പിഎം ഇന്ത്യ
ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഇന്ന് നടന്ന കച്ഛ്, സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 2026 ആരംഭിച്ചശേഷം ഗുജറാത്തിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനമാണിതെന്ന് ചടങ്ങില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു. രാവിലെ സോമനാഥ ഭഗവാന്റെ ദിവ്യദര്‍ശനം ലഭിച്ചതായും ഇപ്പോള്‍ രാജ്‌കോട്ടിലെ മഹത്തായ പരിപാടിയില്‍ പങ്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘വികാസ് ഭി, വിരാസത് ഭി’ എന്ന മന്ത്രം എല്ലായിടത്തും പ്രതിധ്വനിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളവും ലോകമെമ്പാടും നിന്ന് എത്തിയ എല്ലാ സഹപ്രവര്‍ത്തകരെയും പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.
വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്ക് വേദിയൊരുങ്ങുമ്പോഴെല്ലാം, അതിനെ വെറുമൊരു ഉച്ചകോടിയായിട്ടല്ല, മറിച്ച് ഒരു സ്വപ്നത്തില്‍ ആരംഭിച്ച് ഇപ്പോള്‍ അചഞ്ചലമായ വിശ്വാസത്തില്‍ എത്തിയിരിക്കുന്ന 21-ാം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യയുടെ യാത്രയായിട്ടാണ് താൻ കാണുന്നതെന്നും ശ്രീ മോദി പറഞ്ഞു.
രണ്ട് പതിറ്റാണ്ടിനുള്ളില്‍, വൈബ്രന്റ് ഗുജറാത്തിന്റെ യാത്ര ആഗോള മാനദണ്ഡമായി മാറിയിരിക്കുന്നുവെന്നും, ഇതുവരെ പത്ത് പതിപ്പുകള്‍ നടന്നിട്ടുണ്ടെന്നും, ഓരോന്നും ഉച്ചകോടിയുടെ സ്വത്വവും പങ്കും ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യ ദിവസം മുതല്‍ തന്നെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ കാഴ്ചപ്പാടുമായി താന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ ശ്രീ മോദി, ഗുജറാത്തിന്റെ സാധ്യതകളെക്കുറിച്ച് ലോകത്തെ ബോധവാന്മാരാക്കുക, ജനങ്ങളെ ക്ഷണിക്കുക, നിക്ഷേപിക്കുക, അതുവഴി ഇന്ത്യയ്ക്കും ആഗോള നിക്ഷേപകര്‍ക്കും പ്രയോജനം ലഭിക്കുക എന്നതായിരുന്നു പ്രാരംഭ ഘട്ടത്തില്‍ ലക്ഷ്യമെന്ന് അനുസ്മരിച്ചു. ഇന്ന് നിക്ഷേപത്തിനപ്പുറം ആഗോള വളര്‍ച്ചയ്ക്കും അന്താരാഷ്ട്ര സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള വേദിയായി ഉച്ചകോടി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി ആഗോള പങ്കാളികളുടെ എണ്ണം ക്രമാനുഗതമായി വര്‍ധിച്ചുവെന്നും ഉച്ചകോടി ഉള്‍ചേര്‍ക്കലിന്റെ പ്രധാന ഉദാഹരണമായി മാറിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍, സഹകരണ സ്ഥാപനങ്ങള്‍, എംഎസ്എംഇകള്‍, നൂതനസംരംഭങ്ങള്‍, ബഹുമുഖ, ഉഭയകക്ഷി സംഘടനകള്‍, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഗുജറാത്തിന്റെ വികസനത്തോടൊപ്പം സംവാദത്തിലും ചര്‍ച്ചയിലും ഏര്‍പെടാനും തോളോട് തോള്‍ ചേര്‍ന്ന് നടക്കാനും ഇവിടെ ഒത്തുചേരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി പുതിയതും സവിശേഷവുമായ എന്തെങ്കിലും നിരന്തരം അവതരിപ്പിച്ചിട്ടുണ്ടെന്നും വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടി ഈ പാരമ്പര്യത്തിന്റെ മറ്റൊരു ഉദാഹരണമായി മാറിയിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളുടെ ഇതുവരെ ഉപയോഗിക്കാത്ത സാധ്യതകളെ പ്രകടനമാക്കി മാറ്റുക എന്നതാണ് ഈ മേഖലാ ഉച്ചകോടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ചില പ്രദേശങ്ങള്‍ക്ക് തീരദേശ രേഖയുടെ ശക്തിയുണ്ടെന്നും, മറ്റുള്ളവയ്ക്ക് ഒരു നീണ്ട ഗോത്ര മേഖലയുണ്ടെന്നും, ചിലതിന് വ്യാവസായിക കൂട്ടങ്ങളുടെ ഒരു വലിയ ആവാസവ്യവസ്ഥയുണ്ടെന്നും, മറ്റുള്ളവയ്ക്ക് കൃഷിയുടെയും മൃഗസംരക്ഷണത്തിന്റെയും സമ്പന്നമായ പാരമ്പര്യമുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ ഓരോ പ്രദേശത്തിനും അതിന്റേതായ ശക്തിയുണ്ടെന്നും, ഈ മേഖലാ സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മേഖലാ ഉച്ചകോടി മുന്നേറുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
21ാം നൂറ്റാണ്ടിന്റെ കാല്‍ഭാഗം ഇതിനകം കടന്നുപോയി എന്നും സമീപ വര്‍ഷങ്ങളില്‍ ഇന്ത്യ അതിവേഗം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഗുജറാത്തും അവിടുത്തെ ജനങ്ങളും ഇതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും ആഗോളതലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതീക്ഷകള്‍ തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണെന്നും ഡേറ്റ വ്യക്തമായി കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയാണ്. പണപ്പെരുപ്പം നിയന്ത്രണത്തിലാണ്. കാര്‍ഷിക ഉല്‍പാദനം പുതിയ റെക്കോര്‍ഡുകള്‍ കൈവരിക്കുന്നുണ്ടെന്നും, പാല്‍ ഉല്‍പാദനത്തിലും ജനറിക് മെഡിസിന്‍ ഉല്‍പാദനത്തിലും ഒന്നാം സ്ഥാനത്ത് ഇന്ത്യയാണെന്നും, ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉല്‍പാദക രാജ്യമാണെന്നും ശ്രീ മോദി പറഞ്ഞു.
‘പരിഷ്‌കരണം, പ്രകടനം, പരിവര്‍ത്തനം’ എന്ന മന്ത്രത്തിന്റെ വിജയഗാഥയാണ് ഇന്ത്യയുടെ വളര്‍ച്ചാ വസ്തുതാപത്രം’, എന്ന് പറഞ്ഞ ശ്രീ മോദി കഴിഞ്ഞ 11 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഡേറ്റ ഉപഭോക്താവായി മാറിയെന്നും, ആഗോളതലത്തില്‍ യുപിഐ ഒന്നാം നമ്പര്‍ തല്‍സമയ ഡിജിറ്റല്‍ പണമിടപാട് പ്ലാറ്റ്ഫോമായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. മുമ്പ് പത്തില്‍ ഒമ്പത് മൊബൈല്‍ ഫോണുകളും ഇറക്കുമതി ചെയ്തിരുന്നു, എന്നാല്‍ ഇന്ന് ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ മൂന്നാമത്തെ വലിയ നൂതനസംരംഭ ആവാസവ്യവസ്ഥയാണെന്നും, സൗരോര്‍ജ ഉല്‍പാദനത്തില്‍ മികച്ച മൂന്ന് രാജ്യങ്ങളില്‍ ഒന്നാണെന്നും, മൂന്നാമത്തെ വലിയ വ്യോമയാന വിപണിയാണെന്നും, ആഗോളതലത്തില്‍ മികച്ച മൂന്ന് മെട്രോ ശൃംഖലകളില്‍ ഒന്ന് ഉണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ന് എല്ലാ ആഗോള വിദഗ്ധരും സ്ഥാപനങ്ങളും ഇന്ത്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നുണ്ടെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഐഎംഎഫ് ഇന്ത്യയെ ആഗോള വളര്‍ച്ചയുടെ എഞ്ചിനാണെന്ന് വിശേഷിപ്പിച്ചതായും, പതിനെട്ട് വര്‍ഷത്തിനുശേഷം എസ് ആന്‍ഡ് പി ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയതായും, ഫിച്ച് റേറ്റിംഗുകള്‍ ഇന്ത്യയുടെ മാക്രോ സ്ഥിരതയെയും സാമ്പത്തിക വിശ്വാസ്യതയെയും പ്രശംസിച്ചതായും ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ വലിയ അനിശ്ചിതത്വത്തിനിടയിലും, ഇന്ത്യ അഭൂതപൂര്‍വമായ ഒരു സുനിശ്ചിതത്വ യുഗത്തിന് സാക്ഷ്യം വഹിക്കുന്നതിനാലാണ് ഇന്ത്യയില്‍ ഈ ആഗോള വിശ്വാസം നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ രാഷ്ട്രീയ സ്ഥിരത ആസ്വദിക്കുന്നുണ്ടെന്നും നയപരമായ തുടര്‍ച്ച, വര്‍ദ്ധിച്ചുവരുന്ന വാങ്ങല്‍ ശേഷിയോടെ വികസിച്ചുകൊണ്ടിരിക്കുന്ന നവ-മധ്യവര്‍ഗം എന്നിവ ഇന്ത്യയെ പരിധിയില്ലാത്ത സാധ്യതകളുള്ള ഒരു രാജ്യമാക്കി മാറ്റുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇതാണ് ശരിയായ സമയം, ശരിയായ സമയം’ എന്ന ചുവപ്പുകോട്ടയില്‍ നിന്നുള്ള തന്റെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട്, രാജ്യത്തെയും ലോകത്തെയും ഓരോ നിക്ഷേപകനും ഇന്ത്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ട ശരിയായ സമയമാണിതെന്ന് ശ്രീ മോദി പറഞ്ഞു. സൗരാഷ്ട്ര-കച്ഛിലെ നിക്ഷേപത്തിന് ഇതാണ് ശരിയായ സമയം എന്ന സന്ദേശം തന്നെയാണ് വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടി എല്ലാ നിക്ഷേപകര്‍ക്കും നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എത്ര വലിയ വെല്ലുവിളികള്‍ ഉണ്ടായാലും, സത്യസന്ധതയും കഠിനാധ്വാനവും കൊണ്ട് സ്ഥിരോത്സാഹം കാണിച്ചാല്‍ വിജയം സുനിശ്ചിതമാണെന്ന് നമ്മെ പഠിപ്പിക്കുന്ന പ്രദേശങ്ങളാണ് ഗുജറാത്തിലെ സൗരാഷ്ട്രയും കച്ഛുമെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വിനാശകരമായ ഭൂകമ്പം നേരിട്ട അതേ കച്ഛും വര്‍ഷങ്ങളോളം വരള്‍ച്ച അനുഭവിച്ച അതേ സൗരാഷ്ട്രയും ആയിരുന്നു ഇതെന്നും, കുടിവെള്ളത്തിനായി അമ്മമാരും സഹോദരിമാരും കിലോമീറ്ററുകള്‍ നടക്കേണ്ടി വന്നപ്പോള്‍, വൈദ്യുതി അനിശ്ചിതത്വത്തിലായിരുന്നു, എല്ലായിടത്തും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതുമായിരുന്നു അതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കച്ഛിലോ സൗരാഷ്ട്രയിലോ കൂടുതല്‍ കാലം താമസിക്കാന്‍ ജനങ്ങൾ മടിച്ചിരുന്ന ആ കാലഘട്ടത്തെക്കുറിച്ചുള്ള കഥകള്‍ മാത്രമേ ഇന്നത്തെ 20-25 വയസ്സ് പ്രായമുള്ള യുവാക്കള്‍ കേട്ടിട്ടുള്ളൂവെന്ന് അദ്ദേഹം നിരീക്ഷിച്ചു. ആ അവസ്ഥകള്‍ ഒരിക്കലും മാറില്ലെന്ന് തോന്നി. കാലം മാറുന്നതിന് ചരിത്രം സാക്ഷിയാണെന്നും, തീര്‍ച്ചയായും അത് സംഭവിക്കുന്നുണ്ടെന്നും, സൗരാഷ്ട്രയിലെയും കച്ഛിലെയും ജനങ്ങള്‍ തങ്ങളുടെ കഠിനാധ്വാനത്തിലൂടെ അവരുടെ വിധി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൗരാഷ്ട്രയും കച്ഛും ഇന്ന് കേവലം അവസരങ്ങളുടെ മേഖല മാത്രമല്ല, മറിച്ച് ഇന്ത്യയുടെ വളര്‍ച്ചയുടെ നട്ടെല്ലായി മാറിയിരിക്കുകയാണെന്ന് ശ്രീ മോദി പറഞ്ഞു. ഈ മേഖലകള്‍ ‘ആത്മനിര്‍ഭര്‍ ഭാരത്’ യജ്ഞത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്നും, ഇന്ത്യയെ ആഗോള നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിപണി അധിഷ്ഠിതമായ ഈ വളര്‍ച്ച നിക്ഷേപകര്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. രാജ്കോട്ടില്‍ മാത്രം 2.5 ലക്ഷത്തിലധികം എംഎസ്എംഇകള്‍ ഉണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വൈവിധ്യമാര്‍ന്ന ഈ വ്യവസായ മേഖലകളില്‍ സ്‌ക്രൂഡ്രൈവര്‍ മുതല്‍ വാഹന ഭാഗങ്ങള്‍, മെഷീന്‍ ടൂളുകള്‍, ലക്ഷ്വറി കാര്‍ ലൈനറുകള്‍, വിമാനങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും റോക്കറ്റുകളുടെയും ഭാഗങ്ങള്‍ എന്നിവ വരെ നിര്‍മ്മിക്കുന്നു. കുറഞ്ഞ ചെലവിലുള്ള നിര്‍മ്മാണം മുതല്‍ അതിസങ്കീര്‍ണ്ണമായ ഹൈ-ടെക്‌നോളജി നിര്‍മ്മാണം വരെയുള്ള മുഴുവന്‍ മൂല്യശൃംഖലയെയും ഈ മേഖല പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ഇവിടത്തെ ലോകപ്രശസ്തമായ സ്വര്‍ണ്ണാഭരണ വ്യവസായം നൈപുണ്യത്തിന്റെയും ആഗോള ബന്ധങ്ങളുടെയും ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍ ശാല അലാങ്ങിലാണെന്നും, ലോകത്തിലെ കപ്പലുകളുടെ മൂന്നിലൊന്ന് അവിടെ പുനഃചംക്രമണം ചെയ്യപ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് ചാക്രിക സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യയുടെ നേതൃത്വത്തിന്റെ സാക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൈല്‍സ് ഉല്‍പ്പാദനത്തില്‍ ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ രാജ്യമാണെന്നും, അതില്‍ മോര്‍ബി ജില്ല പ്രധാന പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവിടത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ ചെലവിലുള്ളതും ആഗോള നിലവാരമുള്ളതുമാണ്. മോര്‍ബി, ജാംനഗര്‍, രാജ്കോട്ട് എന്നീ സ്ഥലങ്ങള്‍ ചേര്‍ന്ന് ഒരു ‘മിനി ജപ്പാന്‍’ ആയി മാറുന്ന കാലം താന്‍ മുന്‍കൂട്ടി കാണുന്നുവെന്ന് ഒരിക്കല്‍ പറഞ്ഞിരുന്ന കാര്യം ശ്രീ മോദി അനുസ്മരിച്ചു. അന്ന് പലരും ആ പ്രസ്താവനയെ പരിഹസിച്ചിരുന്നുവെന്നും, എന്നാല്‍ ഇന്ന് ആ ദീര്‍ഘവീക്ഷണം തന്റെ കണ്‍മുന്നില്‍ യാഥാര്‍ത്ഥ്യമാകുന്നത് കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക നിര്‍മ്മാണമേഖലയുടെ പ്രധാന കേന്ദ്രമായി വളര്‍ന്നുവരുന്ന ധോലേര പ്രത്യേക നിക്ഷേപ മേഖലയില്‍ അഭിമാനം പ്രകടിപ്പിച്ച്, ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ സൗകര്യം ധോലേരയിലാണ് സ്ഥാപിതമാകുന്നതെന്ന് ശ്രീ മോദി പറഞ്ഞു. ഇത് ഭാവിയിലെ സാങ്കേതികവിദ്യകളില്‍ ഈ മേഖലയ്ക്ക് ആദ്യഘട്ടത്തില്‍ തന്നെ വലിയ മുന്നേറ്റം നല്‍കും. അടിസ്ഥാനസൗകര്യങ്ങള്‍ സജ്ജമാണെന്നും, നയങ്ങള്‍ സുതാര്യമാണെന്നും, ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ തയ്യാറാണെന്നും വ്യക്തമാക്കിയ അദ്ദേഹം ഈ മേഖലയില്‍ നിക്ഷേപം നടത്തുന്നതിനു കളമൊരുങ്ങിയതായും കൂട്ടിച്ചേര്‍ത്തു.
ഭാരതത്തിന്റെ ഹരിത വളർച്ചയുടെയും ഹരിത ചലനാത്മകതയുടെയും ഊർജ്ജ സുരക്ഷയുടെയും പ്രധാന കേന്ദ്രങ്ങളായി സൗരാഷ്ട്രയും കച്ചും ഉയർന്നുവരികയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കച്ചിൽ 30 ജിഗാവാട്ട് ശേഷിയുള്ള പുനരുപയോഗ ഊർജ്ജ പാർക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പാരീസ് നഗരത്തേക്കാൾ അഞ്ചിരട്ടി വലിപ്പമുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് എനർജി പാർക്കായിരിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഈ മേഖലയിലെ ശുദ്ധമായ ഊർജ്ജം എന്നത് വെറുമൊരു വാഗ്ദാനമല്ല, മറിച്ച് വാണിജ്യാടിസ്ഥാനത്തിലുള്ള യാഥാർത്ഥ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കച്ചും ജാംനഗറും ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്നും, ഗ്രിഡ് സ്ഥിരത ഉറപ്പാക്കുന്നതിനായി കച്ചിൽ കൂറ്റൻ ‘ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം’ സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതത്തിന്റെ കയറ്റുമതിയുടെ വലിയൊരു പങ്കു വഹിക്കുന്ന ലോകോത്തര നിലവാരമുള്ള തുറമുഖങ്ങളാണ് സൗരാഷ്ട്രയുടെയും കച്ചിന്റെയും മറ്റൊരു ശക്തിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പിപാവാവ്, മുന്ദ്ര തുറമുഖങ്ങൾ വാഹന കയറ്റുമതിയുടെ പ്രധാന കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. കഴിഞ്ഞ വർഷം ഗുജറാത്തിലെ തുറമുഖങ്ങളിൽ നിന്ന് ഏകദേശം 1.75 ലക്ഷം വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. ചരക്കുനീക്കത്തിനപ്പുറം, തുറമുഖാധിഷ്ഠിത വികസനത്തിന്റെ എല്ലാ മേഖലകളിലുമുള്ള നിക്ഷേപ സാധ്യതകൾ അനന്തമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, സമുദ്രോത്പന്ന സംസ്കരണ നിക്ഷേപകർക്ക് ശക്തമായ ആവാസവ്യവസ്ഥ ഒരുക്കിക്കൊണ്ട് മത്സ്യബന്ധന മേഖലയ്ക്ക് ഗുജറാത്ത് ഗവണ്മെന്റ് പ്രത്യേക മുൻഗണന നൽകുന്നതായും അദ്ദേഹം അറിയിച്ചു.
“അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം വ്യവസായ സജ്ജമായ ഒരു തൊഴിൽ സേനയാണ് ഇന്നത്തെ ഏറ്റവും വലിയ ആവശ്യം” പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഗുജറാത്ത് ഗവണ്മെന്റ് നിക്ഷേപകർക്ക് പൂർണ്ണ ഉറപ്പ് നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഓസ്‌ട്രേലിയ, സിംഗപ്പൂർ എന്നിവിടങ്ങളിലെ സർവ്വകലാശാലകളുമായി സഹകരിച്ച് കൗശല്യ സ്‌കിൽ യൂണിവേഴ്‌സിറ്റി യുവാക്കളെ ഭാവി നൈപുണ്യങ്ങൾക്കായി സജ്ജമാക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ദേശീയ തലത്തിലുള്ള പ്രതിരോധ സർവ്വകലാശാല, ഗതിശക്തി യൂണിവേഴ്സിറ്റി എന്നിവ റോഡ്, റെയിൽവേ, വ്യോമയാനം, ലോജിസ്റ്റിക്സ് മേഖലകളിൽ വൈദഗ്ധ്യമുള്ള മനുഷ്യശക്തിയെ തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പല വിദേശ സർവ്വകലാശാലകളും ഗുജറാത്തിനെ തങ്ങളുടെ ഇഷ്ടകേന്ദ്രമായി കാണുന്നുവെന്നും രണ്ട് ഓസ്‌ട്രേലിയൻ സർവ്വകലാശാലകൾ സംസ്ഥാനത്ത് ഇതിനകം കാമ്പസുകൾ ആരംഭിച്ചതായും ഭാവിയിൽ കൂടുതൽ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രകൃതിയും സാഹസികതയും സംസ്‌കാരവും പൈതൃകവും ഒത്തുചേരുന്ന സമ്പൂർണ്ണ വിനോദസഞ്ചാര അനുഭവമാണ് ഗുജറാത്ത് നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 4,500 വർഷം പഴക്കമുള്ള ഇന്ത്യയുടെ സമുദ്ര പൈതൃകത്തിന്റെ പ്രതീകമായ ലോഥലിൽ ‘നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സ്’ വികസിപ്പിക്കുന്നുണ്ട്. കച്ചിൽ ഇപ്പോൾ റാൻ ഉത്സവം ആഘോഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവിടുത്തെ ടെന്റ് സിറ്റി സഞ്ചാരികൾക്ക് സവിശേഷമായ അനുഭവം നൽകുന്നുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. വന്യജീവി പ്രേമികൾക്ക് ഏഷ്യൻ സിംഹങ്ങളെ നേരിൽ കാണാൻ ഗിർ വനം സന്ദർശിക്കാമെന്നും, പ്രതിവർഷം ഒൻപത് ലക്ഷത്തിലധികം വിനോദസഞ്ചാരികളെയാണ് ഇവിടം ആകർഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടലിനെ സ്നേഹിക്കുന്നവർക്ക് ‘ബ്ലൂ ഫ്ലാഗ്’ അംഗീകാരമുള്ള ശിവരാജ്പൂർ ബീച്ചും, ഒപ്പം കടലോര വിനോദസഞ്ചാരത്തിന് വലിയ സാധ്യതകളുള്ള മാണ്ഡവി, സോമനാഥ്, ദ്വാരക എന്നിവയും ആസ്വദിക്കാവുന്നതാണ്. സമീപത്തുള്ള ദിയു, ജലകായിക വിനോദങ്ങൾക്കും ബീച്ച് ഗെയിമുകൾക്കും അനുയോജ്യമായ പ്രധാന ലക്ഷ്യസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. സൗരാഷ്ട്രയും കച്ചും ശക്തിയും സാധ്യതകളും നിറഞ്ഞ പ്രദേശങ്ങളാണെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, നിക്ഷേപകരോട് അവ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ അഭ്യർത്ഥിച്ചു. സൗരാഷ്ട്ര-കച്ച് മേഖലയിലെ ഓരോ നിക്ഷേപവും ഗുജറാത്തിന്റെ വികസനത്തിനും രാജ്യത്തിന്റെ പുരോഗതിക്കും ആക്കം കൂട്ടുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്നത്തെ ഇന്ത്യ അതിവേഗം കുതിക്കുകയാണെന്നും ഈ യാത്രയിൽ “റിഫോം എക്സ്പ്രസ്” (പരിഷ്കരണ എക്സ്പ്രസ്) വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എല്ലാ മേഖലകളിലും നടപ്പിലാക്കുന്ന അടുത്ത തലമുറ പരിഷ്കാരങ്ങളെയാണ് ‘റിഫോം എക്സ്പ്രസ്’ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. അടുത്ത കാലത്ത് നടപ്പിലാക്കിയ ജിഎസ്ടി പരിഷ്കാരങ്ങൾ എല്ലാ മേഖലകളെയും, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ ഗുണപരമായ സ്വാധീനം ചെലുത്തി. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചത് പൗരന്മാർക്ക് സാർവത്രിക ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള പ്രചാരണത്തിന് വേഗത കൂട്ടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം ആറ് പതിറ്റാണ്ടിന് ശേഷം ആദായനികുതി നിയമം പരിഷ്കരിച്ചത് ദശലക്ഷക്കണക്കിന് നികുതിദായകർക്ക് പ്രയോജനകരമായി. വേതനം, സാമൂഹിക സുരക്ഷ, വ്യവസായം എന്നിവയ്ക്ക് ഏകീകൃത ചട്ടക്കൂട് നൽകിക്കൊണ്ട് ഇന്ത്യ നടപ്പിലാക്കിയ ചരിത്രപരമായ തൊഴിൽ പരിഷ്കാരങ്ങൾ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും ഒരുപോലെ ഗുണകരമായെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ഡാറ്റാധിഷ്ഠിത നവീകരണം, നിർമ്മിതബുദ്ധി ഗവേഷണം, അർധചാലക നിർമ്മാണം എന്നിവയുടെ ആഗോള കേന്ദ്രമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകത കണക്കിലെടുക്കുമ്പോൾ, തടസ്സമില്ലാത്ത ഊർജ്ജ ലഭ്യത നിർണ്ണായകമാണെന്നും, ഇത് നേടുന്നതിനുള്ള ഒരു പ്രധാന മാധ്യമമാണ് ആണവോർജ്ജം എന്നും ശ്രീ മോദി അടിവരയിട്ടു. ‘ശാന്തി’ നിയമത്തിലൂടെ സിവിൽ ആണവോർജ്ജ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുത്തത് നിക്ഷേപകർക്ക് വലിയ അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ പരിഷ്കരണ എക്സ്പ്രസ് നിന്നുപോകില്ലെന്നും രാജ്യത്തിന്റെ പരിഷ്കരണ യാത്ര സ്ഥാപനപരമായ പരിവർത്തനത്തിലേക്ക് മുന്നേറിക്കഴിഞ്ഞുവെന്നും അദ്ദേഹം നിക്ഷേപകർക്ക് ഉറപ്പ് നൽകി. നിക്ഷേപകർ ഇവിടെ എത്തിയിരിക്കുന്നത് വെറുമൊരു ധാരണാപത്രത്തിൽ ഒപ്പിടാൻ മാത്രമല്ല, മറിച്ച് സൗരാഷ്ട്ര-കച്ചിന്റെ വികസനവുമായും പൈതൃകവുമായും ബന്ധപ്പെടാനാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ നിക്ഷേപിക്കുന്ന ഓരോ രൂപയ്ക്കും മികച്ച പ്രതിഫലം ലഭിക്കുമെന്ന് ഉറപ്പുനൽകിക്കൊണ്ട് അദ്ദേഹം എല്ലാവർക്കും ആശംസകൾ നേർന്നു.
രാജ്‌കോട്ടിൽ നിന്നുള്ള പ്രമുഖ വ്യവസായ പ്രമുഖനും ജ്യോതി സിഎൻസി ഓട്ടോമേഷന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ പരാക്രമസിങ് ജി ജഡേജ ചടങ്ങിൽ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. ‘വൈബ്രന്റ് ഗുജറാത്ത്’ സംരംഭത്തിലൂടെ ഗുജറാത്തിനെ ഇന്ത്യയുടെ വളർച്ചാ എഞ്ചിനാക്കി മാറ്റിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അസാധാരണമായ കാഴ്ചപ്പാടിനെയും നേതൃത്വത്തെയും അദ്ദേഹം പ്രശംസിച്ചു.
അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൽ, അസ്ഥിരത, അനിശ്ചിതത്വം, സങ്കീർണ്ണത, എന്ന ആഗോള VUCA പരിസ്ഥിതിയെ ദർശനം, ധാരണ, വ്യക്തത, ചടുലത എന്നിവയിലേക്ക് ഇന്ത്യ പുനർനിർവചിക്കുകയും, പ്രക്ഷുബ്ധമായ ആഗോള സാഹചര്യങ്ങളിൽ പോലും സ്ഥിരത ഉറപ്പാക്കുകായും ചെയ്യുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിർമ്മാണം, ഗവേഷണ വികസനം (R&D), നൈപുണ്യ വികസനം എന്നീ മേഖലകളിലായി 10,000 കോടിയിലധികം രൂപ ജ്യോതി സിഎൻസി നിക്ഷേപിക്കും. നവീകരണത്തിന്റെയും നൈപുണ്യ വികസനത്തിന്റെയും അടിസ്ഥാനത്തിൽ, ഉൽപ്പാദനത്തിൽ ഇന്ത്യയെ നയിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കഴിഞ്ഞുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരതം, വികസിത ഭാരതം @2047 എന്നീ ലക്ഷ്യങ്ങൾ ഗവണ്മെന്റ്, വ്യവസായം, സ്ഥാപനങ്ങൾ, സമൂഹം എന്നിവയുടെ സംയുക്ത ഉത്തരവാദിത്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ തോതിലുള്ള നിക്ഷേപങ്ങൾക്കും സാങ്കേതിക മുന്നേറ്റത്തിനും ആഗോള മത്സരക്ഷമതയ്ക്കും അനുയോജ്യമായ അന്തരീക്ഷം മോദിയുടെ നയങ്ങളും പരിഷ്കാരങ്ങളും സൃഷ്ടിച്ചിട്ടുണ്ടെന്നും, ഇത് ഇന്ത്യയുടെ ഉൽപ്പാദന മേഖലയെ ശക്തിപ്പെടുത്തുമെന്നും ദേശീയ പുരോഗതിക്ക് ഗണ്യമായ സംഭാവന നൽകുമെന്നുമുള്ള ആത്മവിശ്വാസം പകരുന്നുവെന്നും അദ്ദേഹം അടിവരയിട്ടു.
ഭാരതത്തിന്റെ വ്യാപ്തിയെയും ചിന്താഗതിയെയും പുനർനിർമ്മിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരിവർത്തനപരമായ നേതൃത്വത്തെ അദാനി പോർട്‌സ് ആൻഡ് SEZ മാനേജിംഗ് ഡയറക്ടർ ശ്രീ കരൺ അദാനി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ ചിന്തിക്കാനും സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാനും വികസനത്തെ ഒരു നാഗരിക ദൗത്യമായി കാണാനും ശ്രീ മോദി രാജ്യത്തെ പഠിപ്പിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീ മോദിയുടെ കീഴിൽ, ഗുജറാത്ത് ഇന്ത്യയിലെ ഏറ്റവും വ്യാവസായിക പുരോഗതിയുള്ളതും ആഗോളതലത്തിൽ ബന്ധിപ്പിക്കപ്പെട്ടതുമായ സംസ്ഥാനങ്ങളിലൊന്നായി മാറിയെന്നും മൊത്ത ആഭ്യന്തര ഉൽപ്പാദനം, വ്യാവസായിക ഉൽപ്പാദനം, കാർഗോ കൈകാര്യം ചെയ്യൽ, പുനരുപയോഗ ഊർജ്ജം എന്നിവയിൽ അത് ഗണ്യമായ സംഭാവന നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ് ചെയ്യുന്നതിലെ ലളിതവൽക്കരണം എന്നത് ഒരു ദേശീയ സങ്കൽപ്പമായി മാറുന്നതിന് വളരെ മുമ്പുതന്നെ, മികച്ച ഭരണത്തിലൂടെയും പ്രവർത്തന വേഗതയിലൂടെയും ഒരു സംസ്ഥാനത്തെ എങ്ങനെ മാറ്റിമറിക്കാം എന്ന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ശ്രീ മോദി തെളിയിച്ചതായി ശ്രീ അദാനി അനുസ്മരിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ, അദ്ദേഹം ഈ തത്വശാസ്ത്രം ഇന്ത്യയിലുടനീളം വ്യാപിപ്പിച്ചു. സഹകരണപരവും മത്സരാത്മകവുമായ ഫെഡറലിസത്തിലൂടെ സംസ്ഥാനങ്ങളെ വളർച്ചയുടെ എഞ്ചിനുകളാക്കി മാറ്റുകയും നയപരമായ സ്ഥിരത ഉറപ്പാക്കുകയും വലിയ തോതിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തു. ചിന്നിച്ചിതറിയ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കിടയിൽ മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഒരു പ്രകാശഗോപുരമായി ഉയർന്നുവന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം 8 ശതമാനത്തോട് അടുത്ത വളർച്ച കൈവരിക്കുകയും ഉൽപ്പാദന മേഖല വികസിപ്പിക്കുകയും 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്കും ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയിലേക്കും ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. കച്ചിനെയും മുന്ദ്രയെയും പ്രത്യേകിച്ച് 37 ജിഗാവാട്ട് ശേഷിയുള്ള ഖാവ്ഡ പുനരുപയോഗ ഊർജ്ജ പാർക്ക് പോലുള്ള പദ്ധതികളെയും ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി, .
തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വ്യാവസായിക മത്സരക്ഷമത, സുസ്ഥിരത തുടങ്ങിയ ദേശീയ മുൻഗണനകൾക്കനുയോജ്യമായ രീതിയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കച്ചിൽ 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചകൊണ്ട് ‘വികസിത് ഭാരത് 2047’ ലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ ഗുജറാത്തിന്റെ പങ്ക് അദ്ദേഹം അടിവരയിട്ടു.
ഗുജറാത്തിനെ, പ്രത്യേകിച്ച് കച്ച്, സൗരാഷ്ട്ര എന്നീ മേഖലകളെ പരിവർത്തനം ചെയ്യുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തെ വെൽസ്പൺ ഗ്രൂപ്പ് ചെയർമാൻ ശ്രീ ബി.കെ. ഗോയങ്ക പ്രശംസിച്ചു. ഒരുകാലത്ത് ക്ഷാമത്തിനും ദുരന്തങ്ങൾക്കും പേരുകേട്ട ഈ പ്രദേശങ്ങൾ ഇന്ന് ലോകോത്തര റിഫൈനറികൾ, തുറമുഖങ്ങൾ, തുണിത്തരങ്ങൾ, പുനരുപയോഗ ഊർജ്ജം എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ പരിവർത്തനം പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണവും ദൃഢനിശ്ചയവും കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഗുജറാത്തിന് ഒരു പുതിയ മുഖം നൽകി. 2003-ൽ, ആദ്യത്തെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ, ഭൂകമ്പബാധിത കച്ചിൽ കമ്പനിയുടെ പുതിയ പ്ലാന്റ് സ്ഥാപിക്കാൻ ശ്രീ മോദി വെൽസ്പണിനോട് ആവശ്യപ്പെട്ടത് അദ്ദേഹം ഓർമ്മിപ്പിച്ചു. നിക്ഷേപിക്കുന്ന ഓരോ രൂപയും പലമടങ്ങ് വരുമാനം നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ആ ദീർഘവീക്ഷണമാണ് വെൽസ്പണിന്റെ ഗുജറാത്ത് സംരംഭം ലോകത്തിലെ മുൻനിര ഹോം ടെക്സ്റ്റൈൽ കമ്പനിയാക്കി മാറ്റിയത്. ഒരു ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും യുഎസിലും യുകെയിലും 25% ത്തിലധികം വിപണി വിഹിതം നേടുകയും ചെയ്തു. ഉൽപ്പന്നങ്ങൾ വിംബിൾഡണിൽ പോലും എത്തി. ലോകത്തിലെ ഏറ്റവും വലിയ ഉൽപ്പാദകരാകാൻ ലക്ഷ്യമിട്ട് 5,000 കോടി രൂപയുടെ വെൽസ്പണിന്റെ പൈപ്പ്‌ലൈൻ പദ്ധതിയെ ശ്രീ ഗോയങ്ക എടുത്തുകാട്ടി. “നിങ്ങളുടെ സ്വപ്നം പോലെ വലുതാണ് എന്റെ പ്രതിബദ്ധതയും” – ശ്രീ മോദിയുടെ ദൃഢനിശ്ചയത്തെ അദ്ദേഹം പ്രശംസിച്ചു. പുതിയ സ്വപ്നങ്ങൾ, പുതിയ പ്രതിജ്ഞകൾ, തുടർച്ചയായ നേട്ടങ്ങൾ എന്നിവയ്ക്കായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പ്രകീർത്തിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു, ഇന്ത്യയെ സ്വയംപര്യാപ്തമാക്കുക മാത്രമല്ല, 2047 ഓടെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്നതാണ് എല്ലാവരുടെയും മുന്നിലുള്ള വെല്ലുവിളിയെന്നും ശ്രീ ഗോയങ്ക ഊന്നിപ്പറഞ്ഞു.
വൈബ്രന്റ് ഗുജറാത്ത് റീജിയണൽ ഉച്ചകോടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും ദർശനത്തെയും ആഘോഷിച്ചുവെന്നും, ഇന്ത്യയുടെ നാഗരിക ആത്മവിശ്വാസം പുനഃസ്ഥാപിച്ചതിനും അഭൂതപൂർവമായ ആത്മവിശ്വാസത്തിന്റെയും ഊർജ്ജസ്വലതയുടെയും ഒരു യുഗത്തിന് തുടക്കമിട്ടതിനും അദ്ദേഹത്തെ പ്രശംസിക്കുന്നതായും, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ ശ്രീ മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യ സാധ്യതയിൽ നിന്ന് പ്രകടനത്തിലേക്കും, അഭിലാഷത്തിൽ നിന്ന് പ്രവർത്തനത്തിലേക്കും, പരിവർത്തനം ചെയ്യപ്പെട്ടതും, ഒരു പിൻനിരക്കാരൻ എന്ന നിലയിൽ നിന്ന് ഒരു ആഗോള ശക്തിയായി മാറിയതും മോദി യുഗത്തിൽ ആയിരുന്നുവെന്ന് ചരിത്രം ഓർമ്മിക്കുമെന്ന് ശ്രീ അംബാനി ഊന്നിപ്പറഞ്ഞു. റിലയൻസ് ഗുജറാത്തിന് നൽകുന്ന പ്രത്യേക സ്ഥാനത്തെ പറ്റി അദ്ദേഹം പരാമർശിച്ചു. കമ്പനിയുടെ ശരീരവും, ഹൃദയവും, ആത്മാവുമെല്ലാം ഗുജറാത്താണെന്ന് ശ്രീ മുകേഷ് അംബാനി വിശേഷിപ്പിച്ചു, മോദിയുടെ ദർശനവുമായി പൊരുത്തപ്പെടുന്ന അഞ്ച് പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തി.
ഗുജറാത്തിലെ നിക്ഷേപം റിലയൻസ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 7 ലക്ഷം കോടിയായി ഇരട്ടിയാക്കും എന്നതാണ് അതിൽ ആദ്യത്തേത്. ഇത് തൊഴിലവസരങ്ങളും സമൃദ്ധിയും സൃഷ്ടിക്കും. രണ്ടാമതായി, ജാംനഗറിൽ ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഹരിത ഊർജ്ജ ആവാസവ്യവസ്ഥയുടെ ആരംഭമാണ്. സൗരോർജ്ജം, ബാറ്ററി സംഭരണം, ഹരിത ഹൈഡ്രജൻ, വളങ്ങൾ, സുസ്ഥിര ഇന്ധനങ്ങൾ, നൂതന വസ്തുക്കൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു സംയോജിത പദ്ധതിയാണ് ഇത്. മൂന്നാമതായി, ഗുജറാത്തിൽ നിന്ന് ആരംഭിച്ച് ഓരോ പൗരനും താങ്ങാനാവുന്ന വിലയിൽ AI സേവനങ്ങൾ നൽകുന്നതിനായി റിലയൻസ് ഇന്ത്യയിലെ ഏറ്റവും വലിയ AI-റെഡി ഡാറ്റാ സെന്റർ വികസിപ്പിക്കുന്നു. നാലാമതായി, ഗുജറാത്ത് സർക്കാരുമായി സഹകരിച്ച് റിലയൻസ് ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ വീർ സവർക്കർ മൾട്ടി-സ്പോർട്സ് കോംപ്ലക്സ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തി ഭാവി ചാമ്പ്യന്മാരെ പരിശീലിപ്പിക്കുകയും, ഇന്ത്യയുടെ ഒളിമ്പിക് അഭിലാഷങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ്. അഞ്ചാമതായി, ജാംനഗറിൽ ഒരു ലോകോത്തര ആശുപത്രി ഉൾപ്പെടെയുള്ള ആരോഗ്യ സംരക്ഷണ, വിദ്യാഭ്യാസ സൗകര്യങ്ങൾ റിലയൻസ് വികസിപ്പിക്കും.
ആഗോളതലത്തിൽ പ്രക്ഷുബ്ധതകൾക്കിടയിലും, ശ്രീ മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സുരക്ഷിതമായി മുന്നോട്ട് പോകുന്നു എന്നും, അദ്ദേഹത്തെ രാജ്യത്തിന്റെ “അജയ്യമായ സംരക്ഷണ മതിൽ” എന്ന് വിശേഷിപ്പിച്ചു കൊണ്ടും ശ്രീ അംബാനി തന്റെ പ്രഭാഷണം ഉപസംഹരിച്ചു. ഇത് ഇന്ത്യയുടെ നിർണായക ദശകമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു, മോദി ഭാവിയിലേക്ക് രാജ്യത്തെ ഒരുക്കുക മാത്രമല്ല, അതിനെ സജീവമായി രൂപപ്പെടുത്തുകയും ചെയ്തു, ഗുജറാത്തിനും 2047 ലെ വീകസിത് ഭാരതിനോടുമുള്ള റിലയൻസിന്റെ പ്രതിബദ്ധത അദ്ദേഹം വീണ്ടും ഉറപ്പിച്ചു.
വൈബ്രന്റ് ഗുജറാത്ത് പ്രാദേശിക ഉച്ചകോടിയിൽ റുവാണ്ടയെ ഒരു രാജ്യ പങ്കാളിയായി ക്ഷണിച്ചതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ സംസാരിക്കാൻ അവസരം നൽകിയതിനും ഗുജറാത്ത് മുഖ്യമന്ത്രിയോട് ഇന്ത്യയിലെ റുവാണ്ടൻ ഹൈക്കമ്മീഷണർ ശ്രീമതി ജാക്വലിൻ മുകാംഗിര നന്ദി പറഞ്ഞു. സമ്മേളനം വിജയകരമായി സംഘടിപ്പിച്ചതിന് ഗുജറാത്ത് സർക്കാരിനെ അവർ അഭിനന്ദിക്കുകയും റുവാണ്ടയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെ അടിവരയിടുകയും ചെയ്തു. 2018-ൽ പ്രധാനമന്ത്രി മോദി റുവാണ്ടയിൽ നടത്തിയ ചരിത്രപരമായ സന്ദർശനത്തെ അവർ അനുസ്മരിച്ചു, ഈ സമയത്ത് ആറ് ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുകയും 200 പശുക്കളെ ദരിദ്ര കുടുംബങ്ങൾക്ക് നൽകുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ ഉദാരതയുടെയും നേതൃത്വത്തിന്റെയും ഉദാഹരണമാണെന്ന് അവർ പ്രശംസിച്ചു. 2017-ൽ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുത്തതുൾപ്പെടെ പ്രസിഡന്റ് പോൾ കഗാമെ അഞ്ച് തവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ടെന്നും ഇരു നേതാക്കളും റുവാണ്ട-ഇന്ത്യ ബന്ധങ്ങളെ തന്ത്രപരമായ തലത്തിലേക്ക് ഉയർത്തിയിട്ടുണ്ടെന്നും അവർ ഊന്നിപ്പറഞ്ഞു.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന, അഴിമതിയോട് ഒട്ടും സഹിഷ്ണുതയില്ലാത്ത, സ്ഥിരതയുള്ള ഒരു രാഷ്ട്രമായിട്ടാണ് ശ്രീമതി മുകാൻഗിര റുവാണ്ടയെ വിശേഷിപ്പിച്ചത്. ഭരണ സുതാര്യതയിലും ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പത്തിലും ആഫ്രിക്കയിൽ ഒന്നാം സ്ഥാനത്താണ്. 2025 ലെ മൂന്നാം പാദത്തിൽ 11.8% സാമ്പത്തിക വളർച്ചയും അവർ രേഖപ്പെടുത്തി. റുവാണ്ടയുടെ രണ്ടാമത്തെ വലിയ വിദേശ നിക്ഷേപകനും വ്യാപാര പങ്കാളിയുമായി ഇന്ത്യയെ അവർ ഉയർത്തിക്കാട്ടി. ശക്തമായ പ്രോത്സാഹനങ്ങളുടെ പിന്തുണയോടെ ഉൽപ്പാദനം, അടിസ്ഥാന സൗകര്യങ്ങൾ, ഐസിടി, കൃഷി, ഖനനം, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കൂടുതൽ ഇന്ത്യൻ നിക്ഷേപങ്ങൾ ക്ഷണിച്ചു. പ്രശസ്ത പർവത ഗൊറില്ലകളുടെയും ആഫ്രിക്കയിലെ വലിയ 5 മൃഗങ്ങളുടെ ആവാസ കേന്ദ്രവുമായ റുവാണ്ട സന്ദർശിക്കാൻ പ്രതിനിധികളെ ക്ഷണിച്ചുകൊണ്ട് അവർ ഉപസംഹരിച്ചു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുമായുള്ള ശക്തമായ ബന്ധത്തിനുള്ള റുവാണ്ടയുടെ പ്രതിബദ്ധത അവർ വീണ്ടും ഉറപ്പിച്ചു.
ഇന്ത്യയിലെ ഉക്രെയ്‌നിന്റെ അംബാസഡർ ഡോ. ഒലെക്‌സാണ്ടർ പോളിഷ്‌ചക്ക്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ഊഷ്മളമായി പ്രശംസിച്ചു. പ്രാദേശിക നേതാവിൽ നിന്ന് ദേശീയ വ്യക്തിത്വത്തിലേക്കും ഇപ്പോൾ ഒരു ആഗോള രാഷ്ട്രതന്ത്രജ്ഞനിലേക്കും ഉള്ള അദ്ദേഹത്തിന്റെ യാത്രയിൽ, സമാധാനം സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഉൾപ്പെടെ അദ്ദേഹം പരാമർശിച്ചു. ശ്രീ മോദിയുടെ ദർശനത്തിന് കീഴിൽ ഗുജറാത്ത് അതിന്റെ വികസന മാതൃകയ്ക്ക് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നും അത് ഇന്ത്യയിലുടനീളം വ്യാപിച്ചിട്ടുണ്ടെന്നും 2047 ൽ വികസിത് ഭാരത് എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് രാജ്യത്തെ നയിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഗുജറാത്ത് സർക്കാരിനോടും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനോടും അവർ തങ്ങൾക്ക് നൽകിയ സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. വിദ്യാഭ്യാസം, സ്ഥാപന പങ്കാളിത്തം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെ സഹകരണം അദ്ദേഹം എടുത്തുകാണിച്ചു. ഇത് ജനങ്ങൾ തമ്മിലുള്ള ബന്ധത്തെയും അറിവ് അടിസ്ഥാനമാക്കിയുള്ള ബന്ധങ്ങളെയും ശക്തിപ്പെടുത്തുന്നു. 2023 ലെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ ഉക്രെയ്ൻ അഭിമാനത്തോടെ ഒരു പങ്കാളി രാജ്യമായി സേവനമനുഷ്ഠിച്ചുവെന്നും സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള തന്ത്രപരമായ അവസരമായി ഇതിനെ കാണുന്നുവെന്നും പോളിഷ്‌ചക്ക് വ്യക്തമാക്കി. കൃഷി, എഞ്ചിനീയറിംഗ്, ഐടി, ഊർജ്ജം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ ഉക്രേനിയൻ വ്യവസായങ്ങൾ ഇന്ത്യയുമായി സജീവമായി ഇടപഴകുന്നുണ്ട്, ഉഭയകക്ഷി വ്യാപാരം ഇതിനകം 400 കോടി ഡോളറിലെത്തിയിട്ടുണ്ട്.
പോളണ്ടിൽ നടക്കാനിരിക്കുന്ന ഉക്രെയ്ൻ റിക്കവറി കോൺഫറൻസിൽ പങ്കെടുക്കാൻ ഇന്ത്യൻ കമ്പനികളെ അദ്ദേഹം ക്ഷണിച്ചു. മെയ്ക്ക് ഇൻ ഇന്ത്യ ചട്ടക്കൂടിന് കീഴിലുള്ള പ്രതിരോധ മേഖല ഉൾപ്പെടെ വിപുലമായ വ്യാവസായിക, സാങ്കേതിക സഹകരണത്തിനുള്ള സാധ്യതകൾ അദ്ദേഹം അടിവരയിടുകയും ചെയ്തു. 2024 ൽ യുദ്ധസമയത്ത് ഉക്രെയ്നിലേക്ക് പ്രധാനമന്ത്രി മോദി നടത്തിയ ചരിത്രപരമായ സന്ദർശനം, ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിക്കൊപ്പം ഉഭയകക്ഷി ബന്ധങ്ങളെ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്താനുള്ള ഉദ്ദേശ്യം വീണ്ടും ഉറപ്പിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉക്രെയ്നിൽ സുസ്ഥിര സമാധാനം കൈവരിക്കുന്നത് ഇന്ത്യ-ഉക്രെയ്ൻ ബന്ധങ്ങളെ കൂടുതൽ ആഴത്തിലാക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞു. ഉൽപ്പാദനപരമായ ചർച്ചകളും ശക്തമായ പുതിയ പങ്കാളിത്തങ്ങളും വളർത്തിയെടുക്കുന്നതിൽ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി വിജയിക്കണമെന്ന് അദ്ദേഹം ആശംസിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേലും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
ചടങ്ങിൽ, പ്രധാനമന്ത്രി 14 ഗ്രീൻഫീൽഡ് സ്മാർട്ട് ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (ജിഐഡിസി) എസ്റ്റേറ്റുകളുടെ വികസനം പ്രഖ്യാപിക്കുകയും രാജ്കോട്ടിൽ ജിഐഡിസിയുടെ മെഡിക്കൽ ഉപകരണ പാർക്ക് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
2026 ജനുവരി 11 -12 തീയതികളിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം കച്ച്, സൗരാഷ്ട്ര മേഖലകളിലെ 12 ജില്ലകളെ ലക്ഷ്യം വച്ചുള്ളതാണ്. ഈ പ്രദേശങ്ങൾക്ക് മാത്രമായി സമർപ്പിച്ചിരിക്കുന്ന ഈ സമ്മേളനം പടിഞ്ഞാറൻ ഗുജറാത്തിലെ നിക്ഷേപത്തിനും വ്യാവസായിക വളർച്ചയ്ക്കും പുതിയ ആക്കം കൂട്ടുകയാണ് ലക്ഷ്യമിടുന്നത്. സെറാമിക്സ്, എഞ്ചിനീയറിംഗ്, തുറമുഖങ്ങൾ – ലോജിസ്റ്റിക്സ്, മൽസ്യ മേഖല, പെട്രോകെമിക്കൽസ്, കാർഷിക – ഭക്ഷ്യ സംസ്കരണം, ധാതുക്കൾ, ഹരിത ഊർജ്ജ ആവാസ വ്യവസ്ഥ, നൈപുണ്യ വികസനം, സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ, ടൂറിസം, സംസ്കാരം തുടങ്ങിയ മേഖലകളാണ് സമ്മേളനത്തിന്റെ കേന്ദ്രബിന്ദുക്കൾ. ജപ്പാൻ, ദക്ഷിണ കൊറിയ, റുവാണ്ട, ഉക്രെയ്ൻ എന്നിവയാണ് സമ്മേളനത്തിന്റെ പങ്കാളി രാജ്യങ്ങൾ.
വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ വിജയത്തിന്റെ വ്യാപ്തിയും സ്വാധീനവും കൂടുതൽ വികസിപ്പിക്കുന്നതിനായി, സംസ്ഥാനത്തുടനീളം നാല് വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനങ്ങൾ നടക്കുന്നു. വടക്കൻ ഗുജറാത്ത് മേഖലയ്ക്കായുള്ള ആദ്യ പ്രാദേശിക സമ്മേളനം 2025 ഒക്ടോബർ 9-10 തീയതികളിൽ മെഹ്സാനയിൽ നടന്നു. നിലവിലെ പതിപ്പ് കച്ച്, സൗരാഷ്ട്ര മേഖലയ്ക്കായാണ് നടക്കുന്നത്. ദക്ഷിണ ഗുജറാത്ത്, മധ്യ ഗുജറാത്ത് മേഖലകൾക്കായുള്ള പ്രാദേശിക സമ്മേളനങ്ങൾ പിന്നീട് യഥാക്രമം (2026 ഏപ്രിൽ 9-10 )സൂറത്തിലും (2026 ജൂൺ 10-11)വഡോദരയിലും സംഘടിപ്പിക്കും.
പ്രധാനമന്ത്രിയുടെ ‘വിക്‌സിത് ഭാരത് @2047’ എന്ന കാഴ്ചപ്പാടുമായി യോജിപ്പിച്ച്, വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ വിജയവും പൈതൃകവും കെട്ടിപ്പടുക്കുന്ന ഈ മേഖലാ സമ്മേളനങ്ങൾ, പ്രാദേശികാടിസ്ഥാനത്തിൽ വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുക, വൈവിധ്യമാർന്ന മേഖലകളിലുടനീളം നിക്ഷേപങ്ങൾ ആകർഷിക്കുക, ആഗോള ഇടപെടൽ വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്നു. വൈബ്രന്റ് ഗുജറാത്ത് പ്രസ്ഥാനത്തെ പ്രാദേശികമായി അടുപ്പിക്കുന്നതിലൂടെ, വികേന്ദ്രീകൃത വികസനം, ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പം, നവീകരണത്താൽ നയിക്കപ്പെടുന്ന വളർച്ച, സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയിൽ പ്രധാനമന്ത്രി നൽകിയിരിക്കുന്ന പ്രാധാന്യം ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു.
പ്രാദേശിക നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനും പുതിയ സംരംഭങ്ങൾ പ്രഖ്യാപിക്കുന്നതിനുമുള്ള ഒരു വേദിയായി മാത്രമല്ല വൈബ്രന്റ് ഗുജറാത് പ്രവർത്തിക്കുന്നത്. പ്രാദേശിക സമ്പദ്‌വ്യവസ്ഥകളെ ശാക്തീകരിക്കുന്നതിനും, നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും, സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും തന്ത്രപരമായ നിക്ഷേപങ്ങൾ സുഗമമാക്കുന്നതിനും അതിലൂടെ ഗുജറാത്തിന്റെ വളർച്ചയുടെ ഗാഥ സൃഷ്ടിക്കുന്നതിനുള്ള ഉപകരണമായും മേഖലാ സമ്മേളനങ്ങൾ പ്രവർത്തിക്കും. 2027 ജനുവരിയിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയുടെ അടുത്ത പതിപ്പിൽ മേഖലാ സമ്മേളനങ്ങളുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കും.
Speaking at the Vibrant Gujarat Regional Conference for Kutch and Saurashtra Region.
https://t.co/4LDjmAU1gy— Narendra Modi (@narendramodi) January 11, 2026
India is the world’s fastest-growing large economy. pic.twitter.com/HlhiPzjkNx
— PMO India (@PMOIndia) January 11, 2026
The fact sheet on India’s growth is a success story of the Reform-Perform-Transform mantra. pic.twitter.com/NVqWs8UqW7
— PMO India (@PMOIndia) January 11, 2026
At a time of great global uncertainty, India is moving ahead with remarkable certainty. pic.twitter.com/bbvyoIlFmz
— PMO India (@PMOIndia) January 11, 2026
Along with infrastructure, an industry-ready workforce is today’s biggest need. pic.twitter.com/dNnMFn6lr8
— PMO India (@PMOIndia) January 11, 2026
Today’s India is moving rapidly towards becoming a developed nation. The Reform Express is playing a crucial role in achieving this objective. pic.twitter.com/nKpNTNtR6E
— PMO India (@PMOIndia) January 11, 2026
-SK-
Speaking at the Vibrant Gujarat Regional Conference for Kutch and Saurashtra Region.
— Narendra Modi (@narendramodi) January 11, 2026
https://t.co/4LDjmAU1gy
India is the world's fastest-growing large economy. pic.twitter.com/HlhiPzjkNx
— PMO India (@PMOIndia) January 11, 2026
The fact sheet on India's growth is a success story of the Reform-Perform-Transform mantra. pic.twitter.com/NVqWs8UqW7
— PMO India (@PMOIndia) January 11, 2026
At a time of great global uncertainty, India is moving ahead with remarkable certainty. pic.twitter.com/bbvyoIlFmz
— PMO India (@PMOIndia) January 11, 2026
Along with infrastructure, an industry-ready workforce is today's biggest need. pic.twitter.com/dNnMFn6lr8
— PMO India (@PMOIndia) January 11, 2026
Today's India is moving rapidly towards becoming a developed nation. The Reform Express is playing a crucial role in achieving this objective. pic.twitter.com/nKpNTNtR6E
— PMO India (@PMOIndia) January 11, 2026