പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ, പതിനാറാം ധനകാര്യ കമ്മീഷൻ കാലയളവിൽ (2026-27 മുതൽ 2030-31 വരെ) ‘എസ്റ്റേറ്റ്സ് മാനേജ്മെന്റ് സ്കീം’ (Estates Management Scheme) എന്ന കേന്ദ്രാവിഷ്കൃത പദ്ധതി തുടരുന്നതിനുള്ള തപാൽ വകുപ്പിന്റെ നിർദ്ദേശത്തിന് അംഗീകാരം നൽകി. അഞ്ച് വർഷ കാലയളവിലേക്ക് ആകെ 1,491 കോടി രൂപയാണ് പദ്ധതിയുടെ സാമ്പത്തിക വിഹിതം.
തന്ത്രപരമായ ലക്ഷ്യം:
തപാൽ വകുപ്പിന്റെ എസ്റ്റേറ്റ് അടിസ്ഥാന സൗകര്യങ്ങൾ സമഗ്രമായി നവീകരിക്കാനും ആധുനികവൽക്കരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പോസ്റ്റ് ഓഫീസുകളുടെയും തപാൽ ജീവനക്കാരുടെ റെസിഡൻഷ്യൽ കോളനികളുടെയും നിർമ്മാണം, പുനർനിർമ്മാണം, നവീകരണം, ഏകീകൃത ബ്രാൻഡിംഗ് എന്നിവയ്ക്കൊപ്പം ഇന്ത്യയുടെ പൈതൃക തപാൽ മന്ദിരങ്ങളുടെ സംരക്ഷണത്തിനും പദ്ധതി വലിയ പ്രാധാന്യം നൽകുന്നു. ഈ ആധുനികവൽക്കരണ തന്ത്രം ഫസ്റ്റ്-മൈൽ ഡെലിവറിയെ നേരിട്ട് പിന്തുണയ്ക്കുകയും, സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുകയും, രാജ്യത്തുടനീളം പൗരകേന്ദ്രീകൃത സേവന വിതരണം മെച്ചപ്പെടുത്തുകയും ചെയ്യും. ഡിജിറ്റൽ ഇന്ത്യ, ആത്മനിർഭർ ഭാരത്, വികസിത് ഭാരത് എന്നീ വിശാലമായ കാഴ്ചപ്പാടുകളുമായി ഇത് ഒത്തുചേരുന്നു.
1.65 ലക്ഷം തപാൽ ഓഫീസുകളുള്ള (ഗ്രാമപ്രദേശങ്ങളിലെ 1,49,385 എണ്ണം ഉൾപ്പെടെ) ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖലകളിലൊന്നായ ഇന്ത്യ പോസ്റ്റ്; തപാൽ, ബാങ്കിംഗ് (POSB/IPPB), ഇൻഷുറൻസ് (PLI), ആധാർ സേവനങ്ങൾ, പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ, ഡാക്ഘർ നിർയത് കേന്ദ്രങ്ങൾ (DNKs) വഴിയുള്ള ഗ്രാമീണ കരകൗശല വിദഗ്ധർക്കുള്ള പിന്തുണ എന്നിവയ്ക്കുള്ള നിർണ്ണായക മാധ്യമമായി തുടരുന്നു.
നടപ്പിലാക്കുന്ന കാലയളവ്:
2026-27 സാമ്പത്തിക വർഷം മുതൽ 2030-31 വരെ അഞ്ച് വർഷക്കാലയളവിൽ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്നത്.
അംഗീകൃത പദ്ധതിയുടെ പ്രധാന ഘടകങ്ങൾ:
പുതിയ നിർമ്മാണം (280 കോടി രൂപ): നിലവിലുള്ള വാടക കെട്ടിടങ്ങൾക്ക് പകരമായി വാടക ബാധ്യത ഒഴിവാക്കാൻ ഒഴിഞ്ഞുകിടക്കുന്ന തപാൽ വകുപ്പിന്റെ സ്ഥലങ്ങളിൽ 190 തപാൽ മന്ദിരങ്ങൾ നിർമ്മിക്കും.
പുനർനിർമ്മാണം (108 കോടി രൂപ): ദീർഘകാല സുരക്ഷ ഉറപ്പാക്കുന്നതിനായി ജീർണ്ണാവസ്ഥയിലുള്ള 50 ഡിപ്പാർട്ട്മെന്റൽ തപാൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുനർനിർമ്മിക്കുക.
നവീകരണവും ബ്രാൻഡിംഗും (318 കോടി രൂപ): എസ്.പി.എ (SPA) മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി 2,550 ഡിപ്പാർട്ട്മെന്റൽ സബ് പോസ്റ്റ് ഓഫീസുകൾ നവീകരിക്കുകയും ഏകീകൃത ബ്രാൻഡിംഗ് ഏർപ്പെടുത്തുകയും ചെയ്യും.
വാടക പോസ്റ്റ് ഓഫീസുകളുടെ നവീകരണം (37.50 കോടി രൂപ): വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന 2,500 പോസ്റ്റ് ഓഫീസുകൾ നവീകരിക്കുകയും ഏകീകൃതമായി ബ്രാൻഡ് ചെയ്യുകയും ചെയ്യും.
പൈതൃക സംരക്ഷണം (180 കോടി രൂപ): വകുപ്പിന്റെ ചരിത്രപരമായ പൈതൃകം സംരക്ഷിക്കുന്നതിനായി 20 പ്രധാന പൈതൃക തപാൽ മന്ദിരങ്ങൾ പുനരുദ്ധരിക്കുകയും സംരക്ഷിക്കുകയും ചെയ്യും.
കോളനി നവീകരണം (357.50 കോടി രൂപ): ജീവനക്കാരുടെ ക്ഷേമവും സംതൃപ്തിയും ഉയർത്തുന്നതിനായി ഉയർന്ന ആവശ്യകതയുള്ള 150 തപാൽ റെസിഡൻഷ്യൽ കോളനികൾ നവീകരിക്കും.
അനുബന്ധ, ഉൾപ്പെടുത്തൽ പ്രവർത്തനങ്ങൾ (100 കോടി രൂപ): സുഗമ്യ ഭാരത് അഭിയാന് കീഴിൽ സുസ്ഥിര സൗകര്യങ്ങൾ (സൗരോർജ്ജം, മഴവെള്ള സംഭരണം), സാർവത്രിക പ്രവേശനക്ഷമത അടിസ്ഥാന സൗകര്യങ്ങൾ (റാംപുകൾ, ബ്രെയിൽ സൈനേജുകൾ) എന്നിവ നടപ്പിലാക്കും; ഒപ്പം വനിതാ ശൗചാലയങ്ങൾ, ഫീഡിംഗ് റൂമുകൾ തുടങ്ങിയ സ്ത്രീകൾക്കായുള്ള സൗകര്യങ്ങളും ഒരുക്കും.
ഇന്റഗ്രേറ്റഡ് ടെക്നോളജി സെന്റർ (100 കോടി രൂപ): അഡ്വാൻസ്ഡ് പോസ്റ്റൽ ടെക്നോളജി (APT) സേവനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും തദ്ദേശീയ ഓപ്പൺ സോഴ്സ് ടെക് സ്റ്റാക്കിനെ പിന്തുണയ്ക്കുന്നതിനുമായി ബെംഗളൂരുവിൽ സെന്റർ ഫോർ എക്സലൻസ് ഇൻ പോസ്റ്റൽ ടെക്നോളജിക്ക് (CEPT) സ്ഥിരമായ ഭൗതിക അടിസ്ഥാന സൗകര്യം ഒരുക്കും.
***
SK