Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂനതകള്‍ തിരുത്തി ബി.എസ്.എന്‍.എല്ലില്‍ പെന്‍ഷന്‍ പുതുക്കുന്നതിന് അനുമതി


10.6.2013നു മുമ്പ് വിരമിച്ച ബി.എസ്.എന്‍.എല്‍. പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ പുതുക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. 50 ശതമാനം ഡി.എ./ഡി.ആര്‍. അടിസ്ഥാനശമ്പളം/പെന്‍ഷനുമായി ലയിപ്പിക്കുന്നതിലൂടെ ഫിറ്റ്‌മെന്റിന് 78.2 ശതമാനം ഡി.എ./ഡി.ആര്‍. ലഭിക്കും. വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ ബി.എസ്.എന്‍.എല്ലിനുള്ള ബാധ്യതകള്‍ പുതുക്കിക്കൊണ്ടുള്ള വ്യവസ്ഥകളും ഇതിലുണ്ട്.

10.06.2013നു മുമ്പ് വിരമിച്ചവര്‍ക്ക് 01.01.2007 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പെന്‍ഷന്‍ പരിഷ്‌കരിച്ചിരിക്കുന്നത്. 50% ഡി.എ./ഡി.ആര്‍. അടിസ്ഥാനശമ്പളവും പെന്‍ഷനുമായി ലയിപ്പിക്കുന്നതോടെ സര്‍വീസിലുള്ള ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ക്കു തുല്യമായി ഫിറ്റ്‌മെന്റിന് 78.2 ഡി.എ./ഡി.ആര്‍. ആയിരിക്കും പെന്‍ഷന്‍കാര്‍ക്കും. എന്നാല്‍, ഡി.സി.ആര്‍.ജിയിലുള്ള വര്‍ധന, ഉപയോഗിക്കാത്ത അവധിദിനങ്ങള്‍ക്കുള്ള പ്രതിഫലം, പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ എന്നിവ ഈ പെന്‍ഷന്‍കാര്‍ക്കു വര്‍ധിക്കില്ല.

10.10.2000നു മുമ്പ് വിരമിച്ച ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ്(ഡി.ഒ.ടി.), ടെലികോം സേവന വകുപ്പ് (ഡി.ടി.എസ്.), ടെലികോം ഓപ്പറേഷന്‍സ് വകുപ്പ് (ഡി.ടി.ഒ.) ജീവനക്കാരുടെ പെന്‍ഷന്‍ ചെലവു പൂര്‍ണമായും ഗവണ്‍മെന്റാണു വഹിക്കുന്നത്. ഇക്കാര്യത്തില്‍ ബി.എസ്.എന്‍.എല്ലിന് ഒരു സാമ്പത്തിക ബാധ്യതയും ഇല്ല. ബി.എസ്.എന്‍.എല്‍. സ്വീകരിച്ച ജീവനക്കാരുടെ കാര്യത്തിലും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന ഉത്തരവാദിത്തം ഗവണ്‍മെന്റിനാണ്. എന്നാല്‍, ഒരു ജീവനക്കാരന്‍ എത്രകാലം ബി.എസ്.എന്‍.എല്ലില്‍ പ്രവര്‍ത്തിച്ചോ അത്രയും കാലത്തേക്ക് എഫ്.ആര്‍.-116 പ്രകാരമുള്ള പെന്‍ഷന്‍ അംശദായം നല്‍കുന്നതു ബി.എസ്.എന്‍.എല്‍. തുടരും.

പരിഷ്‌കാരം നിമിത്തം വര്‍ധിച്ച ആനുകൂല്യം നല്‍കാന്‍ പ്രതിവര്‍ഷം പെന്‍ഷന്‍കാര്‍ക്കായി 129.63 കോടി രൂപയും കുടുംബ പെന്‍ഷന്‍കാര്‍ക്കായി 24.93 കോടി രൂപയും അധികമായി ആവശ്യം വരും. 2013-14 മുതലുള്ള ആനുകൂല്യങ്ങള്‍ പെന്‍ഷന്‍കാര്‍ക്കു നല്‍കാനായി 239.92 കോടി രൂപയും കുടുംബ പെന്‍ഷന്‍കാര്‍ക്കു നല്‍കാനായി 44.62 കോടി രൂപയും ആവശ്യമാണ്. രാജ്യത്താകമാനം 118500 പെന്‍ഷന്‍കാര്‍ക്ക് പരിഷ്‌കാരം വഴി നേട്ടമുണ്ടാകും.

ബി.എസ്.എന്‍.എല്‍. ജീവനക്കാരായി സ്വീകരിക്കപ്പെടുകയും 10.06.2013നു മുമ്പ് വിരമിക്കുകയും ചെയ്തവരുടെ പെന്‍ഷന്‍ പുതുക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇപ്പോള്‍ നിറവേറ്റപ്പെട്ടിരിക്കുന്നത്. ന്യൂനതകള്‍ ഒഴിവാക്കി പെന്‍ഷന്‍കാര്‍ക്കും ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ക്കും തുല്യപരിഗണന നല്‍കുന്ന സാഹചര്യവും ഇതോടെ സംജാതമാകുകയാണ്. ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതോടൊപ്പം ബി.എസ്.എന്‍.എല്ലിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതും ബി.എസ്.എന്‍.എല്ലില്‍ വ്യാവസായിക അസ്വസ്ഥത ഇല്ലാതാക്കാനും പരിഷ്‌കാരം സഹായിക്കും.