Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി, ആദരണീയനായ ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി, ആദരണീയനായ  ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മസ്കറ്റിൽ, ആദരണീയനായ  സുൽത്താൻ ഹൈതം ബിൻ താരിക്കുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. റോയൽ പാലസിൽ എത്തിയ പ്രധാനമന്ത്രിയെ അദ്ദേഹം ഊഷ്മളമായി സ്വീകരിക്കുകയും ആചാരപരമായ വരവേൽപ്പ് നൽകുകയും ചെയ്തു.

ഇരു നേതാക്കളും നേരിട്ടുള്ളതും  പ്രതിനിധി തലത്തിലുള്ളതുമായ  കൂടിക്കാഴ്ചകൾ  നടത്തി. ബഹുമുഖ ഇന്ത്യ-ഒമാൻ തന്ത്രപരമായ പങ്കാളിത്തം അവർ സമഗ്രമായി അവലോകനം ചെയ്യുകയും ഉഭയകക്ഷി ബന്ധങ്ങളിലെ സ്ഥിരമായ വളർച്ചയെ അഭിനന്ദിക്കുകയും ചെയ്തു. ഈ വർഷം ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70 വർഷം ആഘോഷിക്കുന്നതിനാൽ ഇന്ത്യ-ഒമാൻ ബന്ധങ്ങൾക്ക് ഈ സന്ദർശനം പ്രത്യേക പ്രാധാന്യമുള്ളതാണെന്ന് നേതാക്കൾ  അഭിപ്രായപ്പെട്ടു.

ഉഭയകക്ഷി ബന്ധങ്ങളിലെ നാഴികക്കല്ലായ പുരോഗതി എന്ന നിലയിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ [സിഇപിഎ] ഒപ്പുവെച്ചതിനെ ഇരു  നേതാക്കളും  സ്വാഗതം ചെയ്തു. തന്ത്രപരമായ പങ്കാളിത്തത്തിന് ഇത് വലിയ ഉത്തേജനം നൽകുമെന്ന് അവർ പ്രസ്താവിച്ചു. ഉഭയകക്ഷി വ്യാപാരം 10 ബില്യൺ യുഎസ് ഡോളർ കടന്നതിലും ഇരുവശത്തേക്കും നിക്ഷേപ പ്രവാഹം മുന്നോട്ട് പോകുന്നതിലും സംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി, സിഇപിഎ, ഉഭയകക്ഷി വ്യാപാരത്തെയും നിക്ഷേപത്തെയും ഗണ്യമായി പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഇരു രാജ്യങ്ങളിലും നിരവധി അവസരങ്ങൾ തുറക്കുകയും ചെയ്യുമെന്ന് അടിവരയിട്ടു.

ദീർഘകാല ഊർജ്ജ ക്രമീകരണങ്ങൾ, പുനരുപയോഗ ഊർജ്ജ സംരംഭങ്ങൾ, ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ പദ്ധതികൾ എന്നിവയിലൂടെ ഊർജ്ജ സഹകരണത്തിന് പുതിയ ഊന്നൽ നൽകുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിൽ, ഒമാൻ  ചേരുന്നതിനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യത്തിലും ആഗോള ജൈവ ഇന്ധന സഖ്യത്തിലും ചേരാൻ അവരെ ക്ഷണിക്കുകയും ചെയ്തു.

കാർഷിക ശാസ്ത്രം, മൃഗസംരക്ഷണം, മത്സ്യകൃഷി, തിന കൃഷി തുടങ്ങിയ മേഖലകളിലെ സഹകരണം ഉൾപ്പെടെയുള്ള കാർഷിക സഹകരണത്തിൽ നിന്ന് ഇരു രാജ്യങ്ങൾക്കും നേട്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, ഫാക്കൽറ്റിയുടെയും ഗവേഷകരുടെയും കൈമാറ്റം പരസ്പരം പ്രയോജനകരമാകുമെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.

ഭക്ഷ്യസുരക്ഷ, ഉൽപ്പാദനം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, നിർണായക ധാതുക്കൾ, ലോജിസ്റ്റിക്‌സ്, മനുഷ്യ-മൂലധന വികസനം, ബഹിരാകാശ സഹകരണം എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

സാമ്പത്തിക സേവനങ്ങളിൽ, യുപിഐയും ഒമാനി ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനവും തമ്മിലുള്ള സഹകരണം, റുപേ കാർഡ് സ്വീകരിക്കൽ, പ്രാദേശിക കറൻസികളിലെ വ്യാപാരം എന്നിവയെക്കുറിച്ച് അവർ വിശദമായി  ചർച്ച നടത്തി .

വളവും കാർഷിക ഗവേഷണവും ഇരു കൂട്ടർക്കും പ്രയോജനകരമായ മേഖലകളാണെന്നും സംയുക്ത നിക്ഷേപത്തിലൂടെ ഉൾപ്പെടെ ഈ മേഖലകളിൽ കൂടുതൽ സഹകരണത്തിനായി ഇരുകൂട്ടരും  പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സമുദ്രമേഖലയിലുൾപ്പെടെ പ്രതിരോധ, സുരക്ഷാ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത നേതാക്കൾ  ആവർത്തിച്ചു.

ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി രാജാവ് നൽകിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. സമുദ്ര പൈതൃകം, ഭാഷാ പ്രോത്സാഹനം, യുവജന വിനിമയം, കായിക ബന്ധങ്ങൾ തുടങ്ങിയ മേഖലകളിലെ നിരവധി പുതിയ ഉഭയകക്ഷി സംരംഭങ്ങൾ ജനങ്ങൾ തമ്മിലുള്ള ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും പങ്കിടുന്ന സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും അവർ ചർച്ച ചെയ്തു, സമുദ്ര മ്യൂസിയങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെയും കലാവസ്തുക്കളുടെയും വൈദഗ്ധ്യത്തിന്റെയും പ്രാധാന്യത്തെയും  അവർ എടുത്തുകാട്ടി.

2047 ഓടെ ഒരു വികസിത രാഷ്ട്രമാവുക  അല്ലെങ്കിൽ വികസിത ഭാരതം ആകുക എന്ന ഇന്ത്യയുടെ ലക്ഷ്യവും  ഒമാൻ വിഷൻ 2040 ഉം തമ്മിലുള്ള യോജിപ്പിനെ നേതാക്കൾ സ്വാഗതം ചെയ്തു, കൂടാതെ അവരുടെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് പരസ്പരം പിന്തുണ അറിയിക്കുകയും ചെയ്തു .

പ്രാദേശിക, ആഗോള വികസനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ നേതാക്കൾ പങ്കുവെക്കുകയും പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.

സന്ദർശന വേളയിൽ, സിഇപിഎയ്ക്ക് പുറമേ, സമുദ്ര പൈതൃകം, വിദ്യാഭ്യാസം, കൃഷി, തിന കൃഷി എന്നീ മേഖലകളിലെ ധാരണാപത്രങ്ങളിലും/ക്രമീകരണങ്ങളിലും ഇരുപക്ഷവും ഒപ്പുവച്ചു.

-NK-