Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബല്‍ജിയം, യു.എസ്.എ. സൗദി അറേബ്യ പര്യടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന


” ഈ മാസം 30ന് ബ്രസല്‍സില്‍ വച്ച് ബല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മിഷേലുമായി ഞാന്‍ കൂടിക്കാഴ്ച നടത്തും. പതിമൂന്നാമത് ഇന്ത്യ – യൂറോപ്പ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ഞാന്‍ സംബന്ധിക്കും.

ദുരന്തത്തില്‍ നിന്ന് പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള ബല്‍ജിയന്‍ ജനതയുടെ നൈസര്‍ഗ്ഗീക കഴിവിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ബ്രസല്‍സില്‍ നടന്ന ഭയാനകമായ ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രിയപ്പെട്ടവര്‍ നഷ്ടമായവരുടെ ദു:ഖത്തില്‍ നാം അവരോടൊപ്പം തോളോട് തോള്‍ പങ്ക് ചേരുന്നു.

ബല്‍ജിയവുമായുള്ള നമ്മുടെ ബന്ധങ്ങള്‍ ആഴത്തില്‍ ഉള്ളവയും കാലത്തെ അതിജീവിച്ചതുമാണ്. യൂറോപ്പ്യന്‍ യൂണിയന്റെ ഉള്ളില്‍ ഇന്ത്യയുടെ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ബല്‍ജിയം. യൂറോപ്പ്യന്‍ യൂണിയന്റെ ഈ പ്രധാന അംഗരാജ്യവുമായുള്ള വ്യാപാരം, നിക്ഷേപം, ഉയര്‍ന്ന സാങ്കേതിക വിദ്യയിലെ സഹകരണം എന്നിവ വര്‍ദ്ധിപ്പിക്കുകയാണ് ബല്‍ജിയം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ മുഖ്യലക്ഷ്യം.

പ്രധാനമന്ത്രി ചാള്‍സ് മിഷേലുമൊത്ത് ഇന്ത്യ ബല്‍ജിയം ഏരീസ് (ആര്യഭട്ടാ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഒബ്‌സര്‍വേഷണല്‍ സയന്‍സസ്) ദൂരദര്‍ശിനി വിദൂര സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തന ക്ഷമമാക്കും.

യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയുടെ സുപ്രധാന വ്യാപാര പങ്കാളിയും ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനവുമാണ്. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ വ്യാപകമായ സഹകരണം പരിപോഷിപ്പിക്കുന്നതിന് ഇന്ത്യ ഈ ഉച്ചകോടി വഴിയൊരുക്കും.

ബ്രസല്‍സില്‍ യൂറോപ്പ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍, ഇന്‍ഡോളജിസ്റ്റുകള്‍, ബല്‍ജിയം കമ്പനികളുടെ മേധാവികള്‍, പ്രവാസി ഇന്ത്യക്കാര്‍ തുടങ്ങിയവരുമായി ഞാന്‍ കൂടിക്കാഴ്ച നടത്തും. ബല്‍ജിയത്തിലെ വജ്ര വ്യാപാര സംഘടനയിലെ അംഗങ്ങളുമായി ഞാന്‍ ആശയവിനിമയം നടത്തും.

അന്നു തന്നെ വൈകിട്ട് ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഞാന്‍ അഭിസംബോധന ചെയ്യും.

ബല്‍ജിയത്തില്‍ നിന്ന് ഞാന്‍ ഈ മാസം 31 ന് വാഷിംഗ്ടണ്‍ ഡി.സി.യില്‍ എത്തും. അവിടെ നിരവധി രാജ്യങ്ങളും ആഗോള സംഘടനകളും പങ്കെടുക്കുന്ന നാലാമത് ആണവ സുരക്ഷാ ഉച്ചകോടിയില്‍ ഞാന്‍ സംബന്ധിക്കും.

ആണവ ഭീകരത ഉയര്‍ത്തുന്ന സുരക്ഷാ വെല്ലുവിളി എന്ന സുപ്രധാന വിഷയത്തെക്കുറിച്ച് ഉച്ചകോടി ചര്‍ച്ച ചെയ്യും. ആണവ പദാര്‍ത്ഥങ്ങള്‍ അനഭിമതരുടെ കൈകളില്‍ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന തരത്തിലുള്ള ആഗോള ആണവ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യും.

ഉച്ചകോടിയ്ക്ക് അനുബന്ധമായി നിരവധി ലോക നേതാക്കളുമായി ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഞാന്‍ ചര്‍ച്ചകള്‍ നടത്തും. ലിഗോ പദ്ധതിയുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞരുമായുള്ള ചര്‍ച്ചയും ഞാന്‍ ഉറ്റു നോക്കുകയാണ്.

ഏപ്രില്‍ 2, 3 തീയതികളില്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍സൗദിന്റെ ക്ഷണപ്രകാരം ഞാന്‍ സൗദി അറേബ്യ സന്ദര്‍ശിക്കും. സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ ബന്ധങ്ങള്‍ വിശേഷപ്പെട്ടതാണ്. ജനങ്ങള്‍ തമ്മിലുള്ള ബന്ധമാണ് ഇതില്‍ ഏറ്റവും മുഖ്യം. നമ്മുടെ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ളതും വിപുലവുമാക്കി തീര്‍ക്കാന്‍ സൗദി നേതൃത്വവുമെത്ത് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മേഖലയിലെ സ്ഥിതിഗതികളെ കുറിച്ചും ചര്‍ച്ചകള്‍ നടത്തും.

നമ്മുടെ സാമ്പത്തിക ബന്ധങ്ങള്‍ വിപുലമായിക്കൊണ്ടിരിക്കയാണ. ഇന്ത്യയുടെ നാലാമത്തെ അറ്റവും വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. കൂടാതെ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ നല്കുന്ന രാജ്യവും.

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍സൗദിന് പുറമെ രാജകുടുംബത്തിലെ പ്രധാന അംഗങ്ങളുമായുള്ള ചര്‍ച്ചകളും ഞാന്‍ ഉറ്റു നോക്കുകയാണ്.

ഇന്ത്യയുടെ വികസന മുന്‍ഗണനകളുമായി പ്രമുഖ സൗദി ബിസിനസ്സുകാര്‍ സഹകരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. റിയാദില്‍ ആസൂത്രണം ചെയ്തിട്ടുള്ള വ്യാപാര സമ്മേളനത്തിന്റെ മുഖ്യലക്ഷ്യവും ഇതുതന്നെയാണ്.

ടി.സി.എസ്സിന്റെ റിയാദിലുള്ള വനിതാ ഐ.റ്റി & ഐ.റ്റി.ഇ.എസ് കേന്ദ്രം, എല്‍ & ടി തൊഴിലാളികളുടെ ഭവന സമുച്ചയമായ മസ്മാക്ക് ഫോര്‍ട്ട്‌റസ് എന്നിവയും ഞാന്‍ സന്ദര്‍ശിക്കും.