Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2015 നവംബര്‍ 30നു പാരീസില്‍ ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് സി.ഒ.പി.21ന്റെ ഉദ്ഘാടനസമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി നടത്തിയ പ്രസംഗം

2015 നവംബര്‍ 30നു പാരീസില്‍ ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് സി.ഒ.പി.21ന്റെ ഉദ്ഘാടനസമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി നടത്തിയ പ്രസംഗം

2015 നവംബര്‍ 30നു പാരീസില്‍ ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് സി.ഒ.പി.21ന്റെ ഉദ്ഘാടനസമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി നടത്തിയ പ്രസംഗം

2015 നവംബര്‍ 30നു പാരീസില്‍ ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് സി.ഒ.പി.21ന്റെ ഉദ്ഘാടനസമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി നടത്തിയ പ്രസംഗം


പ്രസിഡന്റ് ഒലാന്ദെ, വിശിഷ്ട വ്യക്തികളെ, വ്യവസായ പ്രമുഖരെ,

ഫ്രഞ്ച് ജനതയ്ക്ക് ഒരിക്കല്‍ കൂടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ക്കു തുടക്കമിടട്ടെ. ഏറ്റവും വിഷമകരമായ സമയത്ത് മികവാര്‍ന്ന നിലയില്‍ ആതിഥ്യമരുളിയതിനുള്ള ആദരവ് അറിയിക്കുന്നു.

സൗരോര്‍ജസമ്പത്തുള്ള രാഷ്ട്രങ്ങളുടെ രാജ്യാന്തര കൂട്ടായ്മയെന്ന എന്റെ ഏറെ നാളത്തെ സ്വപ്‌നത്തിന് ഉടനടി പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ട് വളരെയധികം താല്‍പര്യത്തോടെയാണ് പ്രസിഡന്റ് ഒലാന്ദെ പ്രതികരിച്ചത്.
കാലാവസ്ഥാവ്യതിയാനത്തില്‍ നിര്‍ണായക പങ്കുള്ള ആഗോള സമ്മേളനത്തിന്റെ ഉദ്ഘാടനദിവസം കൂടിയാണിന്ന് എന്നോര്‍ക്കണം.

ഏതായാലും, ഓരോ ഘട്ടത്തിലും പിന്തുണച്ചതിനും ഇരുരാജ്യങ്ങളും ചേര്‍ന്ന് ഈ ഉദ്ഘാടനസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കാനുള്ള തീരുമാനം കൈക്കൊണ്ടതിനും ഞാന്‍ ഫ്രഞ്ച് പ്രസിഡന്റിനോട് കടപ്പെട്ടിരിക്കുന്നു.

കാലാതിവര്‍ത്തിയായ വിവേകത്തെക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള, പ്രകൃതിയെക്കുറിച്ചുള്ള ഉദ്ധരണികള്‍ ചേര്‍ത്തുള്ള പുസ്തകം തയ്യാറാക്കുക എന്ന ആശയത്തോടും അദ്ദേഹത്തിന്റെ പ്രതികരണം ക്രിയാത്മകമായിരുന്നു. ആ പുസ്തകത്തിന് അദ്ദേഹത്തൊടൊപ്പം ചേര്‍ന്ന് അവതാരികയെഴുതാന്‍ അവസരം ലഭിച്ചത് ഒരു അംഗീകാരമായാണു ഞാന്‍ കണക്കാക്കുന്നത്.

പ്രാചീനകാലം മുതല്‍ വിവിധ സംസ്‌കൃതികള്‍ സൂര്യനു സവിശേഷ സ്ഥാനമാണു നല്‍കിപ്പോന്നിട്ടുള്ളത്. ഇന്ത്യന്‍ പാരമ്പര്യമനുസരിച്ച് സൂര്യന്‍ എല്ലാവിധ ഊര്‍ജങ്ങളുടെയും സ്രോതസ്സാണ്. ഋഗ്വേദത്തില്‍ പറയുന്നത് ചലിക്കുന്നതും അല്ലാത്തതുമായ എല്ലാറ്റിന്റെയും ആത്മാവ് സൂര്യഭഗവാനാണെന്നാണ്. ഇന്ത്യയില്‍ ഏറെപ്പേര്‍ എല്ലാദിവസവും കാലത്ത് ഉണരുന്നതു തന്നെ സൂര്യനെ പ്രാര്‍ഥിച്ചുകൊണ്ടാണ്.

ഊര്‍ജസ്രോതസ്സുകളും അമിത വ്യവസായവല്‍ക്കരണവും ഈ ഗ്രഹത്തെ നാശത്തിലെത്തിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഭാവിയിലെ ഊര്‍ജത്തിനായി ലോകം സൂര്യനിലേക്കു തിരിയേണ്ടയിരിക്കുന്നു.

വികസ്വരലോകം നൂറുകണക്കിനു കോടി ജനങ്ങളെ അഭിവൃദ്ധിയിലേക്കു കൈപിടിച്ചുയര്‍ത്തുമ്പോള്‍, അതിജീവനശേഷിയുള്ള ഭൂമിയെക്കുറിച്ചു നാം വച്ചുപുലര്‍ത്തുന്ന പ്രതീക്ഷകള്‍ ഒരു ധീരമായ ആഗോള മുന്നേറ്റത്തെ ആശ്രയിച്ചാണിരിക്കുന്നത്.

അതുവഴി വികസ്വര രാഷ്ട്രങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ കാര്‍ബണ്‍ സ്‌പേസ് വികസിത രാഷ്ട്രങ്ങള്‍ നീക്കിവെക്കുന്ന സാഹചര്യമുണ്ടാകും. കാലാവസ്ഥയുടെ കാര്യത്തിലുള്ള സ്വാഭാവികമായ നീതി മാത്രമാണിത്.

സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി, ഊര്‍ജം എന്നിവയുടെ സംഗമമാവണം നമ്മുടെ ഭാവിയെ നിര്‍ണയിക്കുന്നത്.

ഭൂരിഭാഗം മനുഷ്യരും വര്‍ഷം മുഴുവന്‍ ആവശ്യത്തിനു സൂര്യപ്രകാശം കൊണ്ട് അനുഗൃഹീതരാണ്. എങ്കിലും, പലര്‍ക്കും ആവശ്യത്തിന് ഊര്‍ജസ്രോതസ്സുകളില്ല.

അതാണ് ഈ കൂട്ടായ്മയെ പ്രധാനപ്പെട്ടതാക്കിത്തീര്‍ക്കുന്നത്.
ലഭ്യത എളുപ്പമാക്കിയും ആശ്രയിക്കാവുന്നതും ചെലവു കുറഞ്ഞതുമാക്കിത്തീര്‍ത്തും നമുക്ക് നമ്മുടെ വീടുകളിലേക്കു മാത്രമല്ല, ജീവിതത്തിലേക്കുതന്നെ സൗരോര്‍ജം ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു.
ഗവേഷണത്തിലും പുതുമയുടെ വഴികള്‍ തേടുന്നതിലും നമുക്കു സഹകരിച്ചുനീങ്ങാം. അറിവും ഫലപ്രദമായ പ്രവര്‍ത്തനരീതികളും നമുക്കു പങ്കുവയ്ക്കാം.

പരിശീലനം നല്‍കുന്നതിനും ഈ രംഗത്തു സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും യോജിച്ചു പ്രവര്‍ത്തിക്കാം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും പൊതുമാനദണ്ഡങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാം.

സൗരോര്‍ജമേഖലയിലേക്കു നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമിക്കുകയും ഈ രംഗത്തു സംയുക്ത സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും പണം കണ്ടെത്താനുള്ള പുതുമയാര്‍ന്ന മാര്‍ഗങ്ങള്‍ തേടുകയും വേണം.

പുനരുപയോഗിക്കാവുന്ന ഊര്‍ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു രാജ്യാന്തര മുന്നേറ്റങ്ങളുമായി നമുക്കു സഹകരിക്കാം.

സൗരോര്‍ജത്തിന്റെ കാര്യത്തില്‍ ഒരു വിപ്ലവം തന്നെ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. സാങ്കേതികവിദ്യ ഉരുത്തിരിഞ്ഞുവരികയാണ്; ചെലവു കുറഞ്ഞു വരികയാണ്; ശൃംഖലാസംവിധാനം മെച്ചപ്പെട്ടുവരികയുമാണ്.

ശുദ്ധമായ ഊര്‍ജത്തിന്റെ പ്രാപഞ്ചികലഭ്യതയെന്ന സ്വപ്‌നത്തിലേക്കു നാം നടന്നടുക്കുകയാണ്.

ഇന്ത്യക്കിപ്പോള്‍ 4 ജി.ഡബ്ല്യു. സൗരോര്‍ജം ഉപയോഗപ്പെടുത്താനുള്ള സംവിധാനമുണ്ട്. ഇത് 2022 ആകുമ്പോഴേക്കും 100 ജി.ഡബ്ല്യു. വര്‍ധിപ്പിക്കുകയാണു ലക്ഷ്യം. അടുത്ത വര്‍ഷം അവസാനത്തോടെ 12 ജി.ഡബ്ല്യു. അധികമായി ഉപയോഗപ്പെടുത്താന്‍ സാധിക്കും.

സൗരോര്‍ജത്തിന്റെ കാര്യത്തില്‍ വ്യവസായലോകം പകരുന്ന പിന്തുണ എന്നെ ആഹ്ലാദവാനാക്കുന്നു. ശുദ്ധമായ ഊര്‍ജം എല്ലാവര്‍ക്കും ലഭ്യമാകുന്ന സാഹചര്യമുണ്ടായാല്‍ അത് അതിരില്ലാത്ത സാമ്പത്തിക സാധ്യതകള്‍ സൃഷ്ടിക്കും. ഈ നൂറ്റാണ്ടിന്റെ പുതിയ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ മറ്റൊന്നായിരിക്കില്ല താനും

ഈ സഖ്യം ചേരല്‍ വികസിത രാഷ്ട്രങ്ങളെയും വികസ്വര രാഷ്ട്രങ്ങളെയും ഒന്നിപ്പിക്കുന്ന, ഗവണ്‍മെന്റുകളെയും വ്യവസായങ്ങളെയും ഒന്നിപ്പിക്കുന്ന, പരീക്ഷണശാലകളെയും സ്ഥാപനങ്ങളെയും ഒന്നിപ്പിക്കുന്ന ഒരു പൊതുസംരംഭമാണ്.

ഈ മുന്നേറ്റത്തിന്റെ ആസ്ഥാനം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോളാര്‍ എനര്‍ജിയുടെ പരിസരത്തു സജ്ജമാക്കുന്നതിനു സൗകര്യമൊരുക്കാന്‍ ഇന്ത്യ തയ്യാറാണ്. അതിനായി സ്ഥലം ലഭ്യമാക്കുകയും സെക്രട്ടേറിയറ്റിന്റെ അടിസ്ഥാനസൗകര്യവികസനത്തിനായി മൂന്നു കോടി യു.എസ്. ഡോളര്‍ സംഭാവന നല്‍കുകയും ചെയ്യാം.

ആദ്യത്തെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനത്തിനു വേണ്ട എല്ലാ സഹായങ്ങളും നല്‍കാം. ലക്ഷ്യത്തിലേക്കെത്താനാവശ്യമായ പണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ കണ്ടെത്താന്‍ നമുക്കു വഴികള്‍ തേടാം.

ഇതു നവപ്രതീക്ഷയുടെ സൂര്യകിരണങ്ങള്‍ ഉയരുന്ന ദിനമാണ്- ശുദ്ധമായ ഊര്‍ജത്തിനു വേണ്ടി മാത്രമല്ല, അത് ഇപ്പോഴും ഇരുട്ടില്‍ കഴിയുന്ന ഗ്രാമങ്ങള്‍ക്കും വീടുകള്‍ക്കും വേണ്ടി കൂടിയുള്ളതാണ്; സൂര്യന്റെ മഹിമയെക്കുറിച്ചുള്ള യഥാര്‍ഥ കാഴ്ചപ്പാടില്‍ പ്രഭാപൂരിതമായ നമ്മുടെ പ്രഭാതങ്ങള്‍ക്കും സായാഹ്നങ്ങള്‍ക്കുമുള്ളതാണ്.