പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസ് കോംപ്ലക്സിലെ സംവിധാൻ സദന്റെ സെൻട്രൽ ഹാളിൽ വെച്ച് കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനം (CSPOC) ഉദ്ഘാടനം ചെയ്തു. ഒരു പാർലമെന്ററി ജനാധിപത്യത്തിൽ സ്പീക്കറുടെ പങ്ക് സവിശേഷമാണെന്ന് ചടങ്ങിൽ സംസാരിക്കവെ ശ്രീ മോദി അഭിപ്രായപ്പെട്ടു. സ്പീക്കർക്ക് അധികം സംസാരിക്കാൻ അവസരം ലഭിക്കാറില്ലെന്നും എന്നാൽ മറ്റുള്ളവരെ ശ്രദ്ധിക്കുകയും എല്ലാവർക്കും സ്വയം പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് അവരുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ബഹളം വെക്കുന്നവരും അമിത ആവേശമുള്ളവരുമായ അംഗങ്ങളെപ്പോലും പുഞ്ചിരിയോടെ കൈകാര്യം ചെയ്യുന്ന സ്പീക്കർമാരുടെ ഏറ്റവും പൊതുവായ സ്വഭാവം ക്ഷമയാണെന്ന് അദ്ദേഹം അടിവരയിട്ടു.
ഈ പ്രത്യേക വേളയിൽ അതിഥികളെ ഊഷ്മളമായി സ്വാഗതം ചെയ്ത ശ്രീ മോദി അവരുടെ സാന്നിധ്യത്തിൽ അഭിമാനം പ്രകടിപ്പിച്ചു. എല്ലാവരും സന്നിഹിതരായിരിക്കുന്ന ഈ സ്ഥലത്തിന് ഇന്ത്യയുടെ ജനാധിപത്യ യാത്രയിൽ വളരെയധികം പ്രാധാന്യമുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കൊളോണിയൽ ഭരണത്തിന്റെ അവസാന വർഷങ്ങളിൽ, ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദി ഉറപ്പായപ്പോൾ ഭരണഘടന രൂപീകരിക്കുന്നതിനായി ഭരണഘടനാ നിർമ്മാണ സഭ ഇതേ സെൻട്രൽ ഹാളിലാണ് ഒത്തുചേർന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള 75 വർഷക്കാലം ഈ കെട്ടിടം ഇന്ത്യയുടെ പാർലമെന്റായി പ്രവർത്തിച്ചുവെന്നും അവിടെ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന നിരവധി നിർണായക തീരുമാനങ്ങളും ചർച്ചകളും നടന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ ചരിത്രപ്രസിദ്ധമായ സ്ഥലത്തിന് ‘സംവിധാൻ സദൻ’ എന്ന് പേരിട്ടുകൊണ്ട് ഇന്ത്യ ഇപ്പോൾ ജനാധിപത്യത്തിനായി സമർപ്പിച്ചിരിക്കുകയാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യ അടുത്തിടെയാണ് ഭരണഘടന നടപ്പിലാക്കിയതിന്റെ 75 വർഷം ആഘോഷിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംവിധാൻ സദനിലെ എല്ലാ വിശിഷ്ടാതിഥികളുടെയും സാന്നിധ്യം ഇന്ത്യയുടെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ നിമിഷമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും സമ്മേളനം ഇന്ത്യയിൽ വെച്ച് നടക്കുന്നത് ഇത് നാലാം തവണയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ സമ്മേളനത്തിന്റെ പ്രധാന പ്രമേയം ‘പാർലമെന്ററി ജനാധിപത്യത്തിന്റെ ഫലപ്രദമായ വിതരണം’ എന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇത്രയധികം വൈവിധ്യമുള്ള ഒരു രാജ്യത്ത് ജനാധിപത്യം അതിജീവിക്കില്ലെന്ന ആശങ്കകൾ പ്രകടിപ്പിക്കപ്പെട്ടിരുന്നതായി ശ്രീ മോദി ഓർമ്മിച്ചു. ഇന്ത്യ ഈ വൈവിധ്യത്തെത്തന്നെ അതിന്റെ ജനാധിപത്യത്തിന്റെ കരുത്താക്കി മാറ്റിയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയിൽ ജനാധിപത്യം എങ്ങനെയെങ്കിലും അതിജീവിച്ചാൽ പോലും വികസനം സാധ്യമാകില്ല എന്നതായിരുന്നു മറ്റൊരു വലിയ ആശങ്കയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ജനാധിപത്യ സ്ഥാപനങ്ങളും ജനാധിപത്യ പ്രക്രിയകളും ജനാധിപത്യത്തിന് സ്ഥിരതയും വേഗതയും വ്യാപ്തിയും നൽകുന്നുവെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ട്”, പ്രധാനമന്ത്രി അടിവരയിട്ടു. ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണെന്നും യുപിഐ (UPI) വഴി ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ഇന്ത്യയിലുണ്ടെന്നു ഏറ്റവും വലിയ വാക്സിൻ ഉത്പാദക രാജ്യവും രണ്ടാമത്തെ വലിയ ഉരുക്ക് ഉത്പാദക രാജ്യവും മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയും മൂന്നാമത്തെ വലിയ ഏവിയേഷൻ വിപണിയും നാലാമത്തെ വലിയ റെയിൽവേ ശൃംഖലയും മൂന്നാമത്തെ വലിയ മെട്രോ റെയിൽ ശൃംഖലയും ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യവും രണ്ടാമത്തെ വലിയ അരി ഉത്പാദക രാജ്യവുമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
“ഇന്ത്യയിൽ, ജനാധിപത്യം എന്നാൽ അവസാന കണ്ണിയിലേക്ക് വരെ സേവനം എത്തിക്കുക” എന്നാണെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, വിവേചനമില്ലാതെ ആനുകൂല്യങ്ങൾ ഓരോ വ്യക്തിയിലും എത്തുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് പൊതുജനക്ഷേമ മനോഭാവത്തോടെയാണ് ഇന്ത്യ പ്രവർത്തിക്കുന്നതെന്ന് കൂട്ടിച്ചേർത്തു. ഈ ക്ഷേമ മനോഭാവം കാരണം സമീപ വർഷങ്ങളിൽ 25 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് പുറത്തുവന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ത്യയിൽ, ജനാധിപത്യം ലക്ഷ്യം പൂർത്തീകരിക്കുന്നു”, അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.
ഇന്ത്യയിൽ ജനാധിപത്യം ലക്ഷ്യങ്ങൾ കൈവരിക്കുന്നത് ജനങ്ങൾക്കാണ് പരമാധികാരം എന്നതിനാലാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അവരുടെ അഭിലാഷങ്ങൾക്കും സ്വപ്നങ്ങൾക്കും മുൻഗണന നൽകിയിട്ടുണ്ടെന്നും ആ വഴിയിൽ തടസ്സങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രക്രിയകൾ മുതൽ സാങ്കേതികവിദ്യ വരെ ജനാധിപത്യവൽക്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം അടിവരയിട്ടു. ഈ ജനാധിപത്യ ബോധം ഇന്ത്യയുടെ സിരകളിലും മനസ്സിലും ഓടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകം മുഴുവൻ ബുദ്ധിമുട്ടിലായിരുന്ന കോവിഡ്-19 മഹാമാരിയുടെ ഉദാഹരണം ശ്രീ മോദി ഉദ്ധരിച്ചു. രാജ്യത്തിനകത്ത് വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും ഇന്ത്യ 150-ലധികം രാജ്യങ്ങൾക്ക് മരുന്നുകളും വാക്സിനുകളും നൽകിയതായി അദ്ദേഹം കുറിച്ചു. ജനങ്ങളുടെ താൽപ്പര്യങ്ങൾക്കും ക്ഷേമത്തിനും നന്മയ്ക്കും വേണ്ടി സേവനം ചെയ്യുകയെന്നത് ഇന്ത്യയുടെ ധർമ്മമാണെന്നും ഈ ധർമ്മം ഇന്ത്യയുടെ ജനാധിപത്യത്താൽ പോഷിപ്പിക്കപ്പെട്ടതാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ലോകമെമ്പാടുമുള്ള പലരും ഇന്ത്യയെ അറിയുന്നത് ഏറ്റവും വലിയ ജനാധിപത്യ രാജ്യമായാണെന്ന് അടിവരയിട്ട ശ്രീ മോദി, ഇന്ത്യയുടെ ജനാധിപത്യത്തിന്റെ വ്യാപ്തി യഥാർത്ഥത്തിൽ അസാധാരണമാണെന്ന് എടുത്തുപറഞ്ഞു. 2024-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിനെ പരാമർശിച്ചുകൊണ്ട്, അത് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായിരുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഏകദേശം 98 കോടി പൗരന്മാർ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തിരുന്നു, ഈ സംഖ്യ ചില ഭൂഖണ്ഡങ്ങളിലെ മൊത്തം ജനസംഖ്യയേക്കാൾ കൂടുതലാണ്. എട്ടായിരത്തിലധികം സ്ഥാനാർത്ഥികളും എഴുനൂറിലധികം രാഷ്ട്രീയ പാർട്ടികളും മത്സരരംഗത്തുണ്ടായിരുന്നുവെന്നും തിരഞ്ഞെടുപ്പിൽ വനിതാ വോട്ടർമാരുടെ റെക്കോർഡ് പങ്കാളിത്തം ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് ഇന്ത്യൻ സ്ത്രീകൾ പങ്കെടുക്കുക മാത്രമല്ല, മറിച്ച് മുന്നിൽ നിന്ന് നയിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ പ്രഥമ പൗരയായ ഇന്ത്യയുടെ രാഷ്ട്രപതി ഒരു സ്ത്രീയാണെന്നും ഈ സമ്മേളനം നടക്കുന്ന നഗരമായ ഡൽഹിയിലെ മുഖ്യമന്ത്രിയും ഒരു സ്ത്രീയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രാമീണ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്ത്യയിൽ ഏകദേശം 1.5 ദശലക്ഷം തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുണ്ടെന്നും ഇത് താഴെത്തട്ടിലുള്ള നേതാക്കളുടെ ഏകദേശം 50 ശതമാനമാണെന്നും ആഗോളതലത്തിൽ സമാനതകളില്ലാത്തതാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യൻ ജനാധിപത്യം വൈവിധ്യങ്ങളാൽ സമ്പന്നമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നൂറുകണക്കിന് ഭാഷകൾ സംസാരിക്കപ്പെടുന്നുണ്ടെന്നും വിവിധ ഭാഷകളിലായി 900-ലധികം ടെലിവിഷൻ ചാനലുകളുണ്ടെന്നും ആയിരക്കണക്കിന് പത്രങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ തോതിൽ വൈവിധ്യങ്ങൾ കൈകാര്യം ചെയ്യുന്ന സമൂഹങ്ങൾ വളരെ കുറവാണെന്നും ഇന്ത്യ ഈ വൈവിധ്യത്തെ ആഘോഷിക്കുന്നത് അതിന്റെ ജനാധിപത്യത്തിന് ശക്തമായ അടിത്തറയുള്ളതിനാലാണെന്നും അദ്ദേഹം അടിവരയിട്ടു. ഇന്ത്യയുടെ ജനാധിപത്യത്തെ ആഴത്തിലുള്ള വേരുകളാൽ താങ്ങപ്പെടുന്ന ഒരു വലിയ വൃക്ഷത്തോടു ഉപമിച്ച ശ്രീ മോദി, സംവാദത്തിന്റെയും ചർച്ചകളുടെയും കൂട്ടായ തീരുമാനമെടുക്കലിന്റെയും ഇന്ത്യയുടെ നീണ്ട പാരമ്പര്യത്തെ ഊന്നിപ്പറഞ്ഞു. ഇന്ത്യയെ ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്നാണ് വിളിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 5,000 വർഷത്തിലേറെ പഴക്കമുള്ള ഇന്ത്യയുടെ വിശുദ്ധ ഗ്രന്ഥങ്ങളായ വേദങ്ങൾ ജനങ്ങൾ ഒത്തുചേരുകയും പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചർച്ചകൾക്കും ധാരണകൾക്കും ശേഷം തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന അസംബ്ലികളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഭഗവാൻ ബുദ്ധന്റെ നാടാണെന്നും ബുദ്ധസംഘങ്ങളിൽ തുറന്നതും ഘടനാപരവുമായ ചർച്ചകൾ നടക്കാറുണ്ടായിരുന്നുവെന്നും തീരുമാനങ്ങൾ സമവായത്തിലൂടെയോ വോട്ടെടുപ്പിലൂടെയോ ആണ് എടുത്തിരുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജനാധിപത്യ മൂല്യങ്ങളോടെ പ്രവർത്തിച്ചിരുന്ന ഒരു ഗ്രാമസഭയെക്കുറിച്ച് വിവരിക്കുന്ന തമിഴ്‌നാട്ടിലെ പത്താം നൂറ്റാണ്ടിലെ ഒരു ലിഖിതത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു; അവിടെ ഉത്തരവാദിത്തത്തിനും തീരുമാനമെടുക്കുന്നതിനും വ്യക്തമായ നിയമങ്ങൾ ഉണ്ടായിരുന്നു. “ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ കാലത്താൽ തെളിയിക്കപ്പെട്ടതും വൈവിധ്യങ്ങളാൽ പിന്തുണയ്ക്കപ്പെട്ടതും തലമുറകളായി ശക്തിപ്പെട്ടതുമാണ്,” പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
കോമൺവെൽത്തിലെ ആകെ ജനസംഖ്യയുടെ ഏകദേശം 50 ശതമാനവും ഇന്ത്യയിലാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. എല്ലാ രാഷ്ട്രങ്ങളുടെയും വികസനത്തിന് കഴിയുന്നത്ര സംഭാവന നൽകാൻ ഇന്ത്യ നിരന്തരം ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കോമൺവെൽത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ, ആരോഗ്യ മേഖലയിലായാലും കാലാവസ്ഥാ വ്യതിയാനത്തിലായാലും സാമ്പത്തിക വളർച്ചയിലോ നവീനാശയങ്ങളിലായാലും ഇന്ത്യ പൂർണ്ണ ഉത്തരവാദിത്തത്തോടെ തങ്ങളുടെ കടമകൾ നിറവേറ്റുകയാണെന്ന് അദ്ദേഹം അടിവരയിട്ടു. സഹപങ്കാളികളിൽ നിന്ന് പഠിക്കാൻ ഇന്ത്യ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യയുടെ അനുഭവങ്ങൾ മറ്റ് കോമൺവെൽത്ത് രാജ്യങ്ങൾക്ക് പ്രയോജനപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ലോകം അഭൂതപൂർവമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്, ഗ്ലോബൽ സൗത്തിന് പുതിയ പാതകൾ രൂപപ്പെടുത്താനുള്ള നിമിഷം കൂടിയാണിതെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. ഓരോ ആഗോള വേദികളിലും ഗ്ലോബൽ സൗത്തിന്റെ ആശങ്കകൾ ഇന്ത്യ ശക്തമായി ഉന്നയിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജി20 അധ്യക്ഷസ്ഥാനം വഹിച്ച വേളയിൽ ഗ്ലോബൽ സൗത്തിന്റെ ആശങ്കകൾ ഇന്ത്യ ആഗോള അജണ്ടയുടെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിച്ചതായി അദ്ദേഹം ഓർമ്മിപ്പിച്ചു. നൂതനാശയങ്ങൾ ഗ്ലോബൽ സൗത്തിനും കോമൺവെൽത്ത് രാജ്യങ്ങൾക്കും മൊത്തത്തിൽ പ്രയോജനപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഇന്ത്യയുടെ നിരന്തരമായ ശ്രമത്തെ ശ്രീ മോദി എടുത്തുപറഞ്ഞു. ഇന്ത്യയിൽ സ്ഥാപിച്ചിട്ടുള്ളതിന് സമാനമായ സംവിധാനങ്ങൾ ഗ്ലോബൽ സൗത്തിലെ പങ്കാളിത്ത രാജ്യങ്ങൾക്ക് വികസിപ്പിക്കാൻ കഴിയുന്ന തരത്തിൽ ഓപ്പൺ സോഴ്‌സ് സാങ്കേതിക പ്ലാറ്റ്‌ഫോമുകളും ഇന്ത്യ നിർമ്മിക്കുന്നുണ്ടെന്ന് അദ്ദേഹം കുറിച്ചു.
പാർലമെന്ററി ജനാധിപത്യത്തെക്കുറിച്ചുള്ള അറിവും ധാരണയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ വഴികൾ പര്യവേക്ഷണം ചെയ്യുക എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ ശ്രമത്തിൽ സ്പീക്കർമാർക്കും പ്രിസൈഡിംഗ് ഓഫീസർമാർക്കും വളരെ പ്രധാനപ്പെട്ട പങ്കുണ്ടെന്ന് ഊന്നിപ്പറഞ്ഞു. കാരണം ഇത് ജനങ്ങളെ അവരുടെ രാജ്യത്തെ ജനാധിപത്യ പ്രക്രിയയുമായി കൂടുതൽ അടുപ്പിക്കുന്നു. ഇന്ത്യൻ പാർലമെന്റ് ഇതിനകം തന്നെ ഇത്തരം സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്ന് അദ്ദേഹം കുറിച്ചു. പഠനയാത്രകൾ, പ്രത്യേക പരിശീലന പരിപാടികൾ, ഇന്റേൺഷിപ്പുകൾ എന്നിവയിലൂടെ പാർലമെന്റിനെ കൂടുതൽ അടുത്തറിയാൻ പൗരന്മാർക്ക് അവസരങ്ങൾ നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സഭാ നടപടികളും ചർച്ചകളും തത്സമയം പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ ഇന്ത്യ AI ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. AIയുടെ സഹായത്തോടെ പാർലമെന്റുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുകയാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. പാർലമെന്റിന്റെ പ്രവർത്തനത്തെക്കുറിച്ച് മനസ്സിലാക്കാൻ യുവതലമുറയ്ക്ക് ഇത് മികച്ച അവസരം നൽകുന്നുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു.
കോമൺവെൽത്തുമായി ബന്ധപ്പെട്ട ഇരുപതിലധികം അംഗരാജ്യങ്ങൾ സന്ദർശിക്കാൻ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്ന് അടിവരയിട്ട ശ്രീ മോദി, നിരവധി പാർലമെന്റുകളെ അഭിസംബോധന ചെയ്യാനുള്ള ഭാഗ്യവും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് എടുത്തുപറഞ്ഞു. പോയിടത്തെല്ലാം താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ കണ്ടുമുട്ടിയ ഓരോ മികച്ച രീതികളും ലോകസഭാ സ്പീക്കറുമായും രാജ്യസഭാ ചെയർമാനുമായും ഡെപ്യൂട്ടി ചെയർമാനുമായും പങ്കുവെക്കാറുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ സമ്മേളനം പഠനത്തിന്റെയും പങ്കുവെക്കലിന്റെയും പ്രക്രിയയെ കൂടുതൽ സമ്പന്നമാക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്റെ വാക്കുകൾ ഉപസംഹരിച്ചുകൊണ്ട് അദ്ദേഹം എല്ലാ പങ്കാളികൾക്കും ആശംസകൾ നേർന്നു.
ലോകസഭാ സ്പീക്കർ ശ്രീ ഓം ബിർല, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ശ്രീ ഹരിവംശ്, ഇന്റർ പാർലമെന്ററി യൂണിയൻ പ്രസിഡന്റ് ഡോ. തുലിയ അക്സൺ, കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ ചെയർപേഴ്സൺ ഡോ. ക്രിസ്റ്റഫർ കലില എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
28-ാമത് CSPOC ലോകസഭാ സ്പീക്കർ ശ്രീ ഓം ബിർലയുടെ അധ്യക്ഷതയിൽ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 42 കോമൺവെൽത്ത് രാജ്യങ്ങളിലെയും 4 അർദ്ധ സ്വയംഭരണ പാർലമെന്റുകളിലെയും 61 സ്പീക്കർമാരും പ്രിസൈഡിംഗ് ഓഫീസർമാരും സമ്മേളനത്തിൽ പങ്കെടുക്കും.
ശക്തമായ ജനാധിപത്യ സ്ഥാപനങ്ങൾ നിലനിർത്തുന്നതിൽ സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും പങ്ക്, പാർലമെന്ററി പ്രവർത്തനങ്ങളിൽ നിർമ്മിത ബുദ്ധിയുടെ ഉപയോഗം, പാർലമെന്റ് അംഗങ്ങളിലെ സോഷ്യൽ മീഡിയയുടെ സ്വാധീനം, പാർലമെന്റിനെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണ വർദ്ധിപ്പിക്കുന്നതിനും വോട്ടിംഗിന് അപ്പുറം പൗരപങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള നൂതനമായ തന്ത്രങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന സമകാലിക പാർലമെന്ററി വിഷയങ്ങളെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്യും.
Addressing the Conference of Speakers and Presiding Officers of the Commonwealth.
https://t.co/T3feMVdS62— Narendra Modi (@narendramodi) January 15, 2026
India has turned diversity into the strength of its democracy. pic.twitter.com/3UCl7dFIa0
— PMO India (@PMOIndia) January 15, 2026
India has shown that democratic institutions and democratic processes give democracy with stability, speed and scale. pic.twitter.com/zt4YR9SnpT
— PMO India (@PMOIndia) January 15, 2026
In India, democracy means last mile delivery. pic.twitter.com/LHuy5SXCh4
— PMO India (@PMOIndia) January 15, 2026
Our democracy is like a large tree supported by deep roots.
We have a long tradition of debate, dialogue and collective decision-making. pic.twitter.com/5dQ2CCUT4B
— PMO India (@PMOIndia) January 15, 2026
India is strongly raising the concerns of the Global South on every global platform.
During its G20 Presidency as well, India placed the priorities of the Global South at the centre of the global agenda. pic.twitter.com/pmIQdcnjdd
— PMO India (@PMOIndia) January 15, 2026
***
NK
Addressing the Conference of Speakers and Presiding Officers of the Commonwealth.
— Narendra Modi (@narendramodi) January 15, 2026
https://t.co/T3feMVdS62
India has turned diversity into the strength of its democracy. pic.twitter.com/3UCl7dFIa0
— PMO India (@PMOIndia) January 15, 2026
India has shown that democratic institutions and democratic processes give democracy with stability, speed and scale. pic.twitter.com/zt4YR9SnpT
— PMO India (@PMOIndia) January 15, 2026
In India, democracy means last mile delivery. pic.twitter.com/LHuy5SXCh4
— PMO India (@PMOIndia) January 15, 2026
Our democracy is like a large tree supported by deep roots.
— PMO India (@PMOIndia) January 15, 2026
We have a long tradition of debate, dialogue and collective decision-making. pic.twitter.com/5dQ2CCUT4B
India is strongly raising the concerns of the Global South on every global platform.
— PMO India (@PMOIndia) January 15, 2026
During its G20 Presidency as well, India placed the priorities of the Global South at the centre of the global agenda. pic.twitter.com/pmIQdcnjdd