പിഎം ഇന്ത്യ
നിലവിലുള്ള അഞ്ച് ദേശീയ ജലപാതകള്ക്കൊപ്പം 106 ഉള്നാടന് ജലപാതകളെക്കൂടി ദേശീയ ജലപാതകളില് പെടുത്തുന്നതിനുള്ള ദേശീയ ജലപാത (ഭേദഗതി) ബില് 2015ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി അധ്യക്ഷനായുള്ള കേന്ദ്രമന്ത്രിസഭ അനുമതി നല്കി. ടൂറിസം, വ്യവസായം എന്നിവയുടെ വികസനത്തിനൊപ്പം രാജ്യത്തിനൊട്ടാകെ ചെലവുകുറഞ്ഞതും പ്രകൃതിയോട് ഇണങ്ങിനില്ക്കുന്നതുമായ യാത്രാസംവിധാനം ഇതോടെ യാഥാര്ത്ഥ്യമാകും. സംസ്ഥാന സര്ക്കാരുകളുടെയും ഗതാഗതം, സാംസ്കാരികം, വിനോദം എന്നിവയ്ക്കായുള്ള പാര്ലമെന്ററി സ്റ്റാന്ഡിംങ് കമ്മറ്റിയുമായി ബന്ധപ്പെട്ട വകുപ്പിന്റെയും നിര്ദ്ദേശാനുസരണമായിരിക്കും നിയമഭേദഗതി. കേരളത്തിലെ മൂന്ന് ജലപാതകള് ഇതില് ഉള്പ്പെടുത്തിയിട്ടുണ്ട്. ജലപാതകളുമായി ബന്ധപ്പെട്ട സാമ്പത്തിക സാങ്കേതിക പഠനങ്ങളും സാധ്യതകളുമെല്ലാം ഇന്ലാന്റ് വാട്ടര് വെയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ. ഡബ്ള്യു.എ.ഐ.)യ്ക്കു കീഴിലായിരിക്കും. നദീതടം, ജലോപയോഗം, അനുബന്ധ പ്രദേശങ്ങളുടെ അവകാശം എന്നിവ അതതു സംസ്ഥാന സര്ക്കാരുകളില് നിക്ഷിപ്തമായിരിക്കും. സമീപ പ്രദേശങ്ങളുടെ വികസനം യാഥാര്ഥ്യമാകുമെന്നതിനൊപ്പം റോഡുകളിലെ ഗതാഗതക്കുരുക്കും അപകടങ്ങളും കുറയ്ക്കാനാവുമെന്നതും കടത്തുയാത്രക്കാര്ക്ക് ചെലവു കുറഞ്ഞ യാത്രാസംവിധാനം ലഭ്യമാക്കാമെന്നതും സംസ്ഥാനങ്ങള്ക്ക് ഇതു വഴിയുണ്ടാകുന്ന നേട്ടങ്ങളാണ്.