Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യു.എസ്.-ഇന്ത്യ ബിസിനസ് കൗണ്സിലി(യു.എസ്.ഐ.ബി.സി.)ന്റെ നാല്പതാമത് എ.ജി.എമ്മില് പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണം

യു.എസ്.-ഇന്ത്യ ബിസിനസ് കൗണ്സിലി(യു.എസ്.ഐ.ബി.സി.)ന്റെ നാല്പതാമത് എ.ജി.എമ്മില് പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണം


മഹതികളേ, മഹാന്മാരേ,

1. വിശിഷ്ടരായ രാഷ്ട്രീയ, ബിസിനസ് നേതാക്കളുടെ ഈ സംഗമത്തില് വീണ്ടും എത്തിച്ചേരാന് സാധിച്ചതില് ഞാന് ആഹ്ലാദവാനാണ്. ഇന്നു പ്രസിഡന്റ് ഒബാമയെ കണ്ടപ്പോള് ഞങ്ങള് ഇരു രാജ്യങ്ങളെയും ബാധിക്കുന്ന കുറേ കാര്യങ്ങള് ചര്ച്ച ചെയ്യുകയുണ്ടായി. യു.എസുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷിബന്ധം മുമ്പെന്നെത്തേക്കാളുമേറെ ശക്തമാണിപ്പോള്. അതിനിയും മെച്ചപ്പെടുത്താന് ഞങ്ങള് ഇരുവരും ധാരണയിലെത്തുകയും ചെയ്തു.

2. ആഗോളസമ്പദ്വ്യവസ്ഥ തളര്ച്ചയെ നേരിടുന്ന പശ്ചാത്തലത്തിലാണു ഞാന് നിങ്ങളോടു സംസാരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളും സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്. ലോകത്തിനു വളര്ച്ചയുടെ പുതിയ കേന്ദ്രങ്ങള് ആവശ്യമാണ്. ലോകത്തിലെ ഏറ്റവും പ്രായമേറിയ ജനാധിപത്യരാഷ്ട്രത്തിനു താല്പര്യം ജനാധിപത്യ സ്വഭാവത്തോടുകൂടിയ വളര്ച്ചയുടെ കേന്ദ്രങ്ങള് വികസിക്കണമെന്നായിരിക്കും. ആഗോളവളര്ച്ചയ്ക്ക് സംഭാവനകള് നല്കാന് സാധിക്കുന്ന നിലയിലാണ് ഇന്ത്യ ഇപ്പോഴെന്നു നിങ്ങളെ അറിയിക്കുന്നതില് സന്തോഷമുണ്ട്.

3. വലിയ സമ്പദ്വ്യവസ്ഥ കൊണ്ടു ലോകത്തിനുള്ള നേട്ടങ്ങള് പലതാണ്. വലുതും വളര്ന്നുകൊണ്ടിരിക്കുന്നതുമായ വിപണിയാണ് ഇന്ത്യയുടേത്. എന്നാല്, ഒരു വിപണിക്കുമപ്പുറമാണ് ഇന്ത്യ. ഇന്ത്യ

– വിശ്വസിക്കാവുന്ന ഒരു പങ്കാളിയാണ്
– മേന്മയാര്ന്ന ശാസ്ത്ര, എന്ജിനീയറിങ്, മാനേജീരിയല് ജ്ഞാനത്തിന്റെ സ്രോതസ്സാണ്

– വികസനസംബന്ധിയായ ആശയങ്ങളുടെയും പരീക്ഷണങ്ങളുടെയും ഉലയാണ്

– മേന്മയാര്ന്ന ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഫലപ്രദമായ സ്രോതസ്സാണ്

– ജനാധിപത്യത്തിനും അതിവേഗമുള്ള വളര്ച്ചയ്ക്കും ഒരുമിച്ചു നിലകൊള്ളാന് സാധിക്കുമെന്നതിന്റെ തെളിവാണ്

4. വികസനത്തിന്റെ പുതുയുഗത്തിലേക്കു കടക്കുമ്പോള് സംരംഭകത്വത്തിന്റെയും പുതുമകളുടെയും അമേരിക്കന് പാരമ്പര്യത്തില്നിന്ന് ഏറെ പഠിക്കാനുണ്ട്.
വ്യോമഗതാഗത നിയന്ത്രണം മുതല് വായുവിന്റെ മേന്മ വര്ധിപ്പിക്കുന്നതുവരെയും മരുന്നുകള് മുതല് ഡ്രോണുകള് വരെയും ഹൈബ്രിഡ് കാറുകള് മുതല് ഹൈഡ്രോ ഫ്രാക്കിങ് വരെയുമുള്ള, ശാസ്ത-സാങ്കേതിക രംഗങ്ങളിലെ കണ്ടുപിടിത്തങ്ങളില് മുന്നിലാണ് അമേരിക്ക.
കീര്ത്തികേട്ട ഇന്നലെകളുള്ള ഒരു രാഷ്ട്രം മാത്രമല്ല എന്നെ സംബന്ധിച്ചിടത്തോളം അമേരിക്ക. നല്ല ഭാവിയുള്ള രാഷ്ട്രം കൂടിയാണിത്. അതിനാല്ത്തന്നെ, ഇരുഭാഗത്തിനും നേട്ടം പകരാന് നാം തമ്മിലുള്ള മെച്ചപ്പെട്ട പങ്കാളിത്തത്തിലൂടെ സാധിക്കും.

5. ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ സവിശേഷത യു.എസ്. സമ്പദ്വ്യവസ്ഥയില് ഇന്ത്യന്-അമേരിക്കന് സമൂഹത്തിനുള്ള നിര്ണായകമായ സ്ഥാനമാണ്. ഒരു രാഷ്ട്രത്തില്നിന്നു മറ്റൊരു രാഷ്ട്രത്തിലേക്കു കുടിയേറിപ്പാര്ക്കുന്നവര്ക്ക് ഇരു രാജ്യങ്ങളിലും ഇത്രയധികം ആദരവു കിട്ടുന്നതു വിരളമാണ്. വളര്ന്നുവരുന്ന സാമ്പത്തികവും സാംസ്കാരികവുമായ ബന്ധത്തില് ഇന്ത്യന്-അമേരിക്കന് വ്യക്തികള്ക്കു നിര്ണായകമായ പങ്കുണ്ട്.

6. ഞാന് അധികാരമേറ്റിട്ട് രണ്ടു വര്ഷമാകുന്നതേയുള്ളൂ. 2014ല് നിങ്ങളെ അഭിസംബോധന ചെയ്യുമ്പോള് ഞാന് അധികാരമേറ്റിരുന്നതേ ഉണ്ടായിരുന്നുള്ളൂ. വെല്ലുവിളി ഉയര്ത്തുന്ന ആഭ്യന്തര, ആഗോള സാഹചര്യത്തെ നേരിടാന് ഞങ്ങള് നിര്ബന്ധിതരായി. നിക്ഷേപകരുടെ ആത്മവിശ്വാസം നന്നേ കുറവായിരുന്നു. ഇന്ത്യന് സമ്പദ്വ്യവസ്ഥയുടെ ഭാവിയെക്കുറിച്ച് ആശങ്കകള് പടര്ന്നിരുന്നു. മന്ദതയും മുരടിപ്പും വാണിജ്യസമൂഹത്തെ ദുഃഖിതരാക്കി. പഴയകാല നയങ്ങളും ചുവപ്പുനാടയും അസ്വസ്ഥത വളര്ത്തി. എന്നാല്, കേവലം രണ്ടു വര്ഷത്തിനകം ഇത്തരം തടസ്സങ്ങളെ മറികടക്കാനും ശ്രദ്ധേയമായ സാമ്പത്തികവളര്ച്ച നേടാനും സാധിച്ചു.

7. നയങ്ങളിലെ പ്രധാന ഭാഗങ്ങള് വിശദീകരിക്കാന് ഞാന് ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. മാറ്റത്തിനായി പരിഷ്കാരങ്ങള് നടപ്പാക്കുക എന്നതാണു നയമെന്നു ഞാന് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നെ സംബന്ധിച്ചിടത്തോളം പരിഷ്കാരമെന്നാല് സാധാരണ പൗരന്മാരുടെ ജീവിതത്തെ മാറ്റാനുതകുന്ന നയങ്ങളാണ്. സാമ്പത്തിക പരിഷ്കാരങ്ങള്ക്കപ്പുറം പ്രസക്തിയുള്ള സമഗ്ര പരിഷ്കാര പാക്കേജാണ് കഴിഞ്ഞ രണ്ടു വര്ഷങ്ങളായി നടപ്പാക്കിവരുന്നത്.

അവയെ നാലായി തിരിക്കാം.

1. ആദ്യം, ശക്തമായ അടിത്തറ സ്ഥാപിക്കാനുതകുന്ന വിശാല സാമ്പത്തിക നയങ്ങള്.

2. നിക്ഷേപത്തിലൂടെയും വ്യാപാരത്തിലൂടെയും വളര്ച്ചയും തൊഴിലവസരങ്ങളും വര്ധിപ്പിക്കാനുതകുന്ന നയങ്ങള്. പ്രവര്ത്തന ക്ഷമതയും ഉല്പാദനവും വര്ധിപ്പിക്കുന്ന നയങ്ങളും അനിവാര്യമാണ്.

3. വളര്ച്ചയുടെ നേട്ടങ്ങള് സ്ത്രീകളും കര്ഷകരും ഉള്പ്പെടെ സമൂഹത്തിലെ ദുര്ബലവിഭാഗത്തിനും ലഭിക്കുമെന്ന് ഉറപ്പാക്കുന്നതിനുള്ള നയങ്ങള്.
4. അഴിമതിക്കെതിരെ മുഖത്തുനോക്കിയുള്ള കടന്നാക്രമണം.

8. ഞാന് മാക്രോ ഇക്കോണമിയില് തുടങ്ങാം.

9. ഞങ്ങള് അധികാരമേറ്റതോടെ പണപ്പെരുപ്പവും ധനക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും താഴ്ന്നു. മൊത്തം ആഭ്യന്തര ഉല്പാദനവും വിദേശനാണ്യശേഖരവും ഓഹരിവിപണി നിരക്കുകളും നിക്ഷേപകരുടെ ആത്മവിശ്വാസവും ഉയരുകയും ചെയ്തു. വിവേകപൂര്വം കൈക്കൊണ്ട നയങ്ങളുടെ ഫലമാണിത്. പണപ്പെരുപ്പം പരിമിതപ്പെടുത്താന് ഒരു സാമ്പത്തിക ചട്ടക്കൂട് നിര്മിക്കുകയും സ്വതന്ത്ര സാമ്പത്തികനയം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക ഏകീകരണം ആരംഭിച്ചതോടെ കഴിഞ്ഞ മൂന്നു ബജറ്റുകളിലും ധനക്കമ്മി ഗണ്യമായി കുറച്ചുകൊണ്ടുവരാന് സാധിച്ചു. ധനക്കമ്മി കുറച്ചുകൊണ്ടുവരുമ്പോഴും ഉല്പാദനക്ഷമമായ പൊതുനിക്ഷേപം നല്ലതുപോലെ വളര്ത്തിക്കൊണ്ടുവരാന് ശ്രദ്ധക്കുകയും ചെയ്തു.

10. രണ്ടു വഴികളിലൂടെയാണ് ഇതു സാധ്യമാക്കിയത്. ആദ്യം ചെയ്തത് ജൈവ ഇന്ധനങ്ങള്ക്കു കാര്ബണ് നികുതി ഏര്പ്പെടുത്തുകയാണ്. ഡീസല്വില നിയന്ത്രണം എടുത്തുകളയുകയും അതുവഴി ഊര്ജത്തിനുള്ള സബ്സിഡി ഒഴിവാക്കുകയും ചെയ്തു. അവയ്ക്കു പകരം നികുതി ഏര്പ്പെടുത്തി. ശുദ്ധമായ പരിസ്ഥിതി നിലനിര്ത്തുന്നതിനുള്ള നികുതി, ടണ്ണിന് 50 രൂപയെന്ന നിരക്കില്നിന്ന് 400 രൂപയെന്ന നിരക്കിലേക്ക് ഉയര്ത്തി. ആഗോളതലത്തില് കാര്ബണ് നികുതിയെക്കുറിച്ചു ചര്ച്ചകള് നടക്കുന്നുണ്ടെങ്കിലും അതു മിക്കതും വെറും ചര്ച്ചകളായി തുടരുകയാണ്. എന്നാല്, ഞങ്ങള് നടപടി കൈക്കൊണ്ടു. പുത്തന് സാങ്കേതികവിദ്യയും പ്രവര്ത്തനരീതിയും ഉപയോഗപ്പെടുത്തി പാഴ്ച്ചെലവുകള് കുറയ്ക്കുകയാണു രണ്ടാമതു ചെയ്ത കാര്യം. ബയോമെട്രിക് രീതിയില് ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞ് സബ്സിഡിത്തുകകള് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കുകയാണു ചെയ്യുന്നത്.

11. വളര്ച്ചയും തൊഴിലവസരസൃഷ്ടിയും ഉത്തേജിപ്പിക്കാനുള്ള ഞങ്ങളുടെ നയങ്ങളെക്കുറിച്ചു പറയാം. നേരിട്ടുള്ള വിദേശനിക്ഷേപത്തില് ഞങ്ങള് നടത്തിയ അടിമുടിയുള്ള ഉദാരവല്ക്കരണത്തെക്കുറിച്ചു നിങ്ങള്ക്ക് അറിവുള്ളതായിരിക്കും. മിക്ക മേഖലകളിലും നിക്ഷേപത്തിനുള്ള അനുമതി ഓട്ടോമാറ്റിക് ആക്കി മാറ്റുകയും പ്രതിരോധം, റെയില്വേ തുടങ്ങിയ മേഖലകളില്ക്കൂടി വിദേശനിക്ഷേപം അനുവദിക്കുകയും ചെയ്തു. എത്രയോ കാലമായി പാസാക്കാതെ കിടക്കുകയായിരുന്ന ഇന്ഷുറന്സ് നിയമ പരിഷ്കരണം നടപ്പാക്കി. ഇതേത്തുടര്ന്ന്, അമേരിക്കയില്നിന്നുള്ളവ ഉള്പ്പെടെ എത്രയോ ഇന്ഷുന്സ് കമ്പനികള് അവരുടെ ഇന്ത്യയിലെ നിക്ഷേപം ഉയര്ത്തി. ബിസിനസ് എളുപ്പമാക്കുന്നതിനുള്ള നടപടിക്രമങ്ങള് കൈക്കൊണ്ടുവരികയാണ്. ഇക്കാര്യത്തില് ആഗോള റാങ്കിങ്ങില് ഇന്ത്യയുടെ സ്ഥാനം ഉയര്ന്നുകൊണ്ടിരിക്കുന്നു. വിദേശ, ആഭ്യന്തര നിക്ഷേപകര് മേന്മയാര്ന്നതും പ്രവര്ത്തനശേഷി കൂടിയതുമായ ഉല്പാദന സംവിധാനങ്ങള് ഒരുക്കുന്നതിനെ ഞങ്ങള് സ്വാഗതം ചെയ്യുകയാണ്. റോഡ്, റെയില്വേ, തുറമുഖം, ജലഗതാഗതം എന്നീ മേഖലകളിലെ നിക്ഷേപം ഉയര്ത്തി. ചരക്കു കയറ്റുന്നതും ഇറക്കുന്നതും വേഗമാക്കാന് തുറമുഖങ്ങളുടെ പ്രവര്ത്തനത്തില് കാര്യമായ പരിഷ്കാരങ്ങള് വരുത്തി. യു.എസിലെ സ്റ്റാര്ട്ട്-അപ് സംവിധാനത്തെ ഞങ്ങള് ബഹുമാനിക്കുന്നു. ഇതേ രീതി ഇന്ത്യയില് അനുവര്ത്തിക്കാന് ശ്രമം ആരംഭിച്ചുകഴിഞ്ഞു. ഒരു പുതിയ വിഭാഗം സംരംഭകരെ സൃഷ്ടിച്ചെടുക്കാന് സ്റ്റാര്ട്ട്-അപ് ഇന്ത്യ പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്. പുതിയ ആശയങ്ങളുമായി സംരംഭകത്വത്തിലേക്കു തിരിയുന്നവര് പ്രവര്ത്തിക്കാന് ഇഷ്ടപ്പെടുന്ന ലോകത്തിലെ അഞ്ചാമത്തെ സ്ഥലമായി ഈ വര്ഷം തെരഞ്ഞെടുക്കപ്പെട്ടത് ബെംഗളുരുവാണ്. 2015ല് അത് ആദ്യത്തെ പത്തു നഗരങ്ങളിലൊന്നായിപ്പോലും പട്ടികയില് ഇടം നേടിയിരുന്നില്ലെന്നുകൂടി ഓര്ക്കണം.

12. നമ്മുടെ സമ്പദ്വ്യവസ്ഥ വിജയിക്കണമെങ്കില് ശക്തമായ ബാങ്കിങ് സംവിധാനം അനിവാര്യമാണ്. ബാങ്കിങ് കാര്യങ്ങളിലെ തീരുമാനങ്ങള് കൈക്കൊള്ളുന്നതിലും നിയമനത്തിലുമൊക്കെ പക്ഷപാതവും അഴിമതിയും നിലനില്ക്കുന്നെന്നു വിശ്വസിച്ചുപോന്ന ബാങ്കിങ് സംവിധാനമാണ് ഞങ്ങള് അധികാരമേല്ക്കുമ്പോള് ഉണ്ടായിരുന്നത്. പ്രധാനമന്ത്രിയും ബാങ്കര്മാരുമായുള്ള ഒരു യോഗം ഞാന് സംഘടിപ്പിച്ചു. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇതുപോലൊരു യോഗം നടത്തുന്നത്. പ്രവര്ത്തനമികവു വിലയിരുത്താനും കടമകള് നിറവേറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമുള്ള മാനദണ്ഡങ്ങള് സൃഷ്ടിച്ചു. ആവശ്യത്തിനു മൂലധനം ഉറപ്പാക്കേണ്ടതു നമ്മുടെ ഉത്തരവാദിത്തമാണ്. ബാങ്കിങ് തീരുമാനങ്ങളില് പുറത്തുനിന്നുള്ള ഇടപെടലുകള് അവസാനിച്ചുകഴിഞ്ഞു. നിയമനങ്ങള്ക്കായി ബാങ്ക് ബോര്ഡ്സ് ബ്യൂറോ വഴിയുള്ള പുതിയ സംവിധാനമൊരുങ്ങി. വിശ്വാസ്യതയും കഴിവുമുള്ള ബാങ്കര്മാരെ ബാങ്കുകളുടെ തലപ്പത്തു നിയമിച്ചു. 47 വര്ഷങ്ങള്ക്കു മുമ്പു ബാങ്കുകള് ദേശസാല്ക്കരിക്കപ്പെട്ടശേഷം ഇതാദ്യമായാണു സ്വകാര്യമേഖലയിലുള്ള വിദഗ്ധരെ പ്രധാന പദവികളില് നിയമിക്കുന്നത്.

13. ഇനി ഞാന് ചൂണ്ടിക്കാട്ടാന് പോകുന്നത് എല്ലാവരെയും ഉള്പ്പെടുത്തിക്കൊണ്ടുള്ള വളര്ച്ചയ്ക്കായി കൈക്കൊണ്ട നടപടികളാണ്. ജന്ധന് യോജനയിലൂടെ 20 കോടി ജനങ്ങളെ ബാങ്കിങ് സംവിധാനത്തിലേക്കെത്തിച്ചു. ഇതു ലോകത്തിലെ പല രാജ്യങ്ങളിലെയും ആകെ ജനസംഖ്യയേക്കാള് കൂടുതലാണ്. ഇത്രയും പേര് ഞങ്ങളുടെ ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമായിത്തീര്ന്നു എന്നു മാത്രമല്ല, പലിശനിരക്ക് തുടങ്ങിയ വാക്കുകളുടെ അര്ഥം അവര്ക്കു മനസ്സിലായിത്തുടങ്ങുകയും ചെയ്തിരിക്കുന്നു. പിരമിഡിന്റെ ഏറ്റവും താഴത്തെ തട്ടിനും കരുത്തുണ്ടെന്ന് ഈ ജനത തെളിയിച്ചു. നിങ്ങള്ക്കു വിശ്വസിക്കാന് സാധിക്കുമോ എന്നറിയില്ല, ജന്ധന് യോജനയ്ക്കു കീഴിലുള്ള അക്കൗണ്ടുകളില് ഇപ്പോള് 600 കോടി ഡോളറിനു തുല്യമായ തുകയുടെ നിക്ഷേപമുണ്ട്.

14. പാവങ്ങള്ക്കും ഇലക്ട്രോണിക് സംവിധാനത്തിലൂടെ പണം അടയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും ജന്ധന് യോജന വഴി സാധിക്കും. ജന്ധന് യോജന അക്കൗണ്ടുള്ളവര്ക്കു ഡെബിറ്റ് കാര്ഡിനും അര്ഹതയുണ്ട്. ബാങ്കുകളെയും പോസ്റ്റ് ഓഫീസുകളെയും മൊബൈല് എ.ടി.എമ്മുകള് പ്രവര്ത്തിപ്പിക്കാന് പ്രോല്സാഹിപ്പിക്കുകയാണ്. കയ്യില് കൊണ്ടുനടക്കാവുന്ന ഉപകരണത്തിന്റ സഹായത്തോടെ പണമെടുക്കാനും ലളിതമായ ബാങ്കിങ് പ്രവര്ത്തനങ്ങള് നടത്താനും മൊബൈല് എ.ടി.എമ്മുകള് പ്രയോജനപ്പെടും.

15. സാമൂഹിക സുരക്ഷാ പദ്ധതികളിലൂടെ നാം സുരക്ഷാവലയൊരുക്കിയിട്ടുണ്ട്. സബ്സിഡിയില്ലാത്തതെങ്കിലും കുറഞ്ഞ തുക മാത്രം അടയ്ക്കേണ്ടുന്ന അപകട, ലൈഫ് ഇന്ഷുറന്സുകളും പെന്ഷന് പദ്ധതിയും നടപ്പാക്കി. വളരെയധികം പേര് അംഗങ്ങളായുള്ളതിനാലാണു പ്രീമിയം നന്നേ കുറവായി നിലനിര്ത്താന് സാധിക്കുന്നത്. 12 കോടിയിലേറെപ്പേര് ഈ പദ്ധതികളില് ചേര്ന്നിട്ടുണ്ട്.

16. ലിംഗനീതിക്കും സ്ത്രീശാക്തീകരണത്തിനും ഞങ്ങള് പ്രത്യേക പ്രാധാന്യം നല്കിയിട്ടുണ്ട്. പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉയര്ന്ന പലിശ നല്കുന്ന സേവിങ്സ് പദ്ധതി നടപ്പാക്കി. ഗ്രാമങ്ങളിലെ സ്ത്രീകള് അടുപ്പ് ഉപയോഗിച്ചു പാചകം ചെയ്യുമ്പോള് നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്നങ്ങള് ഒഴിവാക്കാനായി അഞ്ചു കോടി ഗ്രാമീണ ദരിദ്ര കുടുംബങ്ങള്ക്കു ഗ്യാസ് കണക്ഷന് നല്കുകയാണ്. സ്വയംതൊഴില് പദ്ധതികള്ക്കു പണം ലഭ്യമാക്കാനുള്ള പുതിയ പദ്ധതിയായ മുദ്രയുടെ ഗുണഭോക്താക്കളില് 70 ശതമാനത്തിലേറെ സ്ത്രീകളാണ്. സ്ത്രീകള് നേതൃത്വം നല്കുന്ന 2.7 കോടി ബിസിനസുകള്ക്കു സഹായം നല്കി. സൈന്യത്തില് യുദ്ധനിരയിലും സ്ത്രീകളെ നിയമിക്കുന്നതിന് അനുമതി നല്കിക്കൊണ്ടു നയംമാറ്റം നടത്തി. പുതിയ നിയമങ്ങള് കോര്പറേറ്റ് കമ്പനികളുടെ ഡയറക്ടര്ബോര്ഡില് സ്ത്രീസാന്നിധ്യമുയര്ത്തി.

17. ഇന്ത്യയില് ഏറ്റവും കൂടുതല് പേര് ഉപജീവനമാര്ഗം കണ്ടെത്തുന്നതു കൃഷിയിലാണ്. രാസവസ്തുക്കളുടെ ഉല്പാദനത്തിലേക്കു വഴിമാറ്റിനല്കുക വഴി കര്ഷകര്ക്ക് അര്ഹതപ്പെട്ട രാസവള സബ്സിഡി തട്ടിയെടുക്കാനുള്ള ശ്രമമുണ്ടായി. വേപ്പെണ്ണ ചേര്ക്കുകവഴി ഈ പ്രശ്നം പരിഹരിച്ചു. ഇതുവഴി കാര്ഷികമേഖലയ്ക്കുള്ള വന് സബ്സിഡിത്തുക വെട്ടിക്കുന്നത് ഇല്ലാതാക്കുകയും കര്ഷകര്ക്കു വളലഭ്യത ഉയര്ത്തുകയും ചെയ്തു. ചെറിയ പരിഷ്കാരങ്ങള് വഴി പോലും വലിയ പരിവര്ത്തനം സൃഷ്ടിക്കാന് സാധിക്കുമെന്നതിനു തെളിവാണിത്.

18. ഓരോ കര്ഷകന്റെയും കൃഷിയിടത്തിലെ മണ്ണിന്റെ ഗുണഗണങ്ങള് വിശദീകരിച്ചുനല്കുന്ന സോയില് ഹെല്ത്ത് കാര്ഡ് ഏര്പ്പെടുത്തി. അനുയോജ്യമായ വിളയും വളവും തെരഞ്ഞെടുക്കാന് ഇതു കര്ഷകനു സഹായകമാകുന്നു. വിളവു വര്ധിപ്പിക്കുന്നതിനും അനാവശ്യ വളപ്രയോഗം കുറയ്ക്കുന്നതിനും ഇതുവഴി സാധിക്കുന്നു. രാസവളം ഉപയോഗിക്കുന്നതു കുറഞ്ഞാല് ഭക്ഷ്യവിളകളില് രാസാംശം കുറഞ്ഞിരിക്കും. ഇത് ഉപഭോക്താക്കളുടെ ആരോഗ്യം മെച്ചപ്പെടാന് സഹായിക്കും. ഉല്പാദനച്ചെലവു കുറയുകയും വരുമാനം വര്ധിക്കുകയും ചെയ്യുമെന്നു മാത്രമല്ല പരിസ്ഥിതിക്കും ഉപഭോക്താക്കളുടെ ജീവിതത്തിനും ഗുണകരമാകുകയും ചെയ്യും. 14 കോടി സോയില് ഹെല്ത്ത് കാര്ഡുകള് വിതരണം ചെയ്യും. 1500 ലാബുകളിലായി രണ്ടര കോടി മണ്ണു സാമ്പിളുകള് പരിശോധിച്ചായിരിക്കും ഇത്.

19. ഏറ്റവും കടുത്ത വിമര്ശകര് പോലും വിയോജിക്കാനിടയില്ലാത്ത നേട്ടമായിരിക്കും ഇതെന്നു ഞാന് കരുതുന്നു. അഴിമതിയുടെ കാര്യത്തിലുണ്ടായിട്ടുള്ള കുറവ് ഇത്രത്തോളമാണ്. സാമ്പത്തികനില മെച്ചപ്പെടാത്തതിനുള്ള പ്രധാന കാരണമായി സാമ്പത്തികവിദഗ്ധര് വര്ഷങ്ങളായി ചൂണ്ടിക്കാട്ടുന്നത് അഴിമതിയാണ്. അഴിമതിയില്ലാതാക്കാന് ശക്തമായ നടപടികള് ഞങ്ങള് കൈക്കൊണ്ടിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളില് എന്തൊക്കെ കാര്യങ്ങളാണു ചെയ്തതെന്നു ഞാന് വിശദീകരിച്ചുകഴിഞ്ഞു. പ്രധാന വിഭവങ്ങളുടെ വിതരണത്തിലെ പക്ഷപാതം നീക്കുകയും ഖനികളുടെയും സ്പെക്ട്രത്തിന്റെയും എഫ്.എം.റേഡിയോ ലൈസന്സിന്റെയും ലേലം സുതാര്യമാക്കുകയും ചെയ്തു. നേരിട്ടുള്ള ആനുകൂല്യവിതരണത്തിലൂടെ പണച്ചോര്ച്ച തടയാന് സാധിച്ചു. ഉന്നതപദവികള് അലങ്കരിക്കുന്നതു സത്യസന്ധരാണെന്ന് ഉറപ്പുവരുത്തുന്നതില് ശ്രദ്ധിച്ചു. നികുതിവെട്ടിപ്പിനും കള്ളപ്പണത്തിനുമെതിരെ ബോധവല്ക്കരണം ആരംഭിച്ചിട്ടുണ്ട്. അഴിമതി കുറയുന്നതിന്റെ നേട്ടം ഏറ്റവും കൂടുതല് ലഭിക്കുക ദരിദ്രര്ക്കാണ്.

20. ഭാവിയില് പിന്തുടരാന് പോകുന്നതെന്നു ഞാന് പ്രതീക്ഷിക്കുന്ന പാത വിശദീകരിക്കാം.

21. അച്ചടക്കവും ജാഗ്രതയുമുള്ള സാമ്പത്തിക നയങ്ങള് തുടരും. ഇതാണ് സ്ഥായിയും ദീര്ഘകാലീനവുമായ വളര്ച്ചയുടെ അടിത്തറയെന്നു ഞാന് കരുതുന്നു.

22. രണ്ടാമതായി, ഇതെല്ലാവരെയും ഉള്പ്പെടുത്തി, തുല്യതയോടെ നടപ്പാക്കാന് ശ്രമിക്കും. വികസനത്തിന്റെ നേട്ടം ചിലര്ക്കു മാത്രം ലഭ്യമാകുന്ന സാഹചര്യമല്ല, എല്ലാ ഭാരതീയനും ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത് എന്ന കാഴ്ചപ്പാടോടു കൂടിയാണിത്. ഇതിന്റെ അര്ഥം നാം അഴിമതിക്കെതിരെയുള്ള യുദ്ധം തുടരുമെന്നുകൂടിയാണ്.

23. നിക്ഷേപസാഹചര്യവും ബിസിനസ് ചെയ്യാനുള്ള സാഹചര്യവും മെച്ചപ്പെടുത്താനായുള്ള പ്രവര്ത്തനങ്ങള് തുടരും. ബിസിനിസിനെ സ്വാഗതം ചെയ്യുന്ന പ്രദേശമായി മാത്രമല്ല, സുഖകരമായി ബിസിനസ് ചെയ്യാന് സാധിക്കുന്ന സ്ഥലമായിക്കൂടി ഇന്ത്യയെ മാറ്റേണ്ടതുണ്ട്. ഇതില് ആദ്യത്തേത് പ്രത്യക്ഷവിദേശ നിക്ഷേപ നയങ്ങള് ഉദാരവല്ക്കരിക്കുകവഴി നാം പ്രാവര്ത്തികമാക്കിക്കഴിഞ്ഞു. രണ്ടാമത്തേതിന്റെ കാര്യത്തില് നല്ലൊരു തുടക്കമിട്ടുകഴിഞ്ഞു. അതിനിയും മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുകയും ചെയ്യും.

24. മെയ്ക്ക് ഇന് ഇന്ത്യ പദ്ധതി കൂടുതല് ശക്തിപ്പെടുത്തും. ആഭ്യന്തര വിപണിക്കായുള്ള ഉല്പാദനത്തിനോ ഇറക്കുമതി കുറയ്ക്കുന്നതിനോ മാത്രമല്ല ഉദ്ദേശിക്കുന്നത്. ലോകത്തിനാകെ ആവശ്യമായ മേന്മയാര്ന്ന ഉല്പന്നങ്ങള് ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. അതുകൊണ്ടാണു സ്വതന്ത്ര വ്യാപാരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാകുന്നത്. വികസിതരാഷ്ട്രങ്ങള് അവരുടെ വിപണി തുറന്നിട്ടിരിക്കുന്നത് ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളില്നിന്നുള്ള ഉല്പന്നങ്ങള്ക്കു വേണ്ടി മാത്രമല്ല, മറിച്ച് സേവനങ്ങള്ക്കു വേണ്ടി കൂടിയാണ്. ഇത് യു.എസിനും ഇന്ത്യക്കും ഒരുപോലെ നേട്ടമുണ്ടാക്കുന്ന ഒന്നായി ഞാന് കാണുകയാണ്. കഠിനാധ്വാനം ചെയ്യാന് കഴിവുള്ള യുവത്വമുള്ള, ഭാവിയിലെ ലോകത്തിന്റെ മനുഷ്യവിഭവശേഷി കേന്ദ്രമാണ് ഇന്ത്യ. അമേരിക്കന് മൂലധനവും കണ്ടുപിടിത്തങ്ങളും ഇന്ത്യയിലെ മനുഷ്യവിഭവശേഷിയും സംരംഭകത്വവും ഒരുമിക്കുകയാണെങ്കില് അതു വന്ശക്തിയായിരിക്കുമെന്നു ഞാന് കരുതുന്നു. ഇത്തരമൊരു പങ്കാളിത്തത്തിലൂടെ രണ്ടു സമ്പദ്വ്യവസ്ഥകളും വളര്ത്താന് സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്.

25. നികുതിനയങ്ങള് മെച്ചപ്പെടുത്തും. യു.എസുമായി അഡ്വാന്സ് പ്രൈസിങ് കരാറുകള് ഒപ്പിടുകവഴി നികുതി മുന്കൂട്ടി കണക്കാക്കാവുന്ന സാഹചര്യമൊരുക്കിയിട്ടുണ്ട്. ഇത് ഇനിയും മെച്ചപ്പെടുത്താന് ഞങ്ങള് ബാധ്യസ്ഥരാണ്. അതേസമയം, യു.എസിനെപ്പോലെ തന്നെ ഞങ്ങളും നികുതിവെട്ടിപ്പു തടയുന്നതിനായി ഫലപ്രദമായി പ്രവര്ത്തിച്ചുവരികയാണ്.

26. പ്രതിരോധ മേഖല വിദേശനിക്ഷേപത്തിനായി ഭാവിയിലും തുറന്നിടും. ലൈസന്സിങ് നയങ്ങള് ഈ രംഗത്തുള്ള നിക്ഷേപത്തെ പിന്നോട്ടുവലിച്ചേക്കാം. ഇതിനു പരിഹാരമായി ലൈസന്സിങ് നടപടിക്രമം ലഘൂകരിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചുവരികയാണ്. വെസ്റ്റിങ്ഹൗസില്നിന്ന് ആറ് ആണവ റിയാക്ടറുകള് വാങ്ങുകയാണ്. ഇത് ആണവ, ശാസ്ത്ര രംഗങ്ങളിലെ സഹകരണത്തില് പുതിയ അധ്യായം തുറക്കും. റെയില്വേ രംഗം ഉദാരവല്ക്കരിക്കപ്പെട്ടപ്പോള് ആദ്യമെത്തിയ നിക്ഷേപകരിലൊന്ന് ജി.ഇ. ആണെന്നത് എന്നെ ആഹ്ലാദിപ്പിക്കുന്നു. താരതമ്യേന ദരിദ്ര സംസ്ഥാനമായ ബീഹാറില് തീവണ്ടി എന്ജിന് നിര്മിക്കുന്ന പ്ലാന്റാണ് അവര് ആരംഭിക്കുന്നത്. അത്തരം കൂടുതല് നിക്ഷേപങ്ങള് ഉണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ.

27. ഗംഗാനദി ഇന്ത്യയെ സംബന്ധിച്ചിടത്തോളം സവിശേഷമാണ്. ഗംഗ ശുചിയാക്കാനുള്ള നമാമി ഗംഗേ പദ്ധതി പൂര്ത്തീകരിക്കാന് പോകുകയാണ്. വരുംവര്ഷങ്ങളില് അതിനു വലിയ പരിഗണന നല്കും. പരിസ്ഥിതി എന്ജിനീയറിങ്, ജല-മലിനജല ശുദ്ധീകരണം തുടങ്ങി ഇതുമായി ബന്ധപ്പെട്ട് അമേരിക്കന് കമ്പനികള്ക്കുള്ള സാധ്യതകള് ഏറെയാണ്. ഗംഗാനദിയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുകയാണു ഗവണ്മെന്റിന്റെ ലക്ഷ്യം.

28. മഹതികളേ, മഹാന്മാരേ, പരിഷ്കൃതമായ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കും നാം തുടക്കമിട്ടുകഴിഞ്ഞു. ലോകത്തിലെ ആറിലൊന്നു മനുഷ്യര് അധിവസിക്കുന്ന ഇന്ത്യ പരിഷ്കരിക്കപ്പെടുക എന്നതിനര്ഥം ലോകംതന്നെ പരിഷ്കരിക്കപ്പെടുക എന്നാണ്. ദൈര്ഘ്യമേറിയതാണ് ഈ യാത്ര. എന്നാല്, ലക്ഷ്യത്തിലെത്തുമെന്ന ശുഭപ്രതീക്ഷയാണ് ഇതുവരെയുള്ള പ്രവര്ത്തനപുരോഗതി എനിക്കു പകര്ന്നുനല്കുന്നത്. ഈ യാത്രയില് പങ്കാളികളാന് നിങ്ങളെ ഞാന് ക്ഷണിക്കുകയാണ്. ഇതു കേവലം നിങ്ങളുട കമ്പനിയുടെ ബാലന്സ് ഷീറ്റ് മെച്ചപ്പെടുത്താനുള്ള പദ്ധതി മാത്രമല്ല, മറിച്ച് മെച്ചപ്പെട്ട ഇന്ത്യയും മെച്ചപ്പെട്ട അമേരിക്കയും അതുവഴി മെച്ചപ്പെട്ട ഒരു ലോകം തന്നെയും കെട്ടിപ്പടുക്കാനുള്ള യാത്രയാണ്.
നന്ദി.