പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ‘എമർജിങ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവ് 2026’ ഉദ്ഘാടനംചെയ്തു. കോൺക്ലേവിനെ അഭിസംബോധന ചെയ്ത്, നേരത്തേ സ്റ്റാർട്ടപ്പ് സ്ഥാപകരുമായി നടത്തിയ സജീവമായ ആശയവിനിമയത്തിനു ശേഷമുള്ള ആവേശം പ്രധാനമന്ത്രി പങ്കുവച്ചു. രാജ്യത്തെ യുവാക്കളുടെ വിശാലമായ കാഴ്ചപ്പാടിനെയും ധീരമായ നിശ്ചയദാർഢ്യത്തെയും അദ്ദേഹം പ്രശംസിച്ചു. “ഇന്ത്യയിലെ യുവാക്കൾ ചിന്തിക്കുന്നതിന്റെ വ്യാപ്തിയും ആത്മവിശ്വാസത്തോടെ അവർ മുന്നോട്ടുപോകുന്ന രീതിയും പ്രോത്സാഹജനകമാണ്” – ശ്രീ മോദി പറഞ്ഞു.
കോൺക്ലേവിന്റെ മുൻ പതിപ്പിൽ പങ്കെടുത്ത കാര്യം അനുസ്മരിച്ച പ്രധാനമന്ത്രി, മുൻ ദശകങ്ങളിൽ വിദേശരാജ്യങ്ങൾ വികസിപ്പിച്ചെടുത്ത നൂതന സാങ്കേതികവിദ്യകൾ വർഷങ്ങൾക്കുശേഷം സ്വീകരിക്കുകയോ അവയിൽ മാറ്റങ്ങൾ വരുത്തുകയോ ചെയ്ത് അവർക്കൊപ്പം എത്താൻ ശ്രമിച്ചിരുന്ന ഇന്ത്യയുടെ സമീപനവും, തനതായ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും ആഗോളതലത്തിൽ പുതിയ ദിശകൾ നിർണയിക്കാനും ലോകത്തിന്റെ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താനും ലക്ഷ്യമിടുന്ന 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ പുതിയ സമീപനവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ നൽകുന്നതിനും മറ്റു രാജ്യങ്ങൾക്ക് വിതരണം ചെയ്യുന്നതിനുമായി ഇന്ത്യ തദ്ദേശീയമായി കോവിഡ്-19 വാക്സിനുകൾ വികസിപ്പിച്ചതും, ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിലെത്തിയതും, പര്യവേക്ഷണം ചെയ്യപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങിയതും അദ്ദേഹം ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സാങ്കേതിക മുന്നേറ്റത്തിനായുള്ള ധീരമായ കാഴ്ചപ്പാടും അദ്ദേഹം വിശദീകരിച്ചു. “ഭാവിയിലെ സാങ്കേതികവിദ്യകൾ ഇന്ത്യ ഏറ്റെടുക്കുകയും ധൈര്യപൂർവം നൂതനാശയങ്ങൾ അവതരിപ്പിക്കുകയും അവ വികസിപ്പിക്കുന്നതിൽ ലോകത്തിന് നേതൃത്വം നൽകുകയും വേണം” – പ്രധാനമന്ത്രി പറഞ്ഞു.
പൂജ്യത്തിന്റെയും സംഖ്യാവ്യവസ്ഥയുടെയും കണ്ടുപിടിത്തം മുതൽ ജ്യോതിശാസ്ത്രം വരെയുള്ള മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയുടെ സമ്പന്നമായ കണ്ടെത്തൽ പാരമ്പര്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ആധുനിക സാങ്കേതികവിദ്യയും പുതുക്കിയ ആത്മവിശ്വാസവും ഉപയോഗിച്ച് രാജ്യം ഈ ശാസ്ത്രപൈതൃകത്തെ മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ കൈവരിച്ച നിരവധി നേട്ടങ്ങൾ ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 30-ന് ഡോ. ഹോമി ജഹാംഗീർ ഭാഭയുടെ ജന്മവാർഷികം രാജ്യം ആഘോഷിക്കാനിരിക്കെ, സമീപകാലത്തെ ശാസ്ത്രനേട്ടങ്ങളെക്കുറിച്ചുള്ള അവലോകനം ആണവമേഖലയിൽനിന്ന് ആരംഭിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. “അതിനാൽ, നമുക്ക് ആണവോർജത്തിൽനിന്ന് തുടങ്ങാം” – ശ്രീ മോദി പറഞ്ഞു.
വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് വലിയ തോതിലുള്ള ആണവോർജ ഉൽപ്പാദനശേഷി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇറക്കുമതി ചെയ്യുന്ന ആണവ ഇന്ധനത്തെ ആശ്രയിക്കുന്നത് ഊർജസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ഇന്ത്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സാങ്കേതികവിദ്യയുടെ വികസനത്തിൽ അതിവേഗം മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങൾക്കുമുമ്പ്, തദ്ദേശീയമായി വികസിപ്പിച്ച 500 മെഗാവാട്ട് ശേഷിയുള്ള പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ വിജയകരമായി ആദ്യ നിർണായകാവസ്ഥ കൈവരിച്ചതായും അദ്ദേഹം എടുത്തുപറഞ്ഞു. “ആണവോർജമേഖലയിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള നമ്മുടെ കരുത്ത് വർധിപ്പിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിത്” – പ്രധാനമന്ത്രി പറഞ്ഞു.
ആഭ്യന്തര ഊർജസുരക്ഷയും സാങ്കേതിക സ്വയംപര്യാപ്തതയും കൈവരിക്കുന്നതിൽ മാത്രം ഇന്ത്യയുടെ ലക്ഷ്യങ്ങൾ ഒതുങ്ങുന്നില്ലെന്നും നിർണായക സാങ്കേതികവിദ്യകളിൽ രാജ്യത്തിന്റെ സാന്നിധ്യവും ശേഷിയും വിപുലീകരിക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ വർഷം ബഹിരാകാശമേഖലയിൽ കൈവരിച്ച പ്രധാന നേട്ടങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയിൽ നിർമിച്ച റോക്കറ്റ് ഉപയോഗിച്ച് ആദ്യ ശ്രമത്തിൽത്തന്നെ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പിന്റെ നേട്ടവും ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് പരസ്പരം ബന്ധിപ്പിക്കുന്ന ഡോക്കിങ് സാങ്കേതികവിദ്യയിൽ ഇന്ത്യ കൈവരിച്ച മികവും ഇതിൽ ഉൾപ്പെടുന്നു. നിരവധി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ നൂതനമായ ബഹിരാകാശ ശാസ്ത്ര പരിഹാരങ്ങൾ അവതരിപ്പിച്ചുവരികയാണെന്നും യുവ ശാസ്ത്രജ്ഞരുടെയും സംരംഭകരുടെയും പങ്കാളിത്തം വർധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നിർണായക സാങ്കേതികവിദ്യകളിലെ നമ്മുടെ കരുത്ത് വർധിപ്പിക്കുകയെന്നതും ലക്ഷ്യമാണ്” – ശ്രീ മോദി പറഞ്ഞു.
വിവിധ മേഖലകളിലായി ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങളുടെ വ്യാപ്തി അഭൂതപൂർവമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ വർഷം ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി സംഘടിപ്പിക്കുകയും സ്വന്തം എഐ മോഡൽ പുറത്തിറക്കുകയും ഇന്ത്യയിൽ നിർമിച്ച സെമികണ്ടക്ടർ ചിപ്പുകൾ ലോകവിപണിയിലേക്ക് കയറ്റുമതി ചെയ്യാൻ ആരംഭിക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആഭ്യന്തരമായി ലഭ്യമായ അസംസ്കൃത വസ്തുക്കളെ പൂർണമായും അടിസ്ഥാനമാക്കി ബാറ്ററി സംഭരണശേഷി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും രാജ്യം സജീവമായി നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. “വിവിധ മേഖലകളിൽ ഇന്ത്യ കൈവരിക്കുന്ന വിജയങ്ങളുടെ വൈവിധ്യം അഭൂതപൂർവമാണ്” – പ്രധാനമന്ത്രി പറഞ്ഞു.
ആണവോർജം, ബഹിരാകാശം, നിർമിതബുദ്ധി, സെമികണ്ടക്ടറുകൾ തുടങ്ങി വിവിധ മേഖലകൾക്ക് വ്യത്യസ്തമായ ആവശ്യകതകളാണുള്ളതെങ്കിലും, ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സൂചനകളാണ് ഇവയെല്ലാമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആഭ്യന്തരമായി വികസിപ്പിക്കുന്ന നൂതന സാങ്കേതികവിദ്യകളിലൂടെ ആഗോള വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനായി, വലിയ തോതിൽ പരിഹാരങ്ങൾ ലഭ്യമാക്കാനുള്ള ഇന്ത്യയുടെ സവിശേഷമായ കഴിവിനും അദ്ദേഹം പ്രാധാന്യം നൽകി. ഡിജിറ്റൽ സ്റ്റാക്കിന്റെയും തദ്ദേശീയമായി വികസിപ്പിച്ച 5G സാങ്കേതികവിദ്യയുടെയും വിജയം ചൂണ്ടിക്കാട്ടിയ അദ്ദേഹം, സുരക്ഷിതവും വലിയ ജനവിഭാഗങ്ങൾക്ക് ഒരേസമയം പ്രയോജനപ്പെടുന്നതുമായ പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും വ്യക്തമാക്കി. “വലിയ തോതിൽ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്ന സുരക്ഷിതമായ പരിഹാരങ്ങൾ വികസിപ്പിക്കുന്ന ദിശയിലാണ് ഇന്ത്യ മുന്നേറുന്നത്” – ശ്രീ മോദി പറഞ്ഞു.
ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും ആയുധങ്ങളായി കണ്ടിരുന്ന ചരിത്രപരമായ സമീപനത്തിൽനിന്ന് വ്യത്യസ്തമായി, അവയെ മനുഷ്യരാശിയുടെ സേവനത്തിനായി വിനിയോഗിക്കുക എന്നതാണ് ഇന്ത്യയുടെ തത്വചിന്തയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും വലിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ആരോഗ്യസംരക്ഷണം, കൃഷി, വിദ്യാഭ്യാസം, തൊഴിൽ, ദുരന്തങ്ങളെ നേരിടാനുള്ള ശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിനുമായി ലബോറട്ടറികൾക്കു പുറത്തേക്ക് ശാസ്ത്രം എത്തുമ്പോഴാണ് യഥാർഥ ശാസ്ത്രവിജയം കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഈ മേഖലകൾക്ക് മുൻഗണന നൽകുന്നതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. മസ്തിഷ്ക പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനുള്ള ധരിച്ചുപയോഗിക്കാവുന്ന EEG സാങ്കേതികവിദ്യ, തദ്ദേശീയ വയർലെസ്-ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങൾ, പ്രത്യേക പോഷകാഹാര ഉൽപ്പന്നങ്ങൾ, പുതിയ സെമികണ്ടക്ടർ സാങ്കേതികവിദ്യകൾ, സ്റ്റീൽ സ്ലാഗ് പോലുള്ള വ്യാവസായിക മാലിന്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള പരിഹാരങ്ങൾ എന്നിവ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകളുടെയും ആഭ്യന്തര കമ്പനികളുടെയും പ്രവർത്തനങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. “ലബോറട്ടറിക്കു പുറത്തേക്ക് കടന്ന് സാധാരണ പൗരന്റെ ജീവിതം മെച്ചപ്പെടുത്തുമ്പോഴാണ് ശാസ്ത്രം യഥാർഥ വിജയം കൈവരിക്കുന്നത്” – പ്രധാനമന്ത്രി പറഞ്ഞു.
ചെന്നൈയിലെ ഐഐടി മദ്രാസിൽ അടുത്തിടെ നടത്തിയ സന്ദർശനത്തിന്റെ അനുഭവം പങ്കുവച്ച പ്രധാനമന്ത്രി, മനുഷ്യ മസ്തിഷ്കത്തിന്റെ ഉയർന്ന റെസല്യൂഷനിലുള്ള ഡിജിറ്റൽ ത്രിമാന ചിത്രങ്ങൾ വികസിപ്പിക്കുന്നതിനും സങ്കീർണമായ നാഡീസംബന്ധമായ രോഗങ്ങളുടെ രഹസ്യങ്ങൾ കണ്ടെത്തുന്നതിനുമായി ആഗോളതലത്തിൽ മാതൃകയാകുന്ന മസ്തിഷ്ക ഇമേജിങ് സാങ്കേതികവിദ്യാ പ്ലാറ്റ്ഫോം സൃഷ്ടിച്ച ആധുനിക ബ്രെയിൻ സെന്റർ ഉദ്ഘാടനം ചെയ്ത കാര്യം അനുസ്മരിച്ചു. ‘സമൂഹത്തിനുവേണ്ടിയുള്ള ശാസ്ത്രം’, ‘പരിവർത്തനത്തിനുവേണ്ടിയുള്ള സാങ്കേതികവിദ്യ’ എന്നിവ ശാസ്ത്രപുരോഗതിയുടെ ആത്യന്തിക മാനദണ്ഡങ്ങളായിരിക്കണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. “ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ സ്വയം വിലയിരുത്തിയാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്” – ശ്രീ മോദി പറഞ്ഞു.
നിർണായക സാങ്കേതികവിദ്യകൾ സൃഷ്ടിക്കാനുള്ള ഒരു രാജ്യത്തിന്റെ ശേഷിയും അവയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള കഴിവും ശക്തമായ ഗവേഷണത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘ജയ് വിജ്ഞാൻ, ജയ് അനുസന്ധാൻ’ എന്ന തന്റെമുദ്രാവാക്യത്തിനു പിന്നിലെ ആശയവും ഇതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗവേഷണം, വികസനം, നൂതനാശയങ്ങൾ എന്നിവയ്ക്കായി ഒരു ലക്ഷം കോടി രൂപ നൽകുമെന്ന കഴിഞ്ഞ വർഷത്തെ ഇതേ വേദിയിലെ പ്രഖ്യാപനവും പ്രധാനമന്ത്രി അനുസ്മരിച്ചു. വിപണിയിൽ പ്രയോഗിക്കാൻ കഴിയുന്ന ലബോറട്ടറി സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ ഒരു വർഷത്തിനിടെ സർക്കാർ വാഗ്ദാനം ചെയ്ത 12,000 കോടി രൂപയ്ക്ക് തുല്യമായ 12,000 കോടി രൂപ സ്വകാര്യ നിക്ഷേപകരും ലഭ്യമാക്കിയതായി അദ്ദേഹം എടുത്തുപറഞ്ഞു. “അതായത്, ഒരു വർഷത്തിനുള്ളിൽ ഗവേഷണത്തിനും വികസനത്തിനുമായി ആകെ 24,000 കോടി രൂപയുടെ പുതിയ നിക്ഷേപ പ്രതിജ്ഞാബദ്ധതയാണ് ഉണ്ടായിരിക്കുന്നത്” – പ്രധാനമന്ത്രി പറഞ്ഞു.
ആഭ്യന്തര ഗവേഷണ മേഖലയുടെ തുടർച്ചയായ വളർച്ച ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കഴിഞ്ഞ ദശകത്തിൽ ബൗദ്ധിക സ്വത്തവകാശ സൃഷ്ടിയിൽ ഗണ്യമായ വർധനയുണ്ടായതായി വ്യക്തമാക്കി. പത്ത് വർഷം മുമ്പ് പ്രതിവർഷം 50,000-ൽ താഴെയായിരുന്ന പേറ്റന്റ് അപേക്ഷകളുടെ എണ്ണം കഴിഞ്ഞ വർഷം ഏകദേശം 1.5 ലക്ഷമായി ഉയർന്നതായി അദ്ദേഹം പറഞ്ഞു. ഇത് കേവലം കണക്കുകളിലെ വർധനയല്ലെന്നും അടിസ്ഥാനപരമായ മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഗവേഷണവും നൂതനാശയങ്ങളും ഇന്ത്യയിൽ ശക്തമായൊരു സംസ്കാരമായി മാറിക്കൊണ്ടിരിക്കുന്നതിന്റെ അടയാളമാണിത്” – ശ്രീ മോദി നിരീക്ഷിച്ചു.
നിർമിതബുദ്ധിയുടെ കാലഘട്ടത്തിൽ ശാസ്ത്രീയ വിലയിരുത്തൽ എങ്ങനെ വികസിക്കുമെന്ന 21-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലെ നിർണായക ചോദ്യവും പ്രധാനമന്ത്രി ഉന്നയിച്ചു. വേദിയിലുണ്ടായിരുന്ന പ്രമുഖ ലബോറട്ടറി ശാസ്ത്രജ്ഞരും നൊബേൽ ജേതാക്കളും, ചെറിയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയും പരീക്ഷണങ്ങൾ നടത്തിയും പരാജയങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടും നിലവിലുള്ള രീതികളെ ചോദ്യം ചെയ്തും ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിശദാംശങ്ങൾ കണ്ടെത്തിയും, വർഷങ്ങളോളം പ്രവർത്തിച്ചാണ് ശാസ്ത്രീയ വിവേചനശേഷി വളർത്തിയെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനായി പതിവ് ജോലികൾ വേഗത്തിൽ നിർവഹിക്കാൻ എഐയ്ക്ക് കഴിയുമെങ്കിലും, അത് സ്വതന്ത്ര ചിന്തയെ പരിമിതപ്പെടുത്തുന്നതിനു പകരം സമ്പുഷ്ടമാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എഐയുടെ സഹായത്തോടെ ലാഭിക്കുന്ന സമയം കൂടുതൽ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കാനും പുതിയ പരീക്ഷണങ്ങൾ നടത്താനും ആശയങ്ങളുടെ സാധുത പരിശോധിക്കാനും ഗവേഷകർ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. “നമുക്ക് വേഗത്തിൽ ഉത്തരങ്ങൾ നൽകാൻ എഐയ്ക്ക് കഴിയും. എന്നാൽ ആ ഉത്തരങ്ങളുടെ കൃത്യത പരിശോധിച്ചുറപ്പിക്കാനുള്ള ഉത്തരവാദിത്വം ശാസ്ത്രജ്ഞനിൽത്തന്നെ നിക്ഷിപ്തമായിരിക്കണം” – പ്രധാനമന്ത്രി വ്യക്തമാക്കി.
സെമികണ്ടക്ടറുകൾ, ക്വാണ്ടം സാങ്കേതികവിദ്യകൾ, ജൈവസാങ്കേതികവിദ്യ, നൂതന വസ്തുക്കൾ, റോബോട്ടിക്സ്, ബഹിരാകാശം, സംശുദ്ധ ഊർജം, അടുത്ത തലമുറ ആശയവിനിമയ സംവിധാനങ്ങൾ തുടങ്ങിയ, ഭാവിയെ രൂപപ്പെടുത്തുന്ന മേഖലകളിൽ ശാസ്ത്രജ്ഞരും സ്ഥാപനങ്ങളും നിരന്തരം തയ്യാറെടുപ്പുകൾ നടത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇതിനായി പ്രത്യേക ദേശീയ ദൗത്യങ്ങൾ നടപ്പാക്കണമെന്നും പുതിയ കണ്ടെത്തലുകൾ ഇന്ത്യയിൽനിന്ന് ഉയർന്നുവരുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിർമിതബുദ്ധി, സിന്തറ്റിക് ബയോളജി, സ്വയംഭരണ സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സുരക്ഷയ്ക്കും സംരക്ഷണത്തിനും മുൻഗണന നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എഐയുടെ കാലഘട്ടത്തിൽ സാമ്പത്തിക ശൃംഖലകൾക്കും ദേശീയ സുരക്ഷയ്ക്കും ഉയർന്നുവരുന്ന സൈബർ സുരക്ഷാ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, രാജ്യത്തിന്റെ സംവിധാനങ്ങളെ സംരക്ഷിക്കുന്നതിനും മനുഷ്യരാശിക്ക് പ്രയോജനപ്പെടുന്നതിനുമായി എഐ അധിഷ്ഠിതവും ക്വാണ്ടം സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ സുരക്ഷാ പരിഹാരങ്ങൾ വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. “ഇന്ത്യയെ ശാക്തീകരിക്കുന്നതിനൊപ്പം മനുഷ്യരാശിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംഭാവന നൽകുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യം” – ശ്രീ മോദി പറഞ്ഞു.
കോൺക്ലേവിൽ പങ്കെടുക്കുന്ന ഓരോ ഗവേഷകനും വ്യവസായപ്രമുഖനും സ്റ്റാർട്ടപ്പ് സ്ഥാപകനും വിദ്യാർഥിയും, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വികസിപ്പിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യ, പ്രോട്ടോടൈപ്പ്, പൈലറ്റ് പദ്ധതി അല്ലെങ്കിൽ ഉൽപ്പന്നം ഏതാണെന്ന് തിരിച്ചറിഞ്ഞ് വ്യക്തമായ ലക്ഷ്യം നിശ്ചയിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. വികസിത രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനും പരിഹാരങ്ങൾ ലഭ്യമാക്കുന്നതിൽ ഇന്ത്യയെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനും സഹായിക്കുന്ന നൂതനാശയങ്ങൾക്ക് നേതൃത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേവലം ചർച്ചകൾക്കപ്പുറം വ്യക്തമായ ഫലങ്ങൾ കൈവരിക്കാൻ ഈ സംഗമത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. “ആശയങ്ങൾ കൈമാറുന്നതിൽ മാത്രം ഈ കോൺക്ലേവ് ഒതുങ്ങരുത്. അളക്കാവുന്ന ഫലങ്ങൾ കൈവരിക്കുന്നതിനുള്ള വേദിയായി ഇത് മാറണം” – പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമെന്ന നിലയിൽ ഇന്ത്യക്ക് പ്രതിഭയും ദൃഢനിശ്ചയവുമുണ്ടെന്ന് എടുത്തുപറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്. ഉയർന്നുവരുന്ന ശാസ്ത്ര-സാങ്കേതിക മേഖലകളിൽ കേവലം പങ്കാളികളാകുകയല്ല വേണ്ടതെന്നും; മറിച്ച്, അവയ്ക്ക് സജീവമായി നേതൃത്വം നൽകുന്ന തലമുറയെ വളർത്തിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ‘നമുക്ക് അത് സാധിക്കും’ എന്ന കൂട്ടായ മനോഭാവവും ആത്മവിശ്വാസവും ഉയർത്തിപ്പിടിച്ച പ്രധാനമന്ത്രി, കോൺക്ലേവിന്റെ വിജയത്തിനായി ആശംസകൾ നേർന്നു. “ഉയർന്നുവരുന്ന ശാസ്ത്ര-സാങ്കേതിക മേഖലകളിൽ കേവലം പങ്കാളികളാകുക മാത്രമല്ല, അവയ്ക്ക് നേതൃത്വം നൽകുന്ന തലമുറയെ നാം വാർത്തെടുക്കുകയും വേണം” – ശ്രീ മോദി പറഞ്ഞു.
A Viksit Bharat will be built on strong foundations of scientific research, discoveries and the spirit of innovation. Speaking at the Emerging Science, Technology and Innovation Conclave in New Delhi. https://t.co/7VshP2K7GU
— Narendra Modi (@narendramodi) October 27, 2026
India must innovate and lead the world in shaping the technologies of tomorrow. https://t.co/jCI8XwQxsJ
— PMO India (@PMOIndia) October 27, 2026
India aims to achieve self-reliance and build strength in critical technologies. https://t.co/H8YNQbRf3G
— PMO India (@PMOIndia) October 27, 2026
AI can give quick answers, but it is essential to verify them. https://t.co/6lIKdPC7i2
— PMO India (@PMOIndia) October 27, 2026
-SK=
A Viksit Bharat will be built on strong foundations of scientific research, discoveries and the spirit of innovation. Speaking at the Emerging Science, Technology and Innovation Conclave in New Delhi. https://t.co/7VshP2K7GU
— Narendra Modi (@narendramodi) October 27, 2026
India must innovate and lead the world in shaping the technologies of tomorrow. https://t.co/jCI8XwQxsJ
— PMO India (@PMOIndia) October 27, 2026
India aims to achieve self-reliance and build strength in critical technologies. https://t.co/H8YNQbRf3G
— PMO India (@PMOIndia) October 27, 2026
AI can give quick answers, but it is essential to verify them. https://t.co/6lIKdPC7i2
— PMO India (@PMOIndia) October 27, 2026