Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനവേളയിലെ ഇന്ത്യ-ഒമാൻ സംയുക്ത പ്രസ്താവന

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനവേളയിലെ ഇന്ത്യ-ഒമാൻ സംയുക്ത പ്രസ്താവന


ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ക്ഷണപ്രകാരം, ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഡിസംബർ 17നും 18നും ഒമാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിക് പ്രധാനമന്ത്രിക്കു വിമാനത്താവളത്തിൽ ആചാ​രപരമായ സ്വീകരണം നൽകി. 2025 ഡിസംബർ 18-ന് അൽ ബറാക്ക കൊട്ടാരത്തിൽ ശ്രീ മോദിക്ക്, സുൽത്താൻ ഹൈതം ബിൻ താരിക് സ്വീകരണമേകി.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിതമായതിന്റെ 70-ാം വാർഷികം ആഘോഷിക്കുന്ന വർഷമായതിനാൽ ഈ സന്ദർശനത്തിനു സവിശേഷമായ പ്രാധാന്യമുണ്ട്. 2023 ഡിസംബറിൽ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തെത്തുടർന്നാണു പ്രധാനമന്ത്രിയുടെ ഒമാൻ സന്ദർശനം.

സുൽത്താൻ ഹൈതം ബിൻ താരിക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും കൂടിയാലോചനകൾ നടത്തുകയും വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഊർജം, ബഹിരാകാശം, കൃഷി, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിങ്ങനെ വിവിധ മേഖലകളിലെ ഉഭയകക്ഷിബന്ധങ്ങളിലെ പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. 2023 ഡിസംബറിൽ ഒമാൻ സുൽത്താൻ ഇന്ത്യ സന്ദർശിച്ചപ്പോൾ അംഗീകരിച്ച സംയുക്ത വീക്ഷണരേഖയിൽ തിരിച്ചറിഞ്ഞ മേഖലകളിലെ നിലവിലുള്ള സംരംഭങ്ങളും സഹകരണവും അവർ അവലോകനംചെയ്തു. സമുദ്ര അയൽക്കാരായ ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധം കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ചതാണെന്നും ബഹുമുഖ തന്ത്രപ്രധാന പങ്കാളിത്തമായി മാറിയിട്ടുണ്ടെന്നും ഇരുപക്ഷവും വിലയിരുത്തി.

ഒമാൻ വീക്ഷണം 2040 എന്ന പദ്ധതിപ്രകാരം രാജ്യം കൈവരിച്ച സാമ്പത്തിക വൈവിധ്യവൽക്കരണത്തെയും സുസ്ഥിര വികസനത്തെയും ഇന്ത്യ പ്രശംസിച്ചു. ഇന്ത്യയുടെ സുസ്ഥിരമായ സാമ്പത്തിക വളർച്ചയെയും 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തെയും ഒമാൻ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളുടെയും ലക്ഷ്യങ്ങളിലെ സമാനതകൾ ചൂണ്ടിക്കാട്ടിയ നേതാക്കൾ, പരസ്പരതാൽപ്പര്യമുള്ള മേഖലകളിൽ ഒന്നിച്ചു പ്രവർത്തിക്കാൻ ധാരണയായി.

വ്യാപാരവും വാണിജ്യവും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിസഹകരണത്തിന്റെ പ്രധാന സ്തംഭമാണെന്ന് ഇരുപക്ഷവും ചൂണ്ടിക്കാട്ടി. ഉഭയകക്ഷിവ്യാപാരത്തിൽ കൂടുതൽ വളർച്ചയ്ക്കും വൈവിധ്യവൽക്കരണത്തിനും സാധ്യതകളുണ്ടെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി. തുണിത്തരങ്ങൾ, വാഹനനിർമാണം, രാസവസ്തുക്കൾ, ഉപകരണങ്ങൾ, വളങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയ സാധ്യതകൾ ഇരുപക്ഷവും വിലയിരുത്തി.

ഉഭയകക്ഷി സാമ്പത്തികബന്ധത്തിലെ പ്രധാന നാഴികക്കല്ലായ ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (CEPA) ഒപ്പുവച്ചതിനെ ഇരുരാജ്യങ്ങളും സ്വാഗതംചെയ്തു. CEPA ഇരുരാജ്യങ്ങൾക്കും പരസ്പരം ഗുണകരമാകുമെന്ന് ഇരുനേതാക്കളും വിലയിരുത്തി. കൂടാതെ, അതിന്റെ നേട്ടങ്ങൾ പ്രയോജനപ്പെടുത്താൻ ഇരുരാജ്യങ്ങളിലെയും സ്വകാര്യ മേഖലയെ അവർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വ്യാപാര പ്രതിബന്ധങ്ങൾ കുറച്ചും സ്ഥിരതയുള്ള ചട്ടക്കൂടു സൃഷ്ടിച്ചും CEPA ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാരം വർദ്ധിപ്പിക്കുമെന്ന് ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. സമ്പദ്‌വ്യവസ്ഥയിലെ എല്ലാ പ്രധാന മേഖലകളിലും അവസരങ്ങൾ തുറക്കുന്നതിനും സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇരുരാജ്യങ്ങൾക്കുമിടയിലുള്ള നിക്ഷേപപ്രവാഹം വർദ്ധിപ്പിക്കുന്നതിനും CEPA സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

ഇന്ത്യ അതിവേഗം വളരുന്ന വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണെന്ന് അംഗീകരിക്കുകയും സാമ്പത്തിക വൈവിധ്യവൽക്കരണത്തിൽ ഒമാന്റെ പുരോഗതി അംഗീകരിക്കുകയും ചെയ്ത ഇരുകക്ഷികളും അടിസ്ഥാനസൗകര്യങ്ങൾ, സാങ്കേതികവിദ്യ, ഉൽപ്പാദനം, ഭക്ഷ്യസുരക്ഷ, ലോജിസ്റ്റിക്സ്, അതിഥിസൽക്കാരം തുടങ്ങിയ പരസ്പരതാൽപ്പര്യമുള്ള മുൻഗണനാമേഖലകളിലെ നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചു. ഒമാൻ-ഇന്ത്യ സംയുക്ത നിക്ഷേപ ഫണ്ടിന്റെ (OIJIF) മുൻകാലത്തെ വിജയകരമായ പ്രവർത്തനം കണക്കിലെടുക്കുമ്പോൾ, നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും ഇതിനു ശക്തമായ സാധ്യതയുണ്ടെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.

പ്രാദേശിക കറൻസികളിൽ ഉഭയകക്ഷിവ്യാപാരം സുഗമമാക്കുന്നതിനുള്ള സംവിധാനങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇരുനേതാക്കളും വിലയിരുത്തി. ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയിലെ പുരോഗതിയെ അവർ സ്വാഗതം ചെയ്തു. സാമ്പത്തിക സഹകരണത്തെയും കരുത്തുറ്റ നിക്ഷേപക സൗഹൃദാന്തരീക്ഷത്തെയും പിന്തുണയ്ക്കുന്നതിനുള്ള ഉടമ്പടിയുടെ സാധ്യതകൾ അവർ ഉയർത്തിക്കാട്ടി.

​ഊർജമേഖലയിലെ ഉഭയകക്ഷിപങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുപക്ഷവും ചർച്ചചെയ്തു. നിലവിലെ ഉഭയകക്ഷി ഊർജവ്യാപാരത്തിൽ സംതൃപ്തി പ്രകടിപ്പിച്ച നേതാക്കൾ, അതു കൂടുതൽ മെച്ചപ്പെടുത്തുന്നതിനു വലിയ സാധ്യതയുണ്ടെന്നു വിലയിരുത്തി. ഇന്ത്യൻ-ആഗോള E&P അവസരങ്ങളിലെ സഹകരണവും, ഗ്രീൻ അമോണിയ, ഗ്രീൻ ഹൈഡ്രജൻ എന്നീ മേഖലകളിൽ നവ-പുനരുപയോഗ ഊർജസഹകരണവും ഉൾപ്പെടെ, ഊർജസഹകരണം വർദ്ധിപ്പിക്കുന്നതിനു തങ്ങളുടെ കമ്പനികളെ പിന്തുണയ്ക്കുന്നതിൽ ഇരുപക്ഷവും താൽപ്പര്യം പ്രകടിപ്പിച്ചു. സുസ്ഥിര ഊർജലക്ഷ്യങ്ങളിലെ സമാനതകൾ കണക്കിലെടുത്ത്, സംയുക്ത നിക്ഷേപങ്ങൾക്കും സാങ്കേതിക വിനിമയത്തിനും ദീർഘകാല സഹകരണത്തിനും നേതാക്കൾ നിർദേശിച്ചു.

പ്രതിരോധ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെ ഇരുപക്ഷവും പ്രശംസിച്ചു. സംയുക്ത സൈനിക അഭ്യാസങ്ങൾ, പരിശീലനങ്ങൾ, ഉന്നതതല സന്ദർശനങ്ങൾ എന്നിവയുൾപ്പെടെ, പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കാനും പ്രാദേശിക സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും ഒരുമിച്ചു പ്രവർത്തനം തുടരാൻ നേതാക്കൾ ധാരണയായി. സമുദ്രമേഖലയിലെ അവബോധം വർദ്ധിപ്പിച്ച് തുടർച്ചയായ വിവരവിനിമയം സാധ്യമാക്കി, സമുദ്രത്തിലെ കുറ്റകൃത്യങ്ങളും കടൽക്കൊള്ളയും തടയാൻ സംയുക്ത നടപടികൾ സ്വീകരിക്കാനും നേതാക്കൾ ധാരണയായി.

സന്ദർശനവേളയിൽ, പ്രാദേശിക സമുദ്രസുരക്ഷ, നീല സമ്പദ്‌വ്യവസ്ഥ, സമുദ്രവിഭവങ്ങളുടെ സുസ്ഥിര ഉപയോഗം എന്നിവയോടുള്ള പൊതുവായ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്ന സമുദ്ര സഹകരണത്തെക്കുറിച്ചുള്ള സംയുക്ത വീക്ഷണരേഖ ഇരുപക്ഷവും അംഗീകരിച്ചു.

ആരോഗ്യ സഹകരണം പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭങ്ങളിലൊന്നായി ഇരുപക്ഷവും അംഗീകരിക്കുകയും ഈ മേഖലയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.

പരമ്പരാഗത വൈദ്യശാസ്ത്രമേഖലയിലെ സഹകരണം സുഗമമാക്കുന്നതിന്, ഒമാനിലെ ദേശീയ ശാസ്ത്ര-സാങ്കേതികവിദ്യ സർവകലാശാലയിൽ ആയുഷ് ചെയറും വിവരകേന്ദ്രവും സ്ഥാപിക്കുന്നതിനുള്ള നിർദേശം ഉൾപ്പെടെ, നടന്നുവരുന്ന ചർച്ചകളും സംരംഭങ്ങളും ഇരുപക്ഷവും വിലയിരുത്തി.

കാർഷിക സഹകരണത്തോടുള്ള പ്രതിജ്ഞാബദ്ധത ഇരുപക്ഷവും ആവർത്തിച്ചു വ്യക്തമാക്കി. കാർഷികശാസ്ത്രം, മൃഗസംരക്ഷണം, ജലജീവികൃഷി എന്നിവയിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനായി കൃഷി-അനുബന്ധ മേഖലകളിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചതിനെ ഇരുപക്ഷവും സ്വാഗതംചെയ്തു. പരിശീലനത്തിലൂടെയും ശാസ്ത്രീയ വിനിമയങ്ങളിലൂടെയും ചെറുധാന്യകൃഷിയിൽ സഹകരണം വർദ്ധിപ്പിക്കാൻ ഇരുപക്ഷവും ധാരണയായി.

ഐടി സേവനങ്ങൾ, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, ബഹിരാകാശ ആപ്ലിക്കേഷനുകൾ എന്നിവയുൾപ്പെടെ സാങ്കേതികവിദ്യയിൽ വളർന്നുവരുന്ന സഹകരണം ഇരുപക്ഷവും വിലയിരുത്തി.

സാംസ്കാരിക സഹകരണത്തിലും കരുത്തുറ്റ ജനകീയ ബന്ധങ്ങളിലും ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി. “ഇന്ത്യ–ഒമാൻ ബന്ധങ്ങളുടെ പൈതൃകം” എന്ന സംയുക്ത പ്രദർശനത്തെ അവർ സ്വാഗതംചെയ്തു. സംസ്കാരത്തിന്റെ ഡിജിറ്റൽവൽക്കരണ നടപടികളെക്കുറിച്ചു നടത്തുന്ന ചർച്ചകൾ നേതാക്കൾ വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക-അക്കാദമിക വിനിമയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സോഹാർ സർവകലാശാലയിൽ ICCR ചെയർ പ്രോഗ്രാം ഓഫ് ഇന്ത്യൻ സ്റ്റഡീസ് സ്ഥാപിക്കുന്നതിനായി സഹകരിക്കാനുള്ള സംരംഭം ഇരുപക്ഷവും വിലയിരുത്തി.

​സംയുക്തപ്രദർശനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും മ്യൂസിയങ്ങൾ തമ്മിലുള്ള സഹകരണം സാധ്യമാക്കുന്ന, സമുദ്രപൈതൃകവും മ്യൂസിയങ്ങളും സംബന്ധിച്ച ധാരണാപത്രത്തെ ഇരുപക്ഷവും സ്വാഗതംചെയ്തു. നമ്മുടെ പൊതുവായ സമുദ്രപാരമ്പര്യങ്ങൾ ഉയർത്തിക്കാട്ടുന്ന INSV കൗണ്ഡിന്യ ഒമാനിലേക്കു നടത്താനിരിക്കുന്ന കന്നിയാത്രയും അവർ ചൂണ്ടിക്കാട്ടി.

വരാനിരിക്കുന്ന ഇന്ത്യ-ഒമാൻ വിജ്ഞാനസംവാദം ഉൾപ്പെടെ, വിദ്യാഭ്യാസത്തിലും ശാസ്ത്രീയ വിനിമയത്തിലും നിലവിലുള്ള സഹകരണം ഇരുപക്ഷവും അംഗീകരിച്ചു. അധ്യാപകർ, വിദ്യാർത്ഥികളുടെ കൈമാറ്റം, സ്ഥാപന സഹകരണം എന്നിവ സുഗമമാക്കുന്നതിനും സംയുക്തഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചുള്ള ധാരണാപത്രം സഹായകമാകും. ITEC (ഇന്ത്യൻ സാങ്കേതിക-സാമ്പത്തിക സഹകരണം) പരിപാടിയുടെ കീഴിൽ നടക്കുന്ന ശേഷിവർദ്ധിപ്പിക്കൽ സംരംഭങ്ങൾ ഇരുപക്ഷവും വിലയിരുത്തി.

ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം, കോഡ്-ഷെയറിങ് വ്യവസ്ഥകൾ എന്നിവയുൾപ്പെടെ വ്യോമ സേവന ഗതാഗത അവകാശങ്ങൾ ചർച്ച ചെയ്യാൻ ഒമാൻ താൽപ്പര്യം പ്രകടിപ്പിച്ചു. ഇന്ത്യ ഈ അഭ്യർഥന പരിഗണിച്ചു.

ജനങ്ങൾ തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ബന്ധങ്ങൾ ഒമാൻ-ഇന്ത്യ ബന്ധത്തിന്റെ ആധാരശിലയായി തുടരുന്നുവെന്ന് ഇരുപക്ഷവും വിലയിരുത്തി. ഒമാനിൽ താമസിക്കുന്ന ഊർജസ്വലമായ ഏകദേശം 6.75 ലക്ഷം ഇന്ത്യക്കാരുടെ ക്ഷേമവും നന്മയും ഉറപ്പാക്കുന്നതിൽ ഒമാന്റെ നേതൃത്വത്തിന് ഇന്ത്യ ആഴമായ നന്ദി അറിയിച്ചു. ഒമാന്റെ വികസനത്തിന് ഇന്ത്യൻ പ്രവാസികൾ നൽകുന്ന വിലപ്പെട്ട സംഭാവനകളെ ഒമാൻ പ്രശംസിച്ചു.

പരസ്പരതാൽപ്പര്യമുള്ള പ്രാദേശിക-അന്തർദേശീയ വിഷയങ്ങളിൽ ഇരുപക്ഷവും കാഴ്ചപ്പാടുകൾ കൈമാറി.

ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും ആവിഷ്കാരങ്ങളിലും ഇരുനേതാക്കളും അപലപിച്ചു. അത്തരം പ്രവൃത്തികളിൽ ഒരു ന്യായീകരണവും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നു നേതാക്കൾ ആവർത്തിച്ചു. ഈ മേഖലയിലെ തുടർച്ചയായ സഹകരണത്തിന്റെ പ്രാധാന്യം അവർ വ്യക്തമാക്കി.

ഗാസയിലെ മാനുഷിക സാഹചര്യത്തിൽ ഇരുപക്ഷവും ആശങ്ക പ്രകടിപ്പിച്ചു. സാധാരണക്കാർക്കു സുരക്ഷിതമായും സമയബന്ധിതമായും മാനുഷിക സഹായം എത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. ഗാസ സമാധാനപദ്ധതിയുടെ ആദ്യഘട്ടത്തിൽ ഒപ്പുവച്ചതിനെ അവർ സ്വാഗതം ചെയ്തു. പദ്ധതിക്കു നേതാക്കൾ പിന്തുണ ആവർത്തിച്ചു. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്കുള്ള പിന്തുണ അവർ ആവർത്തിച്ചുറപ്പിച്ചു. പരമാധികാരവും സ്വതന്ത്രവുമായ പലെസ്റ്റൈൻ രാഷ്ട്രം സ്ഥാപിക്കുന്നതുൾപ്പെടെ, ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും നീതിയുക്തവും ശാശ്വതവുമായ പരിഹാരത്തിന്റെ ആവശ്യകതയ്ക്കും നേതാക്കൾ ഊന്നൽ നൽകി.

സന്ദർശനവേളയിൽ ഇനിപ്പറയുന്ന കരാറിലും ധാരണാപത്രങ്ങളിലും ഒപ്പുവച്ചു:

1) സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ

2) സമുദ്രപൈതൃകവും മ്യൂസിയവും സംബന്ധിച്ച ധാരണാപത്രം

3) കൃഷി-അനുബന്ധ മേഖലകളിലെ ധാരണാപത്രം

4) ഉന്നതവിദ്യാഭ്യാസ മേഖലയിലെ ധാരണാപത്രം

5) ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും തമ്മിലുള്ള ധാരണാപത്രം

6) സമുദ്രസഹകരണത്തെക്കുറിച്ചുള്ള സംയുക്തവീക്ഷണരേഖ അംഗീകരിക്കൽ

7) ചെറുധാന്യകൃഷിയിലും കാർഷിക-ഭക്ഷ്യ നവീകരണത്തിലും സഹകരണത്തിനുള്ള എക്സിക്യൂട്ടീവ് പരിപാടി

തനിക്കും പ്രതിനിധിസംഘത്തിനും നൽകിയ ഊഷ്മളമായ സ്വാഗതത്തിനും ഹൃദ്യമായ ആതിഥ്യമര്യാദയ്ക്കും പ്രധാനമന്ത്രി ശ്രീ മോദി, സുൽത്താൻ ഹൈതം ബിൻ താരിക്കിനു നന്ദി പറഞ്ഞു. പരസ്പരം അനുയോജ്യമായ സമയത്ത് ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹം സുൽത്താനെ ക്ഷണിച്ചു.

 

-SK-