പിഎം ഇന്ത്യ
‘പ്രധാനമന്ത്രി റിസര്‍ച്ച് ഫെല്ലോസ്'(പി.എം.ആര്‍.എഫ്) പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. 1650 കോടി രൂപ ചെലവു കണക്കാക്കുന്ന പദ്ധതി 2018-19 മുതല്‍ ഏഴുവര്‍ഷത്തേക്കാണ് നടപ്പിലാക്കുന്നത്.
രാജ്യത്തിന്റെ വികസനത്തിന് നൂതനാശയങ്ങള്‍ക്കും സാങ്കേതികവിദ്യകള്‍ക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞിരുന്നു. നൂതനാശയങ്ങളിലൂടെ വികസനം എന്ന അദ്ദേഹത്തിന്റെ വീക്ഷണം സാക്ഷാത്കരിക്കുന്നതിന് ഈ പദ്ധതി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
ഈ പദ്ധതിപ്രകാരം ഐ.ഐ.എസ്.സി, ഐ.ഐ.ടികള്‍, എന്‍.ഐ.ടികള്‍, ഐസറുകള്‍, ഐ.ഐ.ഐ.ടികള്‍ എന്നിവിടങ്ങളില്‍ നിന്ന് ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ ബി-ടെക് അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് എം.ടെക്, അല്ലെങ്കില്‍ എം.എസ് സി പാസായതോ, അവസാനവര്‍ഷം പഠിക്കുന്നതോ ആയ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ഐ.ടികള്‍/ഐ.ഐ.എസ്.സികള്‍ എന്നിവിടങ്ങളില്‍ പി.എച്ച്ഡിക്ക് നേരിട്ട് പ്രവേശനം നല്‍കും. പി.എം.ആര്‍.എഫിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന, പ്രത്യേക പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ രണ്ടുവര്‍ഷം പ്രതിമാസം 70,000 രൂപ വീതവും മൂന്നാം വര്‍ഷം പ്രതിമാസം 75,000 രൂപവീതവും നാലും അഞ്ചും വര്‍ഷങ്ങളില്‍ പ്രതിമാസം 80,000 രൂപ വീതവും ഫെല്ലോഷിപ്പ് നല്‍കും. അതിന് പുറമെ ഓരോ ഫെല്ലോയ്ക്കും അവരുടെ ഗവേഷണ പ്രബന്ധങ്ങള്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലും സെമിനാറുകളിലും അവതരിപ്പിക്കുന്നതിനുള്ള വിദേശയാത്രാ ചെലവിന്, ഗവേഷണ ഗ്രാന്റായി അഞ്ചുവര്‍ഷത്തേക്ക് രണ്ടുലക്ഷം രൂപയും നല്‍കും. 2018-19 മുതല്‍ മൂന്നുവര്‍ഷക്കാലയളവില്‍ പരമാവധി 3000 ഫെല്ലോകളെ തെരഞ്ഞെടുക്കും.
ആധുനിക ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ആഭ്യന്തര ഗവേഷണത്തിന് രാജ്യത്തിനുള്ളിലെ പ്രതിഭകളെ കണ്ടെത്തുന്നതിന് ഈ പദ്ധതി സഹായകരമാകും. ഇതിന്റെ കീഴിലുള്ള ഗവേഷണപദ്ധതികളിലൂടെ രാജ്യത്തിന്റെ മുന്‍ഗണനാവിഷയങ്ങളെ ഒരു വശത്ത് അഭിസംബോധനചെയ്യുമ്പോള്‍ മറുവശത്ത് നമ്മുടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആവശ്യമായ അദ്ധ്യാപകരുടെ കുറവ് പരിഹരിക്കുകയും ചെയ്യും.