Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി അസ്സം, ഒഡീഷ സന്ദര്‍ശിക്കും; വിശാഖപട്ടണത്തെ അന്താരാഷ്ട്ര ഫ്‌ളീറ്റ് അവലോകനത്തിലും പങ്കെടുക്കും.


ഫെബ്രുവരി 5 മുതല്‍ 7 വരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അസ്സം, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി ഫെബ്രുവരി 5ന് അസ്സമിലെ ദിബ്രൂഗഢില്‍ എത്തും. ലെപേറ്റ്ക്കട്ടയിലെ ബ്രഹ്മപുത്ര ക്രാക്കര്‍ ആന്റ് പോളിമര്‍ ലിമിറ്റഡ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. വടക്ക് കിഴക്കന്‍ മേഖലയിലെ ആദ്യ പെട്രോ കെമിക്കല്‍ പദ്ധതിയാണിത്. അതേ ചടങ്ങില്‍ വച്ച് രാജ്യത്തെ ഏറ്റവും വലിയ തദ്ദേശീയ മെഴുക് നിര്‍മ്മാണ യൂണിറ്റ് പ്രധാനമന്ത്രി നുമാലീഗഢ് റിഫൈനറിയില്‍ ഉദ്ഘാടനം ചെയ്യും. ദിബ്രൂഗഢിനടുത്തുള്ള മോറാനില്‍ അദ്ദേഹം തേയില തോട്ടം തൊഴിലാളികളെ അഭിസംബോധന ചെയ്യും. ശിബ്‌സാഗറില്‍ ശ്രീമാന്ത ശങ്കരദേവ സംഘത്തിന്റെ 85-ാം വാര്‍ഷിക സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി ഗുവാഹത്തിയില്‍ 12-ാമതു ദക്ഷിണേന്ത്യന്‍ ഗെയിംസ് ഉല്‍ഘാടനം ചെയ്യും. ഇന്ത്യ ഉല്‍പ്പെടെ 8 രാജ്യങ്ങള്‍ കായിക മേളയില്‍ പങ്കെടുക്കുന്നുണ്ട്.

ഫെബ്രുവരി 6ന് പ്രധാനമന്ത്രി വിശാഖപട്ടണത്ത് അന്താരാഷ്ട്ര ഫ്‌ളീറ്റ് റിവ്യൂവില്‍ പങ്കെടുക്കും. സമുദ്രയാത്രയുമായി ബന്ധപ്പെട്ട ഒരു പ്രദര്‍ശനവും അദ്ദേഹം സന്ദര്‍ശിക്കും.

ഫെബ്രുവരി 7ന് ഭുവനേശ്വറിലെത്തുന്ന പ്രധാനമന്ത്രി ശാസ്ത്ര വിദ്യാഭ്യാസ ഗവേഷണത്തിനുള്ള ദേശീയ ഇന്‍സ്റ്റിറ്റൂട്ട് രാഷ്ട്രത്തിന് സമര്‍പ്പിക്കും. പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രവും ശ്രീ.നരേന്ദ്ര മോദി സന്ദര്‍ശിക്കും.

പാരദ്വീപിലെ ഇന്ത്യന്‍ ഓയിലിന്റെ അത്യാധുനിക റിഫൈനറിയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഉയര്‍ന്ന തോതില്‍ പാചകവാതകം ഉല്പാദിപ്പിക്കുന്നതിന് തദ്ദേശീയ സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്.

ഫെബ്രുവരി 7ന് ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി വിശാഖപട്ടണത്ത് എത്തും. അവിടെ അന്താരാഷ്ട്ര ഫ്‌ളീറ്റ് റിവ്യൂവിലെ അന്താരാഷ്ട്ര സിറ്റി പരേഡും സൈനിക അഭ്യാസങ്ങളും അദ്ദേഹം വീക്ഷിച്ച ശേഷം അഭിസംബോധന ചെയ്യും.