Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

23,731 കോടി രൂപ വകയിരുത്തി, കംപ്രസ്സ്ഡ് ബയോഗ്യാസിനായുള്ള ഇന്ത്യയുടെ ദേശീയ ഏകീകൃത പദ്ധതിയായ ‘ഗോബർധന്’ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം, 23,731 കോടി രൂപ ആകെ വകയിരുത്തി, ദേശീയ ചാക്രിക  ജൈവ ഇന്ധന പദ്ധതിയായ ‘ഗോബർധൻ’ അംഗീകരിച്ചു.

ഇന്ത്യയുടെ ശുചിത്വ ഊർജ്ജ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഗോബർധൻ. രാജ്യത്ത് ധാരാളമായി ലഭ്യമായ കാർഷിക അവശിഷ്ടങ്ങൾ, ചാണകം, പ്രസ്സ് മഡ്, നഗരങ്ങളിലെ ജൈവമാലിന്യങ്ങൾ, മറ്റ് ബയോമാസ് വിഭവങ്ങൾ എന്നിവയെ ശുദ്ധമായ ഇന്ധനം, ജൈവവളം, ഗ്രാമീണ വരുമാനം, ദേശീയ സാമ്പത്തിക മൂല്യം എന്നിവയാക്കി മാറ്റാൻ ഇത് സഹായിക്കും.

2026-27 സാമ്പത്തിക വർഷം മുതൽ 2035-36 സാമ്പത്തിക വർഷം വരെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത് കംപ്രസ്സ്ഡ് ബയോഗ്യാസിനെ (CBG) ഇന്ത്യയുടെ ഭാവി ഊർജ്ജ മിശ്രിതത്തിന്റെ ഒരു പ്രധാന സ്തംഭമായി പ്രതിഷ്ഠിക്കും.

ഉറപ്പായ ആവശ്യകത, ലാഭകരവും സ്ഥിരവുമായ വിലനിർണ്ണയം, മൂലധന സഹായം, പൈപ്പ്‌ലൈൻ അടിസ്ഥാന സൗകര്യങ്ങൾ, വായ്പാ പിന്തുണ, സാങ്കേതിക വികസനം എന്നിവയിലൂടെ, ഇന്ത്യയിലെ സി.ബി.ജി (CBG) മേഖലയെ ദേശീയ തലത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ ശക്തവും കൃത്യവുമായ ചട്ടക്കൂട് ഗോബർധൻ നൽകും.

ആഭ്യന്തര കംപ്രസ്സ്ഡ് ബയോഗ്യാസ് (CBG) ഉൽപ്പാദനം പത്തിരട്ടിയോളം വർദ്ധിപ്പിക്കാനും, വൻതോതിലുള്ള സ്വകാര്യ നിക്ഷേപം ആകർഷിക്കാനും, രാജ്യത്തുടനീളം കരുത്തുറ്റ ചാക്രിക  ജൈവ സമ്പദ് വ്യവസ്ഥ  സൃഷ്ടിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

ഗവൺമെൻ്റിൻ്റെ  വ്യക്തമായ കാഴ്ചപ്പാടാണ് ഇത് പ്രതിഫലിപ്പിക്കുന്നത്:

* ഇന്ത്യയുടെ മാലിന്യം ഇന്ത്യയുടെ വളർച്ചയ്ക്ക് ഇന്ധനമാകും.

* ഇന്ത്യയുടെ ഗ്രാമങ്ങൾ ശുചിത്വ ഊർജ്ജ ഉൽപ്പാദന കേന്ദ്രങ്ങളായി മാറും.

* ഇന്ത്യയുടെ കർഷകർ രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയിൽ പങ്കാളികളാകും.

ശക്തമായ അടിത്തറയിൽ നിന്ന് ദേശീയ തലത്തിലേക്ക്:

കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ‘സറ്റാറ്റ്’ (SATAT – Sustainable Alternative Towards Affordable Transportation) ഉദ്യമം, ജൈവവളങ്ങൾക്കുള്ള മാർക്കറ്റ് ഡെവലപ്‌മെന്റ് അസിസ്റ്റൻസ് (MDA) പദ്ധതി, ബയോമാസ് അഗ്രിഗേഷൻ മെഷിനറി (BAM) പദ്ധതി, ഡെവലപ്‌മെന്റ് ഓഫ് പൈപ്പ്‌ലൈൻ ഇൻഫ്രാസ്ട്രക്ചർ (DPI) പദ്ധതി, ദേശീയ ബയോഎനർജി പ്രോഗ്രാമിന് കീഴിലുള്ള സി.ബി.ജി (CBG) പ്ലാന്റുകൾക്കുള്ള കേന്ദ്ര സാമ്പത്തിക സഹായം (CFA) എന്നിവയിലൂടെ കേന്ദ്ര ഗവൺമെൻറ്  സി.ബി.ജി. മേഖലയുടെ അടിത്തറ വ്യവസ്ഥാപിതമായി നിർമ്മിച്ചെടുത്തിട്ടുണ്ട്.

ഈ ഉദ്യമങ്ങളെല്ലാം ചേർന്ന് 200-ലധികം സി.ബി.ജി. പ്ലാന്റുകൾ പ്രവർത്തനം ആരംഭിക്കുന്നതിനും, ഉൽപ്പാദന-വിതരണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും, ജൈവവള മൂല്യശൃംഖല ശക്തിപ്പെടുത്തുന്നതിനും വിവിധ വിഭവങ്ങളിലൂടെയും ഭൂപ്രദേശങ്ങളിലൂടെയും സി.ബി.ജിയുടെ സാധ്യതകൾ തെളിയിക്കുന്നതിനും സഹായിച്ചു.

ഗോബർധൻ ഇപ്പോൾ ഈ പുരോഗതിയെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്നു. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം നടപ്പിലാക്കുന്ന ഈ പദ്ധതി, മുഴുവൻ സി.ബി.ജി. മൂല്യശൃംഖലയെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ഒരു സംയോജിത തലം സൃഷ്ടിക്കുന്നു. ഇത് വേഗത്തിലുള്ള നടത്തിപ്പിനും, പദ്ധതികളുടെ സാമ്പത്തിക ഭദ്രതയ്ക്കും, നിക്ഷേപകർ, വായ്പാ ദാതാക്കൾ, ഡെവലപ്പർമാർ എന്നിവർക്ക് കൂടുതൽ നിശ്ചയദാർഢ്യം നൽകുന്നതിനും വഴിയൊരുക്കും.

ഇന്ത്യയ്ക്ക് ഒരു തന്ത്രപ്രധാനമായ അവസരം:

ഗതാഗതം, ഗാർഹികം, വ്യവസായം, വാണിജ്യം എന്നീ മേഖലകളിലുടനീളം ഇന്ത്യയുടെ പ്രകൃതിവാതക ആവശ്യകത വർദ്ധിച്ചുവരികയാണ്. ആഭ്യന്തര പുനരുപയോഗ ഉൽപ്പാദനത്തിലൂടെ ഈ വർദ്ധിച്ചുവരുന്ന ആവശ്യകതയുടെ വലിയൊരു പങ്ക് നിറവേറ്റാനും, ഊർജ്ജ പ്രതിരോധശേഷി ശക്തിപ്പെടുത്താനും, ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സി.ബി.ജി. വഴി സാധിക്കും.

സി.ബി.ജി. രാസപരമായി പ്രകൃതിവാതകത്തിന് തുല്യമാണ്; അതിനാൽ നിലവിലുള്ള ഗ്യാസ് ശൃംഖലയിലേക്ക് ഇതിനെ എളുപ്പത്തിൽ സംയോജിപ്പിക്കാൻ കഴിയും. അങ്ങനെ ഒരു പുനരുപയോഗ ഇന്ധനത്തിന്റെ നേട്ടങ്ങളും, ഇന്ത്യയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഗ്യാസ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും ഉപയുക്തതയും തമ്മിൽ ഇത് സമന്വയിപ്പിക്കുന്നു.

ഓരോ സി.ബി.ജി. പ്ലാന്റും കാർഷിക അവശിഷ്ടങ്ങൾ, ചാണകം, മറ്റ് ജൈവവിഭവങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി പ്രാദേശികമായി ഒരു ചാക്രിക സമ്പദ് വ്യവസ്ഥ  (വൃത്താകൃതിയിലുള്ള സാമ്പത്തിക വ്യവസ്ഥ) സൃഷ്ടിക്കുന്നു. ഇത് കൂടുതൽ ശുചിത്വമുള്ള മാലിന്യ സംസ്കരണത്തിനും ഹരിതഗൃഹ വാതക ഉദ്‌വമനം  കുറയ്ക്കുന്നതിനും സഹായിക്കുന്നതോടൊപ്പം, അസംസ്‌കൃത വസ്തു വിതരണം, ഗതാഗതം, പ്ലാന്റ് പ്രവർത്തനം, ജൈവവള ഉൽപ്പാദനം എന്നിവയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

‘ഗോബർധൻ’ലൂടെയുള്ള  ആറ് വികസന ലക്ഷ്യങ്ങൾ 

ഘടകം 1: ഉറപ്പായ സി.ബി.ജി. വിപണനം 

ഉൽപ്പാദകർക്ക് വിശ്വസനീയവും കൃത്യവുമായ വിപണി ഉറപ്പാക്കുന്നതിനായി ഗോബർധൻ പദ്ധതി പ്രത്യേക ഉറപ്പായ സി.ബി.ജി. വിപണന ചട്ടക്കൂട് രൂപീകരിക്കുന്നു. സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) സ്ഥാപനങ്ങൾ വഴിയുള്ള സംഭരണം, സി.എൻ.ജി. (ഗതാഗതം), പി.എൻ.ജി. (ഗാർഹികം) മേഖലകളിൽ നിർദ്ദേശിച്ചിട്ടുള്ള സി.ബി.ജി. മിശ്രിത ലക്ഷ്യങ്ങൾ (2026-27 സാമ്പത്തിക വർഷത്തിൽ 3%, 2027-28 ൽ 4%, 2028-29 മുതൽ 5% വീതം) കൈവരിക്കാൻ സഹായിക്കും.

ഈ ചട്ടക്കൂട് ബ്ലെൻഡിംഗ് ബാധ്യതയെ വ്യവസായ മേഖലയ്ക്കുള്ള വ്യക്തമായ, ദീർഘകാല ആവശ്യകതയായി മാറ്റുന്നു. സി.ജി.ഡി. നെറ്റ്‌വർക്കുകളിലുടനീളം ഇത് കൃത്യമായി നടപ്പിലാക്കുന്നത് പദ്ധതികളുടെ വായ്പാ യോഗ്യത ഉയർത്താനും, ഉൽപ്പാദന ശേഷി പൂർണ്ണമായി പ്രയോജനപ്പെടുത്താനും, ദീർഘകാല സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

ഘടകം 2: സ്ഥിരമായ സി.ബി.ജി. വിലനിർണ്ണയ ചട്ടക്കൂട്

ഗവൺമെൻറ്  പിന്തുണയുള്ള വിലനിർണ്ണയ ചട്ടക്കൂടിലൂടെ എം.എം.ബി.ടി.യു ഒന്നിന് (MMBTU) 2,110 രൂപ എന്ന സ്ഥിരമായ സി.ബി.ജി. വില ഗോബർധൻ പദ്ധതി അവതരിപ്പിക്കുന്നു. ഗവൺമെൻ്റിൻ്റെ പിന്തുണയും വിപണി അധിഷ്ഠിത ചെലവ് പങ്കിടൽ സംവിധാനവും വഴി ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വില ഉറപ്പാക്കുന്നതോടൊപ്പം, ദീർഘകാല വരുമാന ലഭ്യതയും ഈ ചട്ടക്കൂട് നൽകുന്നു.

കുറഞ്ഞത് പത്ത് വർഷത്തെ കാലാവധിയുള്ള ഈ വിലനിർണ്ണയ ചട്ടക്കൂട്, ഉൽപ്പാദകർക്ക് സുസ്ഥിരമായ വരുമാനവും , വാണിജ്യപരമായി ആകർഷകമായ നേട്ടങ്ങളും, നിക്ഷേപത്തിനും ശേഷി വർദ്ധനവിനും അനുയോജ്യമായ അന്തരീക്ഷവും വാഗ്ദാനം ചെയ്യുന്നു.

ഘടകം 3: മൂലധന സഹായം 

അർഹതയുള്ള പുതിയ (Greenfield) സി.ബി.ജി. പ്രോജക്റ്റുകൾക്ക്, പ്രതിദിനം ഒരു ടൺ (TPD) ഉൽപ്പാദന ശേഷിക്ക് 2 കോടി രൂപ വരെ മൂലധന സഹായം ലഭിക്കും.

പ്രധാന പ്ലാന്റ് യന്ത്രസാമഗ്രികൾക്ക് പുറമെ, അസംസ്‌കൃത വസ്തു  ശേഖരണം, ജൈവവള സംസ്കരണം, മൂല്യവർദ്ധനവ് എന്നിവയുമായി ബന്ധപ്പെട്ട നിർണായക ഘടകങ്ങൾക്കും ഈ പിന്തുണ ലഭ്യമാണ്. ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്ന നിലവിലുള്ള (Brownfield) പ്രോജക്റ്റുകൾക്കും ഇതിന് അർഹതയുണ്ടായിരിക്കും.

ഈ ഘടകം പ്രാരംഭ മൂലധന ഭാരം കുറയ്ക്കാനും, പദ്ധതികളുടെ സാമ്പത്തിക അംഗീകാരം വേഗത്തിലാക്കാനും, സ്വകാര്യ ഡെവലപ്പർമാർ, ചെറുകിട ഇടത്തരം സംരംഭങ്ങൾ (MSME), സഹകരണ സംഘങ്ങൾ, ഗ്രാമീണ സംരംഭകർ എന്നിവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും സഹായിക്കും.

ഘടകം 4: പൈപ്പ്‌ലൈൻ അടിസ്ഥാന സൗകര്യ വികസനം

സി.ബി.ജി പ്ലാന്റുകളെ പ്രധാന ഗ്യാസ് പൈപ്പ്‌ലൈനുകളുമായും സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ശൃംഖലകളുമായും ബന്ധിപ്പിക്കുന്ന ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ളതും സ്വതന്ത്രവുമായ പൈപ്പ്‌ലൈൻ അടിസ്ഥാന സൗകര്യങ്ങളെ ഈ പദ്ധതി പിന്തുണയ്ക്കുന്നു. കൂടുതൽ പൈപ്പ്‌ലൈൻ കണക്റ്റിവിറ്റി ലഭിക്കുന്നത് വിതരണ ചെലവ് കുറയ്ക്കാനും, വിശ്വസനീയത വർദ്ധിപ്പിക്കാനും, വിപണി സാധ്യതകൾ വിപുലീകരിക്കാനും, ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന സി.ബി.ജിയുടെ ഉയർന്ന ഉപയോഗം സാധ്യമാക്കാനും സഹായിക്കും.

ഘടകം 5: ക്രെഡിറ്റ് ഗ്യാരന്റി പിന്തുണ

പ്രത്യേക ക്രെഡിറ്റ് ഗ്യാരന്റി സംവിധാനം വായ്പാ ദാതാക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, യോഗ്യരായ എം.എസ്.എം.ഇ (MSME) അധിഷ്ഠിത  സി.ബി.ജി പ്രോജക്റ്റുകളിലേക്കുള്ള ബാങ്ക് വായ്പകളുടെ ലഭ്യത ഉയർത്തുകയും ചെയ്യും.

വായ്പകളിലെ അപകട സാധ്യത  ഭാഗികമായി പങ്കിടുന്നതിലൂടെ, കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകൾ ലഭ്യമാക്കാനും, ഈടിന്റെ ആവശ്യകത കുറയ്ക്കാനും, പദ്ധതികളുടെ വേഗത്തിലുള്ള വികസനത്തെ പിന്തുണയ്ക്കാനും ഈ സംവിധാനത്തിന് സാധിക്കും.

ഇത് എം.എസ്.എം.ഇകൾ, വനിതാ സംരംഭകർ, പുതിയ ഡെവലപ്പർമാർ എന്നിവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും വിപുലവും മത്സരശേഷിയുള്ളതുമായ ഒരു സി.ബി.ജി വ്യവസായ മേഖല കെട്ടിപ്പടുക്കാൻ സഹായിക്കുകയും ചെയ്യും.

ഘടകം 6: സി.ബി.ജി ഇക്കോസിസ്റ്റം ചലഞ്ച് ഫണ്ട്

ജില്ലാതലത്തിലുള്ള നടത്തിപ്പ് വേഗത്തിലാക്കാനും സി.ബി.ജി ആവാസവ്യവസ്ഥിതിയി – ലുടനീളമുള്ള പ്രാദേശിക മൂല്യശൃംഖലകളെ ശക്തിപ്പെടുത്താനുമായി ഗോബർധൻ പദ്ധതി പ്രത്യേക ‘സി.ബി.ജി ഇക്കോസിസ്റ്റം ചലഞ്ച് ഫണ്ട്’ രൂപീകരിക്കുന്നു.

അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത വിലയിരുത്തുന്നതിനും മാപ്പിംഗിനും, അവയുടെ സംഭരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും, ജില്ലാതല സി.ബി.ജി വികസന പ്ലാനിംഗിനും, സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനും, പ്രക്രിയ മെച്ചപ്പെടുത്തലിനും, ജൈവവളത്തിന്റെ മൂല്യവർദ്ധനവിനും, ശേഷി വർദ്ധിപ്പിക്കുന്നതിനും, പങ്കാളികൾക്കിടയിൽ അവബോധം വളർത്തുന്നതിനും ഈ ഫണ്ട് പിന്തുണ നൽകും.

പ്രഭാവം :

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കെട്ടിപ്പടുത്ത ശക്തമായ മേഖലയിലെ അടിത്തറയെ, സി.ബി.ജിയുടെ (CBG) രാജ്യവ്യാപകമായ വിപുലീകരണമാക്കി മാറ്റാനാണ് ഗോബർധൻ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതിയിലൂടെ താഴെ പറയുന്നവ പ്രതീക്ഷിക്കുന്നു:

* സി.ബി.ജി ഉൽപ്പാദനത്തിൽ പത്തിരട്ടി വളർച്ച: ആഭ്യന്തര സി.ബി.ജി ഉൽപ്പാദനത്തിൽ പത്തിരട്ടിയോളം വളർച്ച കൈവരിക്കുകയും, ഇന്ത്യയുടെ ഹരിത വാതക  സാമ്പത്തിക വ്യവസ്ഥയുടെ പുതിയൊരു പ്രധാന സ്തംഭമായി  ഇത് മാറുകയും ചെയ്യും.

* മെച്ചപ്പെട്ട ഊർജ്ജ സുരക്ഷ: പുനരുപയോഗ സാധ്യമായ വാതക ഇന്ധനത്തിന്റെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിലൂടെയും ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെയും ഊർജ്ജ സുരക്ഷ കൂടുതൽ ശക്തമാകും.

* സ്വകാര്യ നിക്ഷേപങ്ങളുടെ പുതിയ തരംഗം: പദ്ധതികളുടെ മെച്ചപ്പെട്ട സാമ്പത്തിക ഭദ്രത, സ്ഥിരമായ വിലനിർണ്ണയം, വായ്പകളുടെ എളുപ്പത്തിലുള്ള ലഭ്യത എന്നിവയിലൂടെ സ്വകാര്യ നിക്ഷേപങ്ങളുടെ വലിയൊരു തരംഗം ഉണ്ടാകും.

* ശക്തമായ ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ: കർഷകർ, അസംസ്‌കൃത വസ്തുക്കൾ  ശേഖരിക്കുന്നവർ , സഹകരണ സംഘങ്ങൾ, ഗ്രാമീണ സംരംഭകർ എന്നിവർക്ക് പുതിയ വരുമാന മാർഗ്ഗങ്ങൾ ലഭിക്കും.

* ശാസ്ത്രീയ മാലിന്യ സംസ്കരണം: കാർഷിക അവശിഷ്ടങ്ങൾ, ചാണകം, നഗരങ്ങളിലെ ജൈവമാലിന്യങ്ങൾ, മറ്റ് ബയോമാസ് വിഭവങ്ങൾ എന്നിവയുടെ ഉൽപ്പാദനക്ഷമമായ ഉപയോഗത്തിലൂടെ ശാസ്ത്രീയമായ മാലിന്യ സംസ്കരണം സാധ്യമാകും.

* ഹരിതഗൃഹ വാതക ഉദ്‌വമനത്തിൽ കുറവ്: ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി ഉപയോഗിക്കുന്നതിലൂടെയും ജൈവമാലിന്യങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തിലൂടെയും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയും.

* വലിയ ജൈവവള സാമ്പത്തിക വ്യവസ്ഥ: ഫോം (FOM), എൽ.എഫ്.ഒ.എം (LFOM) എന്നിവയുടെ ഉയർന്ന ഉൽപ്പാദനം, മൂല്യവർദ്ധനവ്, ഉപയോഗം എന്നിവയിലൂടെ വലിയൊരു ജൈവവള സാമ്പത്തിക വ്യവസ്ഥ രൂപപ്പെടും.

* വേഗത്തിലുള്ള പദ്ധതി നിർവ്വഹണം: ഏകീകൃത ദേശീയ ചട്ടക്കൂട്, ഡിജിറ്റൽ ഗവേണൻസ്, ലളിതമായ ഭരണനിർവ്വഹണ സംവിധാനങ്ങൾ എന്നിവയിലൂടെ പദ്ധതികൾ വേഗത്തിലും എളുപ്പത്തിലും നടപ്പിലാക്കാൻ സാധിക്കും.

ഇന്ത്യയുടെ സമൃദ്ധമായ ജൈവവിഭവങ്ങളെ ശുചിത്വ ഊർജ്ജം, ഗ്രാമീണ സമൃദ്ധി, സാമ്പത്തിക മൂല്യം എന്നിവയാക്കി മാറ്റുന്നതിലെ നിർണ്ണായകമായ ഒരു ചുവടുവെപ്പാണ് ഗോബർധൻ പദ്ധതി. ഉറപ്പായ ആവശ്യകത, സ്ഥിരമായ വിലനിർണ്ണയം, മൂലധന സഹായം, പൈപ്പ്‌ലൈൻ കണക്റ്റിവിറ്റി, വായ്പാ പിന്തുണ, വികസന സഹായങ്ങൾ എന്നിവയെല്ലാം ഒരൊറ്റ ദേശീയ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരുന്നതിലൂടെ, സി.ബി.ജി (CBG) മേഖലയ്ക്ക് വൻതോതിൽ വളരാനുള്ള സാഹചര്യമാണ് ഈ പദ്ധതി ഒരുക്കുന്നത്.

ഇതുവരെ കൈവരിച്ച പുരോഗതിയുടെ കരുത്തിൽ, ഇന്ത്യയുടെ സി.ബി.ജി പ്രയാണത്തെ ശക്തമായ അടിത്തറയിൽ നിന്ന് ദേശീയ തലത്തിൽ വികസിച്ച ഒരു ശുചിത്വ ഊർജ്ജ വ്യവസായമാക്കി മാറ്റാൻ ഗോബർധൻ പദ്ധതി സഹായിക്കും. ഊർജ്ജ സുരക്ഷ, കർഷകർ,  ഗ്രാമീണ സംരംഭങ്ങൾ എന്നിവയോടും, വേസ്റ്റ്-ടു-വെൽത്ത്, ആത്മനിർഭർ ഭാരത്, വികസിത ഭാരതം എന്നീ ആശയങ്ങളോടുമുള്ള കേന്ദ്ര ഗവൺമെൻ്റിൻ്റെ  പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

 

-SK-