
പൊലീസ് സേനയെ പരിഷ്കരിക്കുന്നതിനുള്ള വലിയ ഒരു സംരംഭം കഴിഞ്ഞവര്‍ഷം ഗവണ്മെന്റ് തുടങ്ങി വച്ചത് നിങ്ങള്‍ക്ക് അറിയാമായിരിക്കും. പൊലീസ് പദ്ധതികളുടെ ആധുനികവത്ക്കരണം. ഏകദേശം 45,000 കോടി രൂപയാണ് പൊലീസ് സേനയുടെ അടിസ്ഥാന സൗകര്യം, സാങ്കേതിക വിദ്യ, പരിശീലനം എന്നിവയ്ക്കായി 2019 -20 സാമ്പത്തിക വര്‍ഷത്തേയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം ആശയവിനിമയ സാങ്കേതിക വിദ്യ, സംവിധാനങ്ങള്‍ തുടങ്ങിയവയുടെ നവീകരണം എന്നിവയ്ക്കായി വിവിധ ജോലികളാണ് നടന്നു വരുന്നത്. അത്യാധുനിക ആയുധങ്ങളുമായി പോലീസ് സേനയ്ക്ക് അതിവേഗം സംഭവസ്ഥലങ്ങളിലേയ്ക്ക് കുതിക്കാന്‍ ഈ നവീകരണം മൂലം സാധിക്കും. എല്ലാ പൊലീസ് സ്റ്റേഷനുകളെയും ഏകോപിപ്പിച്ചുകൊണ്ട് കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും വിവരശേഖരം ഉണ്ടാക്കുന്ന പദ്ധതിയും നടക്കുന്നു. കോടതികള്‍, ഫൊറന്‍സിക്ക് ലാബുകള്‍ തുടങ്ങിയ വകുപ്പുകളിലും ഈ വിവരശേഖരം ലഭ്യമാക്കാനുള്ള ശ്രമങ്ങളും ഉണ്ട്.
ക്രമസമാധാന പാലനം, ഗതാഗത സംവിധാനം എന്നിവ പരിഷ്കരിക്കുന്നതിനായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും നഗരങ്ങള്‍ക്കും പുത്തന്‍ സാങ്കേതിക വിദ്യ ലഭ്യമാക്കാന്‍ ഗവണ്മെന്റ് ശ്രമിച്ചു വരുന്നു. എന്നിരുന്നാലും എത്ര മുന്തിയ സാങ്കേതിക വിദ്യ കൈവശം ഉണ്ടെങ്കിലും മനുഷ്യന്റെ സംവേദന ക്ഷമതയ്ക്കു പകരമാവില്ല അതൊന്നും. അതുകൊണ്ടാണ് പൊലീസ് സേനയിലെ ഓരോ അംഗത്തിന്റെയും പങ്ക് അതി പ്രാധാന്യമുള്ളതാകുന്നത്. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെടുന്നവര്‍, പീഡിപ്പിക്കപ്പെടുന്നവര്‍, ചൂഷിതര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കെല്ലാം വേണ്ടി പ്രഥമ പ്രതിരോധ നിര തീര്‍ക്കുന്നവര്‍ നിങ്ങളാണ്. അപകട സമയങ്ങളില്‍ എല്ലാവരും ആദ്യം അന്വേഷിക്കുന്ന സ്നേഹിതനും പൊലീസ് ആണ്. അതുകൊണ്ട് ക്രമസമാധാന പാലനം നടപ്പിലാക്കുക നിങ്ങളുടെ ഉത്തരവാദിത്വമാണ്. അതോടൊപ്പം ജനങ്ങളുടെ പരാതികള്‍ മനസിലാക്കാനുള്ള ഉത്തരവാദിത്വവും നിങ്ങള്‍ക്കുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍, അവരുടെ കണ്ണുനീര് തുടയ്ക്കുക എന്ന ചുമതല.
പൊലീസ് സ്റ്റേഷനില്‍ വരുന്നവര്‍ക്ക് ഒരു ഗ്ലാസ് പച്ചവെള്ളം നല്കുന്നതു വഴി, അല്ലെങ്കില്‍ ചൂഷിതരോടും പീഡിതരോടും സ്നേഹമസൃണമായി രണ്ടു വാക്കു സംസാരിക്കുന്നതു വഴി സമൂഹവും പൊലീസും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും.
ഈ ബന്ധം കൂടുതല്‍ ശക്തമാകുമ്പോള്‍ സഹകരണത്തിന്റെയും പൊതു ജന പങ്കാളിത്തത്തിന്റെയും സംവിധാനവും ശക്തമാകും. അപ്പോള്‍ കുറ്റകൃത്യങ്ങള്‍ വലിയൊരളവു വരെ നിയന്ത്രിക്കാനും അങ്ങനെ സമൂഹത്തെ സഹായിക്കാനും നിങ്ങള്‍ക്കു സാധിക്കും. എനിക്ക് ഇക്കാര്യത്തില്‍ വലിയ വിശ്വാസമാണ്.
ഇത്ര മനോഹരമായി ഈ ദേശീയ സ്മാരകം ഒരുക്കിയതിന് ഈ പൊലീസ് അനുസ്മരണാ ദിനത്തില്‍ ഞാന്‍ നിങ്ങളെ എല്ലാവരെയും ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു. രാജ്യത്തെ എല്ലാ മുഖ്യ മന്ത്രിമാരും ഈ സ്മാരകം സന്ദര്‍ശിച്ച് പൊലീസ് സേനയിലെ ഈ വീരസേനാനികള്‍ക്ക് ആദരം അര്‍പ്പിക്കണം. ഉദ്യോഗസ്ഥരുടെ സഹായം അതിനു തേടണം. ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള പട്ടികയില്‍ അവരുടെ സംസ്ഥാനത്ത് നിന്നുള്ള ധീര രക്തസാക്ഷികളെ പ്രത്യേകമായി ആദരിക്കണം. നിങ്ങളുടെ ചുമതലകള്‍ക്കു മുന്നില്‍ സമര്‍പ്പണത്തിനു മുന്നില്‍ ഞാന്‍ ആദരപൂര്‍വം തലകുനിക്കുന്നു. എല്ലാ പൊലീസ് കുടുംബാംഗങ്ങള്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും അടുത്തു വരുന്ന ഉത്സവങ്ങളുടെ ആശംസകള്‍ ഞാന്‍ നേരുന്നു.
നിങ്ങള്‍ക്ക് എല്ലാവര്ക്കും വളരെ നന്ദി.
Tributes to our brave police personnel. Dedicating to the nation the National Police Memorial. https://t.co/yp49snY5EN
— Narendra Modi (@narendramodi) October 21, 2018
Today, on #PoliceCommemorationDay, PM @narendramodi inaugurated the National Police Memorial in Delhi.
— PMO India (@PMOIndia) October 21, 2018
He paid tributes to the policemen and policewomen serving India.
He also paid homage to all those police personnel who lost their lives in the line of duty. pic.twitter.com/BKCz4CQIwu
During the programming marking #PoliceCommemorationDay and the inauguration of the National Police Memorial, PM @narendramodi also inaugurated a museum in the same complex as the memorial. pic.twitter.com/Avc8SwFdxk
— PMO India (@PMOIndia) October 21, 2018
Today, we not only dedicate the National Police Memorial to the nation but also salute our police personnel for their service.
— Narendra Modi (@narendramodi) October 21, 2018
I am sure this Memorial will stand as a reminder of the courage and sacrifice of policemen and policewomen, who keep the nation safe. pic.twitter.com/H6mQ2zydkM
Had the opportunity to interact with surviving members of the Hot Springs incident.
— Narendra Modi (@narendramodi) October 21, 2018
The bravery of those associated with the incident will never be forgotten. pic.twitter.com/lG8f1XGLQh
Whenever an unfortunate disaster strikes, it is our police personnel who are working round the clock, at the forefront of rescue and relief operations. Proud of them! pic.twitter.com/Oqirw4i5FW
— Narendra Modi (@narendramodi) October 21, 2018
Made a special announcement at the National Police Memorial. pic.twitter.com/ExJPBAmYET
— Narendra Modi (@narendramodi) October 21, 2018