പിഎം ഇന്ത്യ
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് മേഖലകളില്‍ സഹകരണം പരിപോഷിപ്പിക്കുന്നതിന് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം വിലയിരുത്തി.
2017 ഏപ്രിലില്‍ കേന്ദ്ര ഐ.റ്റി. ഇലക്‌ട്രോണിക്‌സ് മന്ത്രാലയവും, ബംഗ്ലാദേശിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി ഡിവിഷനും തമ്മിലാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. അഞ്ച് വര്‍ഷമാണ് ധാരണാപത്രത്തിന്റെ കാലാവധി. തുടര്‍ന്ന് ഇരു കൂട്ടരുടെയും രേഖാമൂലമുള്ള ഉഭയകക്ഷി സമ്മതപ്രകാരം കാലാവധി ദീര്‍ഘിപ്പിക്കാവുന്നതാണ്. ആറ് മാസം മുന്‍കൂര്‍ നോട്ടീസ് നല്‍കിയാല്‍ ഇരുകക്ഷികളില്‍ ആര്‍ക്ക് വേണമെങ്കിലും ധാരണാപത്രത്തില്‍ നിന്ന് പിന്‍മാറാം.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് മേഖലകളിലെ ഈ ധാരണാപത്രം തികച്ചും സാങ്കേതിക സ്വഭാവത്തിലുള്ളതും ഇ-ഗവേണന്‍സ്, എം-ഗവേണന്‍സ്, പൊതു സേവനങ്ങള്‍ ലഭ്യമാക്കല്‍, സൈബര്‍ സുരക്ഷ, ശേഷി വര്‍ദ്ധന തുടങ്ങിയവയ്ക്ക് മുഖ്യ ഊന്നല്‍ നല്‍കുന്നതുമാണ്. ഇന്ത്യയിലെ ഐ.റ്റി. കമ്പനികള്‍ക്ക് ബംഗ്ലാദേശിലെ ഐ.റ്റി. ഇലക്‌ട്രോണിക്‌സ് വിപണിയില്‍ ബിസിനസ്സ് അവസരങ്ങള്‍ കണ്ടെത്താനും, അതുവഴി ഇന്ത്യയിലെ ഇലക്‌ട്രോണിക്‌സ് ഐ.റ്റി. മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു. ഇത് പരോക്ഷ തൊഴിലവസര സൃഷ്ടിക്കും വഴിയൊരുക്കും.