പിഎം ഇന്ത്യ
ഇവിടെ ധാരാളമായി എത്തിച്ചേര്‍ന്നിട്ടുള്ള കര്‍ഷകരായ സഹോദരീസഹോദരന്മാരേ, സഹകരണ രംഗത്തെ വിശിഷ്ട വ്യക്തികളേ,
ആദ്യമായി, വസന്ത് ദാദാ പാട്ടീലിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന് ആദരാഞ്ജലി നേരുന്നു. അദ്ദേഹം പൊതുജീവിതത്തില്‍ വലിയ മാന്യത സൃഷ്ടിച്ച വ്യക്തിയാണ്. കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഹകരണ സംഘങ്ങളിലൂടെ ഏറെ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്തു. പുതുമയുടെ വഴിയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ നടത്തം. ഈ പ്രസ്ഥാനത്തിന് ഇന്നു കാണുന്ന ശക്തമായി അടിത്തറ പാകിയത് വസന്ത് ദാദാ പാട്ടീലിന്റെ ദൂരക്കാഴ്ചയാണ്. അദ്ദേഹത്തിന്റെ സംഭാവനകളാണ് ഈ അടിത്തറയ്ക്ക് ആധാരം. കര്‍ഷകരും ഗ്രാമീണരുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന സ്വഭാവത്തെ നിര്‍ണയിക്കുന്നതും അതു തന്നെ. ഈ സംഭാവനകളെ അംഗീകരിക്കാന്‍ തയ്യാറാവുകയും ഇത്തരം പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതു വരുംതലമുറകള്‍ക്കു ഗുണം ചെയ്യും.
കാര്‍ഷിക ഗവേഷണത്തിന്റെ വേഗം, സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവ ഇന്നത്തേതിലും വര്‍ധിക്കേണ്ടതാണ്; ഈ മേഖലകളില്‍ ലോകം ആര്‍ജിച്ചിട്ടുള്ള വേഗത്തില്‍നിന്ന് എത്രയോ പിറകിലാണു നാം. ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കരിമ്പുചെടികളിലെ പഞ്ചസാരയുടെ അളവ് വ്യത്യസ്തമാണ്. തെക്ക് ഒരു തോതിലും മധ്യഭാഗങ്ങളില്‍ മറ്റൊരു തോതിലും വടക്ക് മറ്റൊരു തോതിലുമാണ് ഉള്ളത്. അത്തരമൊരു സാഹചര്യം തിരിച്ചറിഞ്ഞ് കര്‍ഷകര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ അവരോടു സംവദിക്കുകയും ശാസ്ത്രജ്ഞരെ കൂടെ നിര്‍ത്തുകയും സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിനു സ്വയം സമര്‍പ്പിതമായ ഒരു സ്ഥാപനമാണ് ഇത്.
ഇതൊരു ചെറിയ നേട്ടമല്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ പ്രവര്‍ത്തനത്തിന്റെ നേട്ടം നാം അനുഭവിച്ചുതുടങ്ങിയിട്ടുണ്ടു താനും. ഇന്നു ശാരദ് റാവു ജിക്കൊപ്പം ഒരു കൃഷിയിടം സന്ദര്‍ശിച്ച് ഇക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള ജിജ്ഞാസ എനിക്കുണ്ട്. കൃഷിയിടത്തില്‍ വെള്ളം നിറച്ചാല്‍ മാത്രമേ വിളവു നന്നാകൂ എന്നാണു കര്‍ഷകര്‍ കരുതുന്നത് എന്നതിനാല്‍ ഒരു കാലത്തു ഫ്ളഡ് ഇറിഗേഷന്‍ രീതി എന്റെ മനസ്സില്‍ ഒരു ആശയക്കുഴപ്പമായി നിലനിന്നിരുന്നു.
തുടര്‍ന്ന്, ഇക്കാര്യം മനസ്സിലാക്കാനായി വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ മൗറീഷ്യസ് സന്ദര്‍ശിച്ചു. അപ്പോള്‍ ഞാന്‍ രാഷ്ട്രീയ രംഗത്തുണ്ട്. തുള്ളിനനയിലൂടെ വളരെയധികം വിളവ് അവിടെ ലഭിക്കുന്നുണ്ടെന്നു മനസ്സിലാക്കാന്‍ സാധിച്ചു. തിരിച്ചെത്തി ഇക്കാര്യം കര്‍ഷകരെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം പരാജയപ്പെട്ടു. എനിക്കെങ്ങനെ ഇത്തരം കാര്യങ്ങള്‍ അറിയാം എന്ന ചിന്തയാണ് അവര്‍ക്ക് ഉണ്ടായത്. എന്നാല്‍ കാര്യങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നതുപോലെ അല്ലെന്നും തുള്ളിനനയിലൂടെ നമുക്കു നല്ല വിളവുണ്ടാക്കാന്‍ സാധിക്കുമെന്നും വിശദീകരിക്കാന്‍ ഞാന്‍ ശ്രമിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും ജലക്ഷാമം നേരിടുന്ന ഇക്കാലമാകുമ്പോഴേക്കും മൈക്രോ ഇറിഗേഷന്‍ രീതിയിലേക്കു മാറാന്‍ ഇവിടങ്ങളിലെ കര്‍ഷകര്‍ അതിവേഗം തയ്യാറായി എന്നത് ആഹ്ലാദിപ്പിക്കുന്ന കാര്യമാണ്. അതിന്റെ നേട്ടം കര്‍ഷകര്‍ക്ക് ഉണ്ടു താനും. മൈക്രോ ഇറിഗേഷന്‍ ഉപയോഗപ്പെടുത്തുന്ന പാടങ്ങളിലെ വിളവിന്റെ അളവും മേന്മയും വര്‍ധിച്ചു. കരിമ്പുചെടികളിലെ പഞ്ചസാരയുടെ അംശം വര്‍ധിക്കുകയും ചെയ്തു. മൈക്രോ ഇറിഗേഷന്‍ ഉപയോഗപ്പെടുത്തുന്നതു തീര്‍ച്ചയായും ഗുണകരമാകുമെന്നു പഞ്ചസാര വ്യവസായ രംഗത്തുള്ളവര്‍ തിരിച്ചറിഞ്ഞതാണ് ഈ രീതിയിലേക്കു മാറാന്‍ കര്‍ഷകരെ അവര്‍ പ്രേരിപ്പിക്കുന്നതിനു കാരണം.
ഇവിടെയുള്ള ഗവേഷണ സ്ഥാപനത്തെ ഗൗരവമായെടുക്കുകയാണെങ്കില് രണ്ടു നേട്ടങ്ങളുണ്ട്. ഞാന്‍ ഇക്കാര്യം ഗവണ്മെന്റ് വകുപ്പുകളുമായി ചര്‍ച്ച ചെയ്തിട്ടുമുണ്ട്. ലോകത്തിലെ മറ്റു രാഷ്ട്രങ്ങളില്‍ കരിമ്പിന്റെ രണ്ടു ഞെട്ടുകള്ക്കിടയിലെ അകലം താരതമ്യേന വളരെ കൂടുതലാണ്. എന്നാല്‍, നമ്മുടെ രാജ്യത്തെ കരിമ്പുചെടികളില് ഇതു കുറവായതിനാല്‍ പഞ്ചസാരയുടെ അളവ് കുറവാണ്. ജനിതക മാറ്റം സൃഷ്ടിച്ച് എങ്ങനെ ഞെട്ടുകള്ക്കിടയിലെ അകലം വര്‍ധിപ്പിച്ചെടുക്കാന്‍ സാധിക്കും? ഇതു സാധിച്ചാല്‍ പഞ്ചസാരയുടെ അളവു വര്‍ധിക്കും. എന്നാല്‍, ചെടികള്‍ക്ക് ആവശ്യമായ ജലത്തിന്റെ അളവു വര്‍ധിക്കും. ഇക്കാര്യത്തില്‍ നമുക്കു കൂടുതല്‍ ഗവേഷണം നടത്താന്‍ സാധിച്ചാലോ! പക്ഷേ, നാം പഞ്ചസാരയെ സംബന്ധിച്ചു മാത്രമാണു ഗവേഷണം നടത്തുന്നത് എന്നു മാത്രമല്ല, ഈ സ്ഥാപനം പഞ്ചസാരയ്ക്കായി സമര്പ്പിക്കപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു! ശരത് റാവു ജി മുന്‍കയ്യെടുക്കുകയും ഈ സ്ഥാപനത്തിലെ ശാസ്ത്രജ്ഞര്‍ അതിനായി പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയും ചെയ്യുമെങ്കില്‍ സമാന സ്വഭാവമുള്ള മറ്റൊരു ചെടിയെക്കൂടി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കും. അതു മുളയാണ്. മുളയുല്പന്നങ്ങള്ക്ക ആഗോള വിപണിയില്‍ ആവശ്യക്കാര്‍ ഉണ്ട്. എന്നാല്‍, രണ്ടു ഞെട്ടുകള്ക്കിടയിലുള്ള അകലം കുറവാണെന്ന പ്രശ്നം കരിമ്പിനെന്ന പോലെ ഇന്ത്യയില്‍ വളരുന്ന മുളച്ചെടികള്ക്കും ഉണ്ട്. അതിനാല്‍ത്തന്നെ മുള ഉല്പന്നങ്ങളുടെ കാര്യത്തില്‍ വേണ്ടത്ര മെച്ചം കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല. മുളക്കൃഷിയുടെ കാര്യത്തിലും വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുകയും ഉല്പാദനം വര്‍ധിപ്പിക്കുകയും ചെയ്യാനുള്ള സാധ്യത ഉണ്ട്. ഞാന്‍ ഒരു ശാസ്ത്രജ്ഞനല്ല. ശാസ്ത്രജ്ഞര്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സഹായിക്കാന്‍ സാധിക്കുക. എന്നാല്‍ വിശാലാടിസ്ഥാനത്തില്‍ ഞാന്‍ ചിന്തിക്കുന്നത് ഇപ്രകാരമാണ്: മുളയിലും കരിമ്പിലും ജനിതക മാറ്റങ്ങള്‍ വരുത്തി ഉല്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നമുക്ക് ഒരേ അവസരത്തില്‍ ചെയ്യാന്‍ സാധിക്കുമോ? ആഗോളതലത്തില്‍ മത്സരക്ഷമതയാര്‍ന്ന മുള വികസിപ്പിച്ചെടുക്കാന്‍ സാധിച്ചാല്‍ നമ്മുടെ രാജ്യത്തിന്റെ കാര്‍ഷിക സമ്പദ്വ്യവസ്ഥയില് ഒരു പുതിയ മേഖല കൂടി വികസിക്കും. ഇക്കാര്യം യാഥാര്ഥ്യമാക്കുന്നതിനെക്കുറിച്ചു നമുക്കു ചിന്തിക്കാവുന്നതാണ്.
രണ്ടാമത്തെ പ്രശ്നം കൃഷിഭൂമി കുറഞ്ഞുവരുന്നു എന്നതാണ്. തലമുറ തലമുറയായി കര്‍ഷക കുടുംബങ്ങള്‍ കൃഷിസ്ഥലം വരുംതലമുറകള്‍ക്കായി വീതിച്ചുനല്കുന്നു. ജനസംഖ്യ വര്‍ധിക്കുന്നതിനാലും ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തേണ്ടിവരുന്നതിനാലും കൃഷിഭൂമി കുറഞ്ഞുവരുന്നതു സ്വാഭാവികമാണ്. ഉല്പാദനക്ഷമത വര്‍ധിപ്പിക്കുക വഴി മാത്രമേ ഇത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ കര്‍ഷകര്‍ക്കു പിടിച്ചുനില്ക്കാന് സാധിക്കൂ. പാടങ്ങളില്‍ വിവിധ തരം വളങ്ങള്‍ വര്ഷിച്ചതുകൊണ്ടു മാത്രം വിളവു വര്‍ധിക്കില്ല. ശാസ്ത്രീയമായ രീതിയിലുള്ള സമീകൃത രീതി ഉപയോഗപ്പെടുത്തുക വഴി മാത്രമേ നേട്ടമുണ്ടാക്കാന്‍ സാധിക്കൂ. മുന്‍കാലങ്ങളില്‍ രണ്ടു വരി കരിമ്പുചെടികള്ക്കിടയില് മൂന്നാമതൊരു വിള നടുകയെന്ന ആശയം ഉള്‍ക്കൊള്ളാന്‍ കര്‍ഷകര്‍ സന്നദ്ധരായിരുന്നില്ല. എന്നാല്‍, പിന്നീട് അര്‍ഹര്‍, ചെറുപയര്‍ എന്നിവ ഇടവിളയായി കൃഷി ചെയ്യാന്‍ അവര്‍ തയ്യാറായി. ഡ്രിപ് ഇറിഗേഷനോ സ്പ്രിങ്ക്ളറോ ഉപയോഗിക്കുന്നത് അവര്‍ക്ക് എളുപ്പമായിത്തീരുകയും ചെയ്തു. ഒരര്‍ഥത്തില്‍, ഇതൊരു ഉപോല്പന്നമാണ്. കരിമ്പില്‍നിന്നു നേരത്തേ ലഭിച്ചുകൊണ്ടിരുന്ന വരുമാനം ലഭിക്കുകയും അതേസമയം, രണ്ടു വരി കരിമ്പുകൃഷികള്ക്ക് ഇടയിലുള്ള സ്ഥലം മറ്റൊരു വിളയ്ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ചില കര്‍ഷകര്‍ പച്ചക്കറി കൃഷി ചെയ്യുന്നു, ചിലര്‍ പൂക്കള്‍ കൃഷി ചെയ്യുന്നു; എന്നാല്‍, ഏറെപ്പേരും പയര്വര്ഗങ്ങളാണു കൃഷി ചെയ്യുന്നത്. പയര്‍വര്‍ഗ ഉല്പാദനം നമുക്കു പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇക്കാലത്തും, ഇന്ത്യക്കു പയറുവര്‍ഗങ്ങള്‍ വലിയ തോതില്‍ ഇറക്കുമതി ചേയ്യേണ്ടതായിവരുന്നു. പയറുവര്‍ഗങ്ങളുടെ ആവശ്യകത നമുക്കു വളരെ കൂടുതലാണെന്നതിനാല്‍ കരിമ്പുകൃഷിക്കൊപ്പം പയറുവര്‍ഗങ്ങള്‍ ഇടവിളയായി നട്ടാല്‍ നല്ല വിപണി ഉറപ്പാണ്. അതുപോലെത്തന്നെ, കരിമ്പിനു വില കുറയുന്നപക്ഷം പാടത്തെ ഒഴിഞ്ഞ സ്ഥലം ഉപയോഗപ്പെടുത്തി മറ്റൊരു വിള കൃഷി ചെയ്യുന്നതിലൂടെ കര്‍ഷകര്‍ക്കു സാമ്പത്തികനഷ്ടം കുറച്ചുകൊണ്ടുവരാന്‍ സാധിക്കുകയും ചെയ്യും. ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണം നടത്തേണ്ടതുണ്ട്.
നാളിതുവരെ നമ്മുടെ കരിമ്പു കര്‍ഷകര്‍ പൂര്‍ണമായും പഞ്ചസാരമില്ലുകളെ ആശ്രയിച്ചു കഴിയുകയാണ്. കര്‍ഷകരുടെ ഭാവി തീരുമാനിച്ചിരുന്നതു പഞ്ചസാരമില്ലുകളാണ്. എന്നാല്‍, വസന്ത് ദാദാ പാട്ടീലിന്റെയോ ശരദ് റാവു ജിയുടെ അച്ഛന്റെയോ സഹകരണസ്ഥാപനങ്ങള്‍ക്കായി നിലകൊണ്ട തലയെടുപ്പുള്ള ഗ്രാമീണ നേതാവായ ബൈകുന്ത്റായ് മേത്തയുടെയോ പ്രവര്‍ത്തനം കൊണ്ട് വളരെയധികം അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. അതിനാല്‍ത്തന്നെ, സഹകരണ മേഖല തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏറെ സഹായങ്ങള്‍ നല്കിയിട്ടുണ്ടെന്നുള്ള തോന്നല്‍ മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും കര്‍ഷകര്‍ക്ക് ഉണ്ടായി. ഏതായാലും, ഇപ്പോഴത്തെ ആവശ്യമാണെന്നതിനാല്‍ ആഗോള സമ്പദ്വ്യവസ്ഥയില് ഉണ്ടായിട്ടുള്ള മൂല്യവര്‍ധനയെ നമുക്ക് അവഗണിക്കാന്‍ സാധിക്കില്ല. ലോകത്തെ പഞ്ചസാര ഉല്പാദനം വര്‍ധിക്കുന്നപക്ഷം അത് ഇന്ത്യയെ വിപരീതമായി ബാധിക്കും. ചില അവസരങ്ങളില്‍ ഇന്ത്യക്കു വിപണിയില്‍ നല്ല അവസരങ്ങള്‍ ലഭിക്കാറുണ്ടെങ്കിലും ആ സമയങ്ങളില്‍ വരള്‍ച്ച ബാധിച്ചാല്‍ നമുക്ക് അവസരം ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ വരികയും കര്‍ഷകര്‍ സമ്മര്‍ദത്തിലാകുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍ വേണം ഈ രംഗം നമുക്കു സംരക്ഷിച്ചുനിലനിര്ത്താന്. ഏതായാലും, നമുക്കു മുന്നില്‍ അല്പം സ്ഥിരതയുള്ള ഒരു വഴിയുണ്ട്. അത് എഥനോള്‍ ആണ്.
ഇപ്പോള്‍ ഇന്ത്യ വിദേശനാണ്യ ശേഖരം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് ഊര്‍ജം, അതായത്, പെട്രോളും ഡീസലും എണ്ണയും ഇറക്കുമതി ചെയ്യാനാണ്. ഈ ഇറക്കുമതിച്ചെലവ് പൊതുഗതാഗത സംവിധാനത്തില്‍ എഥനോള്‍ ഉപയോഗപ്പെടുത്തുക വഴി കുറച്ചുകൊണ്ടുവരാന്‍ നമുക്ക് എങ്ങനെ സാധിക്കും? ബ്രസീല്‍ പോലെയുള്ള പല രാജ്യങ്ങളും എഥനോള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുക വഴി പരിസ്ഥിതിസൗഹൃദപരമായ ഗതാഗത സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. എഥനോള്‍ ഉപയോഗം ഇന്ത്യയില്‍ എങ്ങനെ വര്‍ധിപ്പിച്ചുകൊണ്ടുവരാന്‍ സാധിക്കും? കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി എഥനോളിന്റെ ഉല്പാദനവും വില്പനയും മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. 2015-16ല്‍ ആയിരുന്നു അത് ഏറ്റവും കൂടുതല്‍. എന്നാല്‍ അതും നമ്മുടെ സാധ്യതകളേക്കാള്‍ എത്രയോ കുറവാണ്. അതാണ്, നയങ്ങളിലൂടെയും പിന്തുണയ്ക്കുന്ന സംവിധാനത്തിലൂടെയും എഥനോളിന്റെ മൂല്യവര്‍ധന യാഥാര്ഥ്യമാക്കുന്നതിലൂടെയും ഇറക്കുമതി കുറച്ചുകൊണ്ടുവരേണ്ടതു നമുക്ക് അനിവാര്യമായിത്തീരുന്നത്. ഗള്‍ഫ് എണ്ണ പോലെ സസ്യ എണ്ണയും ഉപയോഗപ്പെടുത്തുന്നതായിരിക്കണം നമ്മുടെ ഗതാഗത സംവിധാനം. ഈ മേഖലയെ ശക്തിപ്പെടുത്തേണ്ടതു നമ്മുടെ ആവശ്യമാണ്. പുരോഗമനപരമായ ചില നയങ്ങള്‍ ഗവണ്മെന്റ് കൈക്കൊണ്ടിട്ടുണ്ട്. വഴക്കമാര്‍ന്നതും ഉറപ്പുള്ളതുമായ വിപണി പ്രദാനം ചെയ്യുന്ന എം.എസ്.പി. പോലുള്ള സംവിധാനം നാം ആദ്യമായി സജ്ജീകരിച്ചു.
എഥനോള്‍ ഉല്പാദിപ്പിക്കാനുള്ള പ്ലാന്റോ യന്ത്രസംവിധാനമോ ഇല്ലാതിരുന്ന ചില പഞ്ചസാര ഫാക്ടറികള്‍ ഉണ്ടായിരുന്നു. അത്തരം ജോലികള്‍ മറ്റിടങ്ങളില്‍നിന്നു ചെയ്തെടുക്കണമെന്നും നഷ്ടപരിഹാരം നല്‍കാമെന്നും നാം അവര്‍ക്കു നിര്‍ദേശം നല്കി. ഉല്പാദിപ്പിക്കപ്പെടുന്ന കരിമ്പിന്റെ നല്ല പങ്ക് എഥനോളിനായി ഉപയോഗപ്പെടുത്താന്‍ ഇതിലൂടെ നമുക്കു സാധിക്കും. പഞ്ചസാരവിപണിയില് തളര്‍ച്ച നേരിടുമ്പോഴും സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇതു സഹായകമാകും. പഞ്ചസാരവിപണിയില് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ വൈവിധ്യവല്‍ക്കരണം സാധ്യമാകും. സമ്പദ്വ്യവസ്ഥയെ സമീകൃതമായി നിലനിര്‍ത്താന്‍ ഇതുകൊണ്ടു സാധിക്കും.
മറ്റൊരു മേഖല കൂടി ഉള്ളത് സ്റ്റാര്ട്ടപ്പുകളുടേതാണ്. പുതുമ അവതരിപ്പിക്കുന്നതില്‍ നമുക്ക് ഏറെ മുന്നോട്ടു പോകേണ്ടതുണ്ട് എന്നതു വസ്തുതയാണ്. ഒരു കമ്പനിയില്‍ നടക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങളാണ് എന്‍ജിനീയറിങ്ങിലൂടെ ഇക്കാലത്തു കാര്‍ഷികരംഗത്തു നടക്കുന്നത്. സാങ്കേതികവിദ്യ വളരെയധികം ഉപയോഗപ്പെടുത്തപ്പെട്ടു തുടങ്ങിയതോടെ വൈദ്യശാസ്ത്രത്തില്‍ സാങ്കേതികവിദ്യ നിര്‍ണായകമായി മാറിയതുപോലെ കാര്‍ഷികരംഗത്തും സാങ്കേതികവിദ്യ നിര്‍ണായകമായിത്തീരുന്ന കാലം വിദൂരമല്ല. പുതുമ പരീക്ഷിക്കുന്നതിനുള്ള അവസരം സ്റ്റാര്‍ട്ടപ്പുകളിലൂടെ നാം യുവാക്കള്‍ക്കും നമ്മുടെ ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ലഭ്യമാക്കണം.
പാലിലെ കൊഴുപ്പിന്റെ അളവു കണക്കാക്കുന്നതുപോലെ കരിമ്പിലെ പഞ്ചസാരയുടെ അളവു കണക്കാക്കുന്ന യന്ത്രം വസന്ത് ദാദാ പാട്ടീല്‍ സ്ഥാപിച്ച ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ എനിക്കു കാണാന്‍ സാധിച്ചു. ഇത്തരം യന്ത്രങ്ങള്‍ക്കു പ്രചാരം ലഭിച്ചുവരികയാണ്. പ്രതിഭയുള്ള നമ്മുടെ യുവാക്കള്‍ക്ക് ഇത്തരത്തിലുള്ള ധാരാളം ചെറുയന്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സാധിക്കും. നമുക്കു സ്റ്റാര്‍ട്ടപ്പുകളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. കാര്‍ഷികമേഖലയില്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാകുന്നതു കൃഷിയുടെ കാര്യത്തിലും മൂല്യവര്ധനയെന്ന നിലയിലും നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ക്കു ഗുണകരമായിരിക്കും. ഈ സാഹചര്യത്തില്‍, കാര്‍ഷികമേഖലയിലെ രണ്ടാം ഹരിതവിപ്ലവം കേവലം പാടങ്ങളുടെ വലിപ്പത്തിലോ വിള ഉല്‍പാദനത്തിലോ ഒതുങ്ങില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. കാര്‍ഷിക ഉല്പാദനം, ജനിതക ഇടപെടല്‍, സാങ്കേതികവിദ്യ പരിഷ്കരിക്കല്‍, മൂല്യവര്‍ധന, വിപണി തുടങ്ങിയ കാര്യങ്ങളും അതില്‍ ഉള്‍പ്പെടും.
ഈയടുത്ത് പ്രധാനമന്ത്രി ഫസല്‍ ബീമ യോജന എന്ന പേരില്‍ കര്‍ഷകര്‍ക്കു പരമാവധി സുരക്ഷ ഉറപ്പു നല്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിക്കു ഗവണ്മെന്റ് തുടക്കം കുറിച്ചിട്ടുണ്ട്. തന്റെ കൃഷിയിടത്തില്‍ ഏതു വളം ഇടണമെന്നതു കര്‍ഷകനെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്നമാണ്. ഒരു കര്ഷകന് ചുവന്ന നിറമുള്ള പെട്ടിയില്‍ പാക്ക് ചെയ്ത വസ്തുവാണു തന്റെ പാടത്ത് ഉപയോഗിക്കുന്നതെങ്കില്‍ അതു തന്നെ തന്റെ പാടത്തു വിതറാമെന്നു തൊട്ടടുത്ത കര്‍ഷകനും വിചാരിക്കുന്നു. ഒരു കൃഷിക്കാരന് മഞ്ഞ നിറത്തിലുള്ള പൊടിയാണ് ഉപയോഗിക്കുന്നതെങ്കില്‍ തൊട്ടടുത്തുള്ള ആളിന് അതു തന്നെ ഉപയോഗിക്കാമെന്ന തോന്നല്‍ ഉണ്ടാകുന്നു. ഇരു കര്‍ഷകരുടെയും പാടത്തിന്റെ പ്രകൃതവും ആവശ്യകതയും വ്യത്യസ്തമാണ്. ഒരു കര്‍ഷകന്റെ പാടത്തിലെ മണ്ണിന്റെ സവിശേഷതകളല്ല മറ്റൊരു കര്‍ഷകന്റെ പാടത്തിലെ മണ്ണിന് ഉണ്ടാവുക. കൃഷിയിടത്തിലെ മണ്ണിന്റെ സ്വഭാവം തിരിച്ചറിയേണ്ടത് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വഴിയാണ്. മനുഷ്യശരീരത്തിലെ രക്തം, മൂത്രം, രോഗലക്ഷണം എന്നിവ പരിശോധിക്കാതെ ഡോക്ടര്‍മാര്‍ മരുന്നു നിര്‍ദേശിക്കാറില്ല. ഇതിനു സമാനമാണു കൃഷിയിടത്തിന്റെയും കാര്യം. സ്റ്റാര്‍ട്ടപ്പ് മണ്ണുപരിശോധനാകേന്ദ്രങ്ങളിലൂടെ സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വ്യാപകമായി നിര്‍മിച്ചെടുക്കാവുന്നതാണ്. കര്‍ഷകരുടെ സഹകരണ സംഘങ്ങള്‍ വഴിയും സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ നിര്‍മിക്കാം. ഓരോ വര്‍ഷവും കൃഷി വിതയ്ക്കുംമുമ്പ് മണ്ണിന്റെ ആരോഗ്യം വിലയിരുത്തുകയും അതിനനുസരിച്ചു സമയക്രമ പട്ടിക തയ്യാറാക്കുകയും ചെയ്യുന്നതു കര്‍ഷകര്‍ ശീലമാക്കി മാറ്റണം. ഇങ്ങനെ ചെയ്താല്‍ ചെലവു ഗണ്യമായി കുറയുന്നതായി മനസ്സിലാക്കാന്‍ കഴിയും.
സൗരോര്‍ജ പമ്പുകള്‍ സംബന്ധിച്ചു വലിയൊരു മുന്നേറ്റം മഹാരാഷ്ട്ര ഗവണ്മെന്റ് നടത്തിയിട്ടുണ്ട്. വെള്ളത്തിനും വൈദ്യുതിക്കും വേണ്ടിവരുന്ന ചെലവ് വളരെ അധികമാണെന്നതിനാല്‍ സൗരോര്‍ജ പമ്പുകള്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കുന്നതു ചെലവു കുറയ്ക്കാന്‍ സഹായകമാകും. സൗരോര്‍ജ പമ്പുകള്‍ വ്യാപിപ്പിക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റ് വിഹിതം നല്‍കുന്നുണ്ട്. മഹാരാഷ്ട്ര ഗവണ്മെന്റും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ സഹകരണ സ്ഥാപനങ്ങള്‍ തയ്യാറാകണം. കാര്‍ഷികമേഖലയില്‍ സൗരോര്‍ജ പമ്പുകള്‍ ഉപയോഗിക്കുകവഴി വൈദ്യുതി ലാഭിക്കുന്നതു സാമ്പത്തിക ക്ഷമതയാര്‍ന്ന കൃഷിക്കു ഗുണകരമാകും.
കാര്‍ഷികരംഗത്ത് എന്നെക്കാള്‍ ആയിരം ഇരട്ടി അനുഭവസമ്പത്ത് നിങ്ങള്‍ക്ക് ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. ശരദ് റാവു ജിയെക്കുറിച്ചു ഞാന്‍ മനസ്സിലാക്കുന്നത്, എത്രമാത്രം രാഷ്ട്രീയത്തിരക്കുകളും തര്‍ക്കങ്ങളുമൊക്കെ ഉണ്ടെങ്കിലും, രാഷ്ട്രീയം എത്രത്തോളം സമ്മര്‍ദം അദ്ദേഹത്തില്‍ ചെലുത്തുന്നുണ്ടെങ്കിലും, കൃഷിയെ സംബന്ധിച്ചോ കര്‍ഷകനെ സംബന്ധിച്ചോ ഉള്ള പ്രശ്നങ്ങള്‍ വരുമ്പോള്‍ അദ്ദേഹം സജീവമാകുകയും സ്വയം ആ ജോലി ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട് എന്നാണ്. ഇത്തരത്തിലുള്ള സമര്‍പ്പണം അദ്ദേഹത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു ജനപ്രതിനിധിയെന്ന നിലയില്‍ രാഷ്ട്രീയത്തില്‍ 50 വര്‍ഷത്തെ സജീവസാന്നിധ്യം ഈ ഫെബ്രുവരിയില്‍ ശരദ് റാവു ജി പൂര്‍ത്തിയാക്കുകയാണ്. ഈ വലിയ നേട്ടത്തിനു ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. 50 വര്‍ഷം ഇടവേളകളില്ലാതെ തെരഞ്ഞെടുപ്പുകള്‍ ജയിച്ച് അദ്ദേഹം ജനപ്രതിനിധിയായിത്തീര്ന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുന്നവര്‍ക്ക് അവര്‍ ഏതുവിധത്തില്‍ ജീവിക്കണമെന്ന വ്യക്തമായ ബോധമുണ്ടാകും. ശരദ് റാവു ജി ഇതു കാണിച്ചുതരുന്നു. പൊതുജീവിതത്തില്‍ എല്ലാവര്‍ക്കുമുള്ള മാതൃക അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നു.
നമ്മുടെ ദേവേന്ദ്ര ഫഡ്നവിസ് ജിയുടെ കാര്യമാണെങ്കില്‍, നാഗ്പൂര്‍ മുനിസിപ്പാലിറ്റി കോര്‍പറേറ്ററായി തെരഞ്ഞെടുക്കപ്പെട്ട കാലം തൊട്ടു പരിഗണിക്കുകയാണെങ്കില്‍ ഈ ചെറുപ്രായത്തില്‍ തന്നെ 25 വര്‍ഷം ജനപ്രതിനിധിയായി തുടര്‍ന്നു എന്ന നേട്ടം സ്വന്തമാക്കുകയാണ്. ശരദ് റാവു ജിയുടെ പരിചയസമ്പത്ത് എം.പി. എന്ന നിലയിലും എം.എല്‍.എ. എന്ന നിലയിലും ആണ്. അതൊരു വലിയ പാരമ്പര്യമാണ്. അതു പൊതു ജീവിതത്തില്‍ വലിയൊരു മുതല്‍ക്കൂട്ടാണ്. വ്യക്തിപരമായി ശരദ് റാവുവിനോട് എനിക്കു വലിയ ബഹുമാനമാണ്. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം എന്നും സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതു പൊതുവേദിയില്‍ വെളിപ്പെടുത്താന്‍ എനിക്ക് അഭിമാനമേ ഉള്ളൂ. പൊതുജീവിതം ജനക്ഷേമത്തിനായി ഉള്ളതാണെന്നാണു ഞാന്‍ കരുതുന്നത്.
സഹോദരീ സഹോദരന്മാരേ, ഈ വിഷയവുമായി ബന്ധപ്പെട്ടതല്ലാത്ത ഒരു കാര്യം പറയണെന്നു വിചാരിക്കുകയാണ്. എട്ടാം തീയതി രാത്രിയിലെ എട്ടു മണിയെക്കുറിച്ചു നമുക്കെല്ലാം അറിവുള്ളതാണ്. അവരുടെ രാജ്യത്ത് അച്ചടിക്കുന്ന അവരുടെ രാജ്യത്തെ കറന്‍സിയെക്കാള്‍ വ്യാജ കറന്‍സി നമ്മുടെ രാജ്യത്തേക്കു കടത്താന്‍ രഹസ്യനീക്കം നടത്തിവരികയാണു നമ്മുടെ ശത്രുക്കള്‍. മൂല്യം കൂടുതലുള്ള നോട്ടുകള്‍ എത്രയോ ലഭ്യമാണ്. നക്സലിസത്തിന്റെയും തീവ്രവാദത്തിന്റെയും പേരില്‍ ജനങ്ങള്‍ പണം തട്ടിപ്പറിക്കുകയാണ്. അവര്‍ അതു കാടുകളില്‍ കുഴിച്ചിടുകയും അത് ഉപയോഗിച്ച് ആയുധങ്ങള്‍ സംഭരിക്കുകയും ചെയ്യുന്നു. ഇതു തീവ്രവാദത്തെ സഹായിക്കുന്നു. അതിനാലാണ് അവര്‍ക്കു പണം കിട്ടുന്ന മുഖ്യസിര വെട്ടേണ്ടത് അത്യാവശ്യമായിത്തീര്ന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകള്‍ സംബന്ധിച്ചു ഗവണ്മെന്റ് പ്രധാന തീരുമാനം കൈക്കൊണ്ടത്. ഈ ശ്രമത്തെ അനുഗ്രഹിച്ച രാജ്യത്തെ ജനതയോട് എനിക്കു കടപ്പാടുണ്ട്. കര്‍ഷകര്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ട് എന്നതിനാല്‍ ഏറെ കര്‍ഷകര്‍ സംഗമിച്ചിട്ടുള്ള ഇവിടെവെച്ചു ചില കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ കര്‍ഷകരുടെ സമ്പാദ്യമൊക്കെ ബാങ്കുകളില്‍ നിക്ഷേപിക്കേണ്ടിവരുമെന്നും അതിനൊക്കെ മോദി നികുതി ചുമത്തുമെന്നും കര്‍ഷകര്‍ക്കിടയില്‍ ചിലര്‍ പ്രചരിപ്പിച്ചിട്ടുണ്ട്. എന്റെ സഹോദരരായ കര്‍ഷകരേ, നിങ്ങള്‍ക്കു മേല്‍ നികുതി ചുമത്തപ്പെടില്ലെന്ന് ഉറപ്പ്. നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. ഈ രാജ്യം നിങ്ങളുടേതാണ്, ഇതു നിങ്ങളുടെ പണമാണ്, ഈ ബാങ്കുകള്‍ നിങ്ങള്‍ക്കുവേണ്ടി ഉള്ളതാണ്; എന്നു മാത്രമല്ല, മോദിയും നിങ്ങളുടേതാണ്. അതുകൊണ്ടുതന്നെ വ്യാജപ്രചരണങ്ങളില്നിന്നു വിട്ടുനില്‍ക്കുക. എന്നാല്‍, എട്ടാം തീയതി തന്നെ രാജ്യത്തെ ജനങ്ങളോട് ഞാന്‍ 50 ദിവസത്തെ സമയം ചോദിച്ചിരുന്നു എന്നതു സത്യമാണ്. കാരണം ഇതൊരു വലിയ മാറ്റമാണ്. 1978ല്‍ ജനതാ പാര്‍ട്ടി അധികാരത്തിലിരിക്കെ, മൊറാര്‍ജി ഭായ് ദേശായി ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചിരുന്നുവെന്നു നിങ്ങള്‍ക്ക് അറിയാമായിരിക്കാം. ഇക്കാര്യം ചെയ്ത ആദ്യ വ്യക്തിയല്ല ഞാന്‍. അതിനുശേഷം, യു.പി.എ. ഗവണ്മെന്റ് 25 പൈസ നാണയവും നിരോധിച്ചിട്ടുണ്ട്. മൊറാര്‍ജി ഭായ് ആയിരം രൂപ നോട്ടുകള്‍ നിരോധിക്കുമ്പോള്‍ റിസര്‍വ് ബാങ്ക് അച്ചടിച്ചിരുന്നത് 145 കോടി രൂപയുടെ മൂല്യം വരുന്ന ആയിരം രൂപ നോട്ടുകളായിരുന്നു. 80 കോടി രൂപയുടെ മൂല്യ വരുന്ന ആയിരം രൂപ നോട്ടുകള്‍ മാത്രമാണ് അന്നു ജനങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ബാക്കി നോട്ടുകള്‍ ബാങ്കുകളില്‍ ആയിരുന്നു. എന്നാല്‍, ഇപ്പോള്‍ ലഭ്യമായ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ മൂല്യം 14 ലക്ഷം കോടി രൂപയാണ്. 145 കോടി രൂപയും 14 ലക്ഷം കോടി രൂപയും തമ്മിലുള്ള അന്തരമുണ്ട്. നമ്മുടെയും സമൂഹത്തിന്റെയും ശത്രുക്കള്‍ ഇതില്‍നിന്നു മുതലെടുത്തു. ഈ മുതലെടുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കിയില്ലെങ്കില്‍ വരുംതലമുറകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നതിനു വലിയ തടസ്സമായി അതു മാറും.
സുഹൃത്തുക്കളേ, ഇത്തരമൊരു പ്രധാന തീരുമാനംകൊണ്ടു ബുദ്ധിമുട്ട് ഉണ്ടാകില്ല എന്ന് എനിക്കു പറയാന്‍ സാധിക്കില്ല. ഇതു ബുദ്ധിമുട്ടുകള്‍ക്കു വഴിവെക്കുമെന്നും വേദനയുണ്ടാക്കുമെന്നും ഞാന്‍ ആദ്യ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, 70 വര്‍ഷമായി നിലനില്‍ക്കുന്ന ഒരു വിപത്തിനെ നേരിടാന്‍ ഈ തീരുമാനം വഴിയൊരുക്കുമെന്നും ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സഹോദരീ സഹോദരന്മാരേ, ഈ തീരുമാനം വരുംതലമുറകള്‍ക്കായി വഴി തുറന്നുകൊടുക്കും. ദരിദ്രര്‍ക്കും മധ്യവര്‍ഗക്കാര്‍ക്കും തല ഉയര്‍ത്തി ജീവിക്കാന്‍ സാധിക്കും. ബുദ്ധിമുട്ടുകള്‍ സഹിച്ചു സഹകരിക്കാന്‍ എല്ലാ ജനങ്ങളോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. വല്ലാതെ ബുദ്ധിമുട്ടേണ്ടിവരുന്ന ചിലര്‍ ഉണ്ടാവും. അവര്‍ എന്തു ചെയ്യുമെന്ന് എനിക്ക് അറിയില്ല. എന്നാല്‍ അവരെക്കുറിച്ചു ഞാന്‍ അധികം ആശങ്കപ്പെടുന്നില്ല. രാജ്യത്തെ സാധാരണക്കാരനെക്കുറിച്ചാണ് എന്റെ ചിന്ത കൂടുതലും.
നിങ്ങളുടെ കയ്യിലുള്ള 500 രൂപ നോട്ട് 499 രൂപയ്ക്ക് കൈമാറേണ്ട സാഹചര്യം ഉണ്ടാവില്ലെന്നു ഞാന്‍ ഉറപ്പു തരാം. നിങ്ങളുടെ 500 രൂപ നിങ്ങളുടെ അവകാശമാണ്. നിങ്ങളുടെ അവകാശം നിങ്ങള്‍ക്കു ലഭിച്ചിരിക്കും. നിങ്ങളുടെ കയ്യിലുള്ള ആയിരം രൂപാ നോട്ട് 10 രൂപ പോലും നഷ്ടത്തില്‍ കൈമാറേണ്ടതില്ല. ആയിരം രൂപാ നോട്ടിന് ആയിരം രൂപയുടെ മൂല്യം തന്നെ ലഭിക്കും. ഡിസംബര്‍ 30 വരെയുള്ള 50 ദിവസം മാത്രമാണു ഞാന്‍ നിങ്ങളോടു ചോദിച്ചിരിക്കുന്നത്. എട്ടാം തീയതിക്കു മുമ്പ് സാധ്യമല്ലായിരുന്നെങ്കിലും ഇപ്പോള്‍ സജ്ജീകരണങ്ങള്‍ ഒരുക്കിവരികയാണ്. നേരത്തേ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നെങ്കില്‍ ഇക്കാര്യം രഹസ്യമാക്കിവെക്കാന്‍ സാധിക്കുമായിരുന്നില്ല. വിവരം ചോര്‍ന്നാല്‍ കള്ളപ്പണത്തിനു നേതൃത്വം നല്‍കുകയും വീടുകളില്‍ കള്ളപ്പണം പൂഴ്ത്തിവെക്കുകയും ചെയ്യുന്നവര്‍ക്കു ഗുണമായിത്തീരും. ഞാന്‍ പാവങ്ങള്‍ക്കുവേണ്ടിയും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയും ആണു നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ, സംഭവിക്കാന്‍ പോകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു ബോധ്യമുണ്ടായിരുന്നു. ആദ്യ ദിവസങ്ങളില്‍ ബാങ്കുകളില്‍ കറന്‍സി നോട്ടുകള്‍ എത്തിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഈ ശുദ്ധീകരണത്തിനും സത്യസന്ധതയ്ക്കും നിങ്ങളുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നാണു പ്രതീക്ഷ.
ഈയൊരു പ്രതീക്ഷയോടെ ഒരിക്കല്‍ക്കൂടി വസന്ത് റാവു ദാദയോടുള്ള എന്റെ സ്നേഹാദരങ്ങള്‍ സമര്‍പ്പിക്കുകയാണ്. നമ്രശിരസ്കനായി അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഈ ശതാബ്ദിവര്‍ഷം കര്‍ഷകരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയും നമ്മെ ആധുനിക കൃഷിയിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നതായിത്തീരട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു. ഈ പ്രധാനപ്പെട്ട ചടങ്ങിലേക്ക് എന്നെ വളരെ സ്നേഹത്തോടെ ക്ഷണിച്ചതിനു ശരദ് റാവുവിനു നന്ദി അറിയിക്കുന്നു.
വളരെ നന്ദി.
We are talking about sugar but I also add- let us think about bamboo and how research will help our farmers: PM @narendramodi
— PMO India (@PMOIndia) November 13, 2016
Let us think of globally competitive bamboo products: PM @narendramodi
— PMO India (@PMOIndia) November 13, 2016
Important to think about higher land productivity: PM @narendramodi
— PMO India (@PMOIndia) November 13, 2016
We have a requirement of pulses. Can we think about pulses in addition to sugar? There is an assured market for pulses: PM @narendramodi
— PMO India (@PMOIndia) November 13, 2016
We cannot ignore the global economy when we are looking at the sugar industry: PM @narendramodi
— PMO India (@PMOIndia) November 13, 2016
Farmers are misled that Modi will tax you. I assure my farmer sisters and brothers, no one will tax you. This nation belongs to you: PM
— PMO India (@PMOIndia) November 13, 2016