Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ-ഒമാൻ ബിസിനസ് ഫോറത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി

ഇന്ത്യ-ഒമാൻ ബിസിനസ് ഫോറത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മസ്‌കറ്റിൽ നടന്ന ഇന്ത്യ-ഒമാൻ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു. ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി  ഖൈസ് അൽ യൂസഫ്, ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഷെയ്ഖ് ഫൈസൽ അൽ റവാസ്, ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ, CII പ്രസിഡന്റ് ശ്രീ രാജീവ് മേമാനി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഊർജ്ജം, കൃഷി, ലോജിസ്റ്റിക്സ്, അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണം, ആരോഗ്യം, സാമ്പത്തിക സേവനങ്ങൾ, ഹരിത വികസനം, വിദ്യാഭ്യാസം, കണക്റ്റിവിറ്റി എന്നീ മേഖലകളിലെ ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യവസായ പ്രതിനിധികൾ ഫോറത്തിൽ സന്നിഹിതരായിരുന്നു.

പരിപാടിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, മാണ്ഡ്‌വി മുതൽ മസ്‌കറ്റ് വരെയുള്ള, നൂറ്റാണ്ടുകൾ പഴക്കമുള്ള സമുദ്ര വ്യാപാര ബന്ധത്തെ കുറിച്ച് എടുത്തുപറഞ്ഞു. 70 വർഷത്തെ നയതന്ത്ര ബന്ധങ്ങൾ നൂറ്റാണ്ടുകളായി കെട്ടിപ്പടുത്ത വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താൻ അദ്ദേഹം ബിസിനസ്സ് നേതാക്കളോട് ആഹ്വാനം ചെയ്തു. ഇത് ഇന്ത്യ-ഒമാൻ പങ്കിട്ട ഭാവിയുടെ രൂപരേഖയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. CEPA ഉഭയകക്ഷി വ്യാപാരത്തിലും നിക്ഷേപത്തിലും പുതിയ ഊർജ്ജം പകരുകയും വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കുകയും ചെയ്യുമെന്ന് അദ്ദേഹം അടിവരയിട്ടു.

കഴിഞ്ഞ 11 വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക വിജയം ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള പാതയിലാണ് ഇന്ത്യയെന്ന് പറഞ്ഞു. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും കഴിഞ്ഞ പാദത്തിൽ 8% ത്തിലധികം ഉയർന്ന ഇന്ത്യയുടെ വളർച്ച പ്രതിരോധശേഷിയുള്ള സ്വഭാവത്തെയും അന്തർലീനമായ ശക്തികളെയും സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ജീവിതം സുഗമമാക്കുന്നതിനും ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനും വേണ്ടി ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ്, കണക്റ്റിവിറ്റി, വിശ്വസനീയമായ വിതരണ ശൃംഖലകൾ, ഉൽപ്പാദന ശേഷി, ഹരിത വികസനം എന്നിവ അതിവേഗത്തിലും വലിയ തോതിലും സൃഷ്ടിക്കാൻ ഇന്ത്യ പരിശ്രമിക്കുകയാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ഊർജ്ജം, എണ്ണ, വാതകം, പെട്രോകെമിക്കൽസ്, വളങ്ങൾ തുടങ്ങിയ പരമ്പരാഗത മേഖലകൾക്കപ്പുറം ചിന്തിക്കാനും ഹരിത ഊർജ്ജം, സോളാർ പാർക്കുകൾ, ഊർജ്ജ സംഭരണം, സ്മാർട്ട് ഗ്രിഡുകൾ, അഗ്രി-ടെക്, ഫിൻടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സൈബർ സുരക്ഷ എന്നീ മേഖലകളിലെ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും അദ്ദേഹം ഒമാനി വ്യവസായ സംരംഭകരെ ക്ഷണിച്ചു. ബിസിനസ് പങ്കാളിത്തത്തെ ഭാവിയിലേക്ക് സജ്ജമാക്കുന്നതിനായി ‘ഇന്ത്യ-ഒമാൻ അഗ്രി ഇന്നൊവേഷൻ ഹബ്ബ്’, ‘ഇന്ത്യ-ഒമാൻ ഇന്നൊവേഷൻ ബ്രിഡ്ജ്’ എന്നിവ രൂപീകരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. ഇവ വെറും ആശയങ്ങളല്ല, മറിച്ച് നിക്ഷേപിക്കാനും നവീകരിക്കാനും ഒന്നിച്ച് ഭാവി കെട്ടിപ്പടുക്കാനുമുള്ള ക്ഷണമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ചടങ്ങിൽ ബിസിനസ്സ് നേതാക്കളുടെ ശക്തമായ സാന്നിധ്യത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വ്യവസായ സംരംഭങ്ങളെ ​ഗവൺമെന്റ് നയങ്ങളുമായി സംയോജിപ്പിച്ച് CEPAയ്ക്ക് കൂടുതൽ വേഗത പകരണമെന്നും അദ്ദേഹം അവരോട് ആഹ്വാനം ചെയ്തു. ഇന്ത്യയും ഒമാനും വെറും അടുത്ത അയൽക്കാർ മാത്രമല്ല, മറിച്ച് മേഖലയുടെയും അതിനപ്പുറത്തെയും സ്ഥിരതയ്ക്കും വളർച്ചയ്ക്കും പങ്കിട്ട സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധരായ തന്ത്രപരമായ പങ്കാളികളാണെന്ന് അദ്ദേഹം ആവർത്തിച്ചുറപ്പിച്ച് പറഞ്ഞു.

 

-SK-