പിഎം ഇന്ത്യ
രാജ്യത്ത് പഞ്ചസാരയുടെ പൂഴ്ത്തിവയ്പ്പ് തടയുന്നതിന് നിലവിലുള്ള കേന്ദ്ര ഉത്തരവിന്റെ കാലാവധി 6 മാസത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കൊല്ലം ഒക്‌ടോബര്‍ 29 മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ 28 വരെ ദീര്‍ഘിപ്പിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.
ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ പഞ്ചസാരയുടെ സ്റ്റോക്ക് പരിധി, ലൈസന്‍സ് എന്നിവയ്ക്ക് മേല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ മുന്‍കൂര്‍ അനുമതിയോടെ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നിയന്ത്രണ ഉത്തരവ് പുറപ്പെടുവിക്കുന്നതിലേയ്ക്കാണ് ഈ തീരുമാനം. പൊതു വിപണിയില്‍ ജനങ്ങള്‍ക്ക് ന്യായ വിലയ്ക്ക് പഞ്ചസാര ലഭ്യമാക്കുന്നതിനും പൂഴ്ത്തിവയ്പ്പും കൊള്ളലാഭവും തടയുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് ഇത് ആക്കമേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.