Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നവീനാശയങ്ങള്‍, സര്‍ഗ്ഗവൈഭവം, സാങ്കേതിക മുന്നേറ്റം : ഇന്ത്യ- സിംഗപ്പൂര്‍ ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


വ്യവസായ വിഭവ സഹകരണത്തിന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള വ്യവസായ നയ, പ്രോത്സാഹന വകുപ്പും (ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രൊമോഷന്‍) സിംഗപ്പൂര്‍ നിയമ മന്ത്രാലയത്തിനുകീഴിലുള്ള ബൗദ്ധിക സ്വത്തവകാശ ഓഫീസും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അടുത്തമാസം (2016 ഒക്ടോബര്‍) 4 മുതല്‍ 7 വരെ നീണ്ടുനില്‍ക്കുന്ന പ്രധാനമന്ത്രിയുടെ സിംഗപ്പൂര്‍ സന്ദര്‍ശനത്തില്‍ ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കും.

പേറ്റന്റുകളുടെ വ്യാവസായിക ഉടമസ്ഥാവകാശം, ട്രേഡ്മാര്‍ക്കുകള്‍, ഇന്‍ഡസ്ട്രിയല്‍ ഡിസൈനുകള്‍ എന്നീ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ധാരണാപത്രം സഹായിക്കും. ഇരു മേഖലകളിലും നവീനാശയങ്ങള്‍, സര്‍ഗ്ഗവൈഭവം, സാങ്കേതിക മുന്നേറ്റം എന്നിവ പ്രോത്സാഹിപ്പിക്കുവാനും ഇത് പ്രയോജനപ്പെടും.

ധാരണാപത്രത്തിന്റെ മുന്‍ഗണനാ മേഖലകള്‍ ഇവയാണ്:

* ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച ഏറ്റവും മികച്ച രീതികള്‍, അനുഭവങ്ങള്‍, വിജ്ഞാനം എന്നിവ സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും പൊതുജനങ്ങള്‍, വ്യപാരമേഖല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെ ബോധവത്കരിക്കുക.

* ബൗദ്ധിക സ്വത്തവകാശ മേഖലയിലെ വിദഗ്ദരുടെ കൈമാറ്റം.

* ബൗദ്ധിക സ്വത്തവകാശ മേഖലയിലെ മികച്ച രീതികള്‍, അനുഭവങ്ങള്‍, അറിവ് എന്നിവ വ്യവസായങ്ങള്‍, സര്‍വകലാശാലകള്‍, ഗവേഷണ വികസന സ്ഥാപനങ്ങള്‍, ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ എന്നിവയുമായി പരസ്പരം കൈമാറുക.

* ആധുനികവത്കരണ പദ്ധതികളുടെ വികസനത്തിനും നടപ്പാക്കലിനും സഹായിക്കുക.

* പ്രാദേശിക ബൗദ്ധിക സ്വത്തവകാശ ബിസിനസ് സമൂഹങ്ങളുമായി പരിശീലനത്തിന് പങ്കാളിത്തം.

ഇരു രാജ്യങ്ങളിലേയും സംരംഭകര്‍, നിക്ഷേപകര്‍, കച്ചവടങ്ങള്‍ എന്നിവയ്ക്ക് പ്രയോജനപ്പെടുന്നവിധം നവീനാശയ മേഖലയിലെ അനുഭവങ്ങള്‍ പരസ്പരം കൈമാറാന്‍ ധാരണാപത്രം സഹായിക്കും.