Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യു.എസ്. വിദേശകാര്യ സെക്രട്ടറി റെക്‌സ് ഡബ്ല്യു.ടില്ലേഴ്‌സണ്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


യു.എസ്. വിദേശകാര്യ സെക്രട്ടറി റെക്‌സ് ഡബ്ല്യു.ടില്ലേഴ്‌സണ്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
അധികാരമേറ്റശേഷം ആദ്യമായി ഇന്ത്യയിലെത്തിയ ടില്ലേഴ്‌സണെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഈ വര്‍ഷം ജൂണില്‍ പ്രസിഡന്റ് ട്രംപുമായി നടത്തിയ സൃഷ്ടിപരവും ദീര്‍ഘദൃഷ്ടിയോടുകൂടിയതുമായ ചര്‍ച്ചയെത്തുടര്‍ന്ന് ഉഭയകക്ഷി നയതന്ത്രപങ്കാളിത്തം നല്ല രീതിയില്‍ മെച്ചപ്പെട്ടുവരുന്നതിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ഉഭയകക്ഷി കരാര്‍ എല്ലാ അര്‍ഥത്തിലും ശക്തിപ്പെടുത്തുന്നതിനു കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്നു ടില്ലേഴ്‌സന്‍ നടത്തിയ ദൃഢപ്രതിജ്ഞ പ്രധാനമന്ത്രിയും ആവര്‍ത്തിച്ചു. ഇന്ത്യ-യു.എസ്. പങ്കാളിത്തം വര്‍ധിക്കുന്നത് ഇരു രാഷ്ട്രങ്ങള്‍ക്കു മാത്രമല്ല, മേഖലാതലത്തിലും ആഗോളതലത്തിലുമുള്ള സുസ്ഥിരതയ്ക്കും അഭിവൃദ്ധിക്കും ഗുണകരമാകുമെന്ന് ഇരുവരും ആവര്‍ത്തിച്ചു.
പ്രസിഡന്റ് ട്രംപിന്റെ പുതിയ ദക്ഷിണേഷ്യന്‍ നയങ്ങളുടെ പശ്ചാത്തലത്തില്‍ ഭീകരവാദവും അവരുടെ കേന്ദ്രങ്ങളും അവര്‍ക്കു ലഭിക്കുന്ന പിന്തുണയും ഇല്ലാതാക്കുന്നതിനും അഫ്ഗാനിസ്ഥാനില്‍ ശാന്തിയും സുസ്ഥിരതയും കൊണ്ടുവരുന്നതിനും ഇരു രാജ്യങ്ങള്‍ക്കുമുള്ള പൊതു താല്‍പര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയോടൊപ്പം വിവിധ സ്ഥലങ്ങളിലേക്കു നടത്തിയ യാത്രകളെക്കുറിച്ചു ടില്ലേഴ്‌സണ്‍ അനുസ്മരിച്ചു. എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തെ തടുക്കാനും മേഖലാതലത്തില്‍ സുസ്ഥിരതയും സുരക്ഷയും പ്രോത്സാഹിപ്പിക്കാനുമായി ഫലപ്രദമായ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
നേരത്തേ, വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായും ടില്ലേഴ്‌സണ്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.