Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ-ഇറ്റലി സാങ്കേതിക വിദ്യാ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ഇന്ത്യ-ഇറ്റലി സാങ്കേതിക വിദ്യാ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


ന്യൂഡെല്‍ഹിയില്‍ നടന്ന ഇന്ത്യ-ഇറ്റലി സാങ്കേതിക വിദ്യാ ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഇറ്റലി പ്രധാനമന്ത്രി ശ്രീ. ഗിസെപ്പ് കോണ്ടിയും പങ്കെടുത്തു.
ഇന്ത്യ-ഇറ്റലി വ്യവസായ ഗവേഷണ, വികസന സഹകരണ പദ്ധതിയുടെ അടുത്ത ഘട്ടം ആരംഭിക്കുമെന്നു ചടങ്ങില്‍വെച്ചു പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രസ്തുത പദ്ധതി പുതിയ ഉല്‍പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിന് നമ്മുടെ വ്യവസായ മേഖലയ്ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും സഹായമായിത്തീരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
സാങ്കേതിക വിദ്യയുടെ പ്രാധാന്യത്തെക്കുറിച്ചു പരാമര്‍ശിക്കവേ, സാമൂഹിക നീതിയും ശാക്തീകരണവും ഉള്‍ച്ചേര്‍ക്കലും സുതാര്യതയും നേടിയെടുക്കുന്നതിനുള്ള മാധ്യമമായി സാങ്കേതിക വിദ്യയെ ഇന്ത്യ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സേവനങ്ങള്‍ ഫലപ്രദമായി ലഭ്യമാക്കുന്നതിന് ഗവണ്‍മെന്റ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. 
ശാസ്ത്രത്തോടുള്ള അഭിനിവേശത്തിനൊപ്പം പൗരന്‍മാര്‍ക്കിടയില്‍ സാങ്കേതിക വിദ്യയോടുള്ള അഭിനിവേശവും വളര്‍ത്തിയെടുക്കുന്നതിന് ഗവണ്‍മെന്റ് ഊന്നല്‍ നല്‍കിവരുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. അടല്‍ ഇന്നൊവേഷന്‍ മിഷന്‍, ഉമാങ് ആപ്പ്, രാജ്യത്താകമാനം വ്യാപിച്ചുകിടക്കുന്ന മൂന്നു ലക്ഷം പൊതുസേവന കേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ച് ശ്രീ. മോദി പരാമര്‍ശിച്ചു. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ഈ സംവിധാനങ്ങള്‍ വഴി ഗവണ്‍മെന്റ് ഓരോ പൗരന്റെയും വീട്ടുപടിക്കല്‍ എത്തിച്ചേരുന്നതായി ഉറപ്പിക്കാന്‍ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. 
ഇന്ത്യന്‍ ബഹിരാകാശ പദ്ധതി ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, മികവാര്‍ന്ന നവീനാശയത്തിനുള്ള ഉദാഹരണമാണ് അതെന്നു വ്യക്തമാക്കി. ഇറ്റലി ഉള്‍പ്പെടെ പല രാജ്യങ്ങളുടെയും ബഹിരാകാശ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാന്‍ ഇന്ത്യക്ക് ഇപ്പോള്‍ ശേഷിയുണ്ടെന്നും കുറഞ്ഞ ചെലവില്‍ നവീനമായ പരിഹാരങ്ങള്‍ സാധ്യമാക്കാന്‍ ഇന്ത്യക്കുള്ള കഴിവാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ലൈഫ് സ്റ്റൈല്‍ ആക്‌സസറീസ് ഡിസൈനി(എല്‍.എ.ഡി.)ല്‍ ഇന്ത്യയും ഇറ്റലിയുമായുള്ള സഹകരണം വര്‍ധിച്ചതില്‍ സന്തോഷമുണ്ടെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. തുകല്‍ മേഖലയ്ക്കും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ഓട്ടൊമൊബൈല്‍ ഡിസൈനി(ടി.എ.ഡി.)നും പ്രത്യേക ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.