എന്റെ മന്ത്രിസഭയിലെ കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി ജി, ശ്രീപദ് നായിക് ജി, വ്യവസായ മേഖലയിലെ പ്രമുഖർ, നിക്ഷേപകർ, സ്റ്റാർട്ടപ്പ് മേഖലയിലെ സഹപ്രവർത്തകർ, മുതിർന്ന ഉദ്യോഗസ്ഥർ, ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും എത്തിയിട്ടുള്ള വിശിഷ്ടാതിഥികളേ, സഹോദരീ സഹോദരന്മാരേ.
ഭാരത് റിന്യൂവബിൾ എനർജി സമ്മിറ്റിലേക്ക് നിങ്ങളെയെല്ലാവരെയും ഞാൻ ഹൃദയപൂർവം സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. പ്രത്യേക സാഹചര്യത്തിലാണ് ഈ വർഷത്തെ ഉച്ചകോടി നടക്കുന്നത് എന്നതിനാൽ ഇതിന് ഏറെ പ്രത്യേകതയുണ്ട്. ഈ വർഷം ഊർജ പ്രതിസന്ധികളെക്കുറിച്ചുള്ള ചർച്ചകൾക്കാണ് വലിയ പ്രാധാന്യം ലഭിച്ചതെന്ന് നാം കണ്ടു. നമ്മുടെ ജീവിതത്തിലും വികസനയാത്രയിലും പുനരുപയോഗ ഊർജത്തിന്റെ പ്രാധാന്യം ഈ വർഷം കൂടുതൽ വ്യക്തമായിട്ടുണ്ട്. ഈ ഉച്ചകോടിക്കൊപ്പം ഇന്റർനാഷണൽ സോളാർ അലയൻസിന്റെ (International Solar Alliance) ഒൻപതാമത് അസംബ്ലിയും നടക്കുന്നു എന്നതും സന്തോഷകരമായ ഒരു യാദൃച്ഛികതയാണ്. നാലാമത് ഗ്രീൻ ഹൈഡ്രജൻ കോൺഫറൻസിൽ പങ്കെടുക്കുന്ന പ്രതിനിധികളും ഇവിടെയുണ്ട്. അതായത്, ഈ വർഷത്തെ പരിപാടിയുടെ വ്യാപ്തി വളരെ വലുതാണ്. നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ ഏതാനും വർഷങ്ങളായി ആഗോള സമ്പദ്വ്യവസ്ഥ അഭൂതപൂർവമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. കോവിഡ് മഹാമാരി മുതൽ പശ്ചിമേഷ്യൻ പ്രതിസന്ധി വരെ ലോകം നിരവധി വലിയ വെല്ലുവിളികൾ നേരിട്ടു. പശ്ചിമേഷ്യയിലെ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. എന്നാൽ, ഈ വെല്ലുവിളികളെ മറ്റുപല രാജ്യങ്ങളേക്കാളും മികച്ച രീതിയിൽ നേരിടാൻ നമുക്ക് കഴിഞ്ഞുവെന്നതിൽ 140 കോടി ഇന്ത്യക്കാർക്ക് അഭിമാനിക്കാം. ഈ പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ വളർച്ച ഉയർന്ന നിലയിൽ തുടരുകയാണ്. കഴിഞ്ഞ ഒരു ദശകത്തിനിടെ ഹരിത ഊർജ്ജ മേഖലയിൽ ഇന്ത്യ നിക്ഷേപം നടത്തുകയും പുതിയ സംവിധാനങ്ങൾ രൂപപ്പെടുത്തുകയും ചെയ്തിരുന്നില്ലെങ്കിൽ, ലോകത്തിന്റെ മറ്റു ഭാഗങ്ങൾ നേരിട്ടതിനേക്കാൾ രൂക്ഷമായ പ്രതിസന്ധി നമുക്കും നേരിടേണ്ടിവരുമായിരുന്നു.
സുഹൃത്തുക്കളേ,
ഈ ആഗോള പ്രതിസന്ധി എല്ലാ രാജ്യങ്ങൾക്കും വ്യക്തമായ ഒരു സന്ദേശമാണ് നൽകുന്നത്: ഊർജ്ജ സുരക്ഷസാമ്പത്തിക സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഊർജ്ജ സുരക്ഷയുടെ ഭാവി ഹരിത ഊർജ്ജത്തിലാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഫോസിൽ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്നത് തുടർന്നാൽ ആഗോള സമ്പദ്വ്യവസ്ഥ ആവർത്തിച്ചുള്ള പ്രതിസന്ധികൾ നേരിടേണ്ടിവരും. ഫോസിൽ ഇന്ധന ശേഖരം പരിമിതമാണ്. മാത്രമല്ല, ഏതാനും പ്രദേശങ്ങളിൽ മാത്രമാണ് ഇവ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ പുനരുപയോഗ ഊർജത്തിന് പരിധിയില്ലാത്ത സാധ്യതകളുണ്ട്. ഓരോ പ്രദേശത്തിനും ഓരോ രാജ്യത്തിനും അതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും.
സുഹൃത്തുക്കളേ,
കഴിഞ്ഞ പന്ത്രണ്ട് വർഷത്തെ ഈ മേഖലയിലെ ഇന്ത്യയുടെ യാത്ര വാഗ്ദാനങ്ങളുടെയും, ആവേശത്തിന്റെയും, മികച്ച പ്രകടനത്തിന്റെയും ഒന്നാണ്. COP-26 ഉച്ചകോടിയിൽ നമ്മൾ എടുത്ത പ്രതിജ്ഞ ഇതിന് തെളിവാണ്. 2021-ലെ ഉച്ചകോടിയിൽ 2030-ഓടെ 500 ജിഗാവാട്ട് ഇതര-ഫോസിൽ ഇന്ധന (Non-fossil fuel) ശേഷി കൈവരിക്കാൻ ഇന്ത്യ നിശ്ചയിച്ചിരുന്നു. “നമ്മൾ ഇത് ചെയ്യും!” എന്ന് നമ്മൾ പറഞ്ഞു. പാരീസ് ഉടമ്പടിയുടെ ഭാഗമായി സ്ഥാപിത വൈദ്യുതി ശേഷിയുടെ പകുതി ഫോസിൽ ഇതര സ്രോതസ്സുകളിൽ നിന്ന് കണ്ടെത്തുമെന്നും ഇന്ത്യ ലക്ഷ്യമിട്ടിരുന്നു. 2025-ൽ തന്നെ ഇന്ത്യ ഈ ലക്ഷ്യം കൈവരിച്ചു. അതായത്, നിശ്ചയിച്ച സമയപരിധിക്ക് അഞ്ച് വർഷം മുമ്പ്. ഇന്ന് നമ്മുടെ സ്ഥാപിത വൈദ്യുതി ശേഷിയുടെ 50 ശതമാനത്തിലധികവും ഫോസിൽ ഇതര ഊർജ്ജസ്രോതസ്സുകളിൽ നിന്നാണ്. 500 ജിഗാവാട്ട് എന്ന ലക്ഷ്യത്തിലേക്കും ഇന്ത്യ ഉറച്ചുനീങ്ങുകയാണ്. ഇതിനകം ഏകദേശം 300 ജിഗാവാട്ട് ശേഷി നാം കൈവരിച്ചിട്ടുണ്ട്. ഇന്ന് സൗരോർജ്ജത്തിലും പുനരുപയോഗ ഊർജ്ജത്തിലും ലോകത്തെ ആദ്യ മൂന്ന് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. അടുത്ത പത്ത് മുതൽ പതിനൊന്ന് വർഷത്തിനുള്ളിൽ 500 ജിഗാവാട്ട് അധിക ഫോസിൽ ഇതര ഊർജ്ജശേഷി കൂടി കൂട്ടിച്ചേർക്കാനാണ് നമ്മുടെ ശ്രമം. ഈ ലക്ഷ്യം അൽപ്പം വെല്ലുവിളി നിറഞ്ഞതാണ്. എന്നാൽ എന്റെ രാജ്യത്തിന്റെ കഴിവുകളിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ ഞാൻ പറയുന്നു: നാം അത് നടപ്പാക്കും!
സുഹൃത്തുക്കളേ,
ഇന്ത്യയുടെ നൂതനാശയങ്ങളും അനുഭവങ്ങളും മുഴുവൻ മനുഷ്യരാശിക്കും പ്രയോജനപ്പെടണമെന്നാണ് നമ്മുടെ ആഗ്രഹം. ഹരിത ഊർജത്തിന്റെ കാര്യത്തിലും ഇതേ സമീപനമാണ് നമുക്കുള്ളത്. ഈ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ലോകത്തിലെ നിരവധി രാജ്യങ്ങൾക്ക് പ്രയോജനകരമാകും. ചില ഉദാഹരണങ്ങളിലൂടെ ഞാനത് വിശദീകരിക്കാം.
സുഹൃത്തുക്കളേ,
2024 ഫെബ്രുവരിയിലാണ് പി.എം. സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന (PM Surya Ghar Muft Bijli Yojana) നാം ആരംഭിച്ചത്. ഒരു കോടി വീടുകളിൽ മേൽക്കൂര സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ 24 മുതൽ 25 മാസങ്ങൾക്കുള്ളിൽ 65 ലക്ഷത്തിലധികം വീടുകൾ ഈ പദ്ധതിയുടെ ഭാഗമായി. നമ്മുടെ മന്ത്രി പ്രഹ്ലാദ് ജോഷി ജി ഇപ്പോൾ സൂചിപ്പിച്ചതുപോലെ, ഓരോ ആറു ദിവസത്തിലും ഒരു ലക്ഷം പുതിയ വീടുകൾ ഈ സൗരോർജ്ജ മുന്നേറ്റത്തിന്റെ ഭാഗമാകുന്നു. ഇതിന്റെ പ്രതിഫലനം വൈദ്യുതി ബില്ലുകളിലും കാണാനാകും. ഒരു പഠനമനുസരിച്ച്, ഈ 65 ലക്ഷം കുടുംബങ്ങളുടെ വൈദ്യുതി ബില്ലുകളിൽ ഏകദേശം 76 ശതമാനം കുറവുണ്ടായിട്ടുണ്ട്. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വൈദ്യുതി ബിൽ പൂജ്യമായി മാറി. അധികമായി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് തിരികെ നൽകി വരുമാനം നേടുന്ന നിരവധി കുടുംബങ്ങളുമുണ്ട്. പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിൽ നിരവധി രാജ്യങ്ങളുടെ ഊർജ്ജസുരക്ഷ ശക്തിപ്പെടുത്താൻ ഈ പദ്ധതിക്ക് കഴിയും.
സുഹൃത്തുക്കളേ,
ഇന്ത്യ സൗരോർജ്ജത്തെ പൗരന്മാരുടെ ജീവിതത്തിന്റെ ഭാഗമാക്കുകയാണ്. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ വ്യവസായങ്ങളെയും കൃഷിയിടങ്ങളെയും സൗരോർജ്ജവുമായി ബന്ധിപ്പിക്കാനും നാം ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയിലെ 44,000-ത്തിലധികം സർക്കാർ കെട്ടിടങ്ങൾ ഇപ്പോൾ സൗരോർജ്ജവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതിലൂടെ പ്രതിവർഷം ഏകദേശം 700 കോടി രൂപ ലാഭിക്കാനാകുന്നു. കുസും (KUSUM) പദ്ധതിയിലൂടെ ഇന്ത്യയിലെ കർഷകർക്കും വലിയ നേട്ടമുണ്ടാകുന്നുണ്ട്. ഈ പദ്ധതിയിലൂടെ 30 ലക്ഷത്തിലധികം കർഷകർക്ക് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ജലസേചന സംവിധാനങ്ങൾ ലഭ്യമാക്കി. സൗരോർജ്ജ പമ്പ് പ്രയോജനപ്പെടുത്തുന്ന ഓരോ കർഷകനും പ്രതിവർഷം ഏകദേശം ഒരു ലക്ഷം രൂപ ലാഭിക്കുന്നതായാണ് കണക്കാക്കുന്നത്. പി.എം. സൂര്യ സരോവർ യോജനയുടെ ഉദാഹരണവും ഞാൻ ഇവിടെ ചൂണ്ടിക്കാട്ടട്ടെ. കുളങ്ങൾ, തടാകങ്ങൾ, ജലസംഭരണികൾ എന്നിവിടങ്ങളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ആശയം. ഇതിലൂടെ ജലസ്രോതസ്സുകൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനാകും. ഇത്തരം പദ്ധതികൾ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകൾ കുറയ്ക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ ഹരിത ഊർജ്ജ ഇക്കോസിസ്റ്റം ഹൈഡ്രോ, സോളാർ, വിൻഡ്, ന്യൂക്ലിയർ ഊർജ്ജങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. ഗ്രീൻ ഹൈഡ്രജൻ (Green Hydrogen) മേഖലയിൽ വലിയ കുതിച്ചുചാട്ടം നടത്താൻ ഇന്ത്യ മിഷൻ മോഡിലാണ് മുന്നേറുന്നത്. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന് കീഴിൽ, ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ അഞ്ച് ദശലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യം നമ്മൾ നിശ്ചയിച്ചിട്ടുണ്ട്. നമ്മൾ നമ്മുടെ ഗതാഗത മേഖലയെയും ഗ്രീൻ ഹൈഡ്രജനുമായി ബന്ധിപ്പിക്കുകയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യ തങ്ങളുടെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ട്രെയിൻ പുറത്തിറക്കി.
സുഹൃത്തുക്കളേ,
വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് കൊണ്ടുമാത്രം കാര്യമായില്ലെന്ന് വിദഗ്ദ്ധരായ നിങ്ങൾക്കറിയാം. അത് കാര്യക്ഷമമായി വിതരണം ചെയ്യുന്നതും ആവശ്യമുള്ള സ്ഥലങ്ങളിൽ എത്തിക്കുന്നതും ഒരുപോലെ പ്രധാനമാണ്. ഇന്ത്യയിൽ ചില പ്രദേശങ്ങളിൽ സൗരോർജ്ജവും കാറ്റിൽ നിന്നുള്ള ഊർജ്ജവും കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഊർജ്ജ ഉൽപ്പാദനം കുറഞ്ഞ പ്രദേശങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് നമ്മൾ ഉറപ്പാക്കണം, അതിലൂടെ അവിടെയുള്ള വീടുകൾക്കും കൃഷിയിടങ്ങൾക്കും വ്യവസായങ്ങൾക്കും ശുദ്ധമായ ഊർജ്ജത്തിൽ പ്രവർത്തിക്കാൻ സാധിക്കും. അതുകൊണ്ടാണ് ‘ഗ്രീൻ എനർജി കോറിഡോറുകൾ’ (Green Energy Corridors) വികസിപ്പിക്കുന്നത്. ഈ കോറിഡോറുകൾക്ക് കീഴിൽ, ട്രാൻസ്മിഷൻ ലൈനുകളുടെയും സബ്സ്റ്റേഷനുകളുടെയും പ്രത്യേക ശൃംഖല സ്ഥാപിച്ചുവരുന്നു. ഇത് ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്ന് ആവശ്യകതയുള്ള സ്ഥലങ്ങളിലേക്ക് സോളാർ, വിൻഡ് പവർ കൈമാറുന്നത് എളുപ്പമാക്കുന്നു. ഈ ശ്രമത്തിൽ ‘വൺ നാഷൻ, വൺ പവർ ഗ്രിഡ്’ (One Nation, One Power Grid) എന്ന ആശയത്തിന്റെ സംഭാവന വളരെ വലുതാണ്. വർഷങ്ങളായി, നമ്മൾ അഞ്ച് പ്രാദേശിക ഗ്രിഡുകളെ ഒരൊറ്റ ദേശീയ ശൃംഖലയായി സംയോജിപ്പിച്ചു. ഇന്ന് രാജ്യവ്യാപകമായി ഒരേ ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന ഒരു പവർ ഗ്രിഡ് വഴിയാണ് രാജ്യം മുഴുവൻ ബന്ധിപ്പിച്ചിരിക്കുന്നത്. ഈ ഗ്രീൻ എനർജി കോറിഡോർ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നമ്മൾ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഇതിനായി അടുത്തിടെ ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപലക്ഷ്യം ഇന്ത്യ പ്രഖ്യാപിച്ചു.
സുഹൃത്തുക്കളേ,
ഹരിത ഊർജ്ജമേഖലയിൽ നാം കൈവരിച്ച വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് നമ്മുടെ വർധിച്ചുവരുന്ന ഉൽപ്പാദനശേഷിയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ സൗരോർജ്ജവുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയ ഘടകങ്ങൾക്കുപോലും നാം പൂർണമായും ഇറക്കുമതിയെ ആശ്രയിച്ചിരുന്നു. ഒരു ദശകം മുമ്പ് നമ്മുടെ സോളാർ മൊഡ്യൂൾ ഉൽപ്പാദനശേഷി ഏകദേശം രണ്ട് ജിഗാവാട്ട് മാത്രമായിരുന്നു. ഇന്ന് അത് 200 ജിഗാവാട്ട് കടന്നിരിക്കുന്നു. സോളാർ സെൽ ഉൽപ്പാദനശേഷിയും ഏകദേശം 40 ജിഗാവാട്ടിലെത്തി. മറ്റ് ഘടകങ്ങളുടെ ഉൽപ്പാദനവും നാം വിപുലീകരിച്ചുവരികയാണ്. അതായത്, ഹരിത ഊർജ്ജ മേഖലയിലെ ഇന്ത്യയുടെ അഭിലാഷങ്ങൾ ആത്മനിർഭർ ഭാരത് ദൗത്യത്തിന്റെയും മേക്ക് ഇൻ ഇന്ത്യ ക്യാമ്പയിന്റെയും വിജയത്തിന്റെ കൂടി തെളിവാണ്.
സുഹൃത്തുക്കളേ,
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി നേട്ടങ്ങൾ കൈവരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇവിടെ നമുക്ക് നിർത്താനാവില്ല. എല്ലാ സർക്കാർ കെട്ടിടങ്ങളും സ്കൂളുകളും കോളേജുകളും ആശുപത്രികളും തെരുവുവിളക്ക് സംവിധാനങ്ങളും സൗരോർജ്ജവുമായി ബന്ധിപ്പിക്കണം. അതും വളരെ വേഗത്തിൽ നടപ്പാക്കണം. സംസ്ഥാനങ്ങൾക്കും തദ്ദേശസ്ഥാപനങ്ങൾക്കുമിടയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കണമെന്നാണ് എന്റെ നിർദേശം. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് പുരസ്കാരം നൽകുകയും മറ്റുള്ളവർക്ക് അവരുടെ വിജയാനുഭവങ്ങളിൽ നിന്ന് പഠിക്കാൻ അവസരം ഒരുക്കുകയും വേണം.
സുഹൃത്തുക്കളേ,
കാർഷിക മേഖലയിലെ സൗരോർജ്ജവുമായി ബന്ധപ്പെട്ട് എനിക്കൊരു നിർദ്ദേശമുണ്ട്. നമ്മൾ ദശലക്ഷക്കണക്കിന് സോളാർ പമ്പുകൾ വിതരണം ചെയ്തിട്ടുണ്ട്, എന്നാൽ സോളാർ പമ്പുകൾക്കപ്പുറത്തേക്ക് നമ്മൾ ഇപ്പോൾ ചിന്തിക്കേണ്ടതുണ്ട്. ‘അന്നദാതാവ്’ ഒരു ‘ഊർജ്ജദാതാവ്’ കൂടി ആകണമെന്നാണ് എന്റെ കാഴ്ചപ്പാട് – ഭക്ഷണം നൽകുന്നയാൾ ഊർജ്ജം നൽകുന്നയാളായും മാറണം. കർഷകർ ഉപയോഗശൂന്യമായ ഭൂമിയിൽ സോളാർ പാനലുകൾ സ്ഥാപിക്കണം. പാടങ്ങളുടെ അതിരുകൾ പോലും ഉപയോഗിക്കാതെ കിടക്കരുത്; അവിടെയും സോളാർ പാനലുകൾ സ്ഥാപിക്കണം. ഇത് കഴിയുന്നത്ര ഗ്രാമങ്ങളിൽ എത്തുന്നുണ്ടെന്ന് നമ്മൾ ഉറപ്പാക്കണം.
സുഹൃത്തുക്കളേ,
സൗരോർജ്ജ വിപ്ലവത്തിന്റെ ഈ പുതിയ ഘട്ടം സൗരോർജ്ജത്തിന്റെ ഉപയോഗം വർധിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. അത് നൂതനാശയങ്ങളെക്കൂടി ആശ്രയിച്ചിരിക്കുന്നു. അതിനാൽ നമ്മുടെ സ്റ്റാർട്ടപ്പുകളോടും ഐ.ഐ.ടി.കളോടും നവീനാശയങ്ങൾ വികസിപ്പിക്കുന്നവരോടും സംരംഭകരോടും ഞാൻ പ്രത്യേക അഭ്യർഥന നടത്തുകയാണ്. കഴിയുന്നത്ര ഗാർഹിക ആവശ്യങ്ങൾ സൗരോർജ്ജത്തിലൂടെ നിറവേറ്റാൻ കഴിയുന്ന മാതൃകകൾ നിങ്ങൾ വികസിപ്പിക്കണം.
24 മണിക്കൂറും എല്ലാ കാലാവസ്ഥയിലും സൗരോർജ്ജം ലഭ്യമാക്കുന്ന പരിഹാരങ്ങൾ നമുക്ക് ആവശ്യമാണ്. വീടിന്റെ മേൽക്കൂരയിൽ സ്ഥാപിച്ച സൗരോർജ്ജ നിലയത്തിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ഒരു കുടുംബത്തിന് ഭക്ഷണം പാകം ചെയ്യാൻ കഴിയുന്ന സാഹചര്യം നാം സൃഷ്ടിക്കണം. ശുദ്ധമായ പാചകരീതിയിലേക്കുള്ള ഒരു മുന്നേറ്റത്തിന് നാം തുടക്കമിടണം. ഇറക്കുമതി ചെയ്യുന്ന പാചകവാതകത്തെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കണം.
അതുപോലെ, കൂടുതൽ മധ്യവർഗ കുടുംബങ്ങൾക്ക് ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കാനും സ്വന്തം സൗരോർജ്ജ സംവിധാനത്തിലൂടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് സ്കൂട്ടറുകളും ബൈക്കുകളും കാറുകളും വീട്ടിൽവെച്ചുതന്നെ ചാർജ് ചെയ്യാനും കഴിയുന്ന സാഹചര്യം ഉണ്ടാകണം. ഇതിലൂടെ മധ്യവർഗ കുടുംബങ്ങൾക്ക് ഓരോ വർഷവും ആയിരക്കണക്കിന് രൂപ ലാഭിക്കാനാകും.
സുഹൃത്തുക്കളേ,
ക്ഷീരമേഖലയിലും സൗരോർജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ നമുക്ക് ആവശ്യമാണ്. കാലിത്തീറ്റ തയ്യാറാക്കുന്നത് മുതൽ വിളവെടുപ്പും വിളവെടുപ്പിന് ശേഷമുള്ള പ്രവർത്തനങ്ങളും വരെ എല്ലാ ഘട്ടങ്ങളിലും ഉപയോഗിക്കാവുന്ന സോളാർ അധിഷ്ഠിത ഉപകരണങ്ങൾ വികസിപ്പിക്കണം.
സുഹൃത്തുക്കളേ,
അടുത്ത തലമുറയിലെ നവീകരണമില്ലാതെ ഇതൊന്നും സാധ്യമാകില്ല. ഇതിനായി രാജ്യത്തിന് ആവശ്യമായ ഹാർഡ്വെയർ വേണം. നമുക്ക് തദ്ദേശീയമായ സ്റ്റോറേജ് പരിഹാരങ്ങൾ ആവശ്യമാണ്. പുതിയ ബാറ്ററി സ്റ്റോറേജ് ശേഷി നമ്മൾ കെട്ടിപ്പടുക്കേണ്ടതുണ്ട്. നിങ്ങൾക്കും രാജ്യത്തെ യുവാക്കൾക്കും ഇതൊരു മികച്ച അവസരമാണ്. ഗവേഷണ രംഗത്തുള്ള എല്ലാവരോടും എല്ലാ നിക്ഷേപകരോടും ഈ അവസരം കൈവിട്ടു കളയരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇന്ത്യയിൽ നിങ്ങൾ വികസിപ്പിക്കുന്ന പരിഹാരങ്ങൾ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾക്ക് സേവനം ചെയ്യും.
സുഹൃത്തുക്കളേ,
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഹരിത ഊർജ്ജ മേഖലയിലെ ഓരോ ശ്രമവും വലിയ തോതിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഈ മേഖലയിൽ ഇതിനകം തന്നെ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ ലഭിക്കുന്നുണ്ട്. ‘ഗ്രീൻ ജോബുകൾക്ക്’ വലിയ സാധ്യതകളുമുണ്ട്. പാനലുകളും മറ്റ് ഹാർഡ്വെയറുകളും നിർമ്മിക്കുന്നത് മുതൽ ഇൻസ്റ്റാളേഷൻ, സർവീസിംഗ്, ട്രാൻസ്പോർട്ടേഷൻ വരെയുള്ള വിവിധ മേഖലകളിലാണ് ഈ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.
ഭാവിയിൽ സോളാർ പവർ ശേഷി ഇനിയും വർദ്ധിക്കുമ്പോൾ എത്രയോ കൂടുതൽ ജോലികൾ സൃഷ്ടിക്കപ്പെടുമെന്ന് ചിന്തിച്ചു നോക്കൂ. അടുക്കള അടുപ്പുകൾ മുതൽ ഗതാഗത സംവിധാനങ്ങൾ വരെ എല്ലാം സൗരോർജ്ജവും ഹരിത ഊർജ്ജവും അധിഷ്ഠിതമായി മാറുമ്പോൾ തികച്ചും പുതിയൊരു വ്യവസായം തന്നെ ഉയർന്നുവരും.
സുഹൃത്തുക്കളേ,
നിങ്ങൾക്കെല്ലാവർക്കും ലോകമെമ്പാടുമുള്ള നിക്ഷേപകർക്കും മുന്നിൽ ഇന്ത്യ വലിയ അവസരങ്ങളാണ് തുറന്നിടുന്നത്. ഇന്ത്യ വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള ആവശ്യകതയും വ്യാപ്തിയും സാധ്യതകളും മറ്റെവിടെയും കണ്ടെത്തുക പ്രയാസമാണ്. അതുപോലെതന്നെ ഇന്ത്യ നൽകുന്ന രാഷ്ട്രീയവും നയപരവുമായ സ്ഥിരതയും മറ്റെവിടെയും കണ്ടെത്തുക എളുപ്പമല്ല. ഇതിന്റെ ഫലങ്ങൾ നാം കാണുന്നുമുണ്ട്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പുനരുപയോഗ ഊർജ്ജ മേഖലയിൽ 15 ലക്ഷം കോടി രൂപയിലധികം, അതായത് 164 ബില്യൺ ഡോളർ നിക്ഷേപം ലഭിച്ചിട്ടുണ്ട്. 2024-ലെ RE-INVEST ഉച്ചകോടി മുതൽ ഇന്നുവരെ, വെറും രണ്ട് വർഷത്തിനുള്ളിൽ ഏകദേശം ആറ് ലക്ഷം കോടി രൂപയുടെ, അതായത് 63 ബില്യൺ ഡോളറിലധികം നിക്ഷേപം ഈ മേഖലയിലേക്ക് എത്തിയിട്ടുണ്ട്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഈ മേഖലയിൽ 20 ലക്ഷം കോടി രൂപയിലധികം, ഏകദേശം 220 ബില്യൺ ഡോളറിന്റെ നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. അതിനാൽ ഇന്ത്യയുടെ ശുദ്ധ ഊർജ്ജ മേഖലയിൽ നിങ്ങൾക്കെല്ലാവർക്കുമായി പുതിയ അവസരങ്ങളുടെ വലിയൊരു ലോകം തുറക്കുകയാണ്.
സുഹൃത്തുക്കളേ,
‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ (One Earth, One Family, One Future) എന്ന സന്ദേശമാണ് ഇന്ത്യ ലോകത്തിന് നൽകിയത്. നമ്മുടെ ശുദ്ധ ഊർജ യാത്രയിലും ഇതേ തത്ത്വചിന്തയാണ് പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സൗരസഖ്യത്തിന് പിന്നിലുള്ള ചിന്തയും ഇതുതന്നെയാണ്. പുനരുപയോഗ ഊർജത്തിനാവശ്യമായ സാമ്പത്തിക സഹായവും സാങ്കേതികവിദ്യയും വൈദഗ്ധ്യവും അവ ആവശ്യമുള്ള എല്ലാ രാജ്യങ്ങളിലും എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് നമ്മുടെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ആഫ്രിക്കയ്ക്കായി 200 ദശലക്ഷം ഡോളറിന്റെ ആഫ്രിക്ക സോളാർ ഫെസിലിറ്റി (Africa Solar Facility) എന്ന നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്.
സുഹൃത്തുക്കളേ,
കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വരാനിരിക്കുന്ന ദശകം ഏറെ നിർണായകമാണ്. ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്ന എല്ലാവരും ആ ഭാവി സുരക്ഷിതമാക്കുന്നതിൽ വലിയ പങ്കുവഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാ രാജ്യങ്ങളെയും ഈ ദൗത്യത്തിന്റെ ഭാഗമാക്കണം. ഓരോ പ്രദേശവും ഈ പരിവർത്തനത്തിൽ പങ്കാളികളാകണം. അങ്ങനെ മാത്രമേ ശുദ്ധവും ഹരിതവും സുരക്ഷിതവുമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ നമുക്ക് കഴിയൂ.
ഈ വാക്കുകളോടെ, നിങ്ങൾക്കെല്ലാവർക്കും ഒരിക്കൽക്കൂടി എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
നന്ദി.
***
SK
Speaking at the Bharat Renewable Energy Summit in Delhi. Watch my speech. https://t.co/09hT8k2qmU
— Narendra Modi (@narendramodi) November 2, 2026
पिछले कुछ वर्षों से Global Economy ने अभूतपूर्व संकट देखे हैं। कोरोना की महामारी से लेकर West Asia Crisis तक...दुनिया ने कई बड़े संकटों का सामना किया है। और West Asia का संकट तो अभी भी जारी है...लेकिन 140 करोड़ भारतीयों को इस बात का गर्व है कि हमने अब तक इस संकट को बेहतर तरीके से संभाला है और इस संकट के बावजूद भी भारत की growth high रही है: PM @narendramodi
— PMO India (@PMOIndia) November 2, 2026
Energy Security का future Clean Energy में है: PM @narendramodi
— PMO India (@PMOIndia) November 2, 2026
सौर क्रांति का ये नया दौर केवल adoption का नहीं है...ये innovation पर भी निर्भर है। इसलिए मैं अपने Startups से, IITs, innovators और Entrepreneurs से विशेष आग्रह करुंगा...आप आगे आएं...आप ऐसे model बनाएं जहां एक परिवार की ज्यादा से ज्यादा जरूरतें solar power से पूरी हों: PM @narendramodi
— PMO India (@PMOIndia) November 2, 2026