പിഎം ഇന്ത്യ
മുംബൈ അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് മൂന്നാം ഘട്ടത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി.
8,679 കോടി രൂപയുടെ അടങ്കല്‍ തുകയുള്ള പദ്ധതി പൂര്‍ത്തിയാകാന്‍ 10,947 കോടി രൂപ ആവശ്യമായി വരും. 13ാം പദ്ധതിക്കാലത്തിനിടെ, അടുത്ത അഞ്ചു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
മുംബൈ-അഹമ്മദാബാദ്/ഡെല്‍ഹി പ്രധാന റൂട്ടിന്റെ ഭാഗമായ വിരാര്‍-ദഹനു റൂട്ടില്‍ പടിഞ്ഞാറന്‍ റെയില്‍വേ സബര്‍ബന്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. എന്നാല്‍, പ്രധാന പാതയിലൂടെ പരമാവധി സര്‍വീസുകള്‍ ഉള്ളതിനാല്‍ കൂടുതല്‍ സബര്‍ബന്‍ സര്‍വീസുകള്‍ തുടങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. വിരാര്‍-ദഹനു റൂട്ടില്‍ ഒരു ഇരട്ടപ്പാത കൂടി നിര്‍മിക്കുന്ന പക്ഷം കൂടുതല്‍ സര്‍വീസുകളെന്ന യാത്രക്കാരുടെ ആവശ്യം നിറവേറ്റാന്‍ സാധിക്കും. ചര്‍ച്ച് ഗേറ്റില്‍നിന്ന് ദഹനു റോഡിലേക്കു കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനും ഇതു സഹായകമാകും. പന്‍വേല്‍ – കര്‍ജത് ഇരട്ടപ്പാതയ്ക്കായുള്ള സബര്‍ബന്‍ ഇടനാഴി നഗരവല്‍ക്കരണത്തിനും വരുംവര്‍ഷങ്ങളിലുണ്ടാകാന്‍ പോകുന്ന ജനസംഖ്യാ വര്‍ധനവിനും ഗുണകരമാകും. കര്ജത്തില്നിന്ന് പന്‍വേല്‍ വഴി സി.എസ്.ടി.എമ്മിലേക്ക് കല്യാണ്‍ വഴി നിലവിലുള്ള പാതയിലും 23 കിലോമീറ്റര്‍ ദൂരം കുറവുള്ള മറ്റൊരു പാത യാഥാര്‍ഥ്യമാകുകയും ചെയ്യും. സി.എസ്.ടി.എമ്മിനും കര്‍ജത്തിനുമിടയില്‍ കുറഞ്ഞ വേഗത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ യാത്രാസമയത്തില്‍ 35 മുതല്‍ 40 വരെ മിനുട്ട് ലാഭിക്കാന്‍ ഇതുവഴി സാധിക്കും.
നിലവില്‍ കല്യാണില്‍നിന്നു വഷിയിലേക്കും പന്‍വേലിലേക്കും പോകേണ്ടവര്‍ താനേയില്‍ ഇറങ്ങേണ്ടിവരുന്നു എന്നതിനാല്‍ താനേയില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും പുതിയ പാത ഉപകരിക്കും. അയ്രോളി – കല്‍വ ഇടനാഴി യാഥാര്‍ഥ്യമായാല്‍ താനെ സ്റ്റേഷനിലെ തിരക്കു കുറയും. പുതിയ കോച്ചുകള്‍ വാങ്ങുന്നതു സേവന നിലവാരം മെച്ചപ്പെടുത്തുകയും തിരക്കു കുറയ്ക്കുകയും ചെയ്യും. അതിക്രമിച്ചു കടക്കുന്നതു നിരോധിക്കാന്‍ 22 ഇടങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനം അതിക്രമിച്ചു കടക്കുന്നതു നിയന്ത്രിക്കുന്നതിനും അതുവഴി പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും സഹായകമാകും. താനെ, പല്‍ഘാര്‍, റായ്ഗഡ്, മുംബൈ ജില്ലകളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണു പദ്ധതി നടപ്പാക്കുക.