Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മിസോറാമിലെ ഐസ്വാളില്‍ തുയിരിയാല്‍ ജലവൈദ്യുത പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


സുഹൃത്തുക്കളേ,
പ്രധാനമന്ത്രി എന്ന നിലയില്‍ മിസോറാം സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിക്കുന്നത് ഇതാദ്യമാണ്. എട്ട് സഹോദരിമാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എനിക്കു സന്ദര്‍ശിക്കാന്‍ സാധിക്കാതെ പോയ ഏക സംസ്ഥാനം ഇതായിരുന്നു. അതുകൊണ്ട് ആദ്യംതന്നെ ഞാന്‍ നിങ്ങളോടു മാപ്പു ചോദിക്കുന്നു. പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് ഞാന്‍ മിസോറാം സന്ദര്‍ശിച്ചിട്ടുണ്ട്, പ്രശാന്തസുന്ദരമായ ഈ അന്തരീക്ഷം എനിക്കു സുപരിചിതമാണ്. ഇവിടുത്തെ സുഹൃത്തുക്കളുമായി ഏറെ സമയം ഞാന്‍ ചെലവഴിച്ചിട്ടുണ്ട്. ഞാന്‍ നിങ്ങള്‍ക്കൊപ്പം എത്തിച്ചേര്‍ന്നപ്പോള്‍ ഒരിക്കല്‍ക്കൂടി ആ പഴയ സ്മരണകള്‍ വീണ്ടുമുണരുന്നത് തികച്ചും സ്വാഭാവികം.
നിങ്ങളുടെ സംസ്ഥാനത്ത് എന്റെ ഇന്നത്തെ സന്ദര്‍ശനം മിസോറാമിലെ നല്ല സുഹൃത്തുക്കളുമൊത്ത് ചെലവഴിച്ച നല്ല കാലത്തെക്കുറിച്ചുള്ള പ്രിയ സ്മരണകള്‍ തിരിച്ചു കൊണ്ടുവരുന്നു. മിസോറാമിലെ ജനങ്ങള്‍ക്ക് ഹൃദയംഗമമായ ക്രിസ്മസ്, നവവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ട് തുടങ്ങാന്‍ എന്നെ അനുവദിച്ചാലും.

പുതിയ വര്‍ഷം നിങ്ങള്‍ക്കെല്ലാം സന്തോഷവും സമൃദ്ധിയും നല്‍കട്ടെ.
കുറച്ചുകാലം മുമ്പ് ഐസ്വാളില്‍ എത്തിയപ്പോള്‍ ‘മലയോര ജനതയുടെ മണ്ണ്’ ആയ മിസോറാമിന്റെ മോഹിപ്പിക്കുന്ന ഭംഗിക്ക് ഒരിക്കല്‍ക്കൂടി സാക്ഷിയായ ഞാന്‍ പുളകംകൊണ്ടു.
സമാധാനത്തിന്റെയും ശാന്തിയുടെയും ഇടം.
സ്‌നേഹവും ആഥിത്യമര്യാദയുമുള്ള ഒരു ജനത.
ഇന്ത്യയില്‍ ഏറ്റവുമധികം സാക്ഷരതയുള്ള സംസ്ഥാനങ്ങളിലൊന്ന്.
അടല്‍ജിയുടെ ഭരണകാലത്ത് തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് ഗൗരവതരമായ ശ്രമങ്ങള്‍ നടത്തിയിരുന്നു. പ്രാദേശിക അസന്തുലിതാവസ്ഥ പൂര്‍ണമായി ഇല്ലാതാക്കാന്‍ സാമ്പത്തിക വികസനം വലിയ ഒരു ലക്ഷ്യമായി അടല്‍ജി മനസ്സിലാക്കിയിരുന്നു. ആ ദിശയില്‍ അദ്ദേഹം നിരവധി ചുവടുവയ്പുകള്‍ നടത്തുകയും ചെയ്തു.
2014ല്‍ നാം ഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍ ഈ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന തീരുമാനങ്ങളും നയങ്ങളും ഗവണ്‍മെന്റ് തിരിച്ചുകൊണ്ടുവന്നു. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു ക്യാബിനറ്റ് മന്ത്രിയെങ്കിലം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കണം എന്ന ഒരു ചട്ടം ഞാന്‍ ഉണ്ടാക്കി. രാവിലെ ഒരു മന്ത്രി വന്ന് ചടങ്ങില്‍ പങ്കെടുത്ത് വൈകുന്നേരം തിരിച്ചുപോകുന്നതു പോലുള്ള സന്ദര്‍ശനമല്ല. നിങ്ങള്‍ക്കൊപ്പം കഴിഞ്ഞ് നിങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും തങ്ങളുടെ മന്ത്രാലയങ്ങളുടെ നയരൂപീകരണം നടത്തുകയും വേണമെന്ന് ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

സുഹൃത്തുക്കളേ,

കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നൂറ്റിയമ്പതിലധികം സന്ദര്‍ശനങ്ങള്‍ നടത്തിയതായി ഞാന്‍ പറഞ്ഞല്ലോ. ഈ ദിശയില്‍ നാം പ്രവര്‍ത്തിക്കുന്നതിന് നിങ്ങള്‍ ഡല്‍ഹിയില്‍ വന്ന് ആവശ്യപ്പെടേണ്ടി വരികയോ ഞങ്ങളെ വിവരങ്ങള്‍ അറിയിക്കാന്‍ ഡല്‍ഹിയിലേക്ക് നിങ്ങള്‍ സന്ദേശങ്ങള്‍ അയയ്‌ക്കേണ്ടി വരികയോ ഉണ്ടായില്ല. അല്ലാതെ തന്നെ ഡല്‍ഹി നിങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് വരികയായിരുന്നു.
നാം ഈ നയത്തെ വിളിക്കുന്നത് – വടക്കു കിഴക്കന്‍ മേഖലാ വകുപ്പിന്റെ മന്ത്രാലയം നിങ്ങളുടെ പടിവാതില്‍ക്കല്‍ എന്നാണ്. മന്ത്രിമാര്‍ക്കു പുറമേ, വടക്കു കിഴക്കന്‍ മേഖലയുടെ വികസനത്തിനുള്ള മന്ത്രാലയത്തിലെ സെക്രട്ടറിയും വടക്കു കിഴക്കന്‍ മേഖലയിലെ ഒരിടമല്ലെങ്കില്‍ മറ്റൊരിടം എല്ലാ മാസവും സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ സഹ ഉദ്യോഗസ്ഥന്മാര്‍ക്കൊപ്പം ഇവിടെ കഴിയുകയും ചെയ്യുന്നു. ഗവണ്‍മെന്റിന്റെ ഈ ശ്രമങ്ങളുടെ ഫലമായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ വേഗത്തിലാവുകയും വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന അതേ പദ്ധതികള്‍ അതിവേഗം മുന്നോട്ടു കുതിക്കുകയും ചെയ്യുന്നു.
കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രയത്‌നഫലമായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഗുണത്തിനു വേണ്ടിയുള്ള പദ്ധതികള്‍കൊണ്ട് നേട്ടമുണ്ടായിരിക്കുന്നു. വര്‍ഷങ്ങളായി കുടുങ്ങിക്കിടന്ന പദ്ധതികള്‍ ഇപ്പോള്‍ പുരോഗതിയിലാണ്.
എട്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉല്‍പാദിച്ചവ ഉള്‍പ്പെടുത്തി സ്വാശ്രയ കൂട്ടായ്മകള്‍ മുഖേന സംഘടിപ്പിച്ച ആകര്‍ഷകമായ പ്രദര്‍ശനം ഞാന്‍ ക്ഷണ നേരം കാണുകയുണ്ടായി. ഈ സ്വാശ്രയ കൂട്ടായ്മകളിലെ അംഗങ്ങളെ അവയുടെ വന്‍തോതിലുള്ള കഴിവിന്റെയും സാമര്‍ത്ഥ്യത്തിന്റെയും പേരില്‍ ഞാന്‍ അഭിനന്ദിക്കുന്നു. ഈ സാമര്‍ത്ഥ്യത്തോടാണ് കേന്ദ്ര ഗവണ്‍മെന്റ് പ്രതിബദ്ധത പ്രഖ്യാപിക്കുന്നത്; വികസിപ്പിക്കുന്നതും. ദീന്‍ ദയാല്‍ അന്ത്യോദയ യോജനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഇത്.
കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന പലിശ ഇളവോടുകൂടി വടക്കു കിഴക്കന്‍ ധനകാര്യ കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പകള്‍ സ്വാശ്രയ കൂട്ടായ്മകള്‍ക്കു നേട്ടമുണ്ടാകുന്നു.
വടക്കു കിഴക്കന്‍ കരകൗശല- കൈത്തറി വികസന കോര്‍പ്പറേഷന്റെയും വടക്കു കിഴക്കന്‍ മേഖലാ കാര്‍ഷിക വിപണന കോര്‍പ്പറേഷന്റെയും പ്രവര്‍ത്തനങ്ങളെയും വടക്കു കിഴക്കന്‍ മേഖലയുടെ വികസനത്തിനു വേണ്ടിയുള്ള മന്ത്രാലയം പിന്തുണയ്ക്കുന്നുവെന്ന് ഞാന്‍ പറഞ്ഞല്ലോ.
ഈ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിപണനത്തിനും ഭക്ഷ്യ സംസ്‌കരണത്തിനും വേണ്ടി കൈത്തൊഴില്‍ക്കാര്‍ക്കും നെയ്ത്തുകാര്‍ക്കും കര്‍ഷകര്‍ക്കും പരിശീലനം നല്‍കുന്നു.
പ്രാദേശിക ഉല്‍പ്പാദനത്തിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വ്യാപിപ്പിക്കാന്‍ സിഎസ്‌ഐആര്‍, ഐസിഎആര്‍, ഐഐടികള്‍ എന്നീ സ്ഥാപനങ്ങള്‍ വികസിപ്പിച്ച സാങ്കേതികവിദ്യകളും ഉല്‍പ്പന്നങ്ങളും വടക്കു കിഴക്കന്‍ മേഖലയില്‍ സാധ്യമാകുന്നത്ര നടപ്പാക്കാനുള്ള സാധ്യതകള്‍ പഠിക്കണം.

സുഹൃത്തുക്കളേ! മിസോറാമിന്റെ ചരിത്രത്തില്‍ ഒരു പ്രധാനപ്പെട്ട നാഴികക്കല്ലാകുന്ന ആഘോഷമാണ് ഇന്നിവിടെ നാം നടത്തുന്നത്:
60 മെഗാ വാട്ട് ടുയിരിയാല്‍ ജലവൈദ്യുത പദ്ധതി പൂര്‍ത്തിയാക്കലും സമര്‍പ്പണവും. വടക്കു കിഴക്കന്‍ മേഖലയുടെ ഇതിനു മുമ്പത്തെ വന്‍കിട കേന്ദ്ര ഗവണ്‍മെന്റ് ഹൈഡ്രോ പവര്‍ പദ്ധതിയായ കോപിലി രണ്ടാംഘട്ടം കഴിഞ്ഞ് പതിമൂന്ന് വര്‍ഷത്തിനു ശേഷമാണ് ഇതു വരുന്നത്.
മിസോറാമില്‍ വിജയകരമായി നടപ്പാക്കാന്‍ പോകുന്ന ആദ്യത്തെ വന്‍കിട കേന്ദ്ര പദ്ധതിയാണ് ടുയിരിയാല്‍ ജലവൈദ്യുത പദ്ധതി. ഇത് സംസ്ഥാനത്തെ ആദ്യത്തെ ഹൈഡ്രോ പവര്‍ പദ്ധതിയാണ്. ഇത് പ്രതിവര്‍ഷം 251 ദശലക്ഷം യൂണിറ്റ് വൈദ്യുതോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുകയും സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക വികസനം വേഗത്തിലാക്കുകയും ചെയ്യും.
ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സിക്കിമിനും ത്രിപുരയ്ക്കും ശേഷം മിച്ച ഊര്‍ജ്ജമുള്ളതായി മാറുന്ന മൂന്നാമത്തെ സംസ്ഥാനമായി മിസോറാം മാറും.
പദ്ധതി ആദ്യം പ്രഖ്യാപിച്ചതും തടസ്സങ്ങള്‍ നീക്കിയതും പ്രധാനമന്ത്രി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റാണ്, പക്ഷേ, വൈകി.
നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാനും വടക്കു കിഴക്കന്‍ മേഖലയില്‍ വികസനത്തിന്റെ പുതിയ ഒരു യുഗം കൊണ്ടുവരാനുമുള്ള നമ്മുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ പദ്ധതിയുടെ പൂര്‍ത്തീകരണം.
വൈദ്യുതി ഉല്‍പ്പാദനത്തിനു പുറമേ സംഭരണിയിലെ ജലം ജലയാത്രയുടെ പുതിയ ഒരു വഴിയും തുറക്കും. ഇത് വിദൂര ഗ്രാമങ്ങളുമായി ബന്ധം സാധ്യമാക്കും. നാല്‍പ്പത്തിയഞ്ച് കിലോമീറ്ററിലേറെ പരന്നു കിടക്കുന്ന വന്‍കിട ജലസംഭരണി മല്‍സ്യബന്ധന വികസനത്തിനും വിനിയോഗിക്കാനാകും.
ഈ പദ്ധതി പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുകയും ഉറപ്പുള്ള കുടിവെള്ള വിതരണത്തിന്റെ സ്രോതസ് ലഭ്യമാക്കുകയും ചെയ്യും. സംസ്ഥാനത്തിന് 2100 മെഗാവാട്ട് ഹൈഡ്രോ പവര്‍ ശേഷി ഉണ്ടെന്നും അതിലൊരു ഭാഗം മാത്രമാണ് നാം പകര്‍ന്നെടുക്കുന്നത് എന്നുമാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്.
മിസോറാം ആവശ്യം കഴിച്ചുള്ള ഊര്‍ജ്ജ കയറ്റുമതി സംസ്ഥാനമായി മാറാതിരിക്കാന്‍ ഞാന്‍ ഒരു കാരണവും കാണുന്നില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ഊര്‍ജ്ജ മിച്ച സംസ്ഥാനങ്ങളായി മാറ്റുക മാത്രമല്ല നമ്മുടെ ലക്ഷ്യം. രാജ്യത്തെ വൈദ്യുതി ക്ഷാമമുള്ള മറ്റു ഭാഗങ്ങളിലേക്ക് അധിക വൈദ്യുതി കൈമാറാന്‍ കഴിയുന്ന സംപ്രേഷണ സംവിധാനം സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ വികസിപ്പിക്കലും നാം ഉന്നം വയ്ക്കുന്നു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി സംപ്രേഷണ സംവിധാനം സമഗ്രമായി മെച്ചപ്പെടുത്തുന്നതിന് 10,000 കോടി രൂപയാണ് എന്റെ ഗവണ്‍മെന്റ് നിക്ഷേപിക്കുന്നത്.

സുഹൃത്തുക്കളേ,
നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാജ്യത്തെ നാലു കോടി വീടുകളില്‍ വൈദ്യുതി കണക്ഷന്‍ എത്തിയിട്ടില്ല. ഈ ജനങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടിലെ ജീവിതം നയിക്കാന്‍ എങ്ങനെ നിര്‍ബന്ധിതരാകുന്നുവെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. ഇവിടെ മിസോറാമില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ വൈദ്യുതി ഇല്ലാതെ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. അത്തരം കുടുംബങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിന് സമീപ കാലത്ത് ഗവണ്‍മെന്റ് ഒരു പദ്ധതി നടപ്പാക്കി- പ്രധാനമന്ത്രി സഹജ് ബിജ്‌ലി- ഹര്‍ ഘര്‍ യോജന- അഥവാ സൗഭാഗ്യ. കഴിയുന്നത്ര വേഗം രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കുകയാണ് നമ്മുടെ ലക്ഷ്യം.
ഈ പദ്ധതിക്ക് കീഴില്‍ 16,000 കോടിയിലേറെ രൂപ ചെലവഴിക്കും. ഈ പദ്ധതിക്കു കീഴില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് ആളുകളില്‍ നിന്ന് ഗവണ്‍മെന്റ് പണമൊന്നും ഈടാക്കുകയില്ല. പാവപ്പെട്ടവരുടെ ജീവിതങ്ങളില്‍ വെളിച്ചം ദൃശ്യമാവുകയാണ് നമുക്കു വേണ്ടത്. അവരുടെ ജീവിതം നമുക്ക് പ്രകാശപൂരിതമാക്കണം.

സുഹൃത്തുക്കളേ,

രാജ്യത്തെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി സംരംഭകര്‍ കാണുന്നത്ര വേഗത്തില്‍ മുന്നോട്ടു പോകുന്നില്ല. ഇതിനുള്ള പ്രധാന കാരണം സ്വന്തം നിലയില്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് അത്യാവശ്യമായ മൂലധനം സമാഹരിക്കാന്‍ പ്രാപ്തരല്ല എന്നതാണ്. യുവജനങ്ങളുടെ ആവശ്യം മനസ്സിലാക്കിയാണ് പ്രധാനമന്ത്രി മുദ്രാ യോജന, സ്റ്റാര്‍ട്ട്പ്പ് ഇന്ത്യ, സ്റ്റാന്റപ്പ് ഇന്ത്യ പോലുള്ള പദ്ധതികള്‍ തുടങ്ങിയത്. വടക്കുകിഴക്കന്‍ മേഖലയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നതിന്റെ ഭാഗമായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള മന്ത്രാലയം നൂറു കോടി രൂപയുടെ പ്രത്യേക മൂലധന നിധി രൂപീകരിച്ചു. ഈ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികളുടെ പരമാവധി നേട്ടം ആര്‍ജ്ജിക്കണമെന്ന് മിസോറാമിലെ യുവജനങ്ങളോട് ഞാന്‍ ആഹ്വാനം ചെയ്യുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവും ധൈര്യവും ഇവിടത്തെ യുവജനങ്ങള്‍ക്കുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് ഈ യുവജനങ്ങളോട് കൈകോര്‍ത്ത് നില്‍ക്കാന്‍ പ്രതിജ്ഞാബദ്ധമാണ്.
ഇന്ത്യയിലെ യുവജനങ്ങളുടെ നൈപുണ്യത്തിന്റെയും കരുത്തിന്റെയും പേരില്‍ നാം വാതുവയ്ക്കുകയാണ്. സംരംഭങ്ങളിലൂടെയുള്ള ശാക്തീകരണത്തില്‍ നാം വിശ്വസിക്കുന്നു – നവീനാശയങ്ങളുടെയും സംരംഭങ്ങളുടെയും കാര്യത്തില്‍ അത് ശരിയായ പരിസ്ഥിതി സൃഷ്ടിക്കും. അതിലൂടെ മനുഷ്യത്വത്തെ പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന പുതിയ വലിയ ആശയങ്ങളുടെ വാസസ്ഥലമായി നമ്മുടെ രാജ്യം മാറുകയും ചെയ്യും.
2022ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. വികസനത്തിന്റെ എല്ലാ തലങ്ങളിലും കുതിച്ചുചാട്ടം സാധ്യമാക്കുന്ന വിധത്തില്‍ നമ്മുടെ നേട്ടങ്ങളുടെ മേല്‍ ആസൂത്രണത്തിനും കെട്ടിപ്പടുക്കലിനുമുള്ള അവസരമാണ് അടുത്ത അഞ്ചു വര്‍ഷം നല്‍കുക.
സാമ്പത്തിക വളര്‍ച്ചയ്‌ക്കൊപ്പം വളര്‍ച്ചയുടെ ഫലം എല്ലാവര്‍ക്കും ഉറപ്പാക്കുക എന്നതും കൂടിയാണ് 2022ല്‍ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ നമുക്ക് വേണ്ട രണ്ടു ലക്ഷ്യങ്ങള്‍. ഗവണ്‍മെന്റ് എല്ലാവര്‍ക്കും വേണ്ടി, എല്ലാവരുടെയും വികസനത്തിനു വേണ്ടി എന്നതിന്റെ ഉല്‍സാഹത്തില്‍ ജാതി, ലിംഗ, മത, വര്‍ഗ്ഗ വ്യത്യാസങ്ങളില്ലാതെ എല്ലാ ഇന്ത്യക്കാര്‍ക്കും പുതിയ ഐശ്വര്വത്തിന്റെ ഭാഗമാകാനുള്ള തുല്യ അവസരമുണ്ടായിരിക്കണം.

സംസ്ഥാനങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മല്‍സരം നിലനില്‍ക്കുന്ന മല്‍സരാധിഷ്ഠിത, സഹകരണാത്മക ഫെഡറലിസത്തിലാണ് എന്റെ ഗവണ്‍മെന്റ് വിശ്വസിക്കുന്നത്. മാറ്റത്തിന്റെ പ്രധാന വാഹകര്‍ സംസ്ഥാനങ്ങളാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മല്‍സരമുണ്ടാക്കുന്നതിനു നിരവധി മുന്‍കൈശ്രമങ്ങള്‍ നാം നടത്തിയിട്ടുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ യുക്ത്യാധിഷ്ഠിതമാക്കണമെന്ന് മുഖ്യമന്ത്രിമാരുടെ ഒരു സമിതി ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. ആ ശുപാര്‍ശകള്‍ തക്കസമയത്ത് നാം സ്വീകരിച്ചു.

സാമ്പത്തിക പരിമിതികള്‍ വകവയ്ക്കാതെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള പ്രധാന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പങ്കുവയ്ക്കല്‍ രീതി 90-10 എന്ന അനുപാതത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മറ്റു പദ്ധതികളില്‍ ഇത് 80-20 ആയാണ് നിലനില്‍ക്കുന്നത്.
സുഹൃത്തുക്കളേ, വികസനത്തിന്റെ മധുരഫലം എല്ലാവരിലും എത്തിയാല്‍ മാത്രമേ പുതിയ ഇന്ത്യയേക്കുറിച്ചുള്ള ദര്‍ശനം യാഥാര്‍ത്ഥ്യമാവുകയുള്ളു.
വിവിധ സാമൂഹിക സൂചകങ്ങളുടെ മൂല്യനിര്‍ണയം നടത്തുമ്പോള്‍ മറ്റുള്ളവയേക്കാള്‍ പിന്നാക്കാവസ്ഥയിലുള്ള ഏകദേശം 115 ജില്ലകളിലൂന്നുന്ന ആസൂത്രണം കേന്ദ്ര ഗവണ്‍മെന്റിനുണ്ട്. ഇത് മിസോറാം ഉള്‍പ്പെടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പിന്നാക്ക ജില്ലകള്‍ക്കും ഗുണകരമാകും.
ഇന്നലെയും കൂടി നാം പുതിയൊരു കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് അനുമതി നല്‍കി. വടക്കു കിഴക്കന്‍ പ്രത്യേക ഇടിസ്ഥാന സൗകര്യ വികസന പദ്ധതി രണ്ടു മേഖലകളിലെയും അടിസ്ഥാനസൗകര്യ സൃഷ്ടിയിലെ വിടവുകള്‍ നികത്തും.
ജലവിതരണവും ഊര്‍ജ്ജവും പരസ്പരം ബന്ധിപ്പിക്കലുമായും പ്രത്യേകിച്ച് വിനോദസഞ്ചാര വികസനം പ്രോല്‍സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഭൗതിക അടിസ്ഥാന സൗകര്യങ്ങളാണ് ഒരു മേഖല.
വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെ സാമൂഹിക പദ്ധതികളാണ് അടുത്ത മേഖല. സംസ്ഥാന ഗവണ്‍മെന്റുകളുമായി മതിയായ കൂടിയാലോചനകള്‍ നടത്തിയിട്ടാണ് പുതിയ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തത്. തുടര്‍ച്ച ഉറപ്പാക്കുന്നതിന് റദ്ദാക്കാനാകാത്ത കേന്ദ്ര വിഹിത വിഭവത്തിനു (എന്‍എല്‍സിപിആര്‍) കീഴില്‍ നടന്നുകൊണ്ടിരിക്കുന്ന മുഴുവന്‍ പദ്ധതികളും 2022 മാര്‍ച്ചോടെ പൂര്‍ത്തീകരിക്കാനുള്ള സാമ്പത്തിക സഹായം നല്‍കും.
എന്‍എല്‍സിപിആറില്‍ പത്ത് ശതമാനം സംഭാവന സംസ്ഥാന ഗവണ്‍മെന്റുകളില്‍ നിന്നായിരുന്ന സ്ഥാനത്ത് പുതിയ പദ്ധതി പൂര്‍ണ്ണമായും കേന്ദ്ര സഹായത്തോടെയുള്ളതായിരിക്കും.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അടുത്ത മൂന്നു വര്‍ഷംകൊണ്ട് ഈ പദ്ധതിയില്‍പ്പെടുത്തി 5300 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റ് ലഭ്യമാക്കും.
വടക്കു കിഴക്കന്‍ മേഖലയുടെ വികസനപാതയിലെ ഏറ്റവും വലിയ തടസ്സം എത്തിച്ചേരാനുള്ള സൗകര്യങ്ങളുടെ കുറവാണ്. മേഖലയിലെ അടിസ്ഥാനസൗകര്യ മേഖലയില്‍ നിക്ഷേപം നടത്തിക്കൊണ്ട് ഗതാഗതത്തിലൂടെ പരിവര്‍ത്തനമുണ്ടാക്കാന്‍ നാം ലക്ഷ്യമിടുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷം 3800 കിലോമീറ്റര്‍ ദേശീയപാതയക്കുവേണ്ടി കേന്ദ്ര ഗവണ്‍മെന്റ് 32000 കോടി രൂപ നിക്ഷേപിച്ചു. അതില്‍ നിലവില്‍ 1200 കിലോമീറ്ററോളം റോഡ് നിര്‍മ്മിച്ചുകഴിഞ്ഞു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രത്യേക ത്വരിത റോഡ് വികസന പദ്ധതിക്ക് മറ്റൊരു 60,000 കോടി രൂപയും വടക്കു കിഴക്കന്‍ മേഖലയില്‍ ദേശീയപാതകളുടെയും റോഡുകളുടെയും ശൃംഖല അടുത്ത മൂന്നു വര്‍ഷംകൊണ്ട് നിര്‍മിക്കുന്ന ഭാരത്മാല പദ്ധതിക്കു കീഴില്‍ 30,000 കോടി രൂപയും കേന്ദ്ര ഗവണ്‍മെന്റ് നിക്ഷേപിക്കും. എല്ലാ വടക്കു കിഴക്കന്‍ സംസ്ഥാന തലസ്ഥാനങ്ങളെയും റെയില്‍ ഭൂപടത്തില്‍ കൊണ്ടുവരാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.
47,000 കോടി രൂപ ചെലവിട്ട് 1385 കിലോമീറ്റര്‍ ദൂരത്തില്‍ 15 പുതിയ റെയില്‍പാത പദ്ധതികള്‍ കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കുകയാണ്.
മിസോറാമിലെ ഭയ്‌രാബിയെയും അസമിലെ സില്‍ച്ചറിനെയും ബന്ധിപ്പിക്കുന്ന റെയില്‍പാതയുടെ ഉദ്ഘാടനത്തോടെ മിസോറാമില്‍ കഴിഞ്ഞ വര്‍ഷം റെയില്‍വേ എത്തിക്കഴിഞ്ഞു.
ഐസ്വാളിലേക്ക് റെയില്‍ ബന്ധം ഉണ്ടാക്കുന്നതിന് പുതിയ പാതയ്ക്ക് 2014 ഏപ്രിലില്‍ ഞാന്‍ ശിലാസ്ഥാപനം നടത്തി.
സംസ്ഥാന ഗവണ്‍മെന്റിന്റെ സഹായത്തോടെ സംസ്ഥാന തലസ്ഥാനമായ ഐസ്വാളിനെ ബ്രോഡ്‌ഗേജ് പാതയുമായി നാം ബന്ധിപ്പിക്കും.

‘കിഴക്കിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നയം’ കേന്ദ്ര ഗവണ്‍മെന്റ് വളരെ കാര്യമായാണ് പിന്തുടരുന്നത്. തെക്കു കിഴക്ക് ഏഷ്യയിലേക്കുള്ള പ്രവേശന കവാടം എന്ന നിലയില്‍ മിസോറാമിന് ഇതില്‍ നിന്ന് വന്‍തോതിലുള്ള നേട്ടമുണ്ടാകും. മ്യാന്‍മറും ബംഗ്ലാദേശുമായുള്ള വ്യാപാരത്തില്‍ സുപ്രധാന പാതയായി മാറാന്‍ ഇതിനു കഴിയും.
വിവിധ ഉഭയകക്ഷി പദ്ധതികള്‍ പൂര്‍ത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കലാദന്‍ ബഹു മാതൃകാ ഗതാഗത പദ്ധതി, റിഹ്-റ്റെഡിം റോഡ് പദ്ധതി, അതിര്‍ത്തി ഗ്രാമ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെ ചില സുപ്രധാന പദ്ധതികളാണ് ഇവ.
ഇവയെല്ലാം വടക്കു കിഴക്കന്‍ മേഖലയുടെ സാമ്പത്തിക ബന്ധിപ്പിക്കലുകള്‍ക്കും പൊതുവായ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും അവസരം വര്‍ധിപ്പിക്കും.
സുഹൃത്തുക്കളേ, ഉയര്‍ന്ന സാക്ഷരാത നിരക്ക്, പ്രകൃതിഭംഗി, ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ എണ്ണക്കൂടുതല്‍ എന്നിവ മിസോറാമിനെ മാതൃകാ വിനോദസഞ്ചാര സംസ്ഥാനമാക്കി വികസിപ്പിക്കാന്‍ പര്യാപ്തമായ മികച്ച ചേരുവകളാണ്.
സാഹസിക വിനോദസഞ്ചാരം, സാംസ്‌കാരിക വിനോദസഞ്ചാരം, വന്യജീവി വിനോദസഞ്ചാരം, സാമൂഹിക അടിസ്ഥാനത്തിലുള്ള ഗ്രാമീണ വിനോദസഞ്ചാരം എന്നിവയില്‍ സുപ്രധാന സാധ്യതകളാണ് സംസ്ഥാനത്തുള്ളത്. നന്നായി വികസിപ്പിക്കുകയാണെങ്കില്‍ വിനോദസഞ്ചാരത്തെ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ തൊഴില്‍ദാതാവായി വികസിപ്പിക്കാന്‍ സാധിക്കും. പരിസ്ഥിതി വിനോദസഞ്ചാരവും സാഹസിക വിനോദസഞ്ചാരവും പ്രോല്‍സാഹിപ്പിക്കുന്നതിന് കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് 194 കോടി രൂപയുടെ രണ്ട് വിനോദസഞ്ചാര പദ്ധതികള്‍ കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ചു. ഈ പദ്ധതികള്‍ നടപ്പാക്കുന്നതിന് 115 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റ് നല്‍കിക്കഴിഞ്ഞു.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വിവിധ വന്യജീവി കേന്ദ്രങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും അറ്റകുറ്റപ്പണികള്‍ക്കും പ്രവര്‍ത്തനത്തിനും സഹായം നല്‍കാനും ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. മിസോറാമിനെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങൡലൊന്നാക്കി മാറ്റാന്‍ നമുക്കൊന്നിച്ചു പ്രവര്‍ത്തിക്കാം.

സുഹൃത്തുക്കളേ,

നമ്മുടെ രാജ്യത്തിന്റെ ഈ ഭാഗത്തെ കാര്‍ബണ്‍ രഹിതമായി അനായാസം പ്രഖ്യാപിക്കാന്‍ കഴിയും. നമ്മുടെ സുഹൃത്തായ ഭൂട്ടാന്‍ അത് ചെയ്തു. സംസ്ഥാന ഗവണ്‍മെന്റുകള്‍ ശ്രമിച്ചാല്‍ വടക്കു കിഴക്കന്‍ മേഖലയിലെ എട്ടു സംസ്ഥാനങ്ങളെയും കാര്‍ബണ്‍ രഹിതമായി പ്രഖ്യാപിക്കാന്‍ സാധിക്കും. രാജ്യത്തിന്റെ ഈ ഭാഗത്തിന് കാര്‍ബണ്‍ രഹിത സംസ്ഥാനങ്ങളായി അംഗീകാരം ലഭിക്കുന്നത് ലോക ഭൂപടത്തില്‍ വലിയ ഒരു വാണിജ്യമുദ്രയായി മാറും. സിക്കിമിന്റെ പാതയില്‍ നൂറ് ശതമാനം ജൈവ സംസ്ഥാനങ്ങളായി മാറാനുള്ള ശ്രമങ്ങള്‍ വടക്കു കിഴക്കന്‍ മേഖലയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും നടത്താവുന്നതാണ്.

ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് പരമ്പരാഗത കാര്‍ഷിക വികസന പദ്ധതി തുടങ്ങി.
ഈ പദ്ധതിക്കു കീഴില്‍ രാജ്യവ്യാപകമായി പതിനായിരം ജൈവ കൂട്ടായ്മകള്‍ കേന്ദ്ര ഗവണ്‍മെന്റ് വികസിപ്പിക്കുകയാണ്. വടക്കു കിഴക്കന്‍ മേഖലയ്ക്കും നൂറ് കാര്‍ഷിക ഉല്‍പ്പാദന കൂട്ടായ്മകള്‍ ഉണ്ടാക്കിക്കിയിട്ടുണ്ട്. അമ്പതിനായിരത്തിലധികം കര്‍ഷകര്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവിടുത്തെ കര്‍ഷകര്‍ക്ക് ജൈവ ഉല്‍പ്പന്നങ്ങള്‍ ഡല്‍ഹിയില്‍ വില്‍ക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നു.

സുഹൃത്തുക്കളേ,
നമ്മുടെ രാജ്യം 2022ല്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കും. 2022ഓടെ നൂറു ശതമാനം ജൈവവും, കാര്‍ബണ്‍ രഹിതവുമായി മിസോറാമിനെ മാറ്റാനുള്ള പ്രതിജ്ഞയെടുക്കണം. ഈ പ്രതിജ്ഞ യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് പൂര്‍ണമായും നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും എന്ന് ഉറപ്പു തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഏറ്റവും ചെറിയ പ്രശ്‌നങ്ങളും മനസ്സിലാക്കി നാം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. മുളയുടെ ഒരു ഉദാഹരണം നിങ്ങള്‍ക്കു തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
വടക്കു കിഴക്കമന്‍ മേഖലയിലെ ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗ്ഗമായ മുള വളരെയധികം ഭരണകൂട നിയന്ത്രണങ്ങള്‍ക്കു കീഴിലാണ്. നിങ്ങളുടെ സ്വന്തം ഭൂമിയിലെ മുള അനുമതിയില്ലാതെ കടത്താനോ വില്‍ക്കാനോ നിങ്ങള്‍ക്കു സാധിക്കില്ല. നമ്മുടെ ഗവണ്‍മെന്റ് ഈ വേദന ലഘൂകരിക്കാനുള്ള ഉദ്ദേശത്തോടെ ഈ നിയന്ത്രണങ്ങള്‍ മാറ്റി. ഇപ്പോള്‍ നിങ്ങളുടെ സ്വന്തം സ്ഥലത്ത് മുള ഉല്‍പ്പാദിപ്പിക്കാനോ കടത്താനോ വില്‍ക്കാനോ നിങ്ങള്‍ക്ക് ഒരു അനുമതിയും ആവശ്യമില്ല. ഇത് ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഗുണകരമാവുകയും 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാവുകയും ചെയ്യും.

ഞാന്‍ മിസോറാമില്‍ വന്നിട്ട് ഫുട്‌ബോളിനേക്കുറിച്ചു സംസാരിക്കാതിരിക്കാന്‍ സാധ്യമല്ല. മിസോറാമിന്റെ കളിക്കാരന്‍ ജേ ലാപേഖുല അദ്ദേഹത്തിലേക്ക് രാജ്യത്തിന്റെയാകെ ശ്രദ്ധ ആകര്‍ശഷിച്ചിരിക്കുന്നു. ഒരു തരത്തില്‍ ഫുട്‌ബോള്‍ മിസോറാമിലെ ഓരോ കുടുംബത്തിന്റെയും ഭാഗമാണ്. ഫിഫയുടെയും ഐസ്വാള്‍ ഫുട്‌ബോള്‍ ക്ലബിന്റെയും ഒരു മാതൃകാ പദ്ധതി പ്രാദേശിക കളിക്കാരുടെ മികവിനെ കൂടുതല്‍ മെച്ചപ്പെടുത്തും എന്ന് എന്നോട് പറഞ്ഞു.
2014ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോള്‍ രാജ്യത്തെ മുഴുവന്‍ ഫുട്‌ബോള്‍ ആരാധാകരും മിസോറാമിനു വേണ്ടി കൈയടിച്ചു. ഫുട്‌ബോള്‍ മേഖലയിലെ നേട്ടങ്ങള്‍ക്ക് ഞാന്‍ മിസോറാം ജനതയെ അഭിനന്ദിക്കുന്നു. മിസോറാമിന് ലോകാംഗീകാരം നേടിത്തരാന്‍ കഴിയുന്ന മൃദു ശക്തിയാണ് ഫുട്‌ബോള്‍.
ഫുട്‌ബോളിന്റെ മൃദ ശക്തിക്ക് മിസോറാമിന്റെ ആഗോള വ്യക്തിത്വമായി മാറാന്‍ സാധിക്കും. അമ്പെയ്ത്തു താരം ഒളിമ്പ്യന്‍ സി ലാല്‍റെംസംഗ, ബോക്‌സര്‍ ശ്രീമതി ജെന്നി ലാല്‍റംലിയനി, ഭാരോദ്വഹന താരം ശ്രീമതി ലാല്‍ച്ചാഹിമി, ഹോക്കി കളിക്കാരി ശ്രീമതി ലാല്‍റുവാത്‌ഫെലി എന്നിവരുള്‍പ്പെടെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും യശസ്സുയര്‍ത്താന്‍ കഴിഞ്ഞ മറ്റു നിരവധി ശ്രദ്ധേയരായ കായിക വ്യക്തിത്വങ്ങള്‍ ഉണ്ട്.
ലോക വേദിയില്‍ ശ്രദ്ധേയരാകുന്ന കായിക വ്യക്തിത്വങ്ങളെ തുടര്‍ന്നും സംഭാവന ചെയ്യാന്‍ മിസോറാമിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

ലോകത്തെ ചില രാജ്യങ്ങളുടെ സമ്പദ്ഘടന കായികമേഖലയെ മാത്രം ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഇത്തരം രാജ്യങ്ങള്‍ കായിക മേഖലയ്ക്ക് അത്യാവശ്യമായ അന്തരീക്ഷം സൃഷ്ടിച്ച് ലോകമെമ്പാടും നിന്നുള്ള ജനങ്ങളെ ആകര്‍ഷിക്കുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കായിക മേഖലയ്ക്ക് നല്‍കുന്ന വര്‍ധിച്ച പ്രാധാന്യത്തിന്റെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്റ് ഇംഫാലില്‍ ഒരു കായിക സര്‍വകലാശാല സ്ഥാപിക്കുകയാണ്.
ഈ കായിക സര്‍വകലാശാല നിലവില്‍ വരുന്നതോടെ ഈ മേഖലയിലെ യുവജനങ്ങള്‍ക്ക് കായിക മേഖലയുമായി ബന്ധപ്പെട്ട എല്ലാത്തരം പരിശീലനവും ലഭിക്കാന്‍ എളുപ്പമാകും. സര്‍വകലാശാല നിലവില്‍ വന്ന ശേഷം രാജ്യമെമ്പാടും മാത്രമല്ല മറ്റു രാജ്യങ്ങളിലും അതിന്റെ കാമ്പസുകള്‍ തുറക്കും. ഈ മേഖലയിലെ കായിക വ്യക്തിത്വങ്ങള്‍ക്ക് കായിക പരിശീലനത്തിനായി മറ്റു രാജ്യങ്ങളിലും പോകാന്‍ ഇതോടെ സാധിക്കും.
ഐസ്വാള്‍ വര്‍ണ്ണാഭമായ ഉല്‍സവഛായയിലാണെന്നും ക്രിസ്മസ് ആഘോഷിക്കാനുള്ള പൂര്‍ണ ഒരുക്കത്തിലാണെന്നും ഞാന്‍ കാണുന്നു. ഒരിക്കല്‍ക്കൂടി ഞാന്‍ മിസോറാമിലെ മുഴുവന്‍ ജനങ്ങള്‍ക്കും സന്തോഷനിര്‍ഭരമായ ക്രിസ്മസ് ആശംസിക്കുന്നു.

നിങ്ങള്‍ക്കു നന്ദി.
…………….