Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ മാധ്യമങ്ങളോടുള്ള പ്രസ്താവന


 

നമസ്‌ക്കാരം സുഹൃത്തുക്കളേ, പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാവുകയാണ്. രാഷ്ട്രപതിയുടെ അഭിസംബോധനയോടെയാണ് ഈ സമ്മേളനം ആരംഭിക്കുന്നത്. കഴിഞ്ഞ സമ്മേളനത്തില്‍, മുസ്ലീം വനിതകള്‍ക്ക് അവരുടെ അവകാശങ്ങള്‍ കിട്ടുന്നതിന് മുത്തലാഖ് പോലുള്ള സുപ്രധാന വിഷയങ്ങളില്‍ യാതൊരു രാഷ്ട്രീയവും ഉണ്ടാകില്ലെന്ന് രാജ്യത്തിന് ഉയര്‍ന്ന പ്രതീക്ഷ ഉണ്ടായിരുന്നു. നമ്മുടെ ശ്രമവും അതിന് വേണ്ടിയായിരുന്നു. ഇതൊക്കെയാണെങ്കിലും സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കാനായില്ല. മുസ്ലീം വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മുത്തലാഖ് ബില്‍ പാസ്സാക്കുന്നതിന് കൈകോര്‍ക്കാന്‍ രാജ്യത്തുടനീളമുള്ള രാഷ്ട്രീയ കക്ഷികളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതിനായി പ്രതീക്ഷിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അത് 2018 ല്‍ മുസ്ലീം വനിതകള്‍ക്ക് പുതുവത്സരത്തില്‍ നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനമായിരിക്കും അത്.

ബജറ്റ് സമ്മേളനം വളരെ സുപ്രധാനമാണ്. ഇന്ത്യന്‍ സമ്പദ്ഘടനയെക്കുറിച്ച് ആഗോള സമൂഹം മൊത്തത്തില്‍ വളരെയധികം ശുഭാപ്തി വിശ്വാസത്തിലാണ്. ലോകം നമ്മെ നോക്കുന്ന അവസരത്തിലാണ് ബജറ്റ് സമ്മേളനം ചേരുന്നത്. ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളായാലും, ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) എന്നിവയായാലും ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ചും, മുന്നോട്ടുള്ള പാതയെക്കുറിച്ചും വളരെ സക്രീയമായ അഭിപ്രായമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. അതിവേഗം വളരുന്ന രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് പുതിയൊരു ഊര്‍ജ്ജമാവും ഈ ബജറ്റ് നല്‍കുക. സാധാരണക്കാരന്റെ ആശകളും അഭിലാഷങ്ങളും അത് സഫലീകരിക്കും. ബജറ്റ് സമ്മേളനത്തിന് ഒരു മാസത്തിന് ശേഷം ബജറ്റ് ശുപാര്‍ശകളുടെ വിശദാംശങ്ങള്‍ പാര്‍ലമെന്റിന്റെ വിവിധ സമിതികള്‍ ചര്‍ച്ച ചെയ്യും. ആ ചര്‍ച്ചകളില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുപരിയായിരിക്കും രാഷ്ട്രത്തിന്റെ താല്‍പര്യമെന്ന് മുന്‍ അനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഭരണകക്ഷിയിലെ എം.പി.മാര്‍ പോലും ബജറ്റ് നിര്‍ദ്ദേശത്തിലെ പോരായ്മ ചൂണ്ടിക്കാട്ടുകയും പ്രതിപക്ഷാംഗങ്ങള്‍ അതിന്റെ മുഖ്യ സവിശേഷതകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിട്ടുണ്ട്. ചര്‍ച്ചകള്‍ക്കും, വാദപ്രതിവാദങ്ങള്‍ക്കും ഒരു തരത്തില്‍ ആരോഗ്യകരമായൊരു സാഹചര്യം അത് ഒരുക്കും.
ബജറ്റില്‍ നിന്ന് സാധാരണക്കാരന് പരമാവധി പ്രയോജനം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ഇത്തരം കമ്മറ്റികളിലെ ചര്‍ച്ചകളുടെ സഹായം നാം പരമാവധി നേടണമെന്ന് ഇന്നലത്തെ സര്‍വ്വകക്ഷി യോഗത്തില്‍ ഞാന്‍ ആഹ്വാനം ചെയ്തിരുന്നു. ഈ പ്രയോജനങ്ങള്‍ ലഭ്യമാകാത്ത ദളിതര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ മുതലായവര്‍ക്ക് അത് ലഭ്യമാക്കുകയെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഗ്രാമീണര്‍, ദരിദ്രര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് ബജറ്റില്‍ നിന്ന് പരമാവധി പ്രയോജനം എങ്ങനെ ലഭ്യമാക്കാമെന്നും നാം നോക്കണം. നമുക്ക് വിശദമായൊരു ചര്‍ച്ചയിലൂടെ, ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളിലൂടെ, മുന്നോട്ടേയ്ക്കുള്ള പ്രയാണത്തിനുള്ള പാതയൊരുക്കാം.