Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, എത്യോപ്യൻ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, എത്യോപ്യൻ പ്രധാനമന്ത്രിയുമായി  ഉഭയകക്ഷി ചർച്ചകൾ നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഡിസ് അബാബയിലെ നാഷണൽ പാലസിൽ ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യയുടെ പ്രധാനമന്ത്രി ആദരണീയനായ  ഡോ. അബി അഹമ്മദുമായി കൂടിക്കാഴ്ച നടത്തി. കൊട്ടാരത്തിൽ എത്തിയ പ്രധാനമന്ത്രി മോദിയെ എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് ഊഷ്മളമായി സ്വീകരിക്കുകയും ആചാരപരമായ വരവേൽപ്പ്  നൽകുകയും ചെയ്തു.

ഇരു നേതാക്കളും നേരിട്ടും  പ്രതിനിധി തലത്തിലും  കൂടിക്കാഴ്ചകൾ  നടത്തി. നൂറ്റാണ്ടുകളായി കെട്ടിപ്പടുത്ത നാഗരിക ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ളതും  ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധങ്ങളാൽ ദൃഢപ്പെട്ടതുമായ  ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവൻ വ്യാപ്തിയേയും  അവർ പ്രതിഫലിപ്പിച്ചു. ബന്ധത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, ഇന്ത്യ-എത്യോപ്യ ബന്ധങ്ങളെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയർത്താൻ നേതാക്കൾ സമ്മതിച്ചു. ഗ്ലോബൽ സൗത്ത്  പങ്കാളികൾ എന്ന നിലയിൽ, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് ഇരു രാജ്യങ്ങളും തുടർന്നും സംഭാവന നൽകണമെന്ന് അവർ അഭിപ്രായപ്പെട്ടു. 2023-ൽ  ജി20 അധ്യക്ഷ സ്ഥാനത്ത് ആഫ്രിക്കൻ യൂണിയനെ ഗ്രൂപ്പിലെ  അംഗമായി സ്വാഗതം ചെയ്യാൻ കഴിഞ്ഞത് ഇന്ത്യയ്ക്ക് ലഭിച്ച ഒരു ബഹുമതിയാണെന്ന് പ്രധാനമന്ത്രി മോദി അടിവരയിട്ടു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് എത്യോപ്യ നൽകിയ ഐക്യദാർഢ്യത്തിനും ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നൽകി വരുന്ന സംഭവനയ്ക്കും  പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു.

വ്യാപാരം, നിക്ഷേപം, നവീകരണം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ശേഷി വികസനം, പ്രതിരോധ സഹകരണം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള ബഹുമുഖ പങ്കാളിത്തത്തിലെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തി. ആരോഗ്യ സുരക്ഷ, ഡിജിറ്റൽ ആരോഗ്യം, പരമ്പരാഗത വൈദ്യശാസ്ത്രം, ജൻ ഔഷധി കേന്ദ്ര, ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി, പ്രകൃതി കൃഷി, കാർഷിക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ എത്യോപ്യയുമായി സഹകരണം വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി മോദി അറിയിച്ചു. രാജ്യങ്ങൾ തമ്മിലുള്ള അടുത്ത വികസന പങ്കാളിത്തം ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തിന് മൂല്യം കൂട്ടുന്നുണ്ടെന്ന് നേതാക്കൾ അടിവരയിട്ടു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ഇരു നേതാക്കളും അവലോകനം ചെയ്തു. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, ഖനനം, നിർണായക ധാതുക്കൾ, ശുദ്ധമായ ഊർജ്ജം എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ച് അവർ ചർച്ച ചെയ്തു. വിശ്വസ്ത പങ്കാളികൾ എന്ന നിലയിൽ ഇന്ത്യൻ കമ്പനികൾ എത്യോപ്യൻ സമ്പദ്‌വ്യവസ്ഥയിൽ 5 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും, പ്രത്യേകിച്ച് ഉൽപ്പാദനം, ഔഷധ നിർമ്മാണം തുടങ്ങിയ അവശ്യ മേഖലകളിൽ 75,000 ത്തിലധികം പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

ഗ്ലോബൽ സൗത്തിൻ്റെ  ആശങ്കകൾ ഉന്നയിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരു പ്രധാനമന്ത്രിമാരും ആവർത്തിച്ച് ഉറപ്പിച്ചു. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര മേഖലയിലെ സഹകരണത്തെക്കുറിച്ച് അവർ ചർച്ച ചെയ്തു. കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗ ഊർജ്ജം, ദുരന്തസാധ്യത കുറയ്ക്കൽ തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ സഹകരണത്തിന് അവർ ആഹ്വാനം ചെയ്തു. ഈ സാഹചര്യത്തിൽ ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (ഐബിസിഎ), കോയലിഷൻ ഫോർ ഡിസാസ്റ്റർ റെസിലിയന്റ് ഇൻഫ്രാസ്ട്രക്ചർ (സിഡിആർഐ), ഗ്ലോബൽ ബയോഫ്യൂവൽ അലയൻസ് (ജിബിഎ), ഇന്റർനാഷണൽ സോളാർ അലയൻസ് (ഐഎസ്എ) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ പങ്കിനെ ഇരുവരും  സ്വാഗതം ചെയ്തു. എത്യോപ്യയുടെ ബ്രിക്‌സിന്റെ അധ്യക്ഷതയിലും നിർദ്ദിഷ്ട ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടിയിലും എത്യോപ്യയുമായി ബ്രിക്‌സ് പങ്കാളികളായി പ്രവർത്തിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

ചർച്ചകൾക്ക് ശേഷം, ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പ്രവർത്തന പരിശീലനം; കസ്റ്റംസ് കാര്യങ്ങളിൽ പരസ്പര ഭരണപരമായ സഹായം; എത്യോപ്യയുടെ വിദേശകാര്യ മന്ത്രാലയത്തിൽ ഡാറ്റാ സെന്റർ സ്ഥാപിക്കൽ എന്നീ മേഖലകളുമായി ബന്ധപ്പെട്ട  മൂന്ന് ധാരണാപത്രങ്ങൾ ഇരു നേതാക്കളും കൈമാറ്റം ചെയ്തു.

പ്രധാനമന്ത്രി മോദിയുടെ ബഹുമാനാർത്ഥം എത്യോപ്യൻ  പ്രധാനമന്ത്രി ഡോ. അബി ഒരു വിരുന്ന് സംഘടിപ്പിച്ചു.വിരുന്നിനിടെ  പ്രധാനമന്ത്രി  നരേന്ദ്ര മോദി എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബിയെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കുകയും, അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു

***

NK