പിഎം ഇന്ത്യ
ആദരണീയനായ സൈപ്രസ് രാഷ്ട്രപതി, ബഹുമാനപ്പെട്ട പ്രതിനിധികളേ, മാധ്യമസുഹൃത്തുക്കളേ,
ഇന്ത്യയില്‍ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന അങ്ങയെ സ്വാഗതംചെയ്യുന്നതില്‍ സന്തോഷമുണ്ട്. ഓരോ സൈപ്രസ് രാഷ്ട്രപതിയുടെയും മനസ്സില്‍ ഇന്ത്യക്കു പ്രത്യേക സ്ഥാനമുണ്ടെന്ന് എനിക്കറിയാം. അവരില്‍ മിക്കവരും ഇന്ത്യ സന്ദര്‍ശിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ, അത്തരമൊരു അടുത്ത സുഹൃത്തും ഇന്ത്യയെ പിന്‍തുണയ്ക്കുന്ന വ്യക്തിയുമായ അങ്ങയെ സ്വാഗതം ചെയ്യാന്‍ അവസരം ലഭിച്ചത് വലിയ അംഗീകാരമായി ഞാന്‍ കാണുന്നു. പ്രാചീന സംസ്‌കാരത്തിന്റെ മൂല്യമേറിയ പാരമ്പര്യം പങ്കുവെക്കാനുള്ള ഇന്ത്യയും സൈപ്രസും സഹസ്രാബ്ദങ്ങളായി പരസ്പരം സാംസ്‌കാരികമായി സ്വാധീനിച്ചുവരുന്നു. ആധുനിക കാലഘട്ടത്തില്‍, നമുക്കിടയിലുള്ള ബന്ധം നമ്മുടെ പൂര്‍വനേതാക്കള്‍ സൈപ്രസിന്റെ സ്വാതന്ത്ര്യസമരത്തെ പിന്‍തുണച്ചതു മുതല്‍ ആരംഭിക്കുന്നു. സൈപ്രസാകട്ടെ, സ്‌നേഹത്തോടും ഊഷ്മളതയോടുംകൂടി എപ്പോഴും പ്രതികരിച്ചിട്ടുണ്ട്. നിര്‍ണായക ഘട്ടങ്ങളിലെല്ലാം ഇന്ത്യ സൈപ്രസിനൊപ്പം നിന്നിട്ടുണ്ട്. 1974ല്‍ സൈപ്രസ് റിപ്പബ്ലിക്കിന്റെ പരമാധികാരത്തെയും ഐക്യത്തെയും ഭൂപരിധിയെയും സംബന്ധിച്ചു പിന്‍തുണ നല്‍കിക്കൊണ്ട് ഇന്ത്യ ഉറച്ച നിലപാടെടുത്തു. സൈപ്രസില്‍ ഉണ്ടായിരുന്ന യു.എന്‍. സമാധാന സംരക്ഷണ സേനയിലേക്ക് ഇന്ത്യ അംഗങ്ങളെ നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍നിന്നുള്ള മൂന്നു സേനാ കമാന്‍ഡര്‍മാര്‍ സംരക്ഷണ സനേയുടെ ഭാഗമായിട്ടുണ്ട്. അവരെയൊക്കെ സ്‌നേഹപൂര്‍വം സൈപ്രസില്‍ ഓര്‍മിക്കപ്പെടുന്നു എന്നറിയാന്‍ കഴിയുന്നത് എനിക്കു സന്തോഷം പകരുന്നു.
ബഹുമാനപ്പെട്ട രാഷ്ട്രപതീ,
സൈപ്രസിലെ പ്രശ്‌നം പരിഹരിക്കാനുള്ള അങ്ങയുടെ ശ്രമത്തെക്കുറിച്ച് എനിക്ക് അറിവുള്ളതാണ്. സമാധാനത്തിന്റെയും വികസനത്തിന്റെയും സുരക്ഷയുടെയും ഒരു പുതുയുഗം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളെ അങ്ങ് മുന്നില്‍നിന്നു നയിക്കുകയാണ്. ഇതു സൈപ്രസിനുവേണ്ടി മാത്രമല്ല, മേഖലയ്ക്കാകെ വേണ്ടിയാണ്. അങ്ങയുടെ ശ്രമങ്ങള്‍ക്ക് എല്ലാ വിജയവും ആശംസിക്കുന്നു. അടുത്തിടെ സൈപ്രസ് നേരിട്ടിരുന്ന സാമ്പത്തികവും ബാങ്കിങ് സംബന്ധിച്ചതുമായ വെല്ലുവിളികളെ അതിജീവിക്കാന്‍ അങ്ങയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. 2016ല്‍ യൂറോ മേഖലയില്‍ ഏറ്റവും വലിയ വളര്‍ച്ചാനിരക്കുകളില്‍ ഒന്നു നേടിയെടുക്കാന്‍ സാധിക്കുകയും ചെയ്തു. ബഹുമാന്യരേ, അങ്ങയുടെ രാജ്യത്തെ പ്രതിസന്ധിയില്‍നിന്നു കരകയറ്റി സാമ്പത്തിക അഭിവൃദ്ധിയുടെ പാതയിലേക്ക് ഉയര്‍ത്താന്‍ അങ്ങയ്ക്കുള്ള വീക്ഷണത്തെയും നേതൃപാടവത്തെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
രാഷ്ട്രപതിയും ഞാനും ഇന്നു വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഉഭയകക്ഷിബന്ധം സംബന്ധിച്ച എല്ലാ കാര്യങ്ങളും ഞങ്ങള്‍ സംസാരിച്ചു. പരസ്പര താല്‍പര്യമുള്ള ആഗോള, മേഖലാതല പ്രശ്‌നങ്ങള്‍ സംബന്ധിച്ച വീക്ഷണങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. സൈപ്രസും ഇന്ത്യയും തമ്മില്‍ അടുത്ത സാമ്പത്തിക ബന്ധങ്ങളുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ രാഷ്ട്രങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് സൈപ്രസ്. മൂലധന, നിക്ഷേപ ബന്ധം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ വര്‍ഷം നാം ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ പുതുക്കുകയുണ്ടായി. സൈപ്രസില്‍നിന്നുള്ള സംരംഭകര്‍ക്ക് വളരെയധികം നിക്ഷേപ സാധ്യതകളാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നതെന്നു രാഷ്ട്രപതിയും ഞാനും പരസ്പരം അംഗീകരിച്ചു. എന്റെ ഗവണ്‍മെന്റ് ആരംഭിച്ച മുന്‍നിര പദ്ധതികളിലൂടെ നമ്മുടെ രണ്ടു സമ്പദ്‌വ്യവസ്ഥകളിലെയും വ്യവസായ, ബിസിനസ് മേഖലകള്‍ക്ക് ആകര്‍ഷകമായ പങ്കാളിത്തം രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കും. സൈപ്രസിന്റെ സുന്ദരമായ ഭൂപ്രകൃതിയും ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യുടെ വിശാലമായ ചക്രവാളവും ഇരു രാഷ്ട്രങ്ങള്‍ക്കും വിനോദസഞ്ചാര പ്രോത്സാഹനത്തിനുള്ള സ്രോതസ്സാക്കി മാറ്റാന്‍ സാധിക്കും.
സുഹൃത്തുക്കളേ,
ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍ ഉടന്‍ തന്നെ പരിഷ്‌കരിക്കണമെന്നത് ഇന്ത്യയുടെയും സൈപ്രസിന്റെ പൊതു ലക്ഷ്യമാണ്. ഇന്നു ലോകം നേരിടുന്ന സങ്കീര്‍ണമായ വെല്ലുവിളികളെ നേരിടാന്‍ നിലവിലുള്ള സുരക്ഷാ കൗണ്‍സില്‍ പര്യാപ്തമല്ലെന്നും ഇന്നത്തെ ലോകസാഹചര്യത്തെ പ്രതിഫലിപ്പിക്കുംവിധം കൗണ്‍സില്‍ പുതുക്കപ്പെടണമെന്നും ഞങ്ങള്‍ ഇരുവരും വിശ്വസിക്കുന്നു. ബഹുമാന്യരേ, വികസിപ്പിക്കപ്പെടുന്ന യു.എന്‍. സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ അവകാശത്തിനു പിന്‍തുണ നല്‍കാന്‍ തയ്യാറായതിന് അങ്ങയെ അഭിനന്ദനം അറിയിക്കുന്നു. ഗവണ്‍മെന്റിതര സംഘടനകളും വ്യവസ്ഥകളും സംബന്ധിച്ച പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും രാഷ്ട്രപതിയും ഞാനും ചര്‍ച്ച നടത്തി.
സുഹൃത്തുക്കളേ,
ഭൂമിശാസ്ത്രപരമായ സ്ഥിതിയനുസരിച്ച് ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്ന ഭീകരവാദത്തിന് ഇരയാക്കപ്പെടാവുന്ന രാഷ്ട്രമാണു സൈപ്രസ്. രാജ്യാതിര്‍ത്തി ഭേദിച്ചുള്ള ഭീകരവാദത്തെ ദശാബ്ദങ്ങളായി നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ത്യ. നമ്മുടെ മേഖലയില്‍ ഭീകരവാദത്തെ ഉല്‍പാദിപ്പിക്കുകയും പിന്‍തുണയ്ക്കുകയും ഭീകരവാദത്തിന്റെ ഉല്‍പാദനശാലകള്‍ക്കു തണലൊരുക്കുകയും ചെയ്യുന്നവരെ തിരിച്ചറിഞ്ഞു നടപടി കൈക്കൊള്ളാന്‍ എല്ലാ രാജ്യങ്ങളും ഉടന്‍ തന്നെ തയ്യാറാകേണ്ട സ്ഥിതിയുണ്ടെന്ന് ഇരുവരും അംഗീകരിച്ചു. രാജ്യാന്തര ഭീകരവാദത്തിനെതിരെയുള്ള സമഗ്ര കണ്‍വെന്‍ഷന്റെ അടിസ്ഥാനത്തില്‍ സമഗ്ര ആഗോള നിയമ ചട്ടക്കൂട് രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു രാഷ്ട്രപതിയും ഞാനും ചര്‍ച്ച ചെയ്തു.
ബഹുമാന്യരേ,
നമ്മുടെ ഉഭയകക്ഷിബന്ധം പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിനായുള്ള കരുത്തുറ്റ പ്രതിജ്ഞാബദ്ധത താങ്കളുമായി പങ്കുവെക്കുന്നു. നാം ഇന്നു നടത്തിയ ചര്‍ച്ചകളും കൈക്കൊണ്ട തീരുമാനങ്ങളും നമ്മുടെ പങ്കാളിത്തത്തിനു പുതുദിശയും ആഴവും പ്രദാനംചെയ്യുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. ഒരിക്കല്‍ക്കൂടി അങ്ങയെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നു. ഈ സന്ദര്‍ശനം അങ്ങയ്ക്കു ഫലപ്രദവും സൃഷ്ടിപരമായ നേട്ടങ്ങള്‍ പ്രദാനംചെയ്യുന്നതുമാവട്ടെ എന്ന് ആശംസിക്കുന്നു.
നന്ദി.
വളരെയധികം നന്ദി.
PM @narendramodi and President @AnastasiadesCY held talks in New Delhi. Both leaders discussed strengthening India-Cyprus ties. pic.twitter.com/fOBsUx37Cq
— PMO India (@PMOIndia) April 28, 2017