പിഎം ഇന്ത്യ
വിശിഷ്ട വ്യക്തിത്വങ്ങളേ,
താന് കാണുവാനിടയില്ലാത്ത ലോകത്തെക്കുറിച്ചും ഒരാള്ക്ക് കരുതല് ഉണ്ടായിരിക്കണമെന്ന് മഹാത്മാഗാന്ധി ഒരിക്കല് പറഞ്ഞു. ലോകത്തോടുള്ള കടമയും, ഭാവിയോടുള്ള ഉത്തരവാദിത്തവും ഉദയം ചെയ്തതോടു കൂടിയാണ് മനുഷ്യരാശി പുരോഗതി പ്രാപിച്ചത്. ഒരു ദുരന്തപൂര്ണ്ണമായ യുദ്ധത്തിനും, ഒരു നവപ്രതീക്ഷയുടെ പിറവിയ്ക്കും എഴുപതു വര്ഷങ്ങള്ക്കു ശേഷം, മാനവരാശിയ്ക്കും, നമ്മുടെ ഭൂമിയ്ക്കും വേണ്ടി നാം സമ്മേളിക്കുകയാണ്. പരമപ്രധാനമായ ഒരു സമ്മേളനമാണിതെന്ന് ഞാന് കരുതുന്നു, ഇത് വിളിച്ചു ചേര്ത്തതിന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന് നന്ദി രേഖപ്പെടുത്തുന്നു.
അജണ്ട 2030 ന് പിന്നിലെ കാഴ്ചപ്പാട് മഹത്തരമാണെന്ന പോലെ ലക്ഷ്യങ്ങള് സുഗ്രഹവുമാണ്. കഴിഞ്ഞ ദശകങ്ങളില് സാക്ഷ്യം വഹിച്ച പ്രശ്നങ്ങള്ക്കാണത് പ്രാധാന്യം നല്കുന്നത്. ജീവിതത്തെ നിര്ണ്ണയിക്കുന്ന തരം സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി ബന്ധങ്ങള് സംബന്ധിച്ച ധാരണകളെ അത് പ്രതിഫലിപ്പിക്കുന്നു. മുന്പില്ലാത്തവണ്ണം സമൃദ്ധമായ, എന്നാല് പറഞ്ഞറിയിക്കാനാകാത്തവിധം ക്ലേശകരമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
ദാരിദ്ര നിര്മാര്ജ്ജനമാണ് നമ്മുടെ മുഖ്യലക്ഷ്യം. 1.3 ബില്യണ് ദരിദ്രരുടെ ആവശ്യങ്ങളെ അഭിസംബോധന ചെയ്യേണ്ടത് അവരുടെ നിലനില്പ്പിനെക്കുറിച്ചോ, അന്തസ്സിനെക്കുറിച്ചോ, നമ്മുടെ ധാര്മിക ഉത്തരവാദിത്തത്തെക്കുറിച്ചോ മാത്രമുള്ള ചോദ്യമല്ല. സമാധാനപൂര്ണ്ണവും, നിലനില്ക്കുന്നതും, നീതിയുക്തവുമായ ലോകം ഉറപ്പു വരുത്തേണ്ടത് സുപ്രധാനമായ ഒരാവശ്യമാണ്. ദരിദ്രരുടെ ക്ഷേമമായിരുന്നു മഹാനായ ശ്രീ ദീന് ദയാല് ഉപാധ്യായയുടെ ചിന്തകളുടെ കേന്ദ്രസ്ഥാനം. 2030 അജണ്ടയിലും ഇതു തന്നെ നമുക്ക് കാണാനാവും. പണ്ഡിറ്റ് ദീന് ദയാല് ഉപാധ്യായയുടെ നൂറാം ജന്മവാര്ഷികാഘോഷം ഇന്നു തന്നെയാണ് ആരംഭിക്കുന്നതെന്നത് സന്തോഷകരമായ മറ്റൊരു ആകസ്മികതയാണ്.
സാമ്പത്തിക വളര്ച്ച, വ്യവസായവത്കരണം, അടിസ്ഥാനസൗകര്യങ്ങള്, ഊര്ജ്ജലഭ്യത, എന്നിവ വികസനത്തിന് അടിസ്ഥാനമൊരുക്കുന്നു. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര ഉപഭോഗം തുടങ്ങിയ പാരിസ്ഥിതിക ലക്ഷ്യങ്ങള്ക്കു നല്കുന്ന പ്രാധാന്യത്തെ സ്വാഗതം ചെയ്യുന്നു. സമുദ്ര ആവാസവ്യവസ്ഥയെക്കുറിച്ചുള്ള പ്രത്യേക ലക്ഷ്യം വെല്ലുവിളികളും, അവസരങ്ങളും സംബന്ധിച്ച അതിന്റെ സവിശേഷ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ദ്വീപുരാഷ്ട്രങ്ങളുടെ ഭാവിയിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുവെന്നതും തുല്യരീതിയില് പ്രധാനമാണ്.
മത്സ്യസമ്പത്തിന്റെ സമൃദ്ധിയും, സുസ്ഥിര ഉപഭോഗവുമുള്പ്പെടെയുള്ള നീല വിപ്ലവത്തെക്കുറിച്ച് ഞാന് പറയുന്നു. ഇന്ത്യയുടെ വികസന അജണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങള് പ്രതിഫലിപ്പിക്കുന്നതാണ്. ഇന്ത്യയില് നിന്നും ദാരിദ്ര്യം നിര്മാര്ജ്ജനം ചെയ്യുകയെന്ന സ്വപ്നം സ്വാതന്ത്ര്യത്തിനു മുന്പ് ഞങ്ങള്ക്കുണ്ടായിരുന്നു. ദരിദ്രരെ ശാക്തീകരിക്കുന്നതിലൂടെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യുകയെന്നതായിരുന്നു ഞങ്ങള് സ്വീകരിച്ച മാര്ഗ്ഗം. വിദ്യാഭ്യാസത്തിനും ശേഷീ വികസനത്തിനും ഞങ്ങള് പ്രാധാന്യം നല്കി.
വികസനത്തിനുള്ള വ്യവസ്ഥാപിത പദ്ധതികള് വിപൂലീകരിക്കുന്നതിനോടൊപ്പം, വിദൂര സ്വപ്നങ്ങളെ സാധ്യതകളാക്കുന്നതിനായി, ശാക്തീകരണത്തിന്റെയും, ഉള്പ്പെടുത്തലിന്റെയും നവയുഗം സൃഷ്ടിക്കുന്നതും ദാരിദ്ര്യത്തെ ചെറുക്കുന്നതില് ഉള്പ്പെടുന്നു. 180 ദശലക്ഷം പേര്ക്ക് പുതിയ ബാങ്ക് അക്കൗണ്ട്, നേരിട്ടുള്ള ആനുകൂല്യ വിതരണം, എല്ലാവര്ക്കും ഇന്ഷ്വറന്സ്, പെന്ഷന് എന്നിവ ഇതിലുള്പ്പെടുന്നു. ലോകം സ്വകാര്യ മേഖലയെക്കുറിച്ചും, പൊതു മേഖലയെക്കുറിച്ചും സംസാരിക്കുന്നു. വ്യക്തിഗത സംരംഭങ്ങളും, മൈക്രോ, മൈക്രോ ഫിനാന്സ് സംരംഭങ്ങളുമുള്പ്പെട്ട പേഴ്സണല് മേഖലയെ ഞങ്ങള് ഇന്ത്യയില് നിര്വചിച്ചു. ഡിജിറ്റല്, മൊബൈല് ആപ്ലിക്കേഷനുകളുടെ ശക്തി പേഴ്സണല് മേഖലയ്ക്കായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
ഭവനം, ഊര്ജ്ജം, ജലം, ശുചിത്വം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിലാണ് ഞങ്ങള് ശ്രദ്ധ പതിപ്പിക്കുന്നത്. ക്ഷേമത്തിനു മാത്രമല്ല പ്രാധാന്യം, മനുഷ്യരുടെ അന്തസ്സിനുമുണ്ട്. അവ പ്രതീക്ഷകളുടെ മരീചികയല്ല, കൃത്യമായ തീയതികളോട് കൂടിയ ലക്ഷ്യങ്ങളാണ്. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ടതാണ് ഞങ്ങളുടെ വികസനം. പെണ്കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്ന ബൃഹത് പദ്ധതിയിലൂടെ അത് ആരംഭിക്കുകയും, എല്ലാ കുടുംബങ്ങളും അതില് പങ്കാളികളാവുകയും ചെയ്യുന്നു.
ഞങ്ങള് കൃഷി സ്ഥലങ്ങളെ കൂടുതല് ഉത്പാദനക്ഷമവും, വിപണിബന്ധിതവുമാക്കുന്നു. കര്ഷകരെ പ്രകൃതിദുരന്തത്തിന് എളുപ്പത്തില് വിധേയരാകാത്തവരാക്കുന്നു. നിര്മാണ രംഗത്തെ നവീകരിക്കുകയും, സേവനരംഗത്തെ മെച്ചപ്പെടുത്തുകയും, അടിസ്ഥാനസൗകര്യ പദ്ധതികളില് നിക്ഷേപം വര്ദ്ധിപ്പിക്കുകയും, സ്മാര്ട്ട് നഗരങ്ങള് നിര്മിക്കുകയും ചെയ്യുന്നു.
അഭിവൃദ്ധിയിലേക്കുള്ള സുസ്ഥിരപാതയ്ക്ക് നാം പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ പാരമ്പര്യത്തിന്റെയും, സംസ്കാരത്തിന്റെയും ചോദനകളില് നിന്നാണത് വരുന്നത്. പക്ഷെ, ഭാവിയ്ക്കു വേണ്ട നിശ്ചയദാര്ഢ്യത്തിലാണ് അത് വേരുറപ്പിച്ചിരിക്കുന്നത്. ഭൂമിയെ, ഭൂമി മാതാവ് എന്ന് വിളിക്കുന്ന സംസ്കാരത്തെയാണ് ഞങ്ങള് പ്രതിനിധീകരിക്കുന്നത്. ശുദ്ധമായിരിക്കുന്ന, ഭൂമി മാതാവിനു വേണ്ടി, നമ്മള് ആ അമ്മയുടെ മക്കളാണ് എന്ന് ഞങ്ങളുടെ പുരാതന ഗ്രന്ഥത്തില് പറയുന്നു.
വരുന്ന ഏഴ് വര്ഷത്തിനുള്ളില് പുനസൃഷ്ടിക്കാവുന്ന ഊര്ജ്ജ രംഗത്ത് 175 ജിഗാവാട്ട് ശേഷി നേടുക, ഊര്ജ്ജക്ഷമത, കല്ക്കരി നികുതി, വനവത്കരണം, ഗതാഗത പരിഷ്കരണം, നഗര, നദീ ശുചീകരണം എന്നിവയ്ക്കുള്ള ദേശീയ പദ്ധതികള് ഫലപ്രാപ്തി ലക്ഷ്യമിട്ടുള്ളതാണ്. മനുഷ്യരാശിയുടെ ആറിലൊന്നിന്റെ സുസ്ഥിര വികസനം ലോകത്തിലും, ഭൂമിയിലും മഹത്തായ അനന്തരഫലങ്ങള് സൃഷ്ടിക്കും. കുറച്ച് വെല്ലുവിളികളും, കൂടുതല് പ്രതീക്ഷകളുമുള്ള ഒരു ലോകമായിരിക്കുമത്, വിജയത്തില് കൂടുതല് ആത്മവിശ്വാസമതിനുണ്ടാകും.
സുഹൃത്തുക്കളുമായി വിജയം പങ്കുവയ്ക്കാന് കൂടുതല് വിഭവങ്ങള് അത് ഞങ്ങള്ക്ക് നല്കും. ലോകത്തെ ഒരു കുടുംബമായി കാണുകയെന്ന ഇന്ത്യയുടെ പൗരാണിക കാഴ്ചപ്പാട് പോലെ. ഇന്ത്യയിപ്പോള് ഏഷ്യയിലെയും, ആഫ്രിക്കയിലെയും രാജ്യങ്ങളുടെയും, പസഫിക് മുതല് അറ്റലാന്റിക് വരെയുള്ള ദ്വീപു രാഷ്ട്രങ്ങളുടെയും ഒപ്പം വികസനത്തില് പങ്കാളിയായി നിന്ന് സ്വന്തം കടമ നിറവേറ്റുകയാണ്. സുസ്ഥിര വികസനത്തിനായി രാഷ്ട്രങ്ങള്ക്ക് ദേശീയ ഉത്തരവാദിത്തങ്ങളുമുണ്ട്. അവയ്ക്കും നയങ്ങളില് ഇടം വേണം.
എന്നിരുന്നാലും, വികസനമാവട്ടേ, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ചെറുത്തു നില്പ്പാവട്ടേ, അന്താരാഷ്ട്ര പങ്കാളിത്തമാവണം പരിശ്രമങ്ങളുടെ കേന്ദ്രമെന്നതിനാലാണ് ഐക്യരാഷ്ട്രസഭയില് ഇന്ന് എത്തിച്ചേര്ന്നിരിക്കുന്നത്. പൊതു ചുമതലകളും, പ്രത്യേക ചുമതലകളുമാണ് സംയുക്ത സംരംഭങ്ങളുടെ ആധാരശില.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് മാത്രം സംസാരിക്കുമ്പോള് ജീവിത ശൈലിയില് സുഖങ്ങള് തേടുന്ന നമ്മുടെ ആഗ്രഹം അതിലുണ്ട്. കാലാവസ്ഥാ നീതിയെക്കുറിച്ച് പറയുമ്പോള് പ്രകൃതി ദുരന്തങ്ങളില് നിന്നും ദരിദ്രരുടെ ഭാവി സുരക്ഷിതമാക്കുന്ന സംവേദാനാത്മകതയെ നാം വെളിപ്പെടുത്തുന്നു. നമ്മുടെ ലക്ഷ്യങ്ങള് നേടിയെടുക്കാന് സഹായിക്കുന്ന പരിഹാര മാര്ഗ്ഗങ്ങളില് ശ്രദ്ധ പതിപ്പിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതില് പരമപ്രധാനമാണ്.
ചെലവു കുറഞ്ഞതും, ശുദ്ധവും, പുനസൃഷ്ടിക്കാവുന്നതുമായ ഊര്ജ്ജം എല്ലാവരിലുമെത്തിക്കാന് വേണ്ട നൂതനരീതികളും, സമ്പത്തും, സാങ്കേതികവിദ്യയും നാം ആഗോള സഹകരണത്തിലൂടെ രൂപപ്പെടുത്തണം. ഊര്ജ്ജത്തെ കുറച്ചു മാത്രം ആശ്രയിക്കുന്നതും, സുസ്ഥിരമായ ഉപഭോഗത്തിന് പ്രാധാന്യം നല്കുന്നതുമായ വിധത്തില് നാം ജീവിതശൈലിയില് മാറ്റം വരുത്തണം. പ്രകൃതിയെ സംരക്ഷിക്കുന്നതിനും, പരിപാലിക്കുന്നതിനും പുതുതലമുറയെ തയ്യാറെടുപ്പിക്കുന്നതിനായി ആഗോള വിദ്യാഭ്യാസ പദ്ധതികള് തയ്യാറാക്കുന്നതും പ്രധാനമാണ്.
വികസിത ലോകം വികസനത്തിനും, കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുമുള്ള സാമ്പത്തിക ഉത്തരവാദിത്തം പരസ്പരം കൂടിക്കലരാതെ നിറവേറ്റുമെന്ന് ഞാന് പ്രതീക്ഷിക്കുന്നു. സാങ്കേതിക വിദ്യയും, നൂതനാശയങ്ങളും പൊതുജനനന്മയ്ക്കുള്ള കാര്യക്ഷമമായ മാര്ഗ്ഗമാക്കി മാറ്റാനാവുമെന്നും ഞാന് പ്രതീക്ഷിക്കുന്നു. വെല്ലുവിളികള്ക്ക് ദൂരമൊരു പ്രശ്നമല്ല. വിദൂര സ്ഥലങ്ങളിലെ അടിച്ചമര്ത്തലുകളിലൂടെയും, സംഘട്ടനങ്ങളിലൂടെയും അവ ഉദയം ചെയ്യും. അതിനാല് അന്താരാഷ്ട്ര പങ്കാളിത്തങ്ങള് സഹജീവികളോടുള്ള ഐക്യദാര്ഢ്യമാക്കി മാറ്റണം.
സുരക്ഷാ സഭയുള്പ്പെടെ ഐക്യരാഷ്ട്രസഭ പരിഷ്കരിക്കേണ്ടതുണ്ട്. കൂടുതല് കാര്യക്ഷമതയും, വിശ്വാസ്യതയും, പ്രാതിനിധ്യ സ്വഭാവവും അതിലൂടെ നേടിയെടുക്കാനാവും. എല്ലാവര്ക്കും സുരക്ഷയും, അവസരവും, അന്തസ്സും ലഭിക്കുന്ന ഭാവിയിലേക്ക് പ്രവേശിക്കാന് ലോകത്തെ രൂപപ്പെടുത്തുന്നതിലും വലിയ മറ്റൊരു ലക്ഷ്യമില്ല. വരും തലമുറയ്ക്കായി നാം നമ്മുടെ പരിസ്ഥിതിയെ മെച്ചപ്പെട്ട രൂപത്തിലാക്കി മാറ്റും. അതിനേക്കാള് വെല്ലുവിളിയുയര്ത്തുന്ന മറ്റൊരു ലക്ഷ്യമില്ല. ആ ലക്ഷ്യം നേടിയെടുക്കാനാവുമെന്ന് എനിക്കുറപ്പുണ്ട്.
എല്ലാവരുടെയും നന്മയിലുള്ള എന്റെ ശുഭപ്രതീക്ഷ വെളിപ്പെടുത്താനായി ഞങ്ങളുടെ പൗരാണിക ഗ്രന്ഥത്തിലെ ചില വരികള് ഉദ്ധരിക്കട്ടേ.. “എല്ലാവര്ക്കും സന്തോഷമുണ്ടാകട്ടേ, എല്ലാവര്ക്കും ക്ഷേമമുണ്ടാകട്ടേ, ആര്ക്കും ദുഖമുണ്ടാകാതിരിക്കട്ടേ”
നന്ദി
My speech at the @UN. http://t.co/ltNznpXEIS #UNGA
— Narendra Modi (@narendramodi) September 25, 2015