പിഎം ഇന്ത്യ
പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ സഹകരണത്തിന് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഇക്കൊല്ലം മാര്‍ച്ച് 10 ന് ന്യൂഡല്‍ഹിയില്‍ ഒപ്പു വച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.
ധാരണാപത്രപ്രകാരം ഇന്ത്യയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോളാര്‍ എനര്‍ജിയും, ഫ്രാന്‍സിലെ സി.ഇ.എ. യും ഗവേഷണം, പൈലറ്റ് പദ്ധതികള്‍ എന്നിവയ്ക്കായുള്ള മേഖലകള്‍ നിര്‍ണ്ണയിക്കും. പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍, അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിന്റെ അംഗരാജ്യങ്ങളില്‍ പൈലറ്റ് പദ്ധതികള്‍ നടപ്പിലാക്കാനും, വിന്യസിക്കാനും ഇരു രാജ്യങ്ങളും പ്രവര്‍ത്തിക്കും. സംയുക്ത ഗവേഷണ പദ്ധതികള്‍, സംയുക്ത ഗവേഷണവും വികസനവും, സംയുക്ത ശില്‍പ്പശാലകള്‍, വിദഗ്ദ്ധരുടെ പരസ്പര കൈമാറ്റം ഉള്‍പ്പെടെയുള്ള ഗവേഷണ, സാങ്കേതികവിദ്യ കൈമാറ്റം തുടങ്ങി നിരവധി രംഗങ്ങളിലായിരിക്കും സഹകരണം. പരിചയ സമ്പത്തിന്റെ പരസ്പര കൈമാറ്റവും, വിവര ശൃംഖല സ്ഥാപിക്കലും ധാരണാപത്രം ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനും ധാരണാപത്രം സഹായിക്കും.
***