Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രണ്ടാമത് WHO പരമ്പരാഗത വൈദ്യശാസ്ത്ര ആഗോള ഉച്ചകോടിയുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഡിസംബർ 19-ന് വൈകുന്നേരം 4:30-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന രണ്ടാമത് ലോകാരോഗ്യ സംഘടന (WHO) പരമ്പരാഗത വൈദ്യശാസ്ത്ര ആഗോള ഉച്ചകോടിയുടെ സമാപന ചടങ്ങിൽ പങ്കെടുക്കുകയും സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്യും. ശാസ്ത്രീയവും ജനകേന്ദ്രീകൃതവുമായ പരമ്പരാഗത വൈദ്യശാസ്ത്ര അജണ്ട രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ വളർന്നുവരുന്ന നേതൃത്വത്തെയും മുൻനിര സംരംഭങ്ങളെയും ഈ പരിപാടി അടിവരയിടുന്നു.

ഗവേഷണം, സ്റ്റാൻഡേർഡൈസേഷൻ, ആഗോള സഹകരണം എന്നിവയിലൂടെ പരമ്പരാഗത വൈദ്യശാസ്ത്രത്തെയും ഇന്ത്യൻ വിജ്ഞാന സമ്പ്രദായത്തെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പ്രധാനമന്ത്രി നിരന്തരം ഊന്നൽ നൽകിയിട്ടുണ്ട്. ഈ കാഴ്ചപ്പാടിന് അനുസൃതമായി, ആയുഷ് മേഖലയ്ക്കായുള്ള മാസ്റ്റർ ഡിജിറ്റൽ പോർട്ടലായ ‘മൈ ആയുഷ് ഇന്റഗ്രേറ്റഡ് സർവീസസ് പോർട്ടൽ’ (MAISP) അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ, ആയുഷ് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ആഗോള നിലവാരമുറപ്പാക്കുന്ന ‘ആയുഷ് മാർക്ക്’ അദ്ദേഹം അനാവരണം ചെയ്യും.

ചടങ്ങിൽ, യോഗാ പരിശീലനത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക റിപ്പോർട്ടും, “വേരുകളിൽ നിന്ന് ആഗോള തലത്തിലേക്ക്: ആയുഷിലെ പരിവർത്തനത്തിന്റെ 11 വർഷങ്ങൾ” എന്ന പുസ്തകവും അദ്ദേഹം പ്രകാശനം ചെയ്യും. ഇന്ത്യയുടെ പരമ്പരാഗത ഔഷധ പൈതൃകത്തിന്റെ ആഗോള പ്രസക്തി വിളിച്ചോതുന്ന അശ്വഗന്ധയെ ആസ്പദമാക്കിയുള്ള ഒരു സ്മാരക തപാൽ സ്റ്റാമ്പും അദ്ദേഹം പുറത്തിറക്കും.

ലോകാരോഗ്യ സംഘടനയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തുന്ന, ഡൽഹിയിലെ പുതിയ WHO സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണൽ ഓഫീസ് സമുച്ചയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിൽ WHO ഇന്ത്യ കൺട്രി ഓഫീസും പ്രവർത്തിക്കും.

2021–2025 വർഷങ്ങളിൽ യോഗയുടെ പ്രോത്സാഹനത്തിനും വികസനത്തിനും നൽകിയ മികച്ച സംഭാവനകൾക്കുള്ള  പ്രധാനമന്ത്രിയുടെ പുരസ്കാരം നേടിയവരെ അദ്ദേഹം ആദരിക്കും. ആരോഗ്യകരവും കരുത്തുറ്റതുമായ ഒരു നവഭാരതത്തിന് സംഭാവനകൾ നൽകിക്കൊണ്ട്, സന്തുലിതാവസ്ഥയ്ക്കും ക്ഷേമത്തിനും ഐക്യത്തിനുമുള്ള ഒരു കാലാതീതമായ പരിശീലനമാണ് യോഗ എന്ന് ഈ പുരസ്കാരങ്ങൾ വീണ്ടും ഉറപ്പിക്കുന്നു.

തുടർന്ന്, ഇന്ത്യയിലെയും ലോകമെമ്പാടുമുള്ളതുമായ പരമ്പരാഗത വൈദ്യശാസ്ത്ര അറിവുകളുടെ വൈവിധ്യം, ആഴം, സമകാലിക പ്രസക്തി എന്നിവ പ്രദർശിപ്പിക്കുന്ന ‘ട്രഡീഷണൽ മെഡിസിൻ ഡിസ്കവറി സ്പേസ്’ എന്ന പ്രദർശനവും അദ്ദേഹം സന്ദർശിക്കും.

ലോകാരോഗ്യ സംഘടനയും കേന്ദ്ര ​ഗവൺമെന്റിന്റെ ആയുഷ് മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ഉച്ചകോടി 2025 ഡിസംബർ 17 മുതൽ 19 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ, “സന്തുലിതാവസ്ഥ വീണ്ടെടുക്കൽ: ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും ശാസ്ത്രവും പ്രയോഗവും” എന്ന വിഷയത്തിൽ നടക്കും. ആഗോള നേതാക്കൾ, നയരൂപകർത്താക്കൾ, ശാസ്ത്രജ്ഞർ, ചികിത്സാ വിദ​ഗ്ധർ, തദ്ദേശീയ അറിവുകൾ കൈമാറുന്നവർ, പൗരസമൂഹ പ്രതിനിധികൾ എന്നിവർക്കിടയിലെ നീതിയുക്തവും സുസ്ഥിരവും ശാസ്ത്രീയ തെളിവുകളിൽ അധിഷ്ഠിതവുമായ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള തീവ്രമായ ചർച്ചകൾക്ക് ഉച്ചകോടി സാക്ഷ്യം വഹിച്ചു.

***

NK